സി.കെ. അബ്ദുല്‍ അസീസ്മാര്ക്സിസ്റ്റ് ലെനിനിസ്റ്റ് തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത സി.പി.എമ്മിനെ മാര്‍ക്സിസ്റ്റിതരമായ ഒരുതരം സാമൂഹികനിയന്ത്രണത്തിന്റെ മേല്‍നോട്ടത്തില്‍ മെരുക്കിക്കൊണ്ട് പോവാമെന്ന വ്യാമോഹത്തിന്റെ വിത്തുകള്‍ വിതച്ചത് വിജയന്‍ മാസ്റ്ററാണ്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് സമാന്തരമായ ഒരു പുറംപാര്‍ട്ടി ജനാധിപത്യത്തെ പാര്‍ട്ടി സംഘടനയുടെ ചുമലില്‍ കെട്ടിവെക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 2006ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിയും വി.എസും മല്‍സരിക്കേണ്ട എന്ന തീരുമാനം തിരുത്താന്‍ പി.ബി തയാറായത് ഈ പുറംപാര്‍ട്ടി ജനാധിപത്യത്തിന്റെ വിജയമായാണ് വിജയന്‍ മാസ്റ്ററും കൂട്ടരും വിലയിരുത്തിയത്. വ്യാമോഹങ്ങള്‍ യാഥാര്‍ഥ്യമാകുന്നുവെന്ന തോന്നല്‍ അതോടെ ശക്തിപ്പെടുകയും ചെയ്തു. പിന്നീട് വി.എസ് മുഖ്യമന്ത്രിയായി. സി.പി.എമ്മിനെ ഔദ്യോഗികവും അനൌദ്യോഗികവുമായ രണ്ട് നേതൃത്വങ്ങള്‍ക്ക് കീഴില്‍ പുനഃസംഘടിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങള്‍ക്ക് ഊക്കുകൂട്ടിയത് വി.എസ് മുഖ്യമന്ത്രിയായതിനു ശേഷമാണ്. മൂന്നാര്‍ മുതല്‍ ലാവലിന്‍ വരെയുള്ള പ്രശ്നങ്ങളില്‍ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങളുടെ ഈ അജണ്ടക്കാവശ്യമായ ആശയക്കുഴപ്പങ്ങളുടെ സംഭരണിയായി മാറുകയും ചെയ്തു. അതില്‍ അവസാനത്തേതായിരുന്നു ലാവലിന്‍ പ്രശ്നത്തില്‍ അദ്ദേഹം സ്വീകരിച്ച പാര്‍ട്ടിവിരുദ്ധ നിലപാട്. മുന്‍ നിലപാടുകളെ അപേക്ഷിച്ച് ആശയവ്യക്തത ഈ നിലപാടിനുണ്ടായിരുന്നു.
ലാവലിനെന്നല്ല, ഏത് പ്രശ്നത്തിലും പാര്‍ട്ടി നിലപാടിനെതിരെ പാര്‍ട്ടിയുടെതന്നെ സമുന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നടപടിയുണ്ടാവുമെന്ന് വി.എസിനെപ്പോലൊരാള്‍ക്ക് അറിവില്ലാത്തതാണോ? നടപടി വരികയാണെങ്കില്‍ വരട്ടെ; പാര്‍ട്ടിയില്ലെങ്കിലും ജനങ്ങളുണ്ടാവുമെന്ന ബോധപരിസരം കമ്യൂണിസ്റ്റ് നേതാവിന്റെ ബോധപരിസരം കൈയടക്കിയെന്നാണിത് വ്യക്തമാക്കുന്നത്. വി.എസ് ഇത് തിരിച്ചറിഞ്ഞിട്ടുണ്ടാവാം; തിരുത്തിയിട്ടുണ്ടാവാം. അല്ലെങ്കില്‍ ഒരടി പിന്നോട്ടുവെച്ചിട്ടുണ്ടാവാം. പാര്‍ട്ടി നടപടി ശിരസ്സാവഹിച്ചതിന് ഇങ്ങനെ പല അര്‍ഥങ്ങള്‍ കല്‍പിക്കാവുന്നതാണ്. മുന്‍ നിലപാടുകള്‍ വി.എസ് തിരുത്തിയോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ആറ് പതിറ്റാണ്ട് കാലത്തെ വിപ്ലവ പാരമ്പര്യമുള്ള വി.എസിനെ സ്വാധീനിക്കാന്‍ വിജയന്‍ മാസ്റ്ററുടെ 'സാമൂഹിക നിയന്ത്രണവാദ'ത്തിന് സാധിച്ചുവെന്ന കാര്യത്തില്‍ ഒരവ്യക്തതയുമില്ല.
