Wednesday, August 27, 2008

അഭിമുഖം ളാഹ ഗോപാലന്‍/വി.എസ്.ദീപു

മണ്ണില്‍ പണിയുന്ന ജനതക്ക് ഭൂമിയെവിടെ?
അഭിമുഖം ളാഹ ഗോപാലന്‍/വി.എസ്.ദീപു
മാധ്യമം 2008 ഏപ്രില്‍ 07

ചെങ്ങറ ഭൂസമരം സമകാലിക രാഷ്ട്രീയ ഭൂമികയിലേക്ക് ചില കടുത്ത ചോദ്യങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുന്നു. മണ്ണിനുമേലുള്ള അവകാശം തര്‍ക്കവിഷയമാവുകയാണ്. തോട്ടങ്ങളുടെ രൂപത്തില്‍ ഈ കൊച്ചുകേരളത്തിന്റെ മുക്കാല്‍ പങ്ക് കൃഷി ഭൂമിയും കൈവശം വെച്ചിരിക്കുന്ന കുത്തകകള്‍ ആണോ, ഭൂരഹിതരും ദരിദ്രരും ദലിതരും ആദിവാസികളുമായ അടിസ്ഥാനവര്‍ഗ ജനവിഭാഗങ്ങളാണോ ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ എന്ന ചോദ്യം സജീവമാകുകയാണ്. ഇതില്‍ ഏതു ഭാഗത്താണ് നില്‍ക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വം പുനര്‍നിര്‍ണയിക്കപ്പെടുകയാണ്. കാര്‍ഷിക കേരളം ഓര്‍മയായി മാറുന്നു എന്ന വിലാപമുയരുമ്പോള്‍, കൃഷിയില്‍നിന്ന് പുതിയ തലമുറ അകന്നുപോകുന്നുവെന്ന മുറവിളി ഉയരുമ്പോള്‍ ഇതാ മണ്ണില്‍ പണിയാന്‍ ഒരു ജനവിഭാഗം മുന്നോട്ടു വന്നിരിക്കുന്നു. അവര്‍ക്ക് കൊടുക്കാന്‍ കൃഷിഭൂമിയെവിടെ? അത് ആരുടെ അധീനതയില്‍?

ചെങ്ങറ ഭൂസമരനായകന്‍ ളാഹ ഗോപാലനുമായി നടത്തിയ അഭിമുഖസംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍:
സാധുജനവിമോചനസംയുക്തവേദി (എസ്.വി.എസ്.വി) രൂപവത്കരിക്കാനുണ്ടായ പ്രേരണ അഥവാ അതിലേക്ക് നയിച്ച സാഹചര്യം ഒന്ന് വിശദീകരിക്കാമോ?

n ജനാധിപത്യഭരണത്തില്‍ അടിസ്ഥാനവര്‍ഗ ജനവിഭാഗങ്ങളെ ദാരിദ്യ്രരേഖക്ക് മുകളില്‍ എത്തിക്കുക എന്നൊരു ബാധ്യത സര്‍ക്കാറിനുണ്ട്. ഗാന്ധി അടക്കം ആഗ്രഹിച്ചതാണത്. അതായത് പട്ടിണിരഹിത ജീവിതം. പക്ഷേ, ആറ് പതിറ്റാണ്ടായിട്ടും ജനാധിപത്യഭരണത്തില്‍ ജാതീയമായി പിന്നാക്കം മാറ്റി നിറുത്തിയിരിക്കുന്ന ജനതക്ക് ദാരിദ്യ്ര നിര്‍മാര്‍ജനം എന്നുപറയുന്നത് സ്വപ്നമായി അവശേഷിക്കുന്നു. കോടിക്കണക്കിനു രൂപ കേന്ദ്ര ^സംസ്ഥാന സര്‍ക്കാറുകള്‍ ഞങ്ങളുടെ ജനവിഭാഗത്തിനു വേണ്ടി മാറ്റിവെക്കുന്നു. ഈ ഫണ്ടുകള്‍ ഇവര്‍ ഉപയോഗിക്കുന്നത് മൂന്നു സെന്റ് ഭൂമി, 35,000 രൂപയുടെ വീട്, 2000 രൂപയുടെ കക്കൂസ്, ഒരു ആട്ടിന്‍കുട്ടി, തെങ്ങിന്‍തൈ എന്നീ ആവശ്യങ്ങള്‍ക്കാണ്. ഇതൊന്നും ഒരിക്കലും ഒരു കുടുംബത്തെ ദാരിദ്യ്രരേഖക്ക് മുകളില്‍ എത്തിക്കുകയില്ല. ഞങ്ങള്‍ എപ്പോഴും മലമണ്ടയിലാണ്. മറ്റാര്‍ക്കും വേണ്ടാത്ത താമസസൌകര്യം. മറ്റാര്‍ക്കും കേറിച്ചെല്ലാന്‍ പറ്റാത്ത സ്ഥലം. അതിന് രണ്ട് അര്‍ഥമുണ്ട്. ഒന്ന്, ശത്രുക്കളില്‍നിന്ന് രക്ഷപ്പെടാന്‍; മറ്റൊന്ന്, താമസയോഗ്യമായ സ്ഥലത്തേക്ക് ഞങ്ങളെ കടത്താത്തതുകൊണ്ട്. ദാരിദ്യ്രരേഖക്ക് മുകളിലെത്തി പട്ടിണിരഹിത ജീവിതം നയിക്കാന്‍ ഞങ്ങള്‍ക്ക് കൃഷിഭൂമിവേണം. ഒരു രാഷ്ട്രീയ, സാമുദായിക സംഘടനക്കും സാധുജനങ്ങളുടെ ഈ ആവശ്യം കണ്ടറിയാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും ഞങ്ങള്‍ അടുക്കളയില്‍ ശവം മറവു ചെയ്യേണ്ട അവസ്ഥയിലാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് സാധുജന വിമോചനവേദി രൂപവത്കരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്.

എസ്.വി.എസ്.വി രൂപവത്കരിക്കുന്നതിന് മുമ്പും ഒരുവട്ടം താങ്കള്‍ ആദിവാസികളെ സംഘടിപ്പിച്ചതായി കേട്ടിരുന്നു. അതുപോലെതന്നെ എസ്.വി.എസ്.വി രൂപവത്കരിച്ചുകഴിഞ്ഞ് ചെങ്ങറ സമരത്തിന് മുന്നോടിയായി കുറെ സമരങ്ങള്‍ നടത്തിയിട്ടുണ്ടല്ലോ, അതിന്റെ ഫലമായി സര്‍ക്കാറുമായി ഒത്തുതീര്‍പ്പുകളിലും കരാറുകളിലും എത്തിയിരുന്നല്ലോ, അത് വിശദീകരിക്കാമോ?

