Friday, July 30, 2010
പോറല്‍ വീണ ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍നിന്നുയരുന്ന പാട്ടുപോലെയാണു ലോട്ടറി പ്രശ്നം സഭയില്‍ നിറഞ്ഞത്. മന്ത്രി തോമസ് ഐസക്കും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും വി.ഡി. സതീശനും ആര്യാടന്‍ മുഹമ്മദുമെല്ലാം ഒരേ കാര്യംതന്നെ ഉരുക്കഴിച്ചു. ആരും സ്വന്തം നിലപാടില്‍നിന്ന് ഒരിഞ്ചു പിന്നോട്ടു പോയില്ല; ഒരിഞ്ചു മുന്നോട്ടും. എല്ലാ കുറ്റങ്ങളും കേന്ദ്രത്തില്‍ ചാര്‍ത്തി മന്ത്രിയും സംസ്ഥാന സര്‍ക്കാരില്‍ അഴിമതിയുടെ ചെളി പുരട്ടി പ്രതിപക്ഷവും കൃതാര്‍ഥരായി. സതീശനും ഐസക്കിനും ഒരു ’അക്കാദമിക് ഡിസ്കഷന്‍ നടത്താന്‍ കഴിഞ്ഞെന്ന ബോണസും കിട്ടി.
ശൂന്യവേള കഴിഞ്ഞപ്പോള്‍ത്തന്നെ ഐസക്കും ഉമ്മന്‍ ചാണ്ടിയും ഇടഞ്ഞു. ലോട്ടറി ഇടപാടില്‍ അന്വേഷണം നടത്തില്ലെന്നു സഭയില്‍ പറഞ്ഞ ശേഷം മുന്‍കൂര്‍ നികുതി വാങ്ങിയതില്‍ ചട്ടലംഘനമുണ്ടോ എന്നു വകുപ്പുതല അന്വേഷണം നടത്തുമെന്നു മന്ത്രി പുറത്തു പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് ഉമ്മന്‍ ചാണ്ടി ആരാഞ്ഞു. കൊണ്ടും കൊടുത്തും ഇരുവരും മുന്നേറുമ്പോള്‍ ഫയല്‍ കയ്യില്‍വച്ചു നുണ പറയുന്നതു നിര്‍ഭാഗ്യകരമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രകോപിതനായ ഐസക്കിന്റെ പ്രതികരണം അല്‍പം കടുത്തുപോയി. പ്രതിപക്ഷ നേതാവ് ’തറ പ്രവര്‍ത്തനം നടത്തരുതെന്നായിരുന്നു അത്. ’തറ രേഖയില്‍നിന്നു നീക്കണമെന്നാവശ്യപ്പെട്ടു പതിപക്ഷം നടുത്തളത്തിലിറങ്ങി. താന്‍ പറഞ്ഞതില്‍ ഒരു വാചകം പിന്‍വലിക്കില്ലെന്നായി ഐസക്. ഒാരോരുത്തരും അവര്‍ക്കു യോജിച്ച ഭാഷ ഉപയോഗിക്കുമെന്നും ’തറ രേഖയില്‍ കിടന്നോട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞെങ്കിലും സ്പീക്കര്‍ തറയെ നിഷ്കരുണം രേഖയില്‍നിന്നു നീക്കി.
