ഇന്ദു കൊലകേസ്: വഴുതിമാറിയ കാമുകൻ ഒടുവിൽ വലയിൽ കുരുങ്ങി (http://news.keralakaumudi.com/news.php?nid=4e05d9916c387c890219331b388e875c)
തിരുവനന്തപുരം: "ഞാൻ പ്രൊഫസറാണ്; പ്രതിയല്ല! ഒരു പ്രതിയോടെന്നതു പോലെ നിങ്ങൾ എന്നോടു സംസാരിക്കരുത്. പറയാനുള്ളതെല്ലാം ഞാൻ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. "കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന ഇന്ദു ട്രെയിൻ യാത്രയ്ക്കിടെ ആലുവാപ്പുഴയിൽ വീണു മരിച്ച സംഭവത്തിൽ കൊലയാളിയെന്ന് ഫ്ളാഷ് തുടക്കം മുതൽ വാദിച്ച സുഭാഷ് 2011 ഏപ്രിൽ 29 ന് ഫ്ളാഷ് ലേഖകനോടു തട്ടിക്കയറിയത് ഇങ്ങനെ!
'സുഭാഷിന്റെ പച്ചക്കള്ളം പൊലീസിന് പരമസത്യം' എന്ന തലക്കെട്ടോടെയാണ് ഇന്ദുവിന്റെ കാമുകനും എൻ.ഐ.ടി അസി. പ്രൊഫസറുമായ സുഭാഷിന്റെ ഈ പ്രതികരണം സഹിതം കേസിലെ ദുരൂഹതകൾ ഫ്ളാഷ് പിറ്റേന്ന് വായനക്കാർക്കു മുന്നിൽ വെളിപ്പെടുത്തിയത്. സംഭവം നടന്നിട്ട് അപ്പോൾ ഒരാഴ്ച പോലുമായിരുന്നില്ല. പിന്നീട് ഓരോ ദിവസവും ഇന്ദു കേസിന്റെ കൂടുതൽ വിശദാംശങ്ങളും, പൊലീസ് മന:പൂർവമോ അല്ലാതെയോ അവഗണിച്ച തെളിവുകളും വസ്തുതകളും ഞങ്ങൾ പുറത്തുവിട്ടു. വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഇന്ദു കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ രാത്രിയിൽ ആലുവാപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. കോളിളക്കമുണ്ടാക്കിയ ഇന്ദു കേസിൽ കൊലപാതക സാധ്യത വെറും പത്തു ശതമാനമെന്നു പൊലീസ് പറഞ്ഞപ്പോൾ അതു വിശ്വസിക്കാൻ ഫ്ളാഷ് തയ്യാറായിരുന്നില്ല.
പിന്മാറാതെ പിന്തുടർന്നു
സുഭാഷ് പൊലീസിനോടു പറഞ്ഞതിൽ സത്യത്തേക്കാൾ കൂടുതൽ പച്ചക്കള്ളങ്ങളായിരുന്നുവെന്ന് ഫ്ളാഷിന് ഉറപ്പായിരുന്നു. അങ്ങനെ കരുതുന്നതിനുള്ള കാരണങ്ങളും ഞങ്ങൾ നിരത്തി. സുഭാഷും ഇന്ദുവും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് വേണ്ടത്ര തെളിവുകൾ കിട്ടിയിട്ടും അതേക്കുറിച്ച് അന്വേഷിക്കാതിരുന്നതിനെപ്പറ്റി യും, സുഭാഷിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ അവഗണിച്ചതിനെപ്പറ്റിയും ഫ്ളാഷ് തുടർച്ചയായി ചോദ്യങ്ങളെയ്തു.
ഇരുവരും ജോലി ചെയ്തിരുന്ന കോഴിക്കോട്ടും സ്വദേശമായ തിരുവനന്തപുരത്തും ഇന്ദുവിന്റെ പ്രതിശ്രുത വരൻ അഭിഷേകുമായി ബന്ധപ്പെട്ടും ഫ്ളാഷ് ടീം നടത്തിയ വിശദമായ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തു വന്നുകൊണ്ടിരുന്നു. പൊലീസോ പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘമോ ഈ റിപ്പോർട്ടുകളിലെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകാതിരുന്നിട്ടും ഞങ്ങൾ പിൻവാങ്ങിയില്ല.