n ഞാന്‍ പത്തൊന്‍പതര വര്‍ഷക്കാലം സി.പി.എമ്മിന്റെ പ്രവര്‍ത്തകനായിരുന്നു. ആ പാര്‍ട്ടിയെക്കൊണ്ട് അടിസ്ഥാന ജനവിഭാഗത്തിന് കോളനി ജീവിതത്തിന് അപ്പുറമൊന്നും കൊടുക്കാന്‍ കഴിയില്ലായെന്ന് മനസ്സിലാക്കിയാണ് ഞാന്‍ പാര്‍ട്ടി വിട്ടത്. പിന്നീട് 1990 ജൂണ്‍ ഒന്നിനാണ് ഞാന്‍ ളാഹ കേന്ദ്രീകരിച്ചൊരു സമരം ആരംഭിക്കുന്നത്. ആറു മാസവും 18 ദിവസവും നീണ്ടുനിന്നതായിരുന്നു ആ സമരം. മൂഴിയാര്‍^ശബരിമല വനാന്തരങ്ങളില്‍ അലഞ്ഞു നടന്നിരുന്ന സര്‍ക്കാര്‍ അംഗീകരിച്ച യഥാര്‍ഥ ആദിവാസികളെ വനത്തില്‍നിന്ന് വിളിച്ചിറക്കി റോഡ് വക്കില്‍ ക്യാമ്പ് ചെയ്യിച്ചാണ് സമരം നടത്തിയത്. കുട്ടികളടക്കം 200 ല്‍പരം ആളുകള്‍ ഉണ്ടായിരുന്നു. 1990 എന്നുപറയുന്നത് ഒരു പ്രത്യേകതയുള്ള വര്‍ഷമാണ്. ആ വര്‍ഷമാണ് സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപിക്കുന്നത്. സമ്പൂര്‍ണസാക്ഷരത എന്നുപറയുമ്പോള്‍ മലയാളം സംസാരിക്കുന്ന മുഴുവന്‍ ആളുകളും ഇതില്‍ ഉള്‍പ്പെടണമല്ലോ. അന്നത്തെ എന്റെ പ്രധാന ആവശ്യം ഈ ആദിവാസികളെയും കൂടി സാക്ഷരരാക്കിയിട്ടു മാത്രമേ സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപിക്കാവൂ എന്നതായിരുന്നു. വിദ്യാഭ്യാസം കൊടുക്കുന്നതിനൊപ്പം ഇവരെ വോട്ടര്‍ പട്ടികയില്‍ കൊണ്ടുവരണം. ഇവര്‍ക്ക് റേഷന്‍കാര്‍ഡ് ഉണ്ടാവണം. ഇവര്‍ക്ക് കുടുംബങ്ങള്‍ ഉണ്ടാവണം. അങ്ങനെ ഈ ആറു മാസവും 18 ദിവസവും നടന്ന സമരത്തിന്റെ ഫലമായി അന്നത്തെ പട്ടികജാതിമന്ത്രി സി.പി.ഐയുടെ പി.കെ. രാഘവനും അന്നത്തെ വനംമന്ത്രിയായിരുന്ന ജനതാദളിന്റെ എന്‍.എം. ജോസഫും ഞാനുമായി ചര്‍ച്ച നടത്തി ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. 200 ആദിവാസികളെ 16 കുടുംബങ്ങളായി അംഗീകരിച്ചുകൊണ്ട് താല്‍ക്കാലിക റേഷന്‍കാര്‍ഡ് അനുവദിച്ചു. ളാഹയില്‍ അവര്‍ക്ക് താമസിക്കാന്‍ 10 സെന്റ് സ്ഥലവും ഇവര്‍ക്ക് എല്ലാംകൂടി കൃഷി ചെയ്യാന്‍ 16 ഹെക്ടര്‍ സ്ഥലവും അനുവദിച്ച് ട്രൈബല്‍ ഡിപാര്‍ട്ട്മെന്റിനെ ഏല്‍പിച്ചു. ഒരു ബാലവാടി സ്ഥാപിച്ചു. ഇത്രയൊക്കെ സംഭവം നടക്കുമ്പോള്‍ ഞാന്‍ കോന്നി ഇലക്ട്രിസിറ്റി ഓഫീസില്‍ ജോലി ചെയ്യുകയാണ്. പക്ഷേ, സര്‍ക്കാര്‍ എന്നെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റി. മൂന്നു മാസം കഴിഞ്ഞ് ഞാന്‍ തിരിച്ചുവരുമ്പോള്‍ ഈ കുടിയിരുത്തിയ ആദിവാസിയുമില്ല അവര്‍ക്ക് അളന്നിട്ട ഭൂമിയുമില്ല അവര്‍ക്ക് അനുവദിച്ച ബാലവാടിയുമില്ല. സി.പി.എമ്മുകാര്‍ അവരെ അടിച്ച് വനത്തിലേക്ക് ഓടിച്ചു. സമരത്തിന് നേതൃത്വം കൊടുത്ത അഞ്ചുപേരെ പാര്‍ട്ടിയില്‍ ചേര്‍ത്ത് ജോലിയും വാങ്ങിച്ചുകൊടുത്തു. ഒരാളെ പിടിച്ച് പഞ്ചായത്ത് മെമ്പറുമാക്കി. ബാക്കി ആദിവാസികളെല്ലാം വീണ്ടും കാട്ടില്‍. അതാണെന്റെ ആദ്യസമരത്തിന്റെ അനുഭവം. അപ്പോള്‍ ഞാനൊരു തീരുമാനത്തിലെത്തി. സര്‍വീസില്‍നിന്നും പെന്‍ഷന്‍ പറ്റിയതിനുശേഷമേ ഇനി പ്രത്യക്ഷ സമരപരിപാടികള്‍ക്കുള്ളൂ എന്ന്. അങ്ങനെ 1990 മുതല്‍ 2005 വരെ ഞാന്‍ സൈലന്റായി. പക്ഷേ ഒരു സംഘടന രൂപവത്കരിക്കുവാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നിശãബ്ദമായി ഞാന്‍ ആരംഭിച്ചിരുന്നു. 2005ല്‍ പെന്‍ഷന്‍ പറ്റിയതിനുശേഷം പ്രത്യക്ഷസമര പരിപാടികള്‍ ആരംഭിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു സംഘടന രൂപവത്കരിച്ചെടുക്കാന്‍ കോളനി സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ രാത്രികാലങ്ങളില്‍ ഞാന്‍ ചെയ്തു. പകല്‍ ജോലിക്കുപോകുകയും ചെയ്തു. 2005 ഏപ്രില്‍ 30ന് ഞാന്‍ പെന്‍ഷനായി. 2005 ആഗസ്റ്റ് 15ന് ഞാന്‍ പ്രത്യക്ഷസമര പരിപാടികള്‍ ആരംഭിച്ചു. 2005 ആഗസ്റ്റ് 15 മുതല്‍ സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹം മിനി സിവില്‍സ്റ്റേഷന് ആരംഭിച്ചു. 2002ല്‍ തന്നെ സാധുജന വിമോചന സംയുക്തവേദി റജിസ്റ്റര്‍ ചെയ്തിരുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടം ജീവിതത്തിന്റെതന്നെ ഭാഗമാക്കണമെന്നത് ചെറുപ്പം മുതലേ എന്റെ സ്വപ്നമായിരുന്നു. സാമൂഹികമായ അനീതി എവിടെ കാണുന്നുവോ അവിടെയെല്ലാം ഞാന്‍ ഒറ്റക്കാണെങ്കിലും പ്രതിഷേധിച്ചിരുന്നു. സര്‍വീസില്‍ ഇരിക്കുമ്പോള്‍ ഡിപാര്‍ട്ടുമെന്റിലും ഞാന്‍ ഇത് ചെയ്തിട്ടുണ്ട്. പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനു മുന്നില്‍ നടത്തിയ അനിശ്ചിതകാല സത്യഗ്രഹം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി 2006 ജനുവരി ഒന്നിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒത്തുതീര്‍ക്കുകയായിരുന്നു. മൂന്നു മാസത്തിനുള്ളില്‍ ഞങ്ങളുടെ 22 ആവശ്യങ്ങളെക്കുറിച്ച് നീതിയുക്തമായ തീരുമാനം എടുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു. അപ്പോഴേക്കും സര്‍ക്കാറുമാറി എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. മൂന്നുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോള്‍ ഞങ്ങള്‍ 2006 ജൂണ്‍ 21 ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൊടുമണ്‍ പ്ലാന്റേഷനില്‍ കേറി കുടില്‍ കെട്ടി. ഒറ്റ രാത്രികൊണ്ട് നാലായിരത്തോളം കുടിലുകള്‍ കെട്ടി. അതേ മാസം 25ന് അന്നത്തെ കലക്ടറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍തലത്തില്‍ ഒരു ചര്‍ച്ച നടത്തി. അനുകൂലമായ നിലപാട് ഉണ്ടാക്കിത്തരാമെന്ന ഉറപ്പിന്മേല്‍ ഞങ്ങള്‍ കൊടുമണ്‍ പ്ലാന്റേഷനില്‍നിന്ന് അഞ്ചാം ദിവസം ഇറങ്ങി. ഒമ്പതു മാസമായിട്ടും ചര്‍ച്ച നടക്കുന്നില്ലെന്നു കണ്ടപ്പോള്‍ 2006 സെപ്റ്റംബര്‍ 17 മുതല്‍ പത്തനംതിട്ട കലക്ടറേറ്റ് പടിക്കല്‍ മരണംവരെ നിരാഹാരസത്യഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമരപരിപാടികള്‍ക്ക് തുടക്കമിട്ടു. അന്നുതന്നെ, സെപ്റ്റംബര്‍ 27ന് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചര്‍ച്ചക്ക് ക്ഷണിച്ചുകൊണ്ട് കത്തുതന്നതിന്റെ അടിസ്ഥാനത്തില്‍ സത്യഗ്രഹം നിറുത്തിവെച്ചു. 27ലെ ചര്‍ച്ചയില്‍ 1969^1977 വരെയുള്ള അച്യുതമേനോന്റെ ഭരണകാലത്ത് നടപ്പിലാക്കിയതുപോലെയുള്ള ഒരു ഏക്കര്‍ തൊട്ട് ഒരു ഹെക്ടര്‍ വരെ ഭൂമി തരാമെന്ന് തീരുമാനമുണ്ടായി. അതായത് ഏറ്റവും കുറഞ്ഞത് ഒരു ഏക്കര്‍. പരമാവധി ഒരു ഹെക്ടര്‍. അതു നടപ്പിലാക്കാതെ വന്നപ്പോഴാണ് 2007 ആഗസ്റ്റ് നാലു മുതല്‍ വീണ്ടും സമരത്തിന് നിര്‍ബന്ധിതമായത്. ആ സമരം ഇപ്പോഴും തുടരുകയാണ്.

