ക്രൈം നന്ദകുമാറാണ് ഈ കേസ് സജീവമായി നിലനിര്‍ത്തിയത്. ക്രൈം നന്ദകുമാറിന്റെ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ച ക്രൈം വാരിക ഇന്ന് നെറ്റില്‍ ലഭ്യമാണ്. അതിവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വായിക്കുക
മാതൃഭൂമി പത്രം ഏപ്രില്‍ രണ്ടാം തിയതി പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ വായിക്കുക
ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന് സി.ബി.ഐ.
Date : April 02 2009
ല്‍ തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു
തിരുവനന്തപുരം: സര്‍ക്കാറിനെയും മന്ത്രിസഭയെയും വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചാണ് പിണറായി വിജയന്‍ എസ്.എന്‍.സി. ലാവലിനുമായുള്ള കരാര്‍ ഒപ്പിടുന്നതിന് അംഗീകാരം നേടിയെടുത്തതെന്ന് സി.ബി.ഐ.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ അറിഞ്ഞിരിക്കണമെന്ന പ്രാഥമികമായ കടമപോലും ലംഘിക്കപ്പെട്ടു. വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി (ഇരുവരും കേസില്‍ പ്രതികളാണ്) എന്നിവരാണ് മന്ത്രിസഭയുടെ അറിവിലേക്ക് വിവരങ്ങള്‍ വരുന്നത് തടഞ്ഞത്. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ നേട്ടം ലക്ഷ്യമിട്ടാണ് പിണറായി വിജയന്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാറിന്റെ അനുമതി, തട്ടിപ്പിലൂടെ സംഘടിപ്പിച്ചത്-സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിലെ സ്‌പെഷല്‍ ഓഫീസറായി തന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എന്‍. ശശിധരന്‍നായരെ പിണറായി വിജയന്‍ നിയമിച്ചത് തന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ്. മന്ത്രിസ്ഥാനത്തുനിന്ന് മാറിയ ശേഷവും ശശിധരന്‍നായര്‍ പിണറായി വിജയനുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു.
പദ്ധതിയുടെ നവീകരണവും കാന്‍സര്‍ സെന്ററിനുള്ള സഹായധനവും സംബന്ധിച്ച കരാറുകളെക്കുറിച്ച് തനിക്ക് വിശദാംശങ്ങളറിയില്ല എന്ന പിണറായി വിജയന്റെ വാദം അംഗീകരിക്കാനാവുന്നതല്ലെന്ന് സി.ബി.ഐ. പറയുന്നു. എസ്.എന്‍.സി. ലാവലിന്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ് ക്ലോസ്‌ട്രെന്‍ഡല്‍, കനേഡിയന്‍ ഹൈക്കമ്മീഷന്‍ എന്നിവരുമായി പിണറായി വിജയന്‍ നേരിട്ട് കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. കരാറിനുള്ള വായ്‌പതുകയ്‌ക്ക് സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതിന് മന്ത്രിയായ പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ച നടത്തിയത് അദ്ദേഹത്തിന്റെ അമിത താത്‌പര്യം വെളിച്ചത്തുകൊണ്ടുവരുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായധനം എന്ന പുതിയ പഴുത് ഏര്‍പ്പെടുത്തിയാണ് പിണറായി വിജയന്‍ ഈ ഗൂഢാലോചനയിലേക്ക് പ്രവേശിക്കുന്നതെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഊര്‍ജ സെക്രട്ടറിയായി കാലാവധി പൂര്‍ത്തിയാക്കിയ കെ. മോഹനചന്ദ്രനെ കെ.എസ്.ഇ.ബി. ചെയര്‍മാനാക്കി നിലനിര്‍ത്തിയും കരാറിനെ എതിര്‍ത്ത ധനകാര്യ സെക്രട്ടറി വരദാചാരിയുടെ ബുദ്ധി പരിശോധിക്കണമെന്ന് നോട്ടെഴുതി ഇതിനെ എതിര്‍ത്തവരെ തളര്‍ത്തിയും പിണറായി വിജയന്‍ കരാര്‍ സാധ്യമാക്കിത്തീര്‍ക്കുകയായിരുന്നു.
കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പിണറായി വിജയന്റെ നേതൃത്വത്തില്‍ കാനഡയില്‍ പോയ സംഘത്തില്‍ സാങ്കേതികജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് കെ.എസ്.ഇ.ബി. ചെയര്‍മാന്റെ തീരുമാനമായിരുന്നെന്നും അദ്ദേഹം സാങ്കേതിക ജ്ഞാനമുള്ളവരുമായി മുമ്പ് സംസാരിച്ചിരിക്കാമെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഉറപ്പാക്കുന്നതിന് നിയമപരമായി നിലനില്‍ക്കുന്ന കരാര്‍ ഉണ്ടാക്കാഞ്ഞതാണ് ഗൂഢാലോചനയ്‌ക്ക് മുഖ്യ തെളിവായി സി.ബി.ഐ. ഉയര്‍ത്തിക്കാട്ടുന്നത്. ഇത് മന്ത്രിയെന്ന നിലയില്‍ തന്റെ ശ്രദ്ധയില്‍ ഉദ്യോഗസ്ഥര്‍ പെടുത്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഈ രണ്ട് വാദങ്ങളും നിലനില്‍ക്കുന്നതല്ലെന്ന് സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് വൈദ്യുതി പദ്ധതിയുടെ നവീകരണം മാത്രം പഠിക്കാന്‍ നിയോഗിച്ചതല്ല ബാലാനന്ദന്‍ കമ്മിറ്റിയെന്നും സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തെക്കുറിച്ച് പൊതുവില്‍ പഠിക്കുകയായിരുന്നു ആ കമ്മിറ്റിയുടെ ചുമതലയെന്നുമുള്ള പിണറായിയുടെ വാദവും സി.ബി.ഐ. തള്ളിക്കളഞ്ഞു. 100.5 കോടി രൂപയ്‌ക്ക് ഈ മൂന്ന് പദ്ധതികളുടെയും നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി ശുപാര്‍ശ മറികടന്നായിരുന്നു എസ്.എന്‍.സി. ലാവലിന്‍ കരാറിലേക്ക് പിണറായി വിജയന്‍ നീങ്ങിയത്. കരാറിന്റെ സപ്ലൈ കോണ്‍ട്രാക്ടിനും മന്ത്രിസഭയുടെ അംഗീകാരം വാങ്ങിയിരുന്നില്ല. ഊര്‍ജ സെക്രട്ടറിയാണ് മന്ത്രിസഭയ്‌ക്കുള്ള രേഖ തയ്യാറാക്കിയതെന്നായിരുന്നു പിണറായിയുടെ മൊഴി. വിദേശത്തുനിന്നുള്ള സഹായധനം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ വാങ്ങണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി ടെക്‌നിക്കാലിയയെന്ന ചെന്നൈയില്‍ മേല്‍വിലാസമുള്ള സ്ഥാപനം വഴി ആദ്യഗഡു വാങ്ങിയതും ശരിയല്ല. ഇത് ഉദ്യോഗസ്ഥരുടെ വീഴ്‌ചയായാണ് പിണറായി വിജയന്‍ സി.ബി.ഐയ്‌ക്ക് മൊഴി നല്‍കിയത്. ഇതും അംഗീകരിക്കപ്പെട്ടില്ല.
12 കാരണങ്ങളാല്‍ കുറ്റക്കാരന്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍.
1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട് വന്ന് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.
2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന് നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.
3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയനാണ്.
4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്.
5. ആരോഗ്യവകുപ്പിന്റെ കീഴിലാണ് കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.
6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന് മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക് 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന് സഹായധനമായി ലഭിക്കാന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന് പറയുന്നുണ്ട്.
8. എസ്.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ് ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന് അയച്ച കത്തില്‍ 103 കോടി രൂപയാണ് കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.
9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച് എസ്.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.
10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ് ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായില്ല.
11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന് കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത് മറച്ചുവെച്ചത് കുറ്റകരമാണ്.
12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന് ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന് അത് ഒഴിവാക്കിയത് മനഃപൂര്‍വമാണ്. നവീകരണ പദ്ധതിയുമായി ഇത് പിന്നീട് ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍
സമകാലിക മലയാളം വാരികപ്രസിദ്ധീകരിച്ച പിണറായികെക്തിരെ ഉള്ള CBI കുറ്റപത്രം വായിക്കുക
പേജ് 1
പേജ് 2
പേജ് 3
പേജ് 4
പേജ് 5
പേജ് 6
പേജ് 7
പേജ് 8
പേജ് 9
പേജ് 10
No comments:
Post a Comment