പാര്‍ട്ടിക്കുള്ളില്‍ രണ്ട് ലൈനുകള്‍ രൂപമെടുക്കുന്നതില്‍ അസാധാരണത്വമൊന്നുമില്ല. പക്ഷേ, രണ്ട് ലൈന്‍ സമരവുമായി ഒരു കമ്യൂണിസ്റ്റ് നേതാവ് പൊതു ജനങ്ങള്‍ക്കിടയിലേക്കിറങ്ങു
ന്നത് അസാധാരണമെന്ന് മാത്രമല്ല അപകടകരമായ പ്രവണതയായിട്ടാണ് മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റ് പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. അതത് കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്ന വ്യത്യസ്ത ആശയങ്ങളുടെ, വര്‍ഗപരമായ ഉറവിടം തിരിച്ചറിയുകയും അവയെ മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ബോധപരിസരത്തിനുള്ളില്‍നിന്ന് തൊഴിലാളിവര്‍ഗവത്കരിക്കുകയും ചെയ്യുന്നതാണ് ആശയ സമരത്തിന്റെ മാര്‍ക്സിസ്റ്റ് ^ലെനിനിസ്റ്റ് രീതി. പാവപ്പെട്ടവരുടെയും സമൂഹത്തിലെ മര്‍ദിത ചൂഷിത വിഭാഗങ്ങളുടെയും പക്ഷത്തുനില്‍ക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ഇത് ശരിയാണെങ്കിലും കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള ഒരു ബൂര്‍ഷ്വാ ആശയമാണിത്. കാരണം, പാവപ്പെട്ടവരുടെയും മര്‍ദിതരുടെയും പക്ഷത്തുനില്‍ക്കാന്‍ ഒരാള്‍ കമ്യൂണിസ്റ്റാവണമെന്നില്ല. കേരളത്തില്‍തന്നെ അയ്യങ്കാളി, വെളിയങ്കോട് ഉമര്‍ ഖാദി, നാരായണ ഗുരു, പൊയ്കയില്‍ യോഹന്നാന്‍ തുടങ്ങി നിരവധി പേരെ ചരിത്രത്തില്‍ നിന്ന് കണ്ടെത്താനാവും. മുതലാളിത്ത വ്യവസ്ഥയെ തകര്‍ക്കുന്നതില്‍ വ്യവസായതൊഴിലാളി വര്‍ഗത്തിന്റെ ചരിത്രപരമായ സാധ്യതകളും നേതൃപരമായ പങ്കും തിരിച്ചറിഞ്ഞ് ഈ മുന്നേറ്റത്തില്‍ സമൂഹത്തിലെ എല്ലാ മര്‍ദിത ചൂഷിത വിഭാഗങ്ങളെയും ഭാഗഭാക്കാക്കാനുള്ള പ്രവര്‍ത്തനമാണ് കമ്യൂണിസ്റ്റുകാര്‍ നടത്തുന്നത്. കമ്യൂണിസ്റ്റ്കാരുടെ പക്ഷം അടിസ്ഥാനപരമായി തൊഴിലാളിവര്‍ഗത്തിന്റെ പക്ഷമാണ്. ഈ തൊഴിലാളി വര്‍ഗപക്ഷം തന്നെയാണ് കമ്യൂണിസ്റ്റുകാരനെ തൊഴിലാളിവര്‍ഗ ബോധ പരിസരത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്. പാര്‍ട്ടിക്കുള്ളിലെ ആശയസമരത്തിലായാലും പാര്‍ട്ടിക്കു പുറത്തു ജനങ്ങള്‍ക്കിടയിലെ ജ്ഞാനവ്യവഹാരത്തിലായാലും കമ്യൂണിസ്റ്റുകാരെ വര്‍ഗബോധ പരിസരത്തിലുറപ്പിച്ചുനിര്‍ത്താനുള്ള ഉപകരണമാണ് പാര്‍ട്ടി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇങ്ങനെ ആശയസമരത്തിന്റെ സന്ദിഗ്ധഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍, ബൂര്‍ഷ്വാ ബോധപരിസരത്തില്‍ നിന്നുകൊണ്ടും ബൂര്‍ഷ്വാരീതികള്‍ സ്വീകരിച്ചും ആശയസമരം നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്നേതാവ് ഒരുപക്ഷേ വി.എസ്. അച്യുതാനന്ദനായിരിക്കും. പോളിറ്റ് ബ്യൂറോ മെമ്പറും സി.പി.എം കേരള സെക്രട്ടറിയുമായ പിണറായി വിജയന്‍ ലാവലിന്‍കേസില്‍ കുറ്റക്കാരനാണോ അല്ലയോ എന്നറിയാന്‍ മറ്റൊരു പോളിറ്റ്ബ്യൂറോ മെമ്പറും കേരളഘടകത്തില്‍ നിന്നുയര്‍ന്നുവന്ന നേതാവുമായ വി.