ഇപ്പോഴത്തെ സമരത്തിന് ഹാരിസണ്‍ മലയാളത്തിന്റെ കൈവശം ഉള്ള ചെങ്ങറ തോട്ടം തന്നെ തെരഞ്ഞെടുത്തത് എന്തെങ്കിലും സവിശേഷത ഉള്ളതുകൊണ്ടാണോ?

n ഉണ്ട്. ഹാരിസണും ടാറ്റയും അനധികൃതമായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് ഈ സര്‍ക്കാറുതന്നെ രേഖാമൂലം തെളിയിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടില്‍ തന്നെ കേരളത്തിലെ മുഴുവന്‍ തോട്ടങ്ങളിലും അനധികൃത ഭൂമിയുണ്ടെന്ന് പറയുന്നു. അനധികൃത ഭൂമിയുണ്ടെങ്കില്‍ അത് പിടിച്ചെടുത്തു തരാന്‍ സര്‍ക്കാറിന് എളുപ്പമാണല്ലോ എന്ന പ്രത്യാശയിലാണ് ഹാരിസന്റെ കൈയിലുള്ള ഭൂമിയില്‍ തന്നെ സമരം ആരംഭിച്ചത്. അതുതന്നെ വേണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല. കേരളത്തില്‍ എവിടെയെങ്കിലും തന്നാല്‍ മതി. ഞങ്ങള്‍ സമരം നടത്തുന്ന കുറുമ്പറ്റി ഡിവിഷന്‍ ഹാരിസണ്‍ പാട്ടത്തിനെടുത്തിരിക്കുന്ന 1048 ഹെക്ടറില്‍ വരില്ല. സംശയമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഒരു സര്‍വേ നടത്തട്ടെ. ഹാരിസണ്‍ സര്‍ക്കാര്‍വനഭൂമി കൈയേറി തോട്ടം ഉണ്ടാക്കിയതാണിവിടെ. നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടില്‍ 500 കോടിയിലധികം ഹാരിസണ്‍ പാട്ടക്കുടിശãിക വരുത്തിയിട്ടുണ്ടെന്ന് പറയുന്നു.

പ്ലാന്റേഷനിലെ തൊഴിലാളി യൂനിയനുകള്‍ സമരത്തിനെതിരെ നടപടികള്‍ എടുക്കാനും തൊഴിലാളികളെക്കൊണ്ട് ഭൂരഹിതരായ സമരക്കാരെ കൈകാര്യം ചെയ്യിപ്പിക്കാനും ശ്രമിക്കുന്നുണ്ടല്ലോ. ഇതിനെ എങ്ങനെ കാണുന്നു?

