ഒറ്റപ്പെടുന്നത് അച്യുതാനന്ദന് ഒരു സുഖമാണ്. കാരണം,അച്യുതാനന്ദന്‍ സെക്രട്ടറിയേറ്റില്‍ ഒറ്റപ്പെടുന്നത് ഇതാദ്യമല്ല.ഒരു പക്ഷെ ഇന്നത്തെതിന് സമാനമായി പാര്‍ട്ടിയില്‍ ഭിന്നത താണ്ഡവമാറ്റിയ 1989-90 ഇല്‍ താന്‍ സെക്രട്ടറിയെറ്റില്‍ ഒറ്റപ്പെട്ടതായി അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോയെ രേഖാമൂലം അറിയിച്ചിരുന്നു. അതുകൊണ്ട് എന്തായിരുന്നു 1989 എന്ന് നോക്കാം
1988 നവംബറിലായിരുന്നു പാര്‍ട്ടി ആലപ്പുഴ സംസ്ഥാന സമ്മേളനം. ആ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയായുരുന്ന അച്യുതാനന്ദന്‍ അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയില്‍ വളര്‍ന്നു വരുന്ന വിഭാഗീയതയെപ്പറ്റിയുള്ള ആദ്യപരാമര്‍ശം കാണാം. പാര്‍ട്ടിക്ക് നിരക്കത്ത തെറ്റായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങള്‍ നടക്കുന്നതുകൊണ്ടുമാത്രമെ പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടി അംഗങ്ങളുടെ മാതൃകപരമായ പദവിയും കാത്തു സൂക്ഷിക്കാന്‍ കഴിയൂ. തെറ്റിനെതിരെ നീങ്ങാനുള്ള ധൈര്യമില്ലായ്മയും പല കമ്മിറ്റികളെ സംബന്ധിച്ചും ഇന്നുണ്ട്. സ്ഥാനമാനങ്ങളെ സംബന്ധിച്ച പ്രതീക്ഷ തെറ്റുകാര്‍ക്കെതിരെ നീങ്ങുന്നതില്‍ നിന്ന് പലരേയും പിറകോട്ട് വലിക്കുന്നു. കമ്മിറ്റികള്‍ക്കകത്ത് പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനുപകരം കമ്മിറ്റിക്ക് വെളിയില്‍ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുന്ന രീതിയും കുറെ സഖാക്കളുടെ കാര്യത്തിലുണ്ട്.പാര്‍ട്ടി അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന് ശക്തമായ ചര്‍ച്ചയും തീരുമാനവും ആവശ്യമാണ്
അങ്ങനെയൊരു ബന്ധം നിലനിന്നതിനാൽ, പിണറായിയുമായി ബന്ധപ്പെട്ട കേസിൽ നിയമോപദേശം നൽകുന്നതിൽ നിന്ന് സുധാകരപ്രസാദ് മാറിനിൽക്കുന്നതായിരുന്നു ഔചിത്യം. അങ്ങനെ ചെയ്യുമ്പോഴാണ് ആ പദവി മഹനീയമാവുന്നത്. പ്രാഗൽഭ്യം ഒരു ഘടകമാക്കാതെ പരിചയവും ബന്ധുത്വവും ഭരണഘടനാപരമായ പദവികൾ ദാനം ചെയ്യാൻ ഘടകമാക്കുമ്പോൾത്തന്നെ ആ പദവി ഇടിച്ചു താഴ്തപ്പെടുന്നു. എം. കെ. ദാമോദരൻ അഡ്വ. ജനറലായിരിക്കുമ്പോൾ അദ്ദേഹം പിണറായിയുടെ നോമിനിയായിരുന്നു; അച്യുതാനന്ദനുമായി അടുപ്പം. ഐസ്ക്രീം പാർലർ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ദാമോദരന്റെ ഉപദേശത്തെ, അതുണ്ടായ കാലത്ത് അച്യുതാനന്ദനെതിർത്തില്ലെങ്കിലും, അത് അദ്ദേഹം മലപ്പുറം സംസ്ഥാനസമ്മേളനത്തിന് മുൻപ് ആയുധമാക്കിയ സംഭവം നമ്മുടെ മുന്നിലുണ്ട്. സുധാകരപ്രസാദിന്റെ കാര്യത്തിലാകട്ടെ, നിയമോപദേശം ഉണ്ടാവുന്നതിന്മുൻപ് തന്നെ അത് പിണറായിക്കെതിരെ ആയുധമാക്കാൻ കഴിയുമെന്ന് അച്യുതാനന്ദന് വ്യക്തമായിരുന്നു.
