നീതിയോട് ഇടയുന്ന നിയമങ്ങള്‍ നിരത്തുകളില്‍ വിചാരണ നേരിടും
പത്തുമുപ്പത്തിയഞ്ചു കൊല്ലം മുമ്പ് ഞങ്ങളൊക്കെ സ്‌കൂളില്‍ പോയിരുന്നത്, മെലിഞ്ഞ വയല്‍വരമ്പിലൂടെ പതുക്കെ മാത്രം നടന്നായിരുന്നു. അല്‍പം വഴുക്കിയാല്‍ വയലിലെ ചളിവെള്ളത്തില്‍ മറിഞ്ഞുവീഴും. അതോടെ അന്നത്തെ ക്ലാസും മുടങ്ങും. അതുകൊണ്ടാണ് അന്ന് ഞങ്ങള്‍ വളരെ ശ്രദ്ധിച്ച് പതുക്കെമാത്രം നടന്നത്. അതുകൊണ്ടാണ് എതിരെ വരുന്നവരോട്, 'എന്തൊക്കെയുണ്ട്, 'സുഖമല്ലേ' എന്നുപോലും ഞങ്ങള്‍ അന്ന് കുശലം പറയാതിരുന്നത്. ഒന്നു കണ്ണുതെറ്റിയാല്‍ ചളിക്കുണ്ടില്‍ മറിഞ്ഞുവീഴുമെന്നതുകൊണ്ടാണ്, പരസ്‌പരം ഒന്നു ചിരിക്കാന്‍പോലും ഞങ്ങളന്ന് ശ്രമിക്കാതിരുന്നത്.
വയല്‍വരമ്പുകള്‍ പിന്നിട്ട് നിരത്തില്‍ കയറുന്നതോടെ ഞങ്ങളുടെ പ്രകൃതം മാറും. പൊട്ടിച്ചിരിച്ചും തുള്ളിക്കളിച്ചും പരസ്‌പരം മുന്നിലെത്താന്‍ മല്‍സരിച്ചും ഞങ്ങള്‍ കുതിക്കും. പൊതുനിരത്തിലെത്തുന്നതോടെ ഒരു പുതിയ ലോകത്തിലേക്കു പ്രവേശിച്ചതിന്റെ പുളകം ഉള്ളിലാകെ പടര്‍ന്നുകയറും. അപ്പോഴാണ് ശരിക്കുമൊന്ന് നന്നായി ശ്വസിക്കുന്നത്, തുറന്ന ആകാശം കാണുന്നത്, കൈകള്‍ ആഞ്ഞുവീശി നടക്കുന്നത്. ആരുടേതുമല്ലാത്ത എന്നാല്‍ എല്ലാവരുടേതുമായ 'നിരത്തുകള്‍' വരമ്പുയാത്രക്കാരായ ഞങ്ങള്‍ക്ക് അന്ന് വലിയൊരു നിര്‍വൃതിയായിരുന്നു. സ്വന്തം വീടുവരെ നീണ്ടുവരുന്ന നിരത്തുകളാണ് അന്ന് ഞങ്ങളുടെ സ്വപ്‌നങ്ങളില്‍ നിറസമൃദ്ധിയുടെ പൂത്തിരികള്‍ കത്തിച്ചത്. വിസ്തൃതമായ നടപ്പാത, അതിനിരുവശവും കടകള്‍, പലതരക്കാരായ മനുഷ്യര്‍, കൂട്ടംകൂടാനും ഇരിക്കാനും 'സൊറ' പറയാനും സൗകര്യമേറെ! സൈക്കിള്‍ മുതല്‍ കാറുവരെ തലങ്ങും വിലങ്ങും ഓടുന്നു. പലതരം കൊടികള്‍ പിടിച്ചും കൈ ചുരുട്ടി മുദ്രാവാക്യം വിളിച്ചും കൈമുട്ടി ചുവടുവെച്ചും ബാന്‍ഡ്‌വാദ്യങ്ങളില്‍ ഇളകിമറിഞ്ഞും ജാഥകള്‍ കടന്നുപോകുന്നു. ചിലയിടങ്ങളില്‍ ആശയങ്ങളുടെ തീപ്പൊരികള്‍ ചിതറുംവിധം പ്രസംഗങ്ങള്‍ നടക്കുന്നു.