എസിന് കോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥമെന്താണ്? പാര്‍ട്ടി സ്ഥാപനത്തെക്കാള്‍ ബൂര്‍ഷ്വാ ജനാധിപത്യസ്ഥാപനങ്ങള്‍ക്ക് മാന്യത കല്‍പിക്കുന്ന ഒരു ബോധ പരിസരത്തില്‍ നിന്നുണ്ടാവുന്ന രാഷ്ട്രീയ വ്യവഹാരംതന്നെയാണിത്. പിണറായി അഴിമതിക്കാരനാണെന്ന് അദ്ദേഹം പറഞ്ഞില്ല. പക്ഷേ, പ്രശ്നത്തോടുള്ള നിലപാടുകള്‍ വിശദീകരിച്ച ഭാഷയിലൂടെ അദ്ദേഹം വിനിമയംചെയ്ത ആശയം സുവ്യക്തമാണ്.
ഇന്ത്യയിലെ ബൂര്‍ഷ്വാ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കിത്രത്തോളം മഹത്വം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് പറഞ്ഞാല്‍ കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ പോലും അതംഗീകരിച്ചു തരില്ല. പത്തുവര്‍ഷം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന് നരകയാതന അനുഭവിച്ചശേഷമാണ് മഅ്ദനിയുടെ നിരപരാധിത്വം കോടതിക്ക് ബോധ്യമായത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബൂര്‍ഷ്വാ മാന്യത നേരിട്ടനുഭവിച്ചവര്‍ തന്നെയാണ് കമ്യൂണിസ്റ്റ്കാരും. പണ്ട് ചൈനാ ചാരന്മാരെന്നു വിളിച്ചതിന്റെ ബാക്കി ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു കോടതിയും ഇതുവരെ ഇതിലൊന്നും ഇടപെട്ടിട്ടില്ല. ബൂര്‍ഷ്വാജനാധിപത്യം മാന്യതയുടെ മുഖംമൂടി അഴിച്ചുവെച്ച് അഴിഞ്ഞാടുന്ന കാലഘട്ടത്തെയാണ് ലോകമിന്ന് അഭിമുഖീകരിക്കുന്നത്. ജനാധിപത്യത്തോട് വൈരുധ്യാധിഷ്ഠിത സമീപനം പുലര്‍ത്തുന്ന കമ്യൂണിസ്റ്റുകാര്‍ ഇപ്പോഴും ബൂര്‍ഷ്വാ മാന്യതയെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖ്യ വശമായി കാണുന്നതിലെ അശാസ്ത്രീയത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സി.പി.എമ്മിനെ കോടതി കയറ്റുക എന്ന ദുരുദ്ദേശ്യത്തില്‍ നിന്നാണ് ലാവലിന്‍ കേസുണ്ടായത്. ഭരണാധികാരികളില്‍ ഏതെങ്കിലും കമ്പനി മേധാവികളുമായി നടത്തുന്ന കൂടിയാലോചനകളെ ഗൂഢാലോചന കുറ്റമായി വ്യാഖ്യാനിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കുറ്റപത്രമായിരിക്കും ലാവലിന്‍ കേസിലുണ്ടാവാന്‍ പോവുന്നത്. അടുത്ത കേസ് ജലവൈദ്യുതി പദ്ധതികള്‍ക്കെതിരെയായിരിക്കും. കേരളത്തിലെ ജലവൈദ്യുതി സ്രോതസുകള്‍ക്ക് തുരങ്കംവെക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് വഴിയൊരുക്കുന്നതിന്റെ തുടക്കം കൂടിയാണിത്. ഇന്ത്യയുടെ ഊര്‍ജ വ്യവസായമേഖല കൈയടക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ നടത്തുന്ന കള്ളക്കളിയും കിടമല്‍സരങ്ങളും അപ്പോള്‍ മാത്രമേ പ്രബുദ്ധനായ മലയാളിക്ക് മനസ്സിലാവുകയുള്ളൂ. ലാവലിന്‍ കേസിലെ രാഷ്ട്രീയ പ്രേരണകള്‍ സി.പി.എമ്മിനെതിരെ മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് തന്നെ എതിരുനില്‍ക്കുന്നതാണെന്ന് നിഷ്പക്ഷമായ ഒരു പഠനം നടത്തിയാല്‍ ആര്‍ക്കും ബോധ്യമാകാവുന്നതേയുള്ളൂ.