n ഞങ്ങള്‍ക്ക് തൊഴിലാളികളോട് തികച്ചും ആത്മാര്‍ഥമായ സമീപനമാണുള്ളത്. കാരണം ഞങ്ങളും തൊഴിലാളികളാണല്ലോ. അവരും ഞങ്ങളും തുല്യദുഃഖിതരാണ്. ഞങ്ങള്‍ സമരം ചെയ്യുന്നത് പതിറ്റാണ്ടുകളായി ഹാരിസണ്‍പണിയെടുത്തിട്ടും കൂരവെക്കാന്‍ ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുകൂടി വേണ്ടിയാണ്. ഞങ്ങളുടെ ഡിമാന്റിലൊന്ന് കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളിക്കും വിതരണം ചെയ്യണമെന്നാണ്. തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരുത്താന്‍ മാനേജ്മെന്റിന് ബാധ്യതയുണ്ട്. തൊഴിലാളികളുടെ ഈ പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് തയാറായില്ലെങ്കില്‍ തൊഴിലാളികള്‍ മാനേജ്മെന്റിനെതിരെ സമരം ചെയ്യണം. ഭൂമിക്കുവേണ്ടി സമരം നടത്തേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. നാം തമ്മില്‍ത്തല്ലി ഈ രാജ്യത്ത് നാശം സൃഷ്ടിക്കാതെ ഒരുമിച്ചു നില്‍ക്കണം. ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ നമ്മളെ തമ്മില്‍ അടിപ്പിച്ച് ഇവിടെ ഉറച്ചുനില്‍ക്കാനാണ് ഹാരിസണ്‍ ശ്രമിക്കുന്നത്. തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ്. പക്ഷേ, തൊഴിലാളികള്‍ സത്യം മനസ്സിലാക്കണം.

ഒരു പൊലീസ് നടപടിയെ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞുകൊണ്ടാണ് നിങ്ങള്‍ നേരിട്ടത്. ഇത് ഒരു ജനാധിപത്യസമരരീതിയെന്ന നിലക്ക് നീതീകരിക്കപ്പെടുന്നത് എങ്ങനെയാണ്?

n ഞാന്‍ ഈ ആത്മഹത്യാഭീഷണി, അതായത് മണ്ണെണ്ണ ഉപയോഗിച്ചുകൊണ്ടുള്ള ആത്മഹത്യാഭീഷണി 2006 മുതല്‍ തന്നെ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പെടുത്തിയതാണ്. 2006 സെപ്റ്റംബര്‍ 27ന് റവന്യൂ മന്ത്രിയുമായി ഉണ്ടാക്കിയ കരാറിലും ഇത് എഴുതിച്ചേര്‍ത്തിട്ടുണ്ട്. 2007 ആഗസ്റ്റ് ഒന്നിന് മുമ്പു തന്നെ ഞങ്ങളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാത്തപക്ഷം കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് എഴുതിച്ചേര്‍ത്തിരുന്നു. ഞാന്‍ പറഞ്ഞത് ആത്മാഹുതി ചെയ്യുമെന്നാണ്. പക്ഷേ, അവര്‍ എഴുതിയത് കടുത്ത നടപടിയെന്നാണ്. ഞങ്ങളാരെയും ഭീഷണിപ്പെടുത്തുകയല്ല. കഴിഞ്ഞ ആറു പതിറ്റാണ്ടുകാലത്തെ അനുഭവംകൊണ്ട് ജനാധിപത്യമര്യാദയില്‍ ഞങ്ങളെ പരിഗണിക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമില്ല. പിന്നെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് സംഘടിതമായ ഒരു ശബ്ദം ഉണ്ടാക്കുകയെന്നതാണ്. അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേറെ നിര്‍വാഹമില്ല. അടിസ്ഥാന ജനവിഭാഗങ്ങളുടെ രീതി കഴിഞ്ഞ 60 വര്‍ഷക്കാലം ഭരിച്ചവരാരും നടപ്പിലാക്കിയിട്ടില്ല. എന്നുമാത്രമല്ല വ്യക്തമായ ഭരണഘടനാ ലംഘനവും നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വാതന്ത്യ്രത്തിനുശേഷം 10 വര്‍ഷത്തിനുള്ളില്‍ ഞങ്ങളെ ദാരിദ്യ്രരേഖക്ക് മുകളില്‍ എത്തിക്കാമെന്ന് 1932 സെപ്റ്റംബര്‍ 24ന് ഗാന്ധിയുടെ മരണം വരെയുള്ള നിരാഹാരസത്യഗ്രഹം അവസാനിപ്പിച്ചുകൊണ്ട് ഗാന്ധിയും നെഹ്റുവും പട്ടേലും ജിന്നയും ഡോക്ടര്‍ അംബേദ്കറും ഒക്കെ ചേര്‍ന്ന് ഏര്‍വാദാ ജയിലില്‍ വെച്ച് ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. പൂനാ കരാര്‍ എന്നാണിത് അറിയപ്പെടുന്നത് (Puna Pact). അതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ നിര്‍മാണം അടക്കം നടന്നത്. ഈ കരാര്‍ പാലിക്കാന്‍ ആറുപതിറ്റാണ്ട് കഴിഞ്ഞിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ല. 10 വര്‍ഷംകൊണ്ട് അടിസ്ഥാനവര്‍ഗത്തെ ദാരിദ്യ്രരേഖക്ക് മുകളിലാക്കി ജാതിസംവരണം അവസാനിപ്പിക്കേണ്ടതായിരുന്നു. ഇത് 10 വര്‍ഷം, 10 വര്‍ഷം വെച്ച് നീട്ടുന്നതുതന്നെ ഈ വിഭാഗം ഇപ്പോഴും ദാരിദ്യ്രരേഖക്ക് താഴെയാണെന്നതിന്റെ തെളിവല്ലേ. ആറു പതിറ്റാണ്ടുകൊണ്ട് കിട്ടാത്ത നീതി 10 വര്‍ഷം കൊണ്ട് നടക്കില്ല. നീതിലഭിക്കാതെ ജനാധിപത്യഭരണത്തിന്‍ കീഴില്‍ ദലിതുകള്‍ കൂട്ട ആത്മഹത്യ ചെയ്തുവെന്ന് ലോകം അറിയുന്നതിലൂടെ മാത്രമേ ജനാധിപത്യമെന്ന പേരില്‍ നടന്ന വഞ്ചന പുറത്തു വരൂ. നീതി നിഷേധിക്കപ്പെട്ട അടിസ്ഥാനവര്‍ഗത്തിന് അവന്റെ മോചനത്തിനായുള്ള പോരാട്ടഭൂമിയില്‍ ബലിനല്‍കാന്‍ ജീവന്‍ മാത്രമേയുള്ളൂ.