വ്യത്യസ്ത ആശയങ്ങള്‍ തലങ്ങും വിലങ്ങുമായി നിരന്തരം കണ്ടുമുട്ടാന്‍ തുടങ്ങിയത് നാട്ടില്‍ റോഡ് വന്നതോടെയാണ്. കുണ്ടനിടവഴികള്‍ കടന്ന്, കുറുക്കു വഴികള്‍ കടന്ന്, വരമ്പുകളിലൂടെ നടന്ന കാലത്ത് ഞങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത എത്രയെത്രയോ വേറിട്ട കാഴ്ചകളും കൊണ്ടാണ് നാട്ടില്‍ റോഡുകള്‍ വന്നത്. ഇടുങ്ങിയ ഇടവഴികളില്‍വെച്ചും വയല്‍വരമ്പുകളില്‍വെച്ചും ഞങ്ങള്‍ക്ക് പരസ്‌പരം മാറിനില്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. അഭിമുഖങ്ങള്‍ അന്നസാധ്യമായിരുന്നു. മുന്നിലും പിറകിലുമായി നടക്കുമ്പോള്‍ ഇടക്കിടക്ക് തിരിഞ്ഞുനോക്കാതെ നിര്‍വാഹമില്ലായിരുന്നു. ഇടവഴികളില്‍ അന്ന് എല്ലാവരും പരസ്‌പരം പരിചിതരായിരുന്നു. നിര്‍വികാരമായ ഒരു നിശ്ചലത, ഇടവഴികളിലെ കരിയിലകള്‍ക്കിടയിലെവിടെയോ പതുങ്ങിക്കിടന്നിരുന്നു. റോഡ് വന്നപ്പോഴാണ് ഇതൊക്കെ ഞങ്ങള്‍ മുറിച്ചുകടന്നത്. അപ്പോഴാണ് അതുവരെ കാണുകയും കേള്‍ക്കുകയും ചെയ്യാത്ത അപരിചിതത്വങ്ങളിലേക്ക് ഞങ്ങള്‍ ഒപ്പത്തിനൊപ്പം നടന്നുപോയത്. ഒരര്‍ഥത്തില്‍ കേരളത്തിന്റെ 'പൊതുമണ്ഡലം' രൂപംകൊള്ളുന്നതില്‍പോലും പൊതുവഴികള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്വകാര്യ വഴികളില്‍ വെച്ച് സ്വന്തം വീട്ടിലേക്കു മാത്രം കണ്ണുതുറന്ന മനുഷ്യര്‍ നാട്ടിലേക്ക് ആദ്യമായി കണ്ണുതുറന്നത് പൊതുനിരത്തുകളില്‍വെച്ചായിരിക്കണം. 'നിങ്ങ ആണുങ്ങക്കു മാത്രം മതിയോ മീറ്റിങ്' എന്ന്, തകഴിയുടെ പ്രശസ്തമായ 'രണ്ടിടങ്ങഴി' എന്ന നോവലിലെ ചിരുത ചോദിച്ചത് നിരന്തരം നടക്കുന്ന കവല പൊതുയോഗങ്ങളിലെ 'ആണ്‍കൂട്ട' സാന്നിധ്യം മാത്രം കണ്ട അസ്വസ്ഥതയില്‍നിന്നാവണം! ഇന്നും നമ്മള്‍ 'ആള്‍ക്കൂട്ടം' എന്നു പറയുമ്പോള്‍, അതൊരു 'ആണ്‍കൂട്ടം' മാത്രമാണ്!
