28/07/2010
ടി.ദേവപ്രസാദ് ഇന്നലെ സര്‍വം ലോട്ടറിമയമായിരുന്നു. തനിക്കെതിരേ ആരോപണം ഉയര്‍ന്നതില്‍ അസ്വസ്ഥനായ ധനമന്ത്രി പ്രതിപക്ഷം ചമച്ച ശരപഞ്ജരത്തില്‍ നിന്നു പുറത്തുകടക്കാന്‍ എല്ലാ ആയുധങ്ങളുമായി വന്നു. വികാരഭരിതനായിരുന്നു അദ്ദേഹം. ഒരവസരത്തില്‍ പ്രതിപക്ഷ നേതാവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കമന്റ് സഭാന്തരീക്ഷം വല്ലാതെ പ്രക്ഷുബ്ധമാക്കി. മന്ത്രിയുടെ പ്രയോഗം സ്പീക്കര്‍ക്കു രേഖയില്‍നിന്നു നീക്കം ചെയ്യേണ്ടി വരത്തക്ക നിലവാരത്തകര്‍ച്ച ഉണ്ടായി. വ്യാജ ലോട്ടറിക്കാര്‍ക്ക് അനുമതി നല്കേണ്ടിവരുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവു മൂലമാണെന്ന് ഐസക് സമര്‍ഥിച്ചു. ഇവരെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് സിബിമാത്യൂസിന്റെ അന്വേഷണം ഏര്‍പ്പെടുത്തിയത്. അദ്ദേഹം തന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുത്തപ്പോള്‍ കോടതി ഇടപെട്ടു. സുപ്രീം കോടതിയില്‍ വരെ കേസു പറഞ്ഞു. അവസാനം, ഒരിക്കല്‍ അവരുടെ അഭിഭാഷകനായിരുന്ന, കേന്ദ്രമന്ത്രി ചിദംബരം അവര്‍ക്കനുകൂലമായ ഉത്തരവിറക്കി നമ്മുടെ ശ്രമങ്ങളെ തോല്‍പ്പിച്ചു. ഇതായിരുന്നു ഐസക്കിന്റെ വാദം. കുറ്റം ആരുടെതുമാവട്ടെ സംഭവത്തിലെ യഥാര്‍ഥ പ്രതികളെ കണ്െടത്താന്‍ അന്വേഷണം നടത്തരുതോ എന്ന പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു മന്ത്രിയുടെ ഉത്തരം അന്വേഷണം വേണ്െടന്നു തന്നെയായിരുന്നു. ഐസക്കിനു കൃത്യമായി വിശദീകരിക്കാനാവാതെപോയ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിലെ ലോട്ടറി നിയമം അനുസരിച്ച് അച്ചടിച്ച ലോട്ടറികളാണ് നടത്താവുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ നടക്കുന്നു. ഇതു നിയമവിരുദ്ധമാണ്. ഇക്കാരണം പറഞ്ഞ് എന്തേ നടപടി എടുത്തില്ല? കോടതിവിധി ഉണ്െടന്ന് മന്ത്രി വാദിച്ചെങ്കിലും അതു നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനെടുത്ത നടപടിയെക്കുറിച്ചല്ലല്ലോ എന്ന സതീശന്റെ ചോദ്യത്തിന് അതു രേഖയില്‍ കിടക്കട്ടെ എന്ന് ഉത്തരം പറയാനേ സാധിച്ചുള്ളു. മന്ത്രിയും പ്രതിപക്ഷ നേതാവും ആര്യാടനും വി.ഡി. സതീശനും ചേര്‍ന്നു നടത്തിയ ലോട്ടറി വിവാദം ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ ഒഴിച്ചാല്‍ ഒന്നാന്തരം ഡിബേറ്റായി. പൊതുജീവിതം സംശുദ്ധമാകണമെന്നും അഴിമതി നടത്തുന്നവരെ ശിക്ഷിക്കണമെന്നും വിശ്വസിക്കുന്ന തനിക്കു സഭയില്‍ ഉയര്‍ന്ന ആക്ഷേപം ഉണ്ടാക്കിയ വേദന നിങ്ങള്‍ക്കു മനസിലാകില്ലായിരിക്കും എന്നാണ് തന്റെ പ്രയോഗത്തിനും അതു പിന്‍വലിക്കില്ലെന്ന ശാഠ്യത്തിനും അദ്ദേഹം പറഞ്ഞ വിശദീകരണം.