തറ പ്രവര്‍ത്തനം നടത്തിയാല്‍ പിന്നെ പറ പ്രവര്‍ത്തനം എന്നു പറയാന്‍ പറ്റുമോ എന്നാണു കെ.ടി. ജലീലിന്റെ സംശയം. അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി തട്ടിച്ചതു മന്ത്രി എ.കെ. ബാലന്‍ അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ ’സംതിങ് ഈസ് റോട്ടന്‍ ഇന്‍ ദ് സ്റ്റേറ്റ് ഒാഫ് ഡെന്‍മാര്‍ക്ക് എന്നേ കെ. ശിവദാസന്‍ നായര്‍ക്കു പറയാനുള്ളൂ. അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും വ്യവസായ മന്ത്രിയുടെ സുഗന്ധ സോപ്പും പ്രയോഗിച്ചാലും സര്‍ക്കാരിന്റെ നാറ്റം പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സഖാക്കന്‍മാരുടെ കൂലിത്തല്ലുകാരനായിരുന്നു താനെന്നു പി.സി. ജോര്‍ജ് കുമ്പസാരിച്ചപ്പോള്‍ ഇപ്പോള്‍ എന്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും കൂലിത്തല്ലുകാരനായി മാറിയെന്നു വി.എസ്. സുനില്‍കുമാര്‍ തിരിച്ചടിച്ചു. ലൌ ജിഹാദ് എന്ന പ്രയോഗം കെ.പി. മോഹനനു പിടിക്കുന്നില്ല. ലൌ നൈമിഷ വികാരമാണെന്നും ജിഹാദ് എന്നാല്‍ അധ്വാനം എന്നാണ് അര്‍ഥമെന്നും അദ്ദേഹം വ്യവച്ഛേദിച്ചു. പക്ഷേ ഇക്കാര്യത്തില്‍ മോഹനനു വലിയ പരിചയമില്ലെന്നായിരുന്നു സഭയുടെ പൊതുവികാരം.
ചിദംബരം 100 കോടി വാങ്ങി, വി.ഡി. സതീശന്‍ 10 കോടി വാങ്ങി...സി.എച്ച്. കുഞ്ഞമ്പു ആരോപണമുന്നയിച്ചതു കൊട്ടത്താപ്പിനാണ്. പി.സി. തോമസിന്റെ പഴയ പാര്‍ട്ടിയുടെ കമ്മിറ്റി ചേര്‍ന്നിരുന്നതു തിഹാര്‍ ജയിലില്‍ ആയിരുന്നെന്നു പി.സി. വിഷ്ണുനാഥ് പരിഹസിച്ചു. സാധ്യതകളുടെ കലയായ രാഷ്ട്രീയത്തില്‍ തോമസിന്റെ സാധ്യത കണ്ടെത്തിയതു പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലെന്നു കണ്ട പ്രതിപക്ഷം മുറിച്ചുരികയുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നു ബാബു എം. പാലിശേരി വിലയിരുത്തി. നാലു കൊല്ലമായിട്ടും മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം വന്നില്ലെന്നു ഭരണപക്ഷത്തുനിന്നു പറഞ്ഞതാണ് അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതെന്നായി മാത്യു ടി. തോമസ്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആര്യാടന്‍ മുഹമ്മദ് ഒരിക്കലും ആവശ്യപ്പെടില്ല. കാരണം അദ്ദേഹം ആ സ്ഥാനത്തിരിക്കുന്നതാണത്രേ യുഡിഎഫിനു നല്ലത്. എന്നാല്‍ വി.എസ്. ഒരു കാര്യം ചെയ്യണമെന്ന് ആര്യാടന് ആഗ്രഹമുണ്ട് - തോമസ് ഐസക്കിനെ മന്ത്രിസഭയില്‍നിന്നു സാക്ക് ചെയ്യണം.
അല്‍പം കടന്ന ആഗ്രഹംതന്നെ. ആര്യാടന്‍ ആശയടക്കി പുണ്യം നേടേണ്ടി വരുമെന്നു തീര്‍ച്ച.
ഇന്നത്തെ വാചകം
സഖാക്കന്‍മാര്‍ക്കു വേണ്ടി 17 വര്‍ഷം കൂലിത്തല്ലു നടത്തിയതാണു ഞാന്‍. അതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് ഇപ്പോഴാണു മനസ്സിലായത്. ജലീലിനു രണ്ടു കൊല്ലം കഴിയുമ്പോള്‍ അതു പിടികിട്ടും.
- പി.സി. ജോര്‍ജ്
No comments:
Post a Comment