മംഗളം | Sep 4, 2011
ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടത്തിയതുമായി ബന്ധപ്പെട്ടു തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍നിന്നു രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ കോടതിക്കു മുമ്പാകെയുള്ള അഡ്വക്കേറ്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് നിര്‍ണായകമാകും. 2008 ല്‍ തിരുവനന്തപുരം സബ്‌ജഡ്‌ജ് കോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ക്ഷേത്രത്തില്‍നിന്ന് ആരാധനയ്‌ക്കു ശേഷം മടങ്ങുന്ന ചിലര്‍ ചെറിയ അളവില്‍ വീതം ക്ഷേത്ര സമ്പത്ത് കടത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നു ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ അറിയിക്കുകയും ചെയ്‌തിരുന്നു.
ക്ഷേത്രത്തിലെ വസ്‌തുവകകള്‍ സംബന്ധിച്ചു കണക്കെടുക്കാന്‍ പോവുകയാണെന്ന് 2007ല്‍ ക്ഷേത്രം കമ്മിറ്റി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതില്‍ വന്‍ ക്രമക്കേടുണ്ടെന്നും ആരും ഇല്ലാത്ത സമയത്താണു കണക്കെടുപ്പു നടത്തുന്നതെന്നും അതിനാല്‍ ഇതു തടയണമെന്നും ആവശ്യപ്പെട്ട് എം. വിശ്വംഭരന്‍ എന്നൊരാളും മറ്റൊരു ഭക്‌തനും ചേര്‍ന്നു കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് 2008 ഒക്‌ടോബറില്‍ രണ്ടു പേരടങ്ങുന്ന അഡ്വക്കേറ്റ് കമ്മിഷനെ ക്ഷേത്ത്രിലെ വസ്‌തുക്കളുടെ പരിശോധന നടത്താന്‍ കോടതി നിയോഗിച്ചു. സാധാരണ ദിവസങ്ങളില്‍ പൂജയ്‌ക്ക് ഉപയോഗിക്കുന്നതും വിശേഷാവസരങ്ങളില്‍ പൂജയ്‌ക്കും മറ്റു കാര്യങ്ങള്‍ക്കുമായി തുറക്കുന്ന അറയുമാണ് ഇവര്‍ പരിശോധനയ്‌ക്കു വിധേയമാക്കിയത്. എന്നാല്‍ വ്യാപകമായ ക്രമക്കേടാണ് ഇവര്‍ അവിടെ കണ്ടെത്തിയത്.
മരതകം പിടിപ്പിച്ച തങ്കക്കുടയുടെ 14 സ്വര്‍ണ തൂക്കുകള്‍ കാണാനില്ലെന്നു കമ്മിഷന്‍ കണ്ടെത്തി. വെള്ളിപ്പിടിയുള്ള ഒരു സ്വര്‍ണക്കുടയുടെ 44 തൂക്കുകളും അപ്രത്യക്ഷമായിരുന്നു. ഈ തൂക്കുകള്‍ തൂക്കിയിട്ടിരുന്ന സ്വര്‍ണനൂലിനു പകരം ഇരുമ്പിന്റേയും ചെമ്പിന്റേയും നൂലുകള്‍ ഉപയോഗിച്ചിരുന്നതും കമ്മിഷന്‍ കണ്ടെത്തി. സ്വര്‍ണ നൂലുകള്‍ മിക്കതും അപ്രത്യക്ഷമായിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന രണ്ടു മുളപാലികകളും പൊട്ടിയ നിലയിലാണു കണ്ടെത്തിയത്. നാലു വെള്ളിമണികള്‍ ഉണ്ടായിരുന്നതില്‍ രണ്ടെണ്ണം കാണാനില്ലായിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന നീല അങ്കിക്കൂട്ടം നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കമ്മിഷന്‍ കണ്ടെത്തി. എന്നാല്‍ വസ്‌തുവകകള്‍ നഷ്‌ടപ്പെട്ടതു സംബന്ധിച്ചു ക്ഷേത്രം അധികാരികള്‍ക്കു യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നു നവംബറില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ പറഞ്ഞു. വസ്‌തുവകകളുടെ ഭാരം നോക്കാന്‍ ശ്രമിച്ചപ്പോള്‍ പരിശോധനാ സമയത്ത് കൂടെയുണ്ടായിരുന്ന രാജകുടുംബാംഗം ഇതു തടഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. എത്രയും വേഗം ക്ഷേത്രത്തിലെ വസ്‌തുക്കളുടെ മൂല്യനിര്‍ണയം നടത്തണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.
ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ വിശ്വംഭരനും കക്ഷിയാണ്. അദ്ദേഹത്തിനുവേണ്ടി കഴിഞ്ഞ ദിവസം ഹാജരായ അഡ്വ. പി.ബി. സുരേഷ്, ക്ഷേത്രത്തില്‍ ദിവസവും ആരാധനയ്‌ക്ക് എത്തുന്നവര്‍ ക്ഷേത്രത്തിലെ വിലപിടിപ്പുള്ളവ ചെറിയ അളവില്‍ വീതം കടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് കമ്മിഷണര്‍ ചൂണ്ടിക്കാട്ടിയ വിവരം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ മാസം 12നാണ് സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. നേരത്തെ ക്ഷേത്രത്തില്‍നിന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ സ്വത്തുക്കള്‍ കടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്‌താവന ഏറെ വിവാദമായിരുന്നു.
No comments:
Post a Comment