ധനമന്ത്രി വ്യക്തിപരമായി അഴിമതി നടത്തിയെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നു വരത്തക്കവിധം ആരോപണം ഉന്നയിച്ച വി.ഡി. സതീശന്റെ വിശദീകരണവും അദ്ദേഹം നേടി. "നിങ്ങള്‍ വാങ്ങിച്ച കാശിനാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് '': സിപിഎം അംഗങ്ങളെനോക്കി സതീശന്‍ പരിതപിച്ചു. പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ ധനമന്ത്രിയെ ശ്വാസംമുട്ടിക്കുന്നതിനുള്ള കോപ്പുകളുമായി സീറോ അവര്‍ മുതലേ നിരന്നു. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ലോട്ടറി പ്രശ്നത്തില്‍ അന്നത്തെ സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തിന്റെ കോപ്പി അടക്കമുള്ളവ അവരുടെ പക്കലുണ്ടായിരുന്നു. എന്നാല്‍ മന്ത്രി അതിനുമുമ്പേ പത്രസമ്മേളനം നടത്തി തന്റെ നിലപാട് വിശദീകരിച്ചിരുന്നു. കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ഒരുവട്ടം മാത്രമാണ് കേസില്‍ ഹാജരായത് എന്നതിനടക്കമുള്ള കാര്യങ്ങള്‍ക്ക് ഐസക് ശരിക്കും മറുപടി നല്‍കി. പലവട്ടം അവര്‍ ഹാജരായെന്നും, ആദ്യം ചിദംബരം തന്നെ ഹാജരായെന്നും മന്ത്രി പറഞ്ഞു. ചിദംബരത്തിന്റെ ഭാര്യ വ്യജലോട്ടറിക്കാര്‍ക്കുവേണ്ടി വാദിച്ചാല്‍ ചിദംബരം എങ്ങനെ ഉത്തരവാദിയാകും എന്ന ചോദിച്ച ആര്യാടന്‍, അമേരിക്കയിലുള്ള ഡോ. ഐസക്കിന്റെ ഭാര്യ ഒബാമയുടെ നയങ്ങളെ പിന്താങ്ങുന്നു എന്നു പറഞ്ഞാല്‍ ശരിയാവുമോ എന്നു ചോദിച്ചത് മന്ത്രിയെ വേദനിപ്പിച്ചതുപോലെ തോന്നി. ആര്യാടനപ്പോലെ ഒരാളില്‍നിന്നു പ്രതീക്ഷിക്കാത്ത ചോദ്യം എന്ന് അദ്ദേഹത്തിന്റെ സമീപനത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു. സീറോ അവറില്‍ ആകെ അസ്വസ്ഥനായിരുന്ന മന്ത്രി ഏറെ ശാന്തനായെന്ന സൂചന അതു നല്കി. ചൊവ്വാഴ്ചയില്‍ നിന്നു വ്യത്യസ്തമായി ഇന്നലെ സിപിഎമ്മിലെ അംഗങ്ങളെല്ലാം ആവേശത്തോടെ ധനമന്ത്രിക്കു കവചമൊരുക്കി. മാത്യു ടി.തോമസ് വരെ ഇറങ്ങി. "അഴിമതി ആരോപണം ഒന്നും ഇല്ലേ എന്ന ഭരണകക്ഷിക്കാരുടെ വെല്ലുവിളി തീര്‍ക്കാന്‍ കൊണ്ടുവന്ന ആരോപണമാണ് സതീശന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. നളിനി ചിദംബരം കേസു വാദിക്കുന്നതില്‍ പിശകൊന്നുമില്ല. എന്നാല്‍ അവരുടെ ഭര്‍ത്താവ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയും ലോട്ടറി വിഷയം കൈകാര്യം ചെയ്യുന്ന മന്ത്രിയുമാകുമ്പോള്‍ പാടില്ല. പ്രതിപക്ഷത്തെ വിവിധ നേതാക്കള്‍ ചൊവാഴ്ച രാത്രി മന്ത്രിയെ ഫോണില്‍ വിളിച്ച് ആരോപണം കൊണ്ടുവരാന്‍ വേണ്ടി കൊണ്ടുവരുന്നതേയുള്ളു എന്നു പറഞ്ഞുവെന്നും മാത്യു ടി. തോമസ് വെളിപ്പെടുത്തി. ആരാണങ്ങനെ പറഞ്ഞതെന്നു പലരും പ്രതിപക്ഷത്തുനിന്നു വിളിച്ചുചോദിച്ചിട്ടും മറുപടി പറഞ്ഞില്ല. കെ.