സുധാകരപ്രസാദിന്റെ നിയമോപദേശത്തെ സംബന്ധിച്ച്, ജനം മറന്നുപോയ ഒരു വസ്തുത, ഇക്കാര്യത്തിൽ പിണറായിക്ക് അനുകൂലമായ നിലപാട് സുധാകരപ്രസാദ് മുൻപ് തന്നെ എടുത്തിരുന്നു എന്നതാണ്. അത്, ലാവ്‌ലിൻ കേസ് സി.ബി.ഐക്ക് വിടുന്ന പ്രശ്നം ഹൈക്കോടതിയിൽ എത്തിയപ്പോഴാണ്. അച്യുതാനന്ദൻ നേതൃത്വം നൽകുന്ന കേരള സർക്കാറിനുവേണ്ടി അന്ന് ഹാജരായത് സുപ്രീം കോടതി അഭിഭാഷകരാണെങ്കിലും അതിന് ചുക്കാൻ പിടിച്ചത് സുധാകര പ്രാസാദ് തന്നെയാണ്. അദ്ദേഹം അന്ന് വാദിച്ചത് സി. ബി. ഐക്ക് വിടേണ്ടതില്ല എന്നാണ്. അന്ന് വാദിച്ചത് പിണറായിക്ക് വേണ്ടിത്തന്നെയാണ്. അന്നത്തെ വാദം ഒരു നിയമോപദേശമായി ഇപ്പോൾ വന്നു എന്നേയുള്ളു. അതുകൊണ്ട് ഇപ്പോൾ നിയമോപദേശം വന്നപ്പോൾ അച്യുതാനന്ദൻ പല്ലിറുമ്മയതിലൊ യു. ഡി. എഫ് ഹർത്താൽ ആചരിച്ചതിലൊ ഒരർഥവുമില്ല.
പക്ഷെ, പണ്ട് ബോഫോഴ്സ് ഇടപാടിനെത്തുടർന്ന് വി. പി. സിംഗ് “രാജീവ് ഗാന്ധി ചോർ ഹൈ” എന്ന ഒറ്റവരി മുദ്രാവാക്യം ഉയർത്തുകയും ജനം അതിന് വോട്ട് ചെയ്യുകയും ചെയ്ത പോലെ, “പിണറായി കള്ളൻ” എന്ന് അച്യുതാനന്ദൻ ധ്വനിപ്പിക്കുന്നതിൽ ആവേശം കൊള്ളുകയാണ് ജനം. അതിന് വളം വച്ചുകൊടുത്തു എന്നതാണ് പിണറായിയുടെ കുറ്റം. ചടയൻ ഗോവിന്ദനെപ്പോലെ, അഴീക്കോടൻ രാഘവനെപ്പോലെ, സി. എച്ച് കണാരനെപ്പോലെ “എന്റെ ഹൃദയം ഇതാ പറിച്ചെടുത്തോളു” എന്ന് പറയാൻ കഴിയുന്ന ഒരു ശുദ്ധഹൃദയനായിരുന്നു പിണറായി എങ്കിൽ ജനം അച്യുതാനന്ദന്റെ കൂടെ നിൽക്കുമായിരുന്നില്ല. അച്യുതാനന്ദന്റെ കാലത്ത് പാർട്ടി ഗുണ്ടകളുടെ കയ്യിലായിരുന്നു; പിണറായിയുടെ കാലത്ത് പാർട്ടി മൂലധനശക്തികൾ അലയുന്ന അമ്യൂസ്മെന്റ് പാർക്കായി. യാഥാസ്തിഥിക മാർക്സിസത്തിന് മൂലധനശക്തികൾ എന്നു കേട്ടാൽ വിറളിയുണ്ടാകാം. അതാണ് ഈ വേട്ടയിൽ അച്യുതാനന്ദന്റെ പ്രത്യയശാസ്ത്ര മൂലധനം. തീർച്ചയായും അച്യുതാനന്ദന്റെ കൂടെയായിരിക്കും ശുദ്ധാത്മാക്കൾ.