നിരത്തുകള്‍ ആദ്യം നിലവില്‍വന്നതുതന്നെ നടക്കാനായിരുന്നില്ലേ. അങ്ങനെയൊരു ഉപയോഗം പിന്നീടതിനുണ്ടാവുമെന്ന് അന്നാരും പ്രതീക്ഷിച്ചിരിക്കില്ല. ടിപ്പുവാണ് ഏകദേശം ഒരൊന്നര നൂറ്റാണ്ടുമുമ്പ് മലബാറില്‍ റോഡുകള്‍ നിര്‍മിച്ചത്. മലബാറിലേക്ക് ഒരു പാട്ടുംപാടി മൈസൂരില്‍നിന്ന് നടന്നുവരാനല്ല, പടനയിക്കാനും അതിനുവേണ്ട പീരങ്കികള്‍ കൊണ്ടുവരാനുമാണ് ടിപ്പു അന്ന് റോഡുകള്‍ നിര്‍മിച്ചത്. അതേ റോഡിനെത്തന്നെയാണ് അധികാരത്തിനെതിരെ പട നയിക്കാനുള്ള ഒരു പോരാട്ടകേന്ദ്രമായി ജനാധിപത്യം പിന്നീട് പുനഃക്രമീകരിച്ചത്. 'റോഡ് എന്ന ആശയംതന്നെ ആദ്യമായി കേരളത്തില്‍ അവതരിപ്പിച്ചതും നടപ്പാക്കിയതും ടിപ്പുവായിരുന്നു. ബ്രിട്ടീഷുകാരുടെ റോഡ്‌നിര്‍മാണത്തിന്‍േറത് എന്നപോലെ, ടിപ്പുവിന്റെ റോഡ്‌നിര്‍മാണത്തിന്റെയും ലക്ഷ്യം പട്ടാളത്തെയും തോക്കുവണ്ടികളെയും നിശ്ചിത സ്ഥാനത്ത്, നിശ്ചിത സമയത്തിനുള്ളില്‍ എത്തിക്കുകയായിരുന്നു. അത് തുടങ്ങിയവരുടെ നിശ്ചിതലക്ഷ്യത്തിന്റെ പരിധി വിട്ട്, അതിവിടുത്തെ ജനങ്ങളുടെ ബോധ നവീകരണത്തിന് സഹായിക്കുമാറ് ജനങ്ങളുടെ അന്യോന്യ സഹകരണത്തിനും പരിചയത്തിനും ആശയാദര്‍ശങ്ങളുടെ സുഗമമായ വിനിമയത്തിനും മനുഷ്യബന്ധങ്ങളുടെ പുതുതായ തുടക്കത്തിനും ആരംഭമിട്ടു. അതുമൂലമുണ്ടായ മനുഷ്യ സംസ്‌കാരത്തിന്റെയും പരിഷ്‌കാരത്തിന്റെയും പുരോഗതി പറഞ്ഞറിയിക്കാവുന്നതില്‍ വലുതാണ്' (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം: പി. ഭാസ്‌കരനുണ്ണി). ബഹുമാന്യരായ ന്യായാധിപന്മാര്‍, ന്യായദാസന്മാര്‍, വിധി പ്രഖ്യാപിക്കുമ്പോള്‍ നിയമത്തോടൊപ്പം ചരിത്രവും അര്‍ഹമാംവിധം പരിഗണിക്കണം.