സമരത്തിന്റെ പിന്നില്‍ ചില ബാഹ്യശക്തികളുണ്ടെന്ന് പ്രചാരണം നടക്കുന്നുണ്ടല്ലോ? സമരത്തിന് കൃത്യമായ ചിട്ടയും അച്ചടക്കവും കാണുന്നുണ്ട്. ഇത്തരം ഒരു സമരം ളാഹ ഗോപാലനും എസ്.വി.എസ്.വിക്കും മാത്രമായി രൂപപ്പെടുത്താന്‍ കഴിയില്ലെന്ന് ഒരു വാദമുണ്ടല്ലോ. വാസ്തവമെന്താണ്?

n ഇത് പറയുന്നവരോട് എനിക്കൊരു ചോദ്യം തിരിച്ചുചോദിക്കാനുണ്ട്. പട്ടികജാതിക്കാരനും ളാഹ ഗോപാലനും ഇത്രയും അടുക്കും ചിട്ടയോടും കൂടി ഒരു സമരം ചെയ്യാന്‍ കഴിയില്ലെന്ന് പറയാന്‍ അവരെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്? അവരുടെ ഉള്ളിലിരിക്കുന്നത് പട്ടികജാതിക്കാരന്‍ ബുദ്ധിയും ബോധവുമൊന്നുമില്ലാത്ത നികൃഷ്ടജീവിയാണെന്ന മുന്‍വിധിയാണ്. ഈ ളാഹ ഗോപാലന്റെ പിന്നില്‍ ഒരു ശക്തിയുമില്ല. ളാഹ ഗോപാലന്റെ തലച്ചോറ് പ്രവര്‍ത്തിക്കുന്നതാണ് നിങ്ങള്‍ സാധുജന വിമോചന സംയുക്തവേദിയിലും ചെങ്ങറ സമരഭൂമിയിലും കാണുന്നത്. എന്നെ ഉപദേശിക്കാന്‍പോലും ഒരാളില്ല. ഒരാളുടെയും ഉപദേശം ശരിയല്ലെന്ന് തോന്നിയാല്‍ ഞാന്‍ സ്വീകരിക്കില്ല. എന്റെ പിന്നില്‍ ബാഹ്യശക്തികള്‍ ഉണ്ടെന്ന് കൂവിവിളിച്ചുനടക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ അന്വേഷിക്കാന്‍ തയാറാകണം.

സമരത്തെ പിന്തുണക്കുന്ന രാഷ്ട്രീയസംഘടനകള്‍ ഏതൊക്കെയാണ്?

n സമരത്തെ പിന്തുണക്കുന്ന രാഷ്ട്രീയ സംഘടനകള്‍ ഏതൊക്കെയാണ് എന്നു ചോദിക്കുന്നതിനെക്കാള്‍ എളുപ്പം പിന്തുണക്കാത്തത് ആരൊക്കെയാണ് എന്നു ചോദിക്കുന്നതാണ്. അത് സി.പി.എമ്മും ആര്‍.എസ്.പിയുമാണ്.

ഡൈനാമിക് ആക്ഷന്‍ വിദേശ ഫണ്ട് കൈപ്പറ്റുന്ന സംഘടനയാണെന്നും അവരുടെ പിന്തുണ സമരത്തിന് ലഭിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു, വാസ്തവമെന്താണ് ?

n ഞാന്‍ ഡൈനാമിക് ആക്ഷനെ അറിയുന്നത് ഈ സമരം തുടങ്ങിയതിനു ശേഷമാണ്. അതുപോലെ അനേകം സംഘടനകള്‍ സമരത്തെ പലരീതിയില്‍ സഹായിക്കുന്നുണ്ട്. അവരുടെയൊക്കെ ബാക്ക്ഗ്രൌണ്ട് എന്താണ് എന്ന് എനിക്ക് അറിയില്ല. അത് സര്‍ക്കാര്‍ അന്വേഷിക്കുക. എന്തായാലും ഡൈനാമിക് ആക്ഷന്‍ ഇടതുമുന്നണിക്കുവേണ്ടി ഇലക്ഷന്‍ പ്രചാരണം നടത്തിയിട്ടുണ്ട് എന്ന് പത്രങ്ങളില്‍ അടുത്തിടെ കണ്ടു. ശരിയാണോ എന്ന് അറിയില്ല. അവരുടെ കൈയില്‍നിന്നും ഒരു രൂപപോലും ഞാന്‍ വാങ്ങിയിട്ടില്ല. 1000 കിലോ അരി അവര്‍ സമരഭൂമിയില്‍ കൊണ്ടുവന്നു തന്നിട്ടുണ്ട്. അവരു മാത്രമല്ല പലരും അതു ചെയ്തിട്ടുണ്ട്. അത് പട്ടിണി കിടക്കുന്ന ജനങ്ങളോടുള്ള മനുഷ്യത്വപരമായ സമീപനമാണ്. എന്നെ സഹായിക്കുന്ന സംഘടനകള്‍ വിദേശസഹായം തേടുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ ഒന്നും വാങ്ങിയിട്ടില്ല. ഇവിടെ സമരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മെമ്പര്‍ഷിപ്പ് ഫീസായ 410 രൂപകൊണ്ടാണ്. പ്രസ്താവനയിലൂടെയും പ്രസംഗം നടത്തിയും ഞങ്ങളുടെ സമരത്തിന്റെ സന്ദേശം പുറംലോകത്ത് എത്തിക്കാന്‍ പലരും സഹായിക്കാറുണ്ട്. അതുമാത്രമാണ് ഞാന്‍ അവരില്‍നിന്നും പ്രതീക്ഷിക്കുന്നത്.

സമരം ഇപ്പോള്‍ എട്ടു മാസത്തോളം ആയിരിക്കുന്നു. സമരഭൂമിയില്‍ ജീവിച്ചു സമരം ചെയ്യുന്ന രീതിയാണല്ലോ നടക്കുന്നത്. മാത്രമല്ല നാമമാത്രമായ സഹായം മാത്രമാണ് പുറത്തു നിന്ന് കിട്ടുന്നത്. എങ്ങനെയാണ് സമരകുടിലുകളില്‍ താമസിക്കുന്നവരുടെ നിത്യവൃത്തി കഴിയുന്നത്?