ഹൈക്കോടതി ഇടപെട്ടു
കേസ് തേഞ്ഞുമാഞ്ഞു പോകുമെന്ന ഘട്ടമായപ്പോൾ അന്വേഷണം പുതിയ സംഘത്തെ ഏല്പിക്കണമെന്ന് ആവശ്യമുന്നയിച്ചതും ഫ്ളാഷ് തന്നെ. ഇന്ദു കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഫ്ളാഷ് ഉന്നയിച്ച പല ചോദ്യങ്ങൾക്കും അന്നും ആരും ഉത്തരം കണ്ടെത്തിയിരുന്നില്ല. സുഭാഷിനെ നുണപരിശോധനയ്ക്കു വിധേയനാക്കി സത്യം ചുഴിഞ്ഞെടുക്കാനുള്ള പൊലീസിന്റെ നീക്കവും പാളി. ഒടുവിൽ, കേസിൽ പുതിയ അന്വേഷണം നടത്താൻ ഹൈക്കോടതി ഇടപെടേണ്ടിവന്നു. ഫ്ളാഷ് ഉന്നയിച്ച അതേ ചോദ്യങ്ങളാണ് ഹൈക്കോടതിയും അന്വേഷകരോടു ചോദിച്ചത്. ഇപ്പോൾ, ഇന്ദുവിന്റെ മരണം നടന്ന് ഒന്നേമുക്കാൽ വർഷത്തിനു ശേഷം സുഭാഷ് അറസ്റ്റിലായപ്പോൾ ജയിച്ചതു സത്യം മാത്രമല്ല, ഫ്ളാഷ് കൂടിയാണ്.
കുമാരപുരം മോസ്ക് ലെയ്നിലെ വൈശാഖിൽ കൃഷ്ണൻ നായരുടെയും ഓമനക്കുഞ്ഞമ്മയുടെയും ഏക മകളും, കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷക വിദ്യാർത്ഥിയുമായിരുന്ന ഇന്ദുവും (25), അതേ കോളേജിൽ അസി. പ്രൊഫസർ ആയ ബാലരാമപുരം തൈയ്ക്കാപ്പള്ളി രോഹിണിയിൽ സുഭാഷും പരിചയപ്പെട്ടത് ട്രെയിൻ യാത്രയ്ക്കിടയിലാണ്. പിന്നീട് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ ഇവരൊരുമിച്ചായി. വെറും പരിചയത്തിൽ തുടങ്ങിയ സൗഹൃദം, പ്രണയത്തിലേക്കും ശാരീരിക ബന്ധത്തിലേക്കും വഴിമാറാൻ അധിക കാലം വേണ്ടിവന്നില്ല. ഇതിനിടെ, ഇന്ദുവിന്റെ വീട്ടുകാരുമായും സുഭാഷ് സൗഹൃദം സ്ഥാപിച്ചു. യാത്രകളിൽ മകൾക്കു തുണയായി ഒരു അധ്യാപകനുണ്ടല്ലോ എന്ന മനസ്സമാധാനമായിരുന്നു, അവസാനം വരെ ഇവരുടെ രഹസ്യബന്ധം അറിയാതിരുന്ന അച്ഛനമ്മമാർക്ക്!
ദുരൂഹതകളുടെ ട്രെയിൻ യാത്ര
2011 ഏപ്രിൽ 24 ഞായറാഴ്ചയായിരുന്നു ഇന്ദുവും സുഭാഷുമൊത്തുള്ള അവസാനത്തെ ട്രെയിൻ യാത്ര. രാത്രി എട്ടേമുക്കാലിന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട മംഗലാപുരം എക്സ്പ്രസിൽ ഇന്ദു കയറിയത് പേട്ട സ്റ്റേഷനിൽ നിന്നാണ്. ഇന്ദുവിനെ യാത്രയാക്കാനെത്തിയുന്ന അച്ഛനോട് പേട്ടയിൽ വച്ച് കുശലം ചോദിക്കുന്പോഴും ശുഭരാത്രി ആശംസിച്ചു പിരിയുന്പോഴും സുഭാഷ് ഉള്ളിൽ ചിരിക്കുകയായിരുന്നിരിക്കണം! കാരണം, ആ യാത്രയിൽ മംഗലാപുരം എക്സ്പ്രസ് ആലുവാപ്പുഴ പാലം കടക്കുന്പോൾ വാതിൽക്കൽ നിന്ന് കാമുകിയെ പുഴയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്താനുള്ള പദ്ധതികളെല്ലാം സുഭാഷ് നേരത്തേ ആസൂത്രണം ചെയ്തിരുന്നു.
