സെസ് നയം: സ്മാര്‍ട്ട് സിറ്റി അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ സെസ് നയം കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. സെസ് നയം സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാക്കിയാല്‍ ദുബൈയിലെ ടീകോം ഇന്‍വെസ്റ്റ്മെന്റ്സ് പദ്ധതി ഉപേക്ഷിക്കുമെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ അംഗീകരിച്ച സെസ് നയത്തിലെ വ്യവസ്ഥകള്‍ നിയമപരമായും സാങ്കേതികമായും സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാണ്. ഇതില്‍ നിന്ന് സ്മാര്‍ട്ട് സിറ്റിയെ ഒഴിവാക്കണമെങ്കില്‍ നയം പൊളിച്ചെഴുതുകയോ സ്മാര്‍ട്ട് സിറ്റിക്ക് നയം ബാധകമല്ലെന്ന് പ്രത്യേകമായി തീരുമാനിക്കുകയോ വേണം. സി.പി.എമ്മും ഇടതുമുന്നണിയും അംഗീകരിച്ച് മന്ത്രിസഭ അനുമതി നല്‍കിയ സെസ് നയത്തില്‍ മാറ്റമോ ഭേദഗതിയോ അത്ര എളുപ്പമല്ല. ചുരുക്കത്തില്‍ പുതിയ സെസ് നയം സര്‍ക്കാറിന്, പ്രത്യേകിച്ച് മുഖ്യമന്ത്രി കൈയാളുന്ന ഐടി വകുപ്പിന് പുലിവാലായി മാറിയിരിക്കുകയാണ്.
കൊച്ചിയില്‍ സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കാന്‍ 2007 മെയ് 13ന് കരാര്‍ ഒപ്പുവെച്ചെങ്കിലും പദ്ധതിക്ക് ഇതുവരെ തുടക്കമായിട്ടില്ല. 2008 ഒക്ടോബര്‍ രണ്ടിന് നിര്‍മാണം ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ യാതൊരു അനക്കവും ഉണ്ടായിട്ടില്ല. സ്മാര്‍ട്ട് സിറ്റിക്കൊപ്പം ടീകോം കരാര്‍ ഒപ്പിട്ട യൂറോപ്പിലെ മാള്‍ട്ടയില്‍ ഇതേ സമയം പദ്ധതി മുന്നോട്ടു നീങ്ങുകയാണ്. ലണ്ടനിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സിയായ കോളിന്‍ ബുക്കാനന്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് പ്രമുഖ ഐടി കമ്പനികള്‍ മാള്‍ട്ടയില്‍ സ്ഥലം ബുക്ക് ചെയ്തു കഴിഞ്ഞു. കൊച്ചിയിലെ പദ്ധതിക്കാകട്ടെ, ഇതുവരെ മാസ്റ്റര്‍ പ്ലാന്‍ പോലും തയാറായിട്ടില്ല.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 246 ഏക്കര്‍ ഭൂമി മുഴുവന്‍ വിട്ടുകിട്ടുകയും അതിന് പൂര്‍ണ സെസ് പദവി ലഭിക്കുകയും ചെയ്താലേ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ കഴിയു എന്നാണ് ടീകോമിന്റെ നിലപാട്. കാക്കനാട് വില്ലേജിലെ 136 ഏക്കറും പുത്തന്‍കുരിശ് വില്ലേജിലെ 100 ഏക്കറുമാണ് സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി നല്‍കുന്നത്. കൂടാതെ കാക്കനാട് വില്ലേജില്‍ തന്നെ കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കര്‍ ഭൂമി കൂടി നല്‍കുമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതില്‍ 136 ഏക്കറിന് മാത്രമേ ഇതിനകം കേന്ദ്രസര്‍ക്കാറില്‍ നിന്ന് സെസ് പദവി ലഭിച്ചിട്ടുള്ളു. അവശേഷിക്കുന്ന സ്ഥലത്തിന് സെസ് പദവിക്കായി അപേക്ഷിക്കുമ്പോള്‍ സര്‍ക്കാറിന്റെ പുതിയ സെസ് നയം പാലിക്കാന്‍ നിര്‍ബന്ധിതമാകും. നിലവില്‍ അനുമതി ലഭിച്ചതും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും ഭാവിയില്‍ അനുമതി ലഭിക്കുന്നതുമായ എല്ലാ സെസുകള്‍ക്കും പുതിയ നയം ബാധകമാക്കിയ സാഹചര്യത്തില്‍ സ്മാര്‍ട്ട്സിറ്റിക്ക് പ്രത്യേക ഇളവൊന്നും ലഭിക്കില്ല. സര്‍ക്കാറിന് കൂടി പങ്കാളിത്തമുള്ള പദ്ധതി എന്ന നിലയ്ക്ക് സ്മാര്‍ട്ട്സിറ്റിയെ ഒഴിവാക്കണമെങ്കില്‍ വീണ്ടും പാര്‍ട്ടിയും മുന്നണിയും മന്ത്രിസഭയും തീരുമാനിക്കേണ്ടിവരും. ഇത്തരത്തില്‍ അനിശ്ചിതത്വത്തിന്റെ നടുവില്‍ പദ്ധതി കോള്‍ഡ് സ്റ്റോറേജില്‍ വെക്കാനേ ടീകോം തയാറാകു.