n ഞങ്ങള്‍ സമരം തുടങ്ങുമ്പോള്‍തന്നെ ഇതിന് ചില വ്യവസ്ഥകള്‍ വെച്ചിരുന്നു. ഈ സമരം എന്നത് ആരും ചെയ്യിക്കുകയല്ല. നിങ്ങള്‍ സ്വയം ചെയ്യുകയാണ്. ഭൂരഹിതര്‍ സ്വന്തം ചെലവില്‍, സ്വന്തം ഉത്തരവാദിത്തത്തില്‍ സമരം ചെയ്യുകയാണ്. സമരം കൂട്ടായിട്ട് ചെയ്ത് വിജയിച്ചാല്‍ നമുക്ക് ഭൂമി കിട്ടും. സമരം പരാജയപ്പെട്ടാല്‍ നമുക്കാര്‍ക്കും ഒന്നും കിട്ടില്ല. ഇതാണ് സമരം തുടങ്ങുന്നതുമുതല്‍ സംഘടനയുടെ പേരില്‍ ഞാന്‍ അവരോട് പറഞ്ഞത്. ഭൂമി വാങ്ങിത്തരാമെന്ന് സംഘടനാ നേതൃത്വമോ സംഘടനയോ പറഞ്ഞിട്ടില്ല. സമരത്തിന് കൂടുന്നവരുടെ മുന്നില്‍നിന്ന് സഹായിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സംഘടനക്ക് ഉത്തരവാദിത്തമുണ്ട്. നിങ്ങള്‍ പട്ടിണിയാണോ, നിങ്ങള്‍ രോഗിയാണോ എന്നൊന്നും തിരക്കാന്‍ സംഘടനക്ക് ഉത്തരവാദിത്തമില്ലെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. ആഹാരവും മരുന്നുമൊക്കെ കണ്ടെത്തുന്നത് സമരക്കാര്‍ സ്വന്തം നിലക്കാണ്. ജയിച്ചാല്‍ അവര്‍ക്ക് ഭൂമി കിട്ടും. ജയിച്ചില്ലെങ്കില്‍ അവര്‍ക്ക് ഭൂമി വാങ്ങിക്കൊടുക്കാന്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. അതുകൊണ്ടുതന്നെ അവരുടെ ആവശ്യമാണ് സമരം വിജയിപ്പിക്കുകയെന്നത്. അതുകൊണ്ടുതന്നെയാണ് ഈ സമരം മുന്നോട്ടുപോകുന്നത്. അല്ലാതെ ആരെങ്കിലും സ്പോണ്‍സര്‍ ചെയ്തിരുന്നെങ്കില്‍ സമരം ഇതിനോടകംതന്നെ പൊളിഞ്ഞുപോയേനേ. സമരപ്രവര്‍ത്തകര്‍ പത്തുദിവസം സമരഭൂമിയില്‍ നിന്നിട്ട് രണ്ടു ദിവസം പുറത്ത് പണിക്കു പോകും. അതുമതി. അവര്‍ക്ക് ഗ്യാസും വേണ്ട, വിറകിന് ചെലവുവേണ്ട, വാടക വേണ്ട, വെള്ളക്കരമില്ല, വൈദ്യുതിചാര്‍ജ് വേണ്ട, ഒന്നും വേണ്ട. അഞ്ചു കിലോ അരിയും അതിന്റെ സാധനങ്ങളും വാങ്ങിച്ചാല്‍ 10 ദിവസം സുഖമായി കഴിയാം. പട്ടികജാതിക്കാരന്‍ കോളനിയില്‍ കഴിയുന്നതുപോലെ ഇവിടെയും കഴിയും. അവന്‍ സദ്യയുണ്ടൊന്നുമല്ല ജീവിക്കുന്നത്. ചില ആളുകള്‍ ഇതിനെ 20 രൂപയാകും, 40 രൂപയാകും എന്നൊക്കെ കരക്കിരുന്ന് വ്യാഖ്യാനിക്കുന്നുണ്ട്. ഇങ്ങനെ സാധുജനത്തെ അപമാനിക്കുന്നവര്‍ ഈ നാട്ടിലെ പാവപ്പെട്ടവന്റെ ജീവിതമെന്തെന്ന് അറിയാത്തവരാണ്.

സമരഭൂമിയില്‍ പൊലീസ് അറ്റാക്കുണ്ടായാല്‍ ആത്മാഹുതി ചെയ്യുന്നവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ കൊടുക്കാമെന്നും സര്‍ക്കാറിന്റെ കൈയില്‍നിന്ന് വേറെ രണ്ടു ലക്ഷവും വാങ്ങിക്കൊടുക്കാമെന്ന് താങ്കള്‍ പറഞ്ഞിരുന്നതായി പ്രചാരണം നടക്കുന്നുണ്ടല്ലോ. അതു ശരിയാണോ?

n അത് നൂറുശതമാനം ശരിയാണ്. കാരണം ഒരു രാഷ്ട്രീയ ^സാമൂഹിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രക്തസാക്ഷിയായാല്‍ അയാളുടെ കുടുംബത്തെ സംരക്ഷിക്കുകയെന്നത് ആ പ്രസ്ഥാനത്തിന്റെ ബാധ്യതയാണ്. അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുടര്‍ന്നുവരുന്നു. ഇവര് നാലു ലക്ഷമെന്നേ പറയുന്നുള്ളൂ. ഒരുപക്ഷേ കുടുംബസഹായനിധി പിരിക്കാന്‍ ഇറങ്ങുമ്പോള്‍ കിട്ടുന്നത് 10 ലക്ഷമാണെങ്കില്‍ 10 ലക്ഷംവരെ കൊടുത്ത് സഹായിക്കും. ഇതാരോപണമായി ഉന്നയിക്കുന്നയാളുകള്‍ സ്വയം തരംതാഴുകയാണ്.

സാധുജനവിമോചന സംയുക്തവേദിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന തട്ടയില്‍ സരസ്വതി സംഘടനയും സമരവും ഉപേക്ഷിച്ചുപോകാന്‍ കാരണമെന്താണ്?

n ഞങ്ങളുടെ അറിവിലുള്ള കാരണം പറയാം. അവര് ജനുവരി ആറിന് ശരീരസുഖമില്ലെന്ന് പറഞ്ഞ് രേഖാമൂലം ലീവ് എടുത്തിട്ടുണ്ട്. ആ ലീവ് നീട്ടി നീട്ടി ഫെബ്രുവരി 28 വരെ നിരന്തരമായ ലീവിലായിരുന്നു. അത് രേഖാമൂലം എഴുതിത്തന്നിട്ടുണ്ട് ^സരസ്വതിയുടെ സ്വന്തം കൈപ്പടയില്‍. സരസ്വതിയുടെ സ്ഥാനത്ത് ഉടനടി മറ്റൊരു സെക്രട്ടറിയെ പ്രതിഷ്ഠിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സമരഭൂമിയില്‍ ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് സരസ്വതി തന്നെയാണ് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സെലീനയെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചത്. ആ യോഗത്തില്‍ എസ്.വി.എസ്.വിയുടെ പ്രസിഡന്റായ ളാഹ ഗോപാലന്‍ ഒഴിച്ച് ബാക്കിയെല്ലാ നേതാക്കളും പങ്കെടുത്തിരുന്നു. സരസ്വതി പോയതിനുശേഷമാണ് സരസ്വതിക്ക് സുഖമില്ലെന്നും നീണ്ട ലീവുവേണമെന്നും ഞാന്‍ അറിയുന്നത്. ഫെബ്രുവരി 29ന് വീണ്ടും ചാര്‍ജെടുക്കാന്‍ വന്നപ്പോള്‍ സമരക്കാരുതന്നെ പറഞ്ഞു, ഇത്തരം ഒരു സമരഭൂമിയില്‍ ആയിരക്കണക്കിന് ആളുകളെ ഉപേക്ഷിച്ചിട്ട് ജനറല്‍ സെക്രട്ടറി പദവിയില്‍ ഇരുന്ന ഒരാള്‍ തുടര്‍ച്ചയായി വീട്ടിലിരുന്നാല്‍ ഈ കാലഘട്ടത്തില്‍ ഇവിടെ കിടക്കുന്ന ആര്‍ക്കെങ്കിലും ആപത്ത് സംഭവിച്ചാല്‍ ഞങ്ങള്‍ ആരോടാണ് ചോദിക്കുക. ആര്‍ക്കാണ് ഉത്തരവാദിത്തം. അപ്പോള്‍ ഇത്ര നിരുത്തരവാദപരമായി പെരുമാറിയ ഒരാളെ സെക്രട്ടറിയായി സ്വീകരിക്കാന്‍ ഞങ്ങള്‍ തയാറല്ലെന്ന് സമരക്കാര്‍ തന്നെ പറഞ്ഞു. പക്ഷേ ഒരംഗമായി സമരഭൂമിയില്‍ താമസിക്കുന്നതിന് ആര്‍ക്കും വിരോധമില്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മൂന്നിന് എനിക്കൊരു രാജിക്കത്ത് നല്‍കി. പിന്നെ ഞാന്‍ സരസ്വതിയെ കാണുന്നത് കൈരളി ചാനലിലാണ്. സമരത്തിനെതിരെ അപവാദപ്രചാരണം നടത്താന്‍ എന്താണ് സരസ്വതിയെ പ്രേരിപ്പിച്ചതെന്ന് എനിക്ക് അറിയില്ല.