നിരത്തിന്റെ നിരന്തരം നിര്‍മിക്കപ്പെടുന്ന 'ചരിത്രം' തിരിച്ചറിയാതെ ബഹുത്വത്തിലേക്ക് തുറന്നിരിക്കുന്ന പൊതുനിരത്തുകളെ ഓരോരുത്തരും ഇന്ന് സ്വന്തം സ്വകാര്യതയില്‍ 'അടച്ചുവെക്കാന്‍' ശ്രമിക്കുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. വാഹന ഉടമകള്‍ക്ക് അത് വാഹനമോടിക്കാന്‍ മാത്രമുള്ളതാണ്. കാല്‍നടയാത്രക്കാര്‍ക്ക് അത് നടക്കാന്‍ മാത്രമുള്ളതാണ്. എന്നാല്‍, റോഡ് നടക്കാനും വാഹനമോടിക്കാനും മാത്രമുള്ളതല്ല. മതജാതി സങ്കുചിതത്വത്തിന്റെ മതില്‍ ഔപചാരികമായെങ്കിലും മറിഞ്ഞുവീണത് ഈ 'റോട്ടില്‍' വെച്ചായിരുന്നുവെന്ന് നമ്മള്‍ മറക്കരുത്. ഇവിടെയാണ് ജനകീയ കലയുടെ കരുത്തായ തെരുവുനാടകങ്ങള്‍ ആടിത്തിമിര്‍ത്തത്. നിരത്തുകള്‍ക്ക് ഒരു നാടകവേദിയാവാനും കഴിയുമെന്ന് അതെത്രയോ തവണ സ്വയം തെളിയിച്ചിട്ടുണ്ട്. ഇതേ നിരത്തിലൂടെത്തന്നെയാണ് മുമ്പ് 'സൈക്കിള്‍ ബാലന്‍സുകാര്‍' തകരച്ചെണ്ട മുഴക്കി, തലകുത്തിനിന്ന്, സൈക്കിള്‍ ഓടിച്ചുപോയത്. ഇതേ നിരത്തുവക്കില്‍വെച്ചുതന്നെയാണ് ഭാഗ്യശീട്ടെടുക്കുന്ന നിര്‍ഭാഗ്യവതിയായ തത്തയും ചിറക് മുറിക്കപ്പെട്ടൊരു പ്രാവും പരസ്‌പരം കാണാതെ കണ്ടത്! വഴിവാണിഭക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും അഭയം നല്‍കിയതും ഇതേ നിരത്താണ്! ഇവിടെവെച്ചാണ് ഞങ്ങളും കൈചുരുട്ടി, ഇങ്ക്വിലാബ് വിളിച്ചത്. മാര്‍ക്‌സിനെയും ഏംഗല്‍സിനെയും കുറിച്ച് ആദ്യമായി കേട്ടതും ഇവിടെവെച്ചാണ്. പിന്നീടാണ് വായനശാലയില്‍വെച്ച് ഞങ്ങളവരെ നേരില്‍ കണ്ടത്. അര്‍ധരാത്രി കഴിയുംവരെ ഇവിടെയിരുന്നാണ് ഞങ്ങള്‍ ഓരോരോ കാര്യങ്ങളെക്കുറിച്ച് തലനാരിഴ കീറി തര്‍ക്കിച്ചത്.
കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത കടല്‍പ്പുറങ്ങളില്‍വെച്ചല്ല, റോഡില്‍വെച്ചാണ് പൂത്തത്. 'കവലപ്രസംഗങ്ങള്‍' എന്ന് ഇന്ന് മാന്യന്മാര്‍ പുച്ഛിക്കുന്ന പൊതുയോഗങ്ങള്‍ കേട്ടാണ് 'കിണ്ണാന്തങ്ങളുടെ' ലോകങ്ങളില്‍നിന്ന് ഞങ്ങള്‍ പുറത്തുകടന്നത്. കടല്‍ത്തിരകളില്‍പോലും കീഴാളരുടെ കണ്ണീരിന്റെ ഉപ്പുണ്ടെന്ന് ഞങ്ങളുടെ തലമുറ തിരിച്ചറിഞ്ഞത് കടല്‍ത്തീരത്ത് ഇരുന്നല്ല, തെരുവില്‍ അക്കാലത്ത് കത്തിപ്പടര്‍ന്ന പൊതുയോഗങ്ങള്‍ക്കു മുന്നില്‍നിന്നാണ്.