പുതിയ സെസ് നയത്തില്‍ ഭൂമിയുടെ 70 ശതമാനം നിര്‍മാണത്തിനും 30 ശതമാനം അനുബന്ധകാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്ന വ്യവസ്ഥയാണ് സ്മാര്‍ട്ട് സിറ്റിക്ക് ഏറ്റവും വലിയ തിരിച്ചടിയാകുക. ബില്‍റ്റ് അപ് ഏരിയയുടെ 70 ശതമാനം ഐടി ആവശ്യങ്ങള്‍ക്കും ശേഷിച്ച 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും എന്നതാണ് കരാറിലെ വ്യവസ്ഥ. 8.8 ദശലക്ഷം ചതുരശ്ര അടിയിലാണ് സ്മാര്‍ട്ട് സിറ്റിയിലെ നിര്‍മാണം. 90,000 തൊഴിലുകള്‍ കണക്കാക്കിയതു അതിന്റെ അടിസ്ഥാനത്തിലാണ്. 8.8 ദശലക്ഷം ചതുരശ്ര അടി നിര്‍മിക്കാന്‍ നൂറേക്കര്‍ പോലും ആവശ്യമില്ലെന്നാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ ഇത്രയുമധികം ഭൂമി എന്തിന് സ്മാര്‍ട്ട്സിറ്റിക്ക് നല്‍കുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയരും.
സെസ് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലുള്ള ഇളവുകള്‍ പ്രതീക്ഷിച്ചാണ് ടീകോം സംസ്ഥാന സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി, കോര്‍പറേറ്റ് നികുതി, സെന്‍ട്രല്‍ എക്സൈസ് നികുതി എന്നീ കേന്ദ്ര നികുതികള്‍ക്ക് പുറമെ കേരള സര്‍ക്കാറിന്റെ മുഴുവന്‍ നികുതികളും ഒഴിവാക്കി യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിക്കായി പ്രത്യേക വിജ്ഞാപനം ഇറക്കിയിരുന്നു. ഇതനുസരിച്ച് പഞ്ചായത്തി രാജിലെ 200ാം വകുപ്പ് പ്രകാരമുള്ള നികുതികളൊന്നും സ്മാര്‍ട്ട്സിറ്റിയിലെ കമ്പനികള്‍ നല്‍കേണ്ടതില്ല. തൊഴില്‍ നികുതി, കെട്ടിട നികുതി, എന്നിവക്ക് പുറമേ ഇലക്ട്രിസിറ്റി ഡ്യൂട്ടിയും ഒഴിവാക്കിയിരുന്നു. പുതിയ സെസ് നയം അനുസരിച്ച് ഇളവുകള്‍ എടുത്തുകളഞ്ഞ് സംസ്ഥാന നികുതികള്‍ ബാധകമാക്കുമ്പോള്‍ സ്മാര്‍ട്ട്സിറ്റിയില്‍ വരാന്‍ ഐടി കമ്പനികള്‍ സ്വാഭാവികമായും മടിക്കും. ഇതു പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ കരാറിനെ തള്ളിപ്പറഞ്ഞ് ഏറെ വിപ്ലവകരമെന്ന് അവകാശപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ വന്‍ വിലയാണ് സംസ്ഥാനം കൊടുക്കുന്നത്. 246 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് ടീകോമിന് പാട്ടത്തിന് നല്‍കുന്നതു ആകെ 104 കോടി രൂപ ഒറ്റത്തവണയായി കൈപ്പറ്റിയാണ്. സംസ്ഥാന സര്‍ക്കാറിന് അനുവദിച്ച 16 ശതമാനം ഓഹരിയുടെ വില ഈ 104 കോടിയില്‍ നിന്ന് തട്ടി കിഴിച്ച് ശേഷിച്ച തുകയേ ലഭിക്കു. ഭൂമി വാടക ഏക്കറിന് വര്‍ഷത്തില്‍ ഒരു രൂപമാത്രമാണ്. പാട്ടഭൂമിയോ അതിലെ കെട്ടിടങ്ങളോ ഒരു മൂന്നാം കക്ഷിക്ക് സബ് ലീസ് ചെയ്യാന്‍ സ്മാര്‍ട്ട്സിറ്റി കമ്പനിക്ക് കേരള സര്‍ക്കാറിന്റെ അനുമതി ആവശ്യവുമില്ല.