ലാവലിനോ, ജനകീയാസൂത്രണമോ ഒന്നുമായിരുന്നില്ല വിജയന്‍ മാസ്റ്ററുടെ പ്രശ്നം. 'പാഠം' മാസിക ഉയര്‍ത്തിപ്പിടിച്ച് സി.പി.എമ്മിനെതിരെ തെരുവില്‍ ഇറങ്ങുന്നതിനു മുമ്പുള്ള വിജയന്‍ മാസ്റ്ററുടെ ചിത്രം മലയാളികളാരും മറക്കാനിടയില്ല. കണ്ണൂരില്‍ യുവമോര്‍ച്ച നേതാവ് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലെ 'സമാധാനവാദികള്‍' ഒന്നടങ്കം കണ്ണൂരിലെ സി.പി.എമ്മുകാരെ വട്ടംകൂടി നിന്ന് കൊലയാളികളെന്നും സ്റ്റാലിനിസ്റ്റുകള്‍ എന്നുമൊക്കെ ആക്ഷേപിച്ചുകൊണ്ടിരുന്നു. 'വര്‍ഗബോധമാണ് തൊഴിലാളിവര്‍ഗത്തിന്റെ നീതിബോധമെന്നും വര്‍ഗബോധത്തിന്റെ ചരിത്ര സ്ഥാപനമായ പാര്‍ട്ടി പോരാടുന്ന തൊഴിലാളിവര്‍ഗ നീതിബോധത്തിന്റെ പ്രതിപുരുഷനാണെന്നും' ബൂര്‍ഷ്വാ മാന്യതയുടെ സാംസ്കാരിക ഭീഷണിയെ തെല്ലും വകവെക്കാതെ ഉറക്കെപ്പറഞ്ഞ വ്യക്തിയാണ് വിജയന്‍ മാസ്റ്റര്‍. അതേ വിജയന്‍ മാസ്റ്റര്‍ തന്നെ, പിന്നീട് ആര്‍.എസ്.എസിനെക്കാള്‍ ആക്രമണോല്‍സുകതയോടെ കണ്ണൂരിലെ പാര്‍ട്ടിക്കാരെ കണ്ണൂര്‍ലോബിയെന്നും മാഫിയയെന്നുമൊക്കെ വിളിച്ചാക്ഷേപിക്കാനും മടിച്ചില്ല. താന്‍തന്നെ നാട്ടിയ ചൂണ്ടുപലകയുടെ വിപരീത ദിശയിലേക്കുള്ള ഈ തിരിഞ്ഞുനടത്തമാണ് ഒരുപക്ഷേ കേരളത്തിലെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് വിജയന്‍ മാസ്റ്റര്‍ നല്‍കിയ ഏറ്റവും നല്ല നിഷേധാത്മക പാഠം. തൊഴിലാളിവര്‍ഗ രാഷ്ട്രീയവും മധ്യവര്‍ഗത്തിന്റെ മാര്‍ക്സിസ്റ്റാഭിമുഖ്യവും രണ്ട് വ്യത്യസ്തവര്‍ഗങ്ങളുടെ രാഷ്ട്രീയാഭിവാഞ്ഛകളെയും താല്‍പര്യങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന യാഥാര്‍ഥ്യമാണ് ഈ തിരിഞ്ഞു നടത്തത്തിലൂടെ വിശദമാക്കപ്പെട്ടത്.