ഇന്ദുവിനും തനിക്കും കോഴിക്കോട്ടേക്ക് എ.സി കോച്ചിൽ ടിക്കറ്റ് റിസർവ് ചെയ്തത് സുഭാഷ് തന്നെയാണ് 63, 64 ബർത്തുകൾ. കായംകുളം വരെ സൈഡ് സീറ്റുകളിൽ അഭിമുഖമായിരുന്ന് സംസാരിച്ച തങ്ങൾ പിന്നീട് ഉറങ്ങാൻ കിടന്നെന്നും, ട്രെയിൻ കല്ലായിയിലെത്തിയപ്പോഴാണ് ഇന്ദുവിനെ കാണാനില്ലെന്ന കാര്യം തിരിച്ചറിഞ്ഞതെന്നുമാണ് സുഭാഷിന്റെ മൊഴി. താഴത്തെ ബർത്തിലായിരുന്നു ഇന്ദു. സുഭാഷ് മുകളിൽ. കല്ലായിയിൽ വച്ച് സുഭാഷ് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി, റെയിൽവേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നീട് കോഴിക്കോട്ടിറങ്ങി പൊലീസിൽ പരാതി നൽകി. ഒപ്പം, ഇന്ദുവിന്റെ അച്ഛനെ വിളിച്ച് വിവരമറിയിക്കാനും, മകൾക്ക് ഒന്നും സംഭവിക്കില്ലെന്നു പറഞ്ഞ് സമാധാനിപ്പിക്കാനും സുഭാഷ് മറന്നില്ല.
സഹിക്കാനായില്ല, ആ ആഹ്ളാദം
സുഭാഷ് പറഞ്ഞ കഥയനുസരിച്ച് ഇരുവരും കായംകുളം വരെ വീട്ടുകാര്യങ്ങളും കോളേജിലെ കാര്യങ്ങളും പറഞ്ഞ് ഗുഡ്നൈറ്റ് ആശംസിച്ച് ഉറങ്ങാൻ കിടന്നു. സുഭാഷ് ഉറക്കത്തിലായിരുന്ന സമയത്ത്, ട്രെയിൻ എറണാകുളം വിട്ടപ്പോൾ ഇന്ദു ഉണർന്നെഴുന്നേൽക്കുകയും, വണ്ടി ആലുവാപ്പുഴയ്ക്കു മീതെയായപ്പോൾ നദിയിലേക്കു ചാടുകയും ചെയ്തു! വളരെ സന്തോഷവതിയായാണ് ഇന്ദു വീട്ടിൽനിന്നു പുറപ്പെട്ടതെന്ന് അച്ഛൻ കൃഷ്ണൻനായർ പറയുന്നുണ്ട്. അഭിഷേകുമായി വിവാഹം നടക്കുന്നതിൽ ആഹ്ളാദവതിയായിരുന്നു ഇന്ദു. കൂട്ടുകാരെ കാണിക്കാൻ മോതിരംമാറൽ ചടങ്ങിന്റെ ആൽബവും കൂടെ കരുതിയിരുന്നു. വിവാഹ വസ്ത്രങ്ങളെടുക്കാനും ആഭരണങ്ങൾ വാങ്ങാനും പോയപ്പോഴെല്ലാം ഇന്ദുവിന്റെ സന്തോഷവും ഉത്സാഹവും വീട്ടുകാർ കണ്ടിരുന്നതുമാണ്. യഥാർത്ഥത്തിൽ, ഇന്ദുവിന്റെ ഈ സന്തോഷംതന്നെയാണ് സുഭാഷിൽ പ്രതികാരം വളർത്തിയത്. അത്രയും കാലം ഇന്ദുവിൽനിന്ന് താൻ ആവോളം അനുഭവിച്ചിരുന്ന അനുഭൂതികളെല്ലാം മറ്റൊരാൾക്കു കൂടി പങ്കുവയ്ക്കുന്നതിൽ ഇന്ദുവിന് ഒരു മടിയുമില്ലാതിരുന്നത് അയാൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
എന്നിട്ടും പൊലീസ് അനങ്ങിയില്ല
ഏപ്രിൽ 24ന് ട്രെയിൻ യാത്രയ്ക്കിടെ ഇന്ദുവിനെ കാണാതായതിനെക്കുറിച്ചും, പിന്നീട് മേയ് ഒന്നിന് ആലുവാപ്പുഴയിൽ നിന്ന് മൃതദേഹം കണ്ടെടുത്തതിനെക്കുറിച്ചും സുഭാഷ് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും എൻജിനിയറിംഗ് കോളേജ് പ്രൊഫസർ ആയ സുഭാഷിനെ വിശദമായി ചോദ്യംചെയ്യാൻ അന്ന് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. സംഭവത്തിലെ ദുരൂഹത മുഴുവൻ മറനീക്കിക്കൊണ്ട് 2