താങ്കള്‍ സംഘടനക്കുള്ളില്‍ ഒരു ഏകാധിപതിയാണെന്ന് കേള്‍ക്കുന്നു. അതിനെപ്പറ്റിയെന്താണ് പറയാനുള്ളത്?

n എനിക്ക് വയസ്സ് 58 ആയി. നൂറുകണക്കിന് ദലിത് സംഘടനകളെയും സാമുദായിക നേതാക്കളെയും ഞാന്‍ കണ്ടിട്ടുണ്ട്. വരുമാനം പങ്കുവെക്കലാണ് ഇവരുടെ കൂട്ടുത്തരവാദിത്തം. അതിനു ഞാന്‍ തയാറല്ല. പാവപ്പെട്ട ഭൂരഹിതരില്‍നിന്ന് പിരിക്കുന്ന പണം വ്യക്തിപരമായി ചെലവഴിക്കാന്‍ വിട്ടുകൊടുക്കാതെ വരുമ്പോള്‍ ളാഹ ഗോപാലന്‍ ചില ആളുകള്‍ക്ക് ഏകാധിപതിയാകും. അത് എനിക്ക് പ്രശ്നമല്ല. എന്റെ ഈ നിലപാടുകൊണ്ട് മാത്രമാണ് സംഘടനക്ക് അഞ്ചര സെന്റ് ഭൂമി പത്തനംതിട്ട ടൌണില്‍ വാങ്ങിക്കാന്‍ കഴിഞ്ഞത്. ഒരു അംബേദ്കര്‍ സ്മാരകത്തിനായി.

സമരഭൂമിയില്‍ ധാരാളം കുട്ടികള്‍ ഉണ്ടല്ലോ. അവരുടെ വിദ്യാഭ്യാസം മുടങ്ങിയാല്‍ അത് അവരുടെ ഭാവിയെ ബാധിക്കില്ലേ?

n ഭൂരഹിതന്റെയും പട്ടികജാതിക്കാരന്റെയും മക്കള്‍ക്ക് സര്‍ക്കാര്‍ സ്കൂളുവഴി കൊടുക്കുന്ന പുത്തന്‍ വിദ്യാഭ്യാസം സ്കൂളില്‍ പോകാതെതന്നെ അവിടെ അവര്‍ക്ക് കിട്ടുന്നുണ്ട്. ഭൂരഹിതന്റെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടണമെങ്കില്‍, ഇവിടത്തെ അണ്‍ എയ്ഡഡ്^സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കണമെങ്കില്‍ അവന്‍ ദാരിദ്യ്രരേഖക്ക് മുകളില്‍ എത്തണം. അതിന് ഈ സമരം വിജയിക്കണം.

നന്ദിഗ്രാം മോഡലില്‍ സി.പി.എം കേഡറുകള്‍ സമരത്തെ നേരിടാന്‍ വന്നാല്‍ എങ്ങനെ അതിജീവിക്കും?

n കൈയും കെട്ടി നോക്കിയിരിക്കില്ല. അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ തന്നെ അവരെ നേരിടും.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നല്ലോ. എന്തുകൊണ്ടാണ് ചര്‍ച്ച പരാജയമായി മാറിയത്?

n ചര്‍ച്ചയല്ല നടന്നത്. ഒരു നയപ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ആദിവാസികളെയും വ്യവസായങ്ങളെയും തൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കും. ഭൂരഹിതന്‍ സമരം മതിയാക്കി പോയില്ലെങ്കില്‍ മുള്ളും കൊമ്പുമുള്ള പൊലീസിനെ കാണേണ്ടിവരും. ഈ രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ സമീപനം.

പട്ടികജാതി^ ആദിവാസി വിഭാഗത്തിലല്ലാതെ ഭൂരഹിതരും ദരിദ്രരും ധാരാളമായുണ്ട്. അത് ആഗോളീകരണത്തിന്റെ ഈ കാലത്ത് കൂടിക്കൂടിവരുകയാണ്. അത്തരത്തിലുള്ള ജനങ്ങളോടുള്ള സമീപനം എന്താണ്?

n തുല്യരായി തന്നെ കാണും. ചെങ്ങറ സമരഭൂമിയില്‍ തന്നെ നായരു മുതല്‍ ആദിവാസിവരെയുണ്ട്. വിശക്കുന്നവന് ജാതിയില്ല. വിശക്കുന്നവന്റെ ഒന്നിച്ചുള്ള കരച്ചിലാണ് ചെങ്ങറ ഭൂസമരം.

വ്യക്തിജീവിതത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ? അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച സമരത്തിന്റെ നായകനെന്ന നിലക്ക് താങ്കളുടെ വ്യക്തിജീവിതത്തെക്കുറിച്ച് അറിയാന്‍ പൊതു സമൂഹത്തിന് താല്‍പര്യമുണ്ട്.

n ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് എന്റെ കുടുംബം. ഞാന്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യഭാര്യ മരിച്ചതിനുശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത്. ആദ്യഭാര്യയില്‍ രണ്ട് കുട്ടികള്‍ ഉണ്ട്. ഒരു മകള്‍. ഒരു മകന്‍. മകന്‍ ഫോറസ്റ്റ് ഡിപാര്‍ട്ടുമെന്റിലാണ്. മകളെ വിവാഹം കഴിപ്പിച്ചയച്ചു. രണ്ടാമത്തെ വിവാഹത്തില്‍ ഒരു മകനാണ് ഉള്ളത്. ഇലക്ട്രിസിറ്റി ബോര്‍ഡില്‍നിന്ന് പെന്‍ഷന്‍ പറ്റിയപ്പോള്‍ കിട്ടിയ ആനുകൂല്യം കൊണ്ട് ഒന്നര ഏക്കര്‍ സ്ഥലവും ഒരു വീടും വാങ്ങിയിട്ടുണ്ട്. വേറെ സ്വത്തൊന്നുമില്ല. മുഖ്യമന്ത്രി പറയുന്നതുപോലെ 15 ഏക്കര്‍ ഒന്നുമില്ല. പെന്‍ഷന്‍ തുകയായിരുന്നു ആദ്യകാലത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്.