പാര്‍ട്ടിയോടുള്ള സമീപനമെന്ത് എന്നതു തന്നെയാണ് തൊഴിലാളി വര്‍ഗത്തിന്റെയും ഇതരവര്‍ഗങ്ങളുടെയും താല്‍പര്യങ്ങളെ തിരിച്ചറിയാനുള്ള ഏറ്റവും ശരിയായ മാര്‍ഗം. സി.പി.എമ്മില്‍ 'മലിനോവിസ്കിമാരുണ്ടോ അഴിമതിക്കാരുണ്ടോ മുതലാളിത്തവാദികളുണ്ടോ എന്നൊക്കെ കൃത്യമായി മനസ്സിലാക്കാന്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരുടെ വിദഗ്ധ സഹായം കൂടിയേ തീരൂ എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റുകളല്ല. സോവിയറ്റ് വിപ്ലവത്തെ വിജയത്തിലെത്തിച്ച ലെനിന്റെ പാര്‍ട്ടിയുടെ അനുഭവ പാഠങ്ങള്‍ തന്നെയാണ് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ സുദൃഢമാക്കുന്നത്. ജനങ്ങളില്ലെങ്കില്‍ പാര്‍ട്ടിയുണ്ടാവില്ല എന്ന മാടമ്പിത്തരവുമായി തൊഴിലാളി രാഷ്ട്രീയത്തെ മാര്‍ക്സിസ്റ്റ്^ജനങ്ങളില്ലെങ്കില്‍ പാര്‍ട്ടിയുണ്ടാവില്ല എന്ന ബൂര്‍ഷ്വാ ആശയം പ്രചരിപ്പിച്ചുകൊണ്ട് സി.പി.എമ്മിനെ മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റ് തത്ത്വങ്ങളില്‍ നിന്നടര്‍ത്തി മാറ്റാനും പുറത്തുനിന്നുള്ള സമ്മര്‍ദ ഗ്രൂപ്പിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനുമാണ് വിജയന്‍ മാസ്റ്റര്‍ ശ്രമിച്ചത്. 'ജനങ്ങള്‍ എന്ന ബൂര്‍ഷ്വാ ആശയം നിക്ഷിപ്ത താല്‍പര്യങ്ങളുള്ള സമ്മര്‍ദഗ്രൂപ്പുകളെയും ലോബികളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ ഗ്രൂപ്പുകളുടെയും ലോബികളുടെയും പിടിയില്‍നിന്ന് ജനങ്ങളുടെ താല്‍പര്യങ്ങളെ മോചിപ്പിക്കുന്ന നേതാവായിട്ടാണ് മാര്‍ക്സിസം^ലെനിനിസം തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ചരിത്രത്തിന്റെ മുന്നില്‍ നിര്‍ത്തുന്നത്. ബൂര്‍ഷ്വാ ജനാധിപത്യ രീതികള്‍ ഏച്ചുകൂട്ടി പാര്‍ട്ടിയെ നന്നാക്കാമെന്ന് വ്യാമോഹിച്ച ഗോര്‍ബച്ചോവിന് ബോറിസ് യെല്‍സിന്റെ പ്രതിവിപ്ലവത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയെ ഒരു കമ്യൂണിസ്റ്റ് പാഠമായി മാത്രം ചുരുക്കിക്കാണേണ്ടതില്ല. ജനങ്ങളെ സുസംഘടിതരാക്കുകയും ജനകീയ താല്‍പര്യങ്ങളെ സുദൃഢീകരിക്കുകയും ചെയ്യുന്ന ഏത് തത്ത്വങ്ങളെയും അടിച്ചടക്കുക എന്ന തന്ത്രവുമായിട്ടാണ് സാമ്രാജ്യത്വ ശക്തികള്‍ ഇപ്പോള്‍ മുന്നോട്ടുപോവുന്നത്.
|
No comments:
Post a Comment