ഈ സാഹചര്യത്തിൽ അച്യുതാനന്ദന് ഒറ്റയ്ക്ക് പിടിച്ച് നിൽക്കുക സാധാരണ ഗതിയിൽ എളുപ്പമല്ല. പാർട്ടിയിൽ അദ്ദേഹം ഒറ്റപ്പെട്ടു; മുഖ്യമന്തിയെന്ന നിലയിലും ഒറ്റപ്പെട്ടു. പാർട്ടി സെക്രട്ടേറിയറ്റിൽ മാത്രമല്ല, ഭരണ സെക്രട്ടേറിയറ്റിലും സഹകരണം കിട്ടുന്നില്ല എന്ന് അച്യുതാനന്ദൻ പി.ബി ക്ക് എഴുതിക്കാണും. ഇന്നത്തെ നിലയിൽ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിന് രക്ഷാകവചമാണ്. അതുകൊണ്ട്, ആ സ്ഥാനം അദ്ദേഹം സ്വയം ഒഴിയുകയില്ല.
മറുവശത്ത്, വയനാട്ട്‌കുലവൻ തെയ്യക്കെട്ടിന് മുൻപത്തെ മൃഗവേട്ടക്കിറങ്ങുന്ന തിയ്യന്മാരെ ഓർമ്മിപ്പിക്കുന്ന ഒരു സംഘമാണ് അച്യുതാനന്ദവേട്ടക്കിറങ്ങിയിട്ടുള്ളത്. ഗുണ്ടായിസം കാണുമ്പോൾ ഇ.എം.എസിന് ഖിന്നതയുണ്ടാവും. അതുകൊണ്ടാണ് പാപ്പിനിശ്ശേരിയിൽ എം. വി. രാഘവന്റെ പാമ്പുകളെ പാർട്ടി കൊന്നപ്പോൾ മോശമായിപ്പോയി എന്ന് ഇ.എം.എസ് പ്രതികരിച്ചത്. പക്ഷെ ഗുണ്ടായിസം അച്യുതാനന്ദനും പിണറായിക്കും ശീലമാണ്. അതുകൊണ്ട് ഇരുവർക്കും ഈ വേട്ടയിൽ ഉറക്കം നഷ്ടപ്പെടുകയില്ല.
പ്രകാശ് കാരാട്ടും എസ് രാമചന്ദ്രൻപിള്ളയും ഇതുപോലെ വേട്ടക്ക് പറ്റുകയില്ല. സെക്രട്ടേറിയറ്റിനെ അപ്പാടെ ദൽഹിക്ക് വിളിക്കാൻപോലുമുള്ള ത്രാണി അവർക്കുണ്ടെന്ന് തോന്നുന്നില്ല. ഈ രണ്ട് കൊല്ലം കൂടി കാർന്നോർ ഇങ്ങനെ പോകട്ടെ എന്ന് അവർ വെക്കും. ജ്യോതിബസു 1996ൽ പാർട്ടി അച്ചടക്കം പരസ്യമായി ലംഘിച്ചിട്ടും അദ്ദേഹത്തെ പുറത്താക്കിയില്ല. പുറത്താക്കണമെന്ന് ബംഗാൾ പാർട്ടി ആവശ്യപ്പെട്ടതുമില്ല. അവിടെയാണ് കേരളവും ബംഗാളും തമ്മിലുള്ള വ്യത്യാസം. ബസുവിന്റെ കൂടെ പാർട്ടി ഉണ്ടായിരുന്നു; അച്യുതാനന്ദന്റെ കൂടെ പാർട്ടി ഇല്ല.