തെരുവുപ്രസംഗം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമുള്ളതല്ല, ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതായിരിക്കുമ്പോള്‍പോലും അത് എല്ലാവര്‍ക്കുമുള്ളതാണ്. ഒരു വൈകുന്നേരത്ത് പലതരം തിരക്കുകള്‍ക്കിടയില്‍പ്പെട്ട് കവലയില്‍ എത്തുന്നവര്‍ക്ക് മുഴുവനില്ലെങ്കിലും അല്‍പമെങ്കിലും കേള്‍ക്കാന്‍ കഴിയുംവിധമാണത് സംഘടിപ്പിക്കുന്നത്. സ്വന്തം കാര്യങ്ങള്‍ക്കു മാത്രമിടയില്‍, സ്വന്തംകൂടിയല്ലാത്ത ചില കാര്യങ്ങള്‍കൂടി കേള്‍ക്കാന്‍ ഒരു ചെലവുമില്ലാതെ സാധാരണ മനുഷ്യര്‍ക്കു മുന്നില്‍ തുറക്കുന്ന രാഷ്ട്രീയ പാഠശാലകളാണ് ഇന്ന് പരിഹസിക്കപ്പെടുന്നത്. ബില്‍ ക്ലിന്റനെപ്പോലെ കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കാനല്ല പൊതുപ്രവര്‍ത്തകര്‍ വാഹനങ്ങളുടെ ഇരമ്പലുകള്‍ക്കും ചന്തപ്പറമ്പിന്റെ 'കലമ്പലുകള്‍ക്കും' ഇടയില്‍നിന്ന് ശബ്ദമുയര്‍ത്തി തെരുവില്‍ പ്രസംഗിക്കുന്നത്. പലതരം പ്രയാസങ്ങള്‍ക്കിടയില്‍ പിടയുന്ന മനുഷ്യര്‍ ചുമ്മാ ഒരു രസത്തിന്, ഗതാഗത തടസ്സം സൃഷ്ടിക്കാനല്ല, സ്വന്തം ജീവിത തടസ്സങ്ങള്‍ തട്ടിമാറ്റാനാണ് പൊതുനിരത്തില്‍ സമരങ്ങളും പ്രകടനങ്ങളും നടത്തുന്നത്. തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ മനുഷ്യര്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് ശബ്ദമലിനീകരണം സൃഷ്ടിക്കാനല്ല, സ്വന്തം ആത്മാഭിമാനം സംരക്ഷിക്കാനും അസ്തിത്വം നിലനിര്‍ത്താനുമാണ്. പൊതുനിരത്തില്‍ പ്രകടനം പാടില്ല, പൊതുയോഗം പാടില്ല, നാട്ടില്‍ സമരം പാടില്ല, ഹര്‍ത്താല്‍ പാടില്ല എന്ന് ജനങ്ങളോട് കല്‍പിക്കുന്നവര്‍ എന്തുകൊണ്ടാണ് നിത്യോപയോഗ വസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്നവരോട്, കലാപങ്ങള്‍ സൃഷ്ടിക്കുന്നവരോട്, നീതിയെ കൊല്ലുന്നവരോട്, പൗരജീവിതത്തെ നിത്യദുരിതങ്ങളുടെ നരകത്തിലേക്ക് നയിക്കുന്ന അധികാരകേന്ദ്രങ്ങളോട്, അതൊന്നും പാടില്ലെന്ന് ആദ്യം കല്‍പിക്കാത്തത്. അതിനു പകരമിപ്പോള്‍ അവര്‍ അടയിരിക്കുന്നത്, അടിച്ചവരെ വിട്ട്, അടികൊണ്ട് കരയുന്നവരെ ക്രൂശിക്കുന്ന ക്രൂരതയിലാണ്. കരയുമ്പോഴും 'വ്യാകരണ നിയമങ്ങള്‍' പാലിക്കണമെന്നാണവര്‍ പീഡിതരോട് 'കാരുണ്യപൂര്‍വം' കല്‍പിക്കുന്നത്!
ഒരു ദിവസം വൈകുന്നേരം ഇന്നൊരു പണിയുമില്ലാത്തതിനാല്‍ നമുക്കൊരു പ്രകടനം നടത്താമെന്ന്, അതല്ലെങ്കില്‍ ഒരു സമരമാകാമെന്ന് ആളുകള്‍ തീരുമാനിക്കുകയാണെന്ന് തോന്നുംവിധമാണ് റോഡരികിലെ പൊതുയോഗ വിവാദം ഇപ്പോള്‍ കൊഴുക്കുന്നത്. പട്ടിപ്രദര്‍ശനങ്ങള്‍ക്കും കുട്ടിപ്രദര്‍ശനങ്ങള്‍ക്കും തുറന്ന സ്വാഗതമോതുന്നവര്‍തന്നെയാണ് ജീവിത ദൈന്യതകള്‍ക്കെതിരെയുള്ള പ്രതികരണങ്ങളെയും അതിന്റെ തുടര്‍ച്ചയില്‍ നടക്കുന്ന പ്രകടനങ്ങളെയും നിര്‍ത്താതെ തെറിവിളിച്ചുകൊണ്ടിരിക്കുന്നത്.