സംസ്ഥാനത്ത് ഐടി രംഗത്ത് കുതിച്ചു ചാട്ടവും 90,000 തൊഴില്‍ അവസരങ്ങളും എന്ന പ്രതീക്ഷ മുന്‍നിര്‍ത്തിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്നത്. 90,000 തൊഴിലവസരങ്ങള്‍ 10 വര്‍ഷം കൊണ്ട് ഉണ്ടാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. വി.എസ്. സര്‍ക്കാറിന്റെ കാലാവധി പകുതി പിന്നിട്ട സാഹചര്യത്തില്‍ പരിമിത തൊഴിലവസരങ്ങളെങ്കിലും ഈ സര്‍ക്കാറിന്റെ കാലത്തു ഉണ്ടാക്കാന്‍ കഴിയുമോ എന്ന സംശയം ന്യായമാണ്.
കെ. ബാബുരാജ്
ഇതിലെ പ്രധാന ആരോപണങ്ങള്‍ ഇവയാണ്
സെസ് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലുള്ള ഇളവുകള്‍ പ്രതീക്ഷിച്ചാണ് ടീകോം സംസ്ഥാന സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി, കോര്‍പറേറ്റ് നികുതി, സെന്‍ട്രല്‍ എക്സൈസ് നികുതി എന്നീ കേന്ദ്ര നികുതികള്‍ക്ക് പുറമെ കേരള സര്‍ക്കാറിന്റെ മുഴുവന്‍ നികുതികളും ഒഴിവാക്കി യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിക്കായി പ്രത്യേക വിജ്ഞാപനം ഇറക്കിയിരുന്നു. ഇതനുസരിച്ച് പഞ്ചായത്തി രാജിലെ 200ാം വകുപ്പ് പ്രകാരമുള്ള നികുതികളൊന്നും സ്മാര്‍ട്ട്സിറ്റിയിലെ കമ്പനികള്‍ നല്‍കേണ്ടതില്ല. തൊഴില്‍ നികുതി, കെട്ടിട നികുതി, എന്നിവക്ക് പുറമേ ഇലക്ട്രിസിറ്റി ഡ്യൂട്ടിയും ഒഴിവാക്കിയിരുന്നു. പുതിയ സെസ് നയം അനുസരിച്ച് ഇളവുകള്‍ എടുത്തുകളഞ്ഞ് സംസ്ഥാന നികുതികള്‍ ബാധകമാക്കുമ്പോള്‍ സ്മാര്‍ട്ട്സിറ്റിയില്‍ വരാന്‍ ഐടി കമ്പനികള്‍ സ്വാഭാവികമായും മടിക്കും. ഇതു പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ കരാറിനെ തള്ളിപ്പറഞ്ഞ് ഏറെ വിപ്ലവകരമെന്ന് അവകാശപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ വന്‍ വിലയാണ് സംസ്ഥാനം കൊടുക്കുന്നത്. 246 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് ടീകോമിന് പാട്ടത്തിന് നല്‍കുന്നതു ആകെ 104 കോടി രൂപ ഒറ്റത്തവണയായി കൈപ്പറ്റിയാണ്. സംസ്ഥാന സര്‍ക്കാറിന് അനുവദിച്ച 16 ശതമാനം ഓഹരിയുടെ വില ഈ 104 കോടിയില്‍ നിന്ന് തട്ടി കിഴിച്ച് ശേഷിച്ച തുകയേ ലഭിക്കു. ഭൂമി വാടക ഏക്കറിന് വര്‍ഷത്തില്‍ ഒരു രൂപമാത്രമാണ്. പാട്ടഭൂമിയോ അതിലെ കെട്ടിടങ്ങളോ ഒരു മൂന്നാം കക്ഷിക്ക് സബ് ലീസ് ചെയ്യാന്‍ സ്മാര്‍ട്ട്സിറ്റി കമ്പനിക്ക് കേരള സര്‍ക്കാറിന്റെ അനുമതി ആവശ്യവുമില്ല.