ടി. ജലീല്‍, ആനത്തലവട്ടം ആനന്ദന്‍, ചെന്താമരാക്ഷന്‍, ബാബു പാലിശേരി, പി.തിലോത്തമന്‍, വി.എസ.് സുനില്‍കുമാര്‍ എന്നിവരും പ്രസംഗിച്ചു. വ്യാജ ലോട്ടറിക്കാരെ ഒതുക്കാന്‍ നമുക്ക് എന്തു ചെയ്യാനാവുമെന്നു ചിന്തിക്കണമെന്ന പി.സി. ജോര്‍ജിന്റെ നിര്‍ദേശം മന്ത്രിക്കും സ്വീകാര്യമായിരുന്നു. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ പരാമര്‍ശിച്ച ജോര്‍ജ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉത്തരവാദിത്വം നിഷേധിച്ച സാഹചര്യത്തില്‍ അവരെ കുറ്റപ്പെടുത്തുന്നത് വര്‍ഗീയത വളര്‍ത്താനല്ലേ ഉപകരിക്കൂ എന്ന് ഉന്നയിച്ച സംശയത്തെ ഭരണകക്ഷി വിട്ടില്ല. ഇത് യുഡിഎഫിന്റെ നിലപാടാണോയെന്ന് അവര്‍ വെല്ലുവിളിച്ചു. പോപ്പുലര്‍ ഫ്രണ്ട് ലീഗിന്റെ ഒരു വിഭാഗമാണെന്നു വരുത്താനുള്ള ശ്രമത്തിനും അവര്‍ സഭയില്‍ തുടക്കംകുറിച്ചു. ബിജെപിക്കു ബജ്രംഗ്ദള്‍ പോലെയാണ് ലീഗിന് പോപ്പുലര്‍ ഫ്രണ്ട് എന്ന ആക്ഷേപം അവര്‍ വളര്‍ത്തിയെടുക്കാന്‍ പോകുന്നു എന്ന സൂചനയായി. പതിവിലേറെ വികാരഭരിതനായ ലീഗ് നേതാവ് സി.ടി. അഹമ്മദലി ലീഗിന് ഒരു തീവ്രവാദവും ഇല്ലെന്നും തങ്ങളുടെയും പൂര്‍വപിതാക്കന്മാര്‍ ഹിന്ദുക്കളായിരുന്നെന്നും, രണ്ടു വിശ്വാസത്തില്‍ ഒന്നിച്ചു കഴിഞ്ഞവരാണെന്നും പ്രഖ്യാപിച്ചു കൈയടി നേടി. ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചതില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് പി.സി. വിഷ്ണുനാഥ് വിവരിച്ചെങ്കിലും മന്ത്രി ബേബി വിശദീകരിക്കാന്‍ മുതിര്‍ന്നില്ല. ഇടതുമുന്നണിയിലെ പുതിയ മന്ത്രിയുടെ നേതാവ് പി.സി. തോമസിന്റെ പഴയ പാര്‍ട്ടി ഐഎഫ്ഡിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടന്നിരുന്നതു തിഹാര്‍ ജയിലിലായിരുന്നു എന്നു പരിഹസിച്ച വിഷ്ണു, രാഷ്ട്രീയം സാധ്യതകളുടെ കലയാക്കിയ തോമസിനെ പിണറായി ഒന്നും കാണാതെയല്ല മുന്നണിയില്‍ എടുത്തതെന്നും പറഞ്ഞു. മെര്‍ക്കിസ്റന്‍ എസ്റേറ്റ് കേസ് 42 തവണയായി മാറ്റിവയ്ക്കപ്പെടുന്നതിലെ സര്‍ക്കാരിന്റെ താത്പര്യക്കുറവിന്റെ പേരില്‍ വി.ഡി. സതീശന്‍ ഇന്നലെ മന്ത്രി ബിനോയ് വിശ്വത്തെ കടന്നാക്രമിച്ചു. ബിനോയ് ശബ്ദമുയര്‍ത്തി മറുപടി പറഞ്ഞെങ്കിലും 42 തവണയായി കേസ് മാറ്റിവയ്ക്കപ്പെടുന്നതിലുള്ള സംശയം തീര്‍ക്കാനായില്ല. ജനുവരിയില്‍ നിയമസഭാതെരഞ്ഞെടുപ്പു ഉണ്ടാകാന്‍ പോകുന്നു എന്ന ചിന്ത ഇന്നലെ സഭയില്‍ സജീവമായിരുന്നു.
No comments:
Post a Comment