അവരറിയാന്‍ ആദരപൂര്‍വം ഇത്രമാത്രം! നീതിപൂക്കുന്നൊരു കാലം വന്നാല്‍, 'സമരങ്ങള്‍' പുരാവസ്തുകേന്ദ്രത്തിന്റെ പൊടിപിടിച്ചൊരു മൂലയില്‍ സ്വന്തം സ്മരണകളില്‍ മാത്രം ഇരമ്പി, അതില്‍ മാത്രം വിശ്രമിച്ച് സൗമ്യമാവും! അതുവരെ ആരെന്തു വിധിച്ചാലും അത് ഒച്ചുവെക്കുകയും കൊടി പിടിക്കുകയും ചെയ്യും.
ഞങ്ങളുടെ നാട്ടിലെ 'റോട്ടില്‍' രണ്ടുപേര്‍ തമ്മില്‍ പതിവില്ലാത്തവിധം ഉച്ചത്തില്‍ സംസാരിച്ചാല്‍ ഇപ്പോഴും ചുറ്റുമുള്ളവര്‍ ഓടിക്കൂടും. പരസ്‌പരം അടിക്കാന്‍ ശ്രമിക്കുന്നവരെ അവര്‍ പിടിച്ചുമാറ്റും. അപ്പോള്‍ തെരുവ് സ്വയമറിയാതെ ഒരു മാതൃകാ പൊലീസ് സ്‌റ്റേഷനാകും. എവിടെന്നറിയാത്ത, ആരോരുമില്ലാത്ത ഒരാള്‍, പലതരം കളര്‍ ചോക്കുകള്‍കൊണ്ട് കുറെ വരകള്‍ പൊതുനിരത്തില്‍ വരച്ചു തുടങ്ങുമ്പോള്‍ അകലെനിന്ന് ഞങ്ങള്‍ കൗതുകപൂര്‍വം ആദ്യം നോക്കിനില്‍ക്കും. ചിത്രം പൂര്‍ത്തിയാവുമ്പോള്‍ അതിനു ചുറ്റും തിക്കിത്തിരക്കി ഞങ്ങള്‍ ഒത്തുകൂടും. ചിത്രത്തില്‍ നാണയത്തുട്ടുകള്‍ വന്നുവീഴും. ആരെങ്കിലും വേഗം നടക്കുന്നതിനിടയില്‍ വീണ് കാലൊന്നു മുറിഞ്ഞാല്‍ അപ്പോഴും ആളുകള്‍ ഓടിക്കൂടും. തുന്നല്‍ക്കടയില്‍നിന്ന് തുണി വരും. ഉപ്പുംകൊണ്ട് പലചരക്ക് കച്ചവടക്കാര്‍ ഓടിവരും. ചെറിയ മുറിവാണെങ്കില്‍ അവിടെവെച്ചുതന്നെ ആരെങ്കിലുമത് കെട്ടും. അപ്പോള്‍ തെരുവൊരു പ്രാഥമികാരോഗ്യകേന്ദ്രമാകും. അപ്പോഴൊക്കെ സൈക്കിള്‍യാത്രക്കാര്‍ക്കുപോലും ചില്ലറ ശല്യമുണ്ടാകും. എന്നാല്‍, ഒരു 'ട്രാഫിക് പൊലീസി'ന്റെയും സഹായമില്ലാതെതന്നെ ചുറ്റുമുള്ള ജനങ്ങള്‍ സ്വയം മാറിനിന്നും മാറാത്തവരെ തള്ളിമാറ്റിയും വാഹനങ്ങള്‍ക്കുള്ള വഴിയൊരുക്കും.
