(മാതൃഭൂമി സെപ്തംബര്‍ 14, 2009)
കോഴിക്കോട്: പ്രപഞ്ച വിസ്മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത് അയല്‍വാസിയായ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്. അദ്ദേഹമാണ് ഹനാനെ തിരുവനന്തപുരത്തെ ശാസ്ത്രഭവനിലേക്കയച്ചത്. അവിടെ നിന്ന് പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്.രഘുനാഥനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്.സി. ഭട്ട്, സി. ശിവറാം, ഡോ. ജയന്ത് മൂര്‍ത്തി എന്നിവരാണ് ഹനാന് ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കുന്നത്.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ് ഹനാന്‍ അയച്ച ഇ-മെയിലാണ് സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ് 'നാസ'യുമായി ബന്ധപ്പെടുത്തിയത്.
ബന്ധു മുഹമ്മദ് അഷറഫ് വഴി, ഹിന്ദ് രത്തന്‍ അവാര്‍ഡ് ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ് ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ക്ക് ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്.
കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന് ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ് മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്.
പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട് വിളിച്ച് കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ് സകലപിന്തുണയുമായി നില്ക്കുന്നു. ഖത്തറിലെ രാജ്ഞി ശൈഖ് മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.
ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ് താരങ്ങളുമാണ് പങ്കെടുത്തത്. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്ത്രജ്ഞന്‍ സതീഷ് റെഡ്ഡിയുമായി വളരെനേരം സംസാരിക്കാനായതാണ് ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന് ബഹിരാകാശയാത്ര സ്വപ്നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന് പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്ക്കുന്നു. ചിലര്‍ വിളിക്കുന്നു.
മറ്റൊരു ചടങ്ങില്‍ വെച്ച് പരിചയപ്പെട്ട ടെന്നീസ് താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ് യാത്രയ്ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്ക്കുന്നത് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ് ഹനാനെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ് ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചുകഴിഞ്ഞു.
നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന് അറിയില്ല. അതില്‍ വിഷമമുണ്ട്''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക് നൂറുനാവാണ്.
ജ്യോതിശ്ശാസ്ത്രവും ജൈവസാങ്കേതികവിദ്യയുമാണ് ഭാവിയുടെ ശാസ്ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട് കടുത്ത എതിര്‍പ്പാണ് ഹനാന്. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക് പോകാന്‍ കാരണവും ഇതാണെന്ന് ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്ക്കുന്നത്. അതില്‍ എനിക്ക് നാണക്കേടുണ്ട്. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു.
No comments:
Post a Comment