പണ്ട് സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ വി.എസ് ഉമ്മന്‍ ചാണ്ടിക്ക് കൊടുത്ത മറുപടി PDF രൂപത്തില്‍ സമാഹരിച്ചത് ഇവിടെ വായിക്കാം
പുതിയ സെസ് നയത്തിലെ വ്യവസ്ഥകള്‍
1. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന്‍തോതില്‍ ഭൂമി എറ്റെടുക്കേണ്ടി വരുന്ന സെസ്സുകള്‍ക്ക് അനുമതി നല്‍കില്ല.
2. സെസ്സുകള്‍ക്കായി നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ല.
3. സര്‍ക്കാര്‍ ഏജന്‍സികള്‍ ഭൂമി ഏറ്റെടുത്ത് വികസിപ്പിച്ച വ്യവസായ പാര്‍ക്കുകള്‍ക്കും സെസ്സിന് അപേക്ഷിക്കാം, എന്നാല്‍ സ്വകാര്യ സംരംഭകര്‍ക്ക് സെസ്സുകള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കില്ല.
4. സെസ്സിലെ സംരംഭകരെ വൈദ്യുതി ചാര്‍ജ്ജ് നല്‍കുന്നതില്‍നിന്ന് ഒഴിവാക്കില്ല.
5. സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായ ആവശ്യങ്ങള്‍ക്കും ബാക്കിയുള്ളത് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉപയോഗിക്കണം. മറ്റു സൗകര്യങ്ങള്‍ ഒരുക്കാനായി ഉപയോഗിക്കുന്ന സ്ഥലത്ത് നിര്‍മ്മിക്കുന്ന കെട്ടിട സമുഛയങ്ങള്‍ ജീവനക്കാരുടെ താമസത്തിന് മാത്രമായി ഉപയോഗിക്കണം. ഇവ പുറത്തുളളവര്‍ക്ക് വില്‍ക്കാന്‍ അനുമതി നല്‍കില്ല.
6. കെ.ജി.എസ്.ടി നിയമപ്രകാരം വാറ്റ് ഉള്‍പ്പെടെയുള്ള നികുതികളില്‍നിന്ന് സെസ് സംരംഭകരെ പത്ത് വര്‍ഷത്തേക്ക് ഒഴിവാക്കും.
7.സംസ്ഥാനത്തെ സെസ്സുകളെ ഒരു തൊഴില്‍ നിയമത്തില്‍നിന്നും ഒഴിവാക്കില്ല.
8. സെസ്സുകള്‍ക്ക് കോണ്‍ട്രാക് ട് ലേബര്‍ റെഗുലേഷന്‍ ആന്‍ഡ് അബോളിഷന്‍ ആക് ടിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.
9. എല്ലാ സെസ്സുകള്‍ക്കും പഞ്ചായത്തിരാജ് നിയമം ബാധകമായിരിക്കും. നിയമത്തിലെ 200 ാം വകുപ്പില്‍നിന്ന് ആര്‍ക്കും ഒഴിവ് നല്‍കില്ല.
10. സെസ്സുകള്‍ക്ക് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ആക് ട് ബാധകമായിരിയ്‌ക്കും.
11. ഐ.ഡി ആക് ടിന്റെ അധ്യായം അഞ്ച് ബിയില്‍നിന്നും സെസ്സുകളെ ഒഴിവാക്കുന്ന കേന്ദ്ര വ്യവസ്ഥ അംഗീകരിക്കില്ല.
12. മിച്ചഭൂമി കേസുകളുള്ള സംരംഭകരുടെ സെസ്സ് അപേക്ഷകള്‍ ശുപാര്‍ശ ചെയ്യില്ല.