കേരളത്തിലെ 'ട്രാഫിക് ജാം' ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമവും ആരു നടത്തിയാലും സ്വാഗതാര്‍ഹമായിരിക്കും. സര്‍ക്കാറുകള്‍ക്കെന്നപോലെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുപോലും ഇതിലുള്ള ഉത്തരവാദിത്തം കുറച്ചുകാണാന്‍ കഴിയില്ല. മുണ്ടും മാടിക്കുത്തി റോഡിന്റെ നടുവിലൂടെ നടക്കുന്നവര്‍ മുതല്‍, മറ്റു മനുഷ്യരുടെ യാത്രാസൗകര്യം പരിഗണിക്കാതെ, അത്യാവശ്യം മറ്റുള്ളവര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍പോലും ഇടം നല്‍കാതെ, പാരാവാരംപോലെ പരന്നു പോകുന്ന പ്രകടനങ്ങള്‍ വരെ ഗതാഗത സ്തംഭനത്തിന് ചില സന്ദര്‍ഭങ്ങളില്‍ നിമിത്തമാകാറുണ്ടെന്നുള്ളത് സത്യമാണ്. പക്ഷെ, അതാണ് ട്രാഫിക് ജാമിനുള്ള പ്രധാന കാരണമെന്ന് വാദിക്കുന്നത് ഏതര്‍ഥത്തിലും വസ്തുതാവിരുദ്ധമായിരിക്കും. അതിന്റെ പേരില്‍ പൊതുനിരത്തുകളിലെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കുന്നത് ദുര്‍ഗന്ധമില്ലാതാക്കാന്‍ സ്വന്തം മൂക്ക് മുറിക്കുന്നതിന് തുല്യമാകും. മാലിന്യക്കൂമ്പാരങ്ങള്‍ പുറത്ത് അതേവിധം നിലനിര്‍ത്തിക്കൊണ്ട് മൂക്ക് മാത്രം വൃത്തിയാക്കിയാല്‍ ദുര്‍ഗന്ധം വര്‍ധിക്കുകയല്ലാതെ കുറയുകയില്ല! അതുകൊണ്ടിനി മൂക്കേ വൃത്തിയാക്കരുതെന്നല്ല, മറിച്ച് അപ്പേരില്‍ മാലിന്യക്കൂമ്പാരങ്ങളെ മറച്ചുവെക്കരുതെന്നു മാത്രമാണ്.
മൂലധനാധികാരങ്ങള്‍ക്ക് വഴിയൊരുക്കുകയും ജനകീയ പ്രതികരണങ്ങളുടെ വഴി അടക്കുകയും ചെയ്യുന്ന കോടതി വിധികള്‍ക്കെതിരെ, അതുകൊണ്ടുതന്നെ തെരുവുകള്‍ ഇനിയും കുറ്റപത്രങ്ങള്‍ വായിക്കും. മൂലധനശക്തികളുടെ പ്രചാരണ ചുമതലയേറ്റെടുക്കുന്ന വിധികള്‍ക്കെതിരെ തെരുവുകള്‍ ഇനിയും ജനകീയ വിചാരണകള്‍ വികസിപ്പിക്കും. ന്യായാധിപന്മാരില്‍ ഇരുപത് ശതമാനത്തോളം അഴിമതിക്കാരുണ്ടെന്ന് 2001 അവസാനം പറഞ്ഞത് രാഷ്ട്രീയ നേതാക്കന്മാരല്ല, സാക്ഷാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെറൂച്ചയാണ്. ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസില്‍ നിരുത്തരവാദിത്തം കാട്ടിയ ന്യായാധിപനെ 'അഭിനവ നീറോ' എന്നു വിളിച്ച് പച്ചക്ക് തൊലിയുരിച്ചത് ഒരു രാഷ്ട്രീയ നേതാവുമല്ല, സുപ്രീംകോടതിയാണ്. 