അഡ്വ. എ.ജയശങ്കര്‍ (21 സെപ്തംബര്‍ 2009)
ജനാധിപത്യവ്യവസ്ഥയുടെ ആധാരശിലയാണ് അഭിപ്രായസ്വാതന്ത്ര്യം. പൗരന്മാര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ നിര്‍ഭയമായി പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം അനുവദിക്കാത്ത സമൂഹത്തില്‍ ജനാധിപത്യത്തിനു നിലനില്‍പ്പില്ല.
വിശാലമായ അര്‍ഥത്തില്‍, അഭിപ്രായസ്വാതന്ത്ര്യത്തില്‍നിന്നാണ് ഭരണകൂടങ്ങള്‍ തന്നെയുണ്ടാകുന്നത്. ജനങ്ങള്‍ അവരുടെ അഭിപ്രായം ബാലറ്റിലൂടെ പ്രകടിപ്പിക്കുന്നു. ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നു. ഭരണകൂടം ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനനുസരിച്ച്, അതേ സമയം ന്യൂനപക്ഷ താത്പര്യങ്ങള്‍ ബലികഴിക്കാതെയും ഭരിക്കുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണ് മാധ്യമസ്വാതന്ത്ര്യം. ഭരണകൂടത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും നിരങ്കുശമായി വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും മാധ്യമങ്ങള്‍ക്കുണ്ട്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തെറ്റുതിരുത്താനുമുള്ള ആര്‍ജവം ജനാധിപത്യഭരണക്രമത്തില്‍ സര്‍ക്കാറിന് ഉണ്ടായേ തീരൂ.
മൗലികാവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തും പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും രാജ്യത്തെ 'നേര്‍വഴി'ക്കു നടത്താന്‍ മുമ്പൊരു പ്രധാനമന്ത്രി ശ്രമിച്ചതാണ്. ഒരു പത്രവും വായിക്കാത്ത, ടെലിവിഷനെപ്പറ്റി കേട്ടുകേള്‍വിപോലുമില്ലാത്ത ഗ്രാമീണര്‍ വോട്ടുചെയ്തു അവരെ പുറത്താക്കി. പകരം വന്നവര്‍ തമ്മിലടിച്ചു തുലഞ്ഞപ്പോള്‍ പഴയ ആളെ വീണ്ടും തിരിച്ചുകൊണ്ടുവന്നു. ജനാഭിപ്രായത്തിന്റെ ആത്യന്തിക വിജയം.
മാധ്യമ ഇടപെടലുകള്‍
നമ്മുടെ നാട്ടില്‍ ഭരണ പ്രതിപക്ഷപാര്‍ട്ടികള്‍ ഒത്തൊരുമിച്ചു മുക്കിയ ഒരു ലൈംഗികാപവാദം മാധ്യമങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേറ്റതും മറക്കാറായിട്ടില്ല. മാധ്യമഗൂഢാലോചനയെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും വിവാദനായകന് മന്ത്രിപദം രാജിവെക്കേണ്ടിവന്നു. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.
ഭരണകര്‍ത്താക്കള്‍ക്ക് ചരിത്രമറിയില്ല, ചരിത്രത്തില്‍ നിന്ന് അവര്‍ ഒരു പാഠവും പഠിക്കുകയുമില്ല എന്നതാണ് നമ്മുടെ നാടിന്റെ ശാപം. നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഇഷ്ടമല്ല. ഭരണവൈകല്യത്തെ വിമര്‍ശിച്ചാല്‍ ശത്രുവായി കണക്കാക്കുകയും ചെയ്യും. സ്തുതിഗായകരുടെയും വൈതാളികരുടെയും ഗാനാലാപനത്തില്‍ മതിമയങ്ങി ജനങ്ങളോടുള്ള കടമ വിസ്മരിക്കും. അഞ്ചുകൊല്ലം കഴിയുമ്പോള്‍ അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങും.
ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രധാനകക്ഷി വളരെക്കാലമായി സംസ്ഥാനത്തെ മാധ്യമങ്ങളെ ശത്രുപക്ഷത്താണ് നിര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ പരിഗണന മുഖ്യമന്ത്രിക്കു ലഭിക്കുന്നു എന്നിടത്താണ് പരിഭവത്തിന്റെ ഉദ്ഭവം. 374.5 കോടി രൂപ ഉള്‍പ്പെട്ട അഴിമതിക്കേസ് തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ് എന്ന പാര്‍ട്ടി നിലപാട് അംഗീകരിക്കാത്തതിന്റെ പക വേറെയുമുണ്ട്.