13. പദ്ധതി നിര്‍മ്മാണം തുടങ്ങുന്നതിനു മുന്‍പ് ഈ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കരാര്‍ സംസ്ഥാന സര്‍ക്കാരുമായി സംരംഭകര്‍ ഒപ്പുവയ്‌ക്കണം
പുതിയ സെസ് നയത്തില്‍ നിന്നും സ്മാര്‍ട്ട് സിറ്റിയെ ഒഴിച്ചു നിര്‍ത്തണം എന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമൊന്നും ഇല്ല. കാരണം അന്നത്തെ സാഹചര്യത്തില്‍ അവ കൊടുക്കാമെന്ന് പറഞ്ഞവ ഇന്നും കൊടുക്കണം. പക്ഷെ ഉദാത്തമെന്ന് പറയുന്ന സ്മാര്‍ട്ട് സിറ്റി കരാറുമായി പുതിയ സെസ് നയം താരതമ്യം അര്‍ഹിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഉണ്ടായിരുന്ന കരാറിലെ ഒരു പ്രധാന വിവാദ ഭാഗമായിരുന്നു കൊച്ചിയില്‍ം പരിസര പ്രദേശങ്ങളിലും സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സമാന പദ്ധതികള്‍ പാടില്ല എന്നത്. എന്നാല്‍ ഇന്ന് അത് അലിഖിതമായി മറ്റ് സ്വകാര്യ കമ്പനികള്‍ പോലും പാടില്ല എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്ന് തോന്നുന്നു. പുതിയ സെസ് നയ പ്രകാരം രൂപം കൊള്ളുന്ന കമ്പനികളുമായി ഒരു മത്സരവും സ്മാര്‍ട്ട് സിറ്റി നേരിടെണ്ടി വരുന്നില്ല. സ്മാര്‍ട്ട് സിറ്റിക്ക് തുഛമായ വിലയില്‍ സര്‍ക്കാരില്‍ നിന്നും സ്ഥലം 99 വര്‍ഷത്തേക്ക് പാട്ടത്തിന് ലഭിക്കുന്നു അതില്‍ 12% ഫ്രീ ഹോള്‍ഡായി ലഭിക്കുന്നു കുടാതെ പഴയ നയപ്രകാരമുള്ള ഒരുപാട് ആനുകൂല്യങ്ങളും അതില്‍ പ്രധാനമായത് വൈദ്യുതി ചാര്‍ജ് ഡ്യൂട്ടിയില്‍ നിന്നുള്ള ഒഴിവ് ലഭിക്കുന്നു എന്നതാണ്. സ്മാര്‍ട്ട് സിറ്റിയില്‍ പോകേണ്ട ഒരു കമ്പനിയേയും മറ്റ് സംരംഭകര്‍ക്ക് ആകര്‍ഷിക്കാന്‍ കഴിയത്ത വിധം ഈ വ്യവ്സ്ഥ കാരണമാകില്ലെ. പിന്നെ തൊഴില്‍ നിയമങ്ങള്‍ എന്ന് ബഹളം വച്ച് കൊണ്ടുവന്ന കാര്യങ്ങളും സ്മാര്‍ട്ട് സിറ്റിക്ക് ബാധകമല്ലാതാകുമോ എന്ന് CPI ക്കാര്‍ പറയട്ടേ. പഴയ കരാറിന്റെ കോപ്പി സംഘടിപ്പിക്കാമോ എന്ന് നോക്കട്ടേ. ചര്‍ച്ച തുടങ്ങാള്‍ തല്‍പര്യമുണ്ടെങ്കില്‍ പറയുക
3 comments:
സെസും സ്മാര്‍ട്ട് സിറ്റിയും
അതിന് ഇന്നലെ ചൂണ്ടികാണിക്കപ്പെട്ട കാരണം സര്‍ക്കാര്‍ പങ്കാളിത്തമാണ്.
അത് എത്ര നല്ല കാരണമാകുമെന്ന് കണ്ടറിയണം.
എനിക്ക് സെസിനെ കുറീച്ച് ഏറെ പറയാനുണ്ട്.ഈ വീക്കെന്‍ഡിലാവട്ടെ.
ചര്ച്ച ഇവിടെ വേണോ, മെയില് ഗ്രൂപ്പില് വേണോ.. കമന്റ് ട്രാക്ക് ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു..
16 ശതമാനം സര്ക്കാര് പങ്കാളിത്തമെന്നൊക്കെ പറയുന്നത് ആളെപ്പറ്റിക്കാനുളള നമ്പരാണെന്ന് തോന്നുന്നു. കാരണം ഒരു മന്ത്രിയോ ഏതാനും ഉദ്യോഗസ്ഥരോ സ്മാര്ട്ട് സിറ്റിയുടെ ഡയറക്ടര് ബോര്ഡില് ഉണ്ടായെന്നു വെച്ച് സംസ്ഥാനത്തിന് പ്രത്യേക ഗുണമൊന്നും കിട്ടുമെന്ന് തോന്നുന്നില്ല. അവര്ക്ക് ശിപാര്ശയ്ക്കും മറ്റു പണപ്പിരിവുകള്ക്കും സുഖസൌകര്യങ്ങള് ആസ്വദിക്കാനും മറ്റൊരു അവസരം കൂടിയുണ്ടാകും എന്നതല്ലാതെ...
സ്മാര്ട്ട് സിറ്റിയില് എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.
Post a Comment