'അഴിമതിക്കാര്‍', 'അഭിനവ നീറോ' എന്നതിനേക്കാള്‍ നിന്ദ്യമാണോ ഇപ്പോള്‍ ഉയര്‍ന്ന 'ശുംഭന്‍' മുതലുള്ള ശകാരവിളികള്‍ എന്നും ഇനി മുതല്‍ തെരുവുകളില്‍ സംവാദമുയരും. ഒരു ശകാരവും ബോധപൂര്‍വം മുന്‍കൂട്ടി തീരുമാനിച്ച് നിര്‍വഹിക്കുന്നതല്ലെന്നും സന്ദര്‍ഭത്തിന്റെ സമ്മര്‍ദംകൊണ്ട് സംഭവിച്ചുപോകുന്നതാണെന്നും അതിനാല്‍തന്നെ പിന്നീട് തിരുത്താന്‍ കഴിയുന്നതാണെന്നും ബഹുമാനപ്പെട്ട കോടതിയും തിരിച്ചറിയണം. എന്നാല്‍, ഏറെ ബഹുമാന്യനായ ജസ്റ്റിസ് സിറിയക് ജോണ്‍ 'ന്യായാധിപന്മാരെ' വിമര്‍ശിച്ചവരെ 'സംസ്‌കാരശൂന്യര്‍' എന്ന് സംബോധന ചെയ്തത് ഒരര്‍ഥത്തിലും ശരിയായില്ല. ആയിരക്കണക്കിന് രേഖകള്‍, കുഴമറിഞ്ഞ മുന്‍ കേസുകള്‍, തലനാരിഴ കീറുന്ന തെളിവുകള്‍ എന്നിവയുടെ ലോകത്ത് പീഡിപ്പിക്കുംവിധമുള്ള ക്ഷമാശക്തിയോടെയും അത്യന്തം സൂക്ഷ്മമായ ധിഷണാശേഷിയോടെയും വളരെയേറെ സമയമെടുത്ത് പ്രവര്‍ത്തിക്കുന്ന ന്യായാധിപന്മാര്‍, ഓരോരോ വിഷയത്തിലും വൈകാരികമായിത്തന്നെ പെട്ടെന്ന് പ്രതികരിക്കാന്‍ അനിവാര്യമായും നിര്‍ബന്ധിതരാകുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രസംഗഭാഷ കടംകൊള്ളുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതാണ്.
മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ കോടതികള്‍ ജനാധിപത്യപ്രക്രിയയില്‍ വഹിക്കുന്ന പങ്ക് കുറച്ചു കാണുന്നവരല്ല. പൗരജീവിതത്തെ ജനാധിപത്യ മൂല്യവ്യവസ്ഥയുമായി പൊരുത്തപ്പെടുത്തുന്നതിലും അരാജകമായ ഒരവസ്ഥ ഇല്ലാതാക്കുന്നതിലും ഒരു സ്ഥാപനമെന്ന നിലയില്‍ അത് വഹിക്കുന്ന മഹത്തായ പങ്കിനെപ്പറ്റി അവര്‍ക്ക് നല്ല ബോധ്യമുണ്ട്. അതേസമയംതന്നെ കോടതികള്‍, ആത്യന്തികമായി മൂലധനതാല്‍പര്യം സംരക്ഷിക്കുന്ന ഒരു മര്‍ദക സ്ഥാപനമാണെന്നും അവര്‍ സൂക്ഷ്മമായി തിരിച്ചറിയുന്നുണ്ട്. ഏതെങ്കിലും ചില കോടതിവിധികളെ മാത്രം ഒറ്റതിരിച്ച് അപഗ്രഥിച്ചുകൊണ്ടല്ല, ഏതെങ്കിലും ന്യായാധിപന്മാരുടെ വ്യക്തിപരമായ പ്രശ്‌നമായി വിധികളെ ചുരുക്കിക്കണ്ടുകൊണ്ടല്ല, മറിച്ച്, സങ്കീര്‍ണമായ പ്രത്യയശാസ്ത്രങ്ങളുടെ പ്രവര്‍ത്തന ഫലമായിട്ടാണ് അവര്‍ നീതിന്യായ വ്യവസ്ഥകളെ വിശകലനം ചെയ്യുന്നത്. 'സാമ്പത്തികബന്ധങ്ങള്‍ നിയമതത്ത്വങ്ങളായി പ്രതിഫലിക്കുമെന്നത് ഒരു കുഴഞ്ഞുമറിഞ്ഞ പ്രശ്‌നമാണ്. ആരാണോ അത് കൈകാര്യം ചെയ്യുന്നത് അയാള്‍ അതിനെക്കുറിച്ച് ബോധവാനായിരിക്കില്ല. നിയമജ്ഞര്‍ ഭാവിക്കുന്നത് അവര്‍ മഹത്തായ ചില പ്രസ്താവങ്ങള്‍ നടത്തുകയാണെന്നാണ്; എന്നാല്‍, അവ വാസ്തവത്തില്‍ സാമ്പത്തിക പ്രതിഫലനങ്ങള്‍ മാത്രമാണ്, എല്ലാം കീഴ്‌മേല്‍ മറിഞ്ഞതായി അനുഭവപ്പെടുന്നു...' (ഏംഗല്‍സ്).
No comments:
Post a Comment