തിമിരം ബാധിച്ചവര്‍
പകയും വിദ്വേഷവും കൊണ്ട് ഒരു വിഭാഗം നേതാക്കള്‍ക്ക് തിമിരം ബാധിച്ചിരിക്കുന്നു. അവര്‍ മാധ്യമങ്ങള്‍ക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു. മാധ്യമമാഫിയ, മാധ്യമ സിന്‍ഡിക്കേറ്റ്, എംബഡഡ് ജേര്‍ണലിസം, പിതൃശൂന്യ പത്രപ്രവര്‍ത്തനം മുതലായ പുതിയ വാക്കുകള്‍ തന്നെ ഭാഷയില്‍ പ്രചാരം നേടിയിട്ടുണ്ട്. നാട്ടില്‍ നടക്കുന്ന സകലകൊള്ളരുതായ്മയും മാധ്യമങ്ങളുടെ മേല്‍ വെച്ചുകെട്ടുകയാണ് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നു രക്ഷപ്പെടാനുള്ള എളുപ്പവഴി. തലസ്ഥാനത്തെ പ്രമുഖ സര്‍ക്കാര്‍ ആസ്പത്രിയില്‍ നവജാതശിശുക്കള്‍ കൂട്ടത്തോടെ മരിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ അനാസ്ഥകാണിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനോ ചികിത്സാസൗകര്യം മെച്ചപ്പെടുത്താനോ അല്ല മാധ്യമ ദുഷ്പ്രചാരണത്തെ അപലപിക്കാനാണ് സര്‍ക്കാര്‍ ഉത്സാഹം കാണിച്ചത്.
പകര്‍ച്ചപ്പനി ബാധിച്ച് പതിനായിരക്കണക്കിന് ആളുകള്‍ നരകിച്ചപ്പോഴും പാവം മാധ്യമങ്ങളാണ് പഴികേട്ടത്. നുണപ്പനിയെ പാര്‍ട്ടിപത്രം പരിഹസിച്ചു. ദുഷ്പ്രചാരണം ചെവിക്കൊള്ളരുതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ജനങ്ങളെ ഗുണദോഷിച്ചു.
പാര്‍ട്ടി നേതൃത്വത്തിന്റെ വിപ്ലവകരമായ മാധ്യമനയത്തിനു പിന്തുണ നല്കിക്കൊണ്ട് 57 സാംസ്‌കാരിക നായകര്‍ പ്രസ്താവനയിറക്കിയതും സ്മരണീയം. അക്കാദമികളിലും ഇതര സര്‍ക്കാര്‍ വിലാസം സ്ഥാപനങ്ങളിലും കസേര തരപ്പെട്ട ഭാഗ്യശാലികളായിരുന്നു ഇവരില്‍ മുക്കാലേമുണ്ടാണിയും.
സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെ വിമര്‍ശിക്കുന്നതും അഴിമതി ചൂണ്ടിക്കാണിക്കുന്നതും ഇടതുപക്ഷ സര്‍ക്കാരിനെതിരായ സി.ഐ.എ.യുടെ ഗൂഢാലോചനയാണെന്ന് സമര്‍ഥിക്കുന്നവരുണ്ട്. ഒന്നുകില്‍ ഇക്കൂട്ടരുടെ മാനസികാരോഗ്യ നില പരിതാപകരമാംവിധം മോശമാണ്. അല്ലെങ്കില്‍ മലയാളികളുടെ ബുദ്ധിനിലവാരത്തെക്കുറിച്ച് ഇവര്‍ക്കുള്ള ധാരണ തികച്ചും തെറ്റാണ്.
പുതിയ കല്പനകള്‍
മാധ്യമങ്ങള്‍ കുറ്റാന്വേഷണത്തില്‍ ഇടപെടേണ്ടതില്ല, പോലീസ് അന്വേഷിച്ചുകണ്ടെത്തുന്ന 'സത്യങ്ങള്‍' യഥാകാലം ജനങ്ങളെ അറിയിച്ചാല്‍ മതി എന്നാണ് ഏറ്റവും പുതിയ കല്പന. സമാന്തര കുറ്റാന്വേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യും എന്നൊരു ഭീഷണിയും നിലവിലുണ്ട്. അടിയന്തരാവസ്ഥയിലോ രാജഭരണകാലത്തോപോലും വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ ലേഖകരെ നിര്‍ബന്ധിച്ചിരുന്നില്ല.
സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം തടസ്സപ്പെട്ടാലും ജനാധിപത്യ സംവിധാനം മൊത്തം തകര്‍ന്നാലും സാരമില്ല, പാര്‍ട്ടിതാത്പര്യം പുലരണം. അതിനുപരി മുഖ്യമന്ത്രിമാരുടെ വ്യക്തിതാത്പര്യം നിറവേറണം. എഴുപതുകളുടെ തുടക്കത്തിലാണ് വാട്ടര്‍ഗേറ്റ് അപവാദം പുറത്തുവന്നത്. വാഷിങ്ടണ്‍ പോസ്റ്റിന്റെ ലേഖകരെ പോലീസ്‌സ്റ്റേഷനില്‍ വിളിച്ചു ചോദ്യം ചെയ്യാനൊന്നും പ്രസിഡന്റ് നിക്‌സണ്‍ തുനിഞ്ഞില്ല. ഇംപീച്ച് മെന്റ് ഒഴിവാക്കാന്‍ അദ്ദേഹം രാജികൊടുത്തു. ഐക്യനാടുകളുടെ 220 വര്‍ഷത്തെ ചരിത്രത്തില്‍ പ്രസിഡന്റ് രാജിവെച്ച ഏക സന്ദര്‍ഭം അതായിരുന്നു.ഏറെക്കുറെ അതേസമയത്ത് കേരളത്തിലെ ഒരു പ്രമുഖപത്രം വനംകൊള്ളയെക്കുറിച്ച് സേ്താഭജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. അന്നത്തെ വനം മന്ത്രിയെക്കുറിച്ചും ആരോപണം ഉന്നയിച്ചു.
സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പത്രത്തിനെതിരെ മാനനഷ്ടക്കേസും ഫയലാക്കി. അന്വേഷണത്തില്‍ ആരോപണം ശരിയല്ല എന്നുതെളിഞ്ഞു. പത്രത്തിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് മതിപ്പുള്ളതിനാല്‍ സര്‍ക്കാര്‍ മാനനഷ്ടക്കേസ് പിന്‍വലിക്കുകയാണ് ചെയ്തത്. അപകീര്‍ത്തിക്കേസ് പിന്‍വലിച്ചത് സര്‍ക്കാറിന്റെ ദൗര്‍ബല്യമാണെന്ന് മാധ്യമങ്ങളോ ജനങ്ങളോ കരുതിയില്ല. കാലാവധി തികച്ചുഭരിച്ച ആ മുന്നണി അടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചുഎന്നാണ് ചരിത്രം.
കാത്തിരിക്കുന്നു, ജനവിധി
ഭീഷണിപ്പെടുത്തിയോ കണ്ണുരുട്ടിയോ മാധ്യമങ്ങളെ ചൊല്‍പ്പടിക്കുനിര്‍ത്താം എന്നു വ്യാമോഹിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. കാരണം ഇത് സ്റ്റാലിന്റെ റഷ്യയല്ല, ചൗഷെസ്‌ക്യുവിന്റെ റുമാനിയയുമല്ല. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്.
ഇവിടെ ലിഖിതമായ ഭരണഘടനയുണ്ട്. സുപ്രീംകോടതിയും ഹൈക്കോടതിയുമുണ്ട്. എല്ലാത്തിനുമുപരി, അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പുനടക്കും എന്നകാര്യംഉറപ്പാണ്.ഭരണഘടനാ തത്ത്വങ്ങളെ മാനിക്കാത്തവര്‍ പൗരാവകാശങ്ങള്‍ ചവിട്ടിമെതിച്ചേക്കാം. ജഡ്ജിമാര്‍ക്കുനേരെ വധഭീഷണിമുഴക്കിയും കോലം കത്തിച്ചും ശീലിച്ചവര്‍ വിധിന്യായങ്ങളെ വിഗണിച്ചേക്കാം. പക്ഷേ, ജനവിധി അലംഘ്യമാണ്.
അഞ്ചുകൊല്ലത്തിലൊരിക്കല്‍ ജനം ബാലറ്റിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായത്തിനു മീതെ അപ്പീലില്ല. സ്തുതിഗായകരുടെയും വൈതാളികരുടെയും സഹായം ആ സമയത്ത് ഉതകുകയുമില്ല.
No comments:
Post a Comment