സമരനേതൃത്വം എന്ന നിലയില്‍ സമരത്തിന്റെ ഭാവിയെ എങ്ങനെ കാണുന്നു? പ്രത്യേകിച്ച് കൊമ്പും മുള്ളുമുള്ള പൊലീസിനെ കാണേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍.

n ആദ്യമേതന്നെ പറയട്ടെ. ജനകീയസമരങ്ങളുടെ ചെലവില്‍ അധികാരത്തില്‍ വന്നയാളാണ് മുഖ്യമന്ത്രി. പാര്‍ട്ടി കൊണ്ടുവന്നതല്ല. അത്തരത്തിലുള്ള ഒരാള്‍ ഇങ്ങനെ പറയുന്നത് നന്ദികേടാണ്. മുഖ്യമന്ത്രി മുള്ളും കൊമ്പുമുള്ള പൊലീസിനെ ഉപയോഗിച്ച് ചെങ്ങറ ഭൂസമരത്തെ നേരിടുമെന്ന് പറയുന്നത് ആര്യാഗമനം തൊട്ടുള്ള കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ്. ആര്യാഗമനത്തില്‍ വിവിധ ദ്രാവിഡജനതകള്‍ സഹിക്കേണ്ടിവന്ന ശിക്ഷ കൊമ്പും മുള്ളുമുള്ള പൊലീസിനേക്കാള്‍ കൂടുതലായിരുന്നു. പച്ചജീവനോടെ ഞങ്ങളെ പാടവരമ്പുകളില്‍ ഇട്ട് അതിന്റെ മുകളില്‍ ചേറുവെച്ച് മടയടയ്ക്കുന്ന കാലമുണ്ടായിരുന്നു. പിന്നെ ചിത്രവധം എന്ന ഓമനപ്പേരില്‍ ഞങ്ങള്‍ക്ക് ഒരു ശിക്ഷ തന്നിരുന്നു. അലകു ചെത്തി മലദ്വാരത്തിലൂടെ അടിച്ചുകയറ്റി കഴുവേറ്റി അയിത്ത ജാതിക്കാര്‍ക്ക് നടക്കാന്‍ കല്‍പിച്ചിരുന്ന വഴിയില്‍ മരത്തില്‍ കെട്ടിവെച്ച് ഇഞ്ചിഞ്ചായി കൊല്ലുമായിരുന്നു. ഇത്ര ക്രൂരമായ ജീവിതത്തെ നേരിട്ടവരുടെ പിന്‍തലമുറയാണ് ഞങ്ങള്‍. ഇന്നത്തെ ആര്യന്റെ അഭിനവരൂപങ്ങളായ ഭരണാധികാരികളില്‍നിന്ന് സൌമ്യമായ ഒരു പ്രതികരണം പ്രതീക്ഷിക്കാത്തതുകൊണ്ടാണല്ലോ ഞങ്ങള്‍ മണ്ണെണ്ണയും കയറും ആയുധമാക്കിയെടുത്തത്. അതുകൊണ്ടും മനസ്സിലായില്ലേ മുഖ്യമന്ത്രിക്ക്? മാന്യമായി ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. അവരുടെ അടുത്ത് കൊമ്പും മുള്ളുമുള്ള പൊലീസിനെപ്പറ്റി പറഞ്ഞാല്‍ ഭയപ്പാടൊന്നുമുണ്ടാകില്ല. ഭയം മാറിത്തുടങ്ങിയ തലമുറയാണിത്. പേടിപ്പീര് ഇനി നടക്കില്ല.അതുകൊണ്ട് അതിനെ പേടിക്കേണ്ടത് മുഖ്യമന്ത്രിയാണ്.

ഇന്ന് ഈ സമരം വന്നു നില്‍ക്കുന്ന ഒരു രാഷ്ട്രീയ പരിസരമുണ്ട്. സവര്‍ണാധിപത്യത്തിനെതിരെ എന്നതിനുപരി ഈ സമരം കുത്തകവിരുദ്ധ സ്വഭാവത്തിലേക്ക് മാറിയിരിക്കുന്നു. ഹാരിസണെപ്പോലുള്ള മള്‍ട്ടി നാഷനല്‍ കമ്പനികളുമായി ഏറ്റുമുട്ടേണ്ടി വരുകയാണിവിടെ. ശത്രു പ്രബലനാണ്. ആഗോളതലത്തില്‍ വേരുകളുള്ളവനാണ്. പണത്തിന്റെയും ഭരണകൂടങ്ങളുടെയും പിന്തുണയുണ്ട്. അതായത് വന്‍കിട കുത്തകക്ക് എതിരായുള്ളതാണ് ഈ സമരം. ഈ സമരത്തിന് ഇതര ജനവിഭാഗങ്ങളുടെ വിശാലമായ ഐക്യം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കേണ്ടതില്ലേ?

n അങ്ങനെയാണ് ആഗ്രഹിക്കുന്നത്. പക്ഷേ, അതുമുഴുവന്‍ ഞങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. മനുഷ്യത്വപരമായി ഈ സമരത്തെ കാണുകയും ഇത് വിശക്കുന്നവന്റെ നിലവിളിയാണെന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന ആളുകളുടെ ഐക്യദാര്‍ഢ്യം ഞങ്ങള്‍ അപേക്ഷിക്കുന്നു. അതിന് ഫലം പലഭാഗത്തുനിന്നും കണ്ടുതുടങ്ങിയിട്ടുണ്ട്. എസ്.യു.സി.ഐ രണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ സമരഭൂമിയില്‍ നടത്തിയത് വലിയ ആശ്വാസമായിരുന്നു. പലഭാഗത്തുനിന്നും പലരീതിയിലുള്ള പിന്തുണ വരുന്നുണ്ട്. സ്വീകരിക്കാന്‍ പറ്റുന്നത് സ്വീകരിക്കും. പല സ്ഥലങ്ങളിലും സമരസഹായസമിതികള്‍ രൂപംകൊണ്ടു തുടങ്ങി. ഒരു ഇസ്രായേല്‍ യുവാവ് സമരഭൂമി സന്ദര്‍ശിച്ച് സമരത്തെക്കുറിച്ച് പഠിക്കാന്‍ വന്നു. ഞാന്‍ അയാളെ ഡിവൈ.എസ്.പിയുടെ അടുത്തേക്ക് വിട്ടു. യാത്രാരേഖകള്‍ ശരിയാണോയെന്ന് പരിശോധിക്കാന്‍. ആ പാവത്തിന്റെ ഫോട്ടോയെടുത്ത് ദേശാഭിമാനി എന്തെല്ലാം പ്രചാരണങ്ങള്‍ നടത്തി. കൈരളി കുറെ അശ്ലീലരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി സമരക്കാരാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഇതൊന്നും വിലപ്പോയില്ല. ചെങ്ങറ ഭൂസമരത്തിനെതിരെ സര്‍ക്കാറും സി.പി.എമ്മും നടത്തുന്ന കുപ്രചാരണങ്ങള്‍ എന്തായാലും കേരളത്തിന്റെ മനഃസാക്ഷി സമരത്തെ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്ന് ഈ സമരത്തെ പരാജയപ്പെടുത്താന്‍ എനിക്കുപോലും കഴിയില്ല.

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)