അച്യുതാനന്ദൻ സെക്രട്ടേറിയറ്റ് അംഗം മാത്രമായിരുന്നു എങ്കിൽ ഇന്നദ്ദേഹം ആലപ്പുഴ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തപ്പെടുമായിരുന്നു - ഗൌരിയമ്മയെപ്പോലെ. കാരണം, ആ നിലയിൽ കാര്യങ്ങൾ കേരളത്തിൽ തന്നെ തീരുമാനിച്ചാൽ മതി. പക്ഷെ, അച്യുതാനന്ദൻ പി.ബി. അംഗം ആയിപ്പോയി; നിർഭാഗ്യവശാൽ മുഖ്യമന്ത്രിയുമായിപ്പോയി. അച്യുതാനന്ദൻ സ്ഥാനാർഥിയാവുന്നതിനെത്തന്നെ പിണറായിപക്ഷം വെട്ടിയതാണ് ആ പക്ഷം ചെയ്ത ആദിപാപം. സ്ഥാനാർത്ഥിയായി ജയിച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി ചേരുമ്പോൾ അവിടെ അച്യുതാനന്ദനെ പിണറായി മത്സരിച്ച് തോൽപ്പിക്കുകതന്നെയായിരുന്നു ബുദ്ധി - ഗൌരിയമ്മയെ മുഖ്യമന്ത്രി ആക്കാതിരുന്ന അതേ തന്ത്രം. പോയ ബുദ്ധി ആന വലിച്ചാലും കിട്ടില്ല. അന്ന് സി.ഐ.ടി.യുക്കാർക്കുണ്ടായിരുന്ന ബുദ്ധി വെടികൊണ്ട ജയരാജനും വെട്ടുകൊണ്ട ജയരാജനും വെറിപൂണ്ട ജയരാജനും ഇല്ല.
ഇംഗ്ലീഷിൽ പറയുന്ന ‘ക്യാച്ച് 22‘ സാഹചര്യമാണ് ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയിലുള്ളത്. ഒരു പ്രശ്നം പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങൾ ആ പ്രശ്നത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സാഹചര്യം. ഇത് ഡിറ്റക്റ്റീവ് നോവലുകൾ വായിക്കുന്ന പ്രകാശ് കാരാട്ടിന് മനസ്സിലാകും. അച്യുതാനന്ദനെ പുറത്താക്കാൻ പിണറായിയും ജയരാജന്മാരും നടത്തുന്ന ഓരോ ശ്രമവും അച്യുതാനന്ദന്റെ കസേര ഉറപ്പിക്കും. പിണറായിപക്ഷത്ത് ഗുണ്ടായിസത്തിനല്ല, ബുദ്ധിക്കാണ് ക്ഷാമം. എം.വി. രാഘവനെ പാർട്ടിയിൽനിന്ന് സസ്പെന്റ് ചെയ്ത ശേഷം കണ്ണൂരിൽ പ്രസംഗിച്ച ബി.ടി. രണദിവെ ഇങ്ങനെ പറഞ്ഞിരുന്നു: “രാഘവൻ ഒരു രോഗമല്ല്ല, രോഗലക്ഷണമാണ്”.
അച്യുതാനന്ദൻ ഒരു ലോഗലക്ഷണമല്ല, രോഗം തന്നെയാണ്. പിണറായിയുടെ പക്ഷത്ത് നിന്ന് നോക്കിയാൽ, അതൊരു മാരകരോഗമാണ്; മാറാരോഗവും. അത് മുറിച്ച് മാറ്റിയാൽ വീണ്ടും വളർന്ന് വരും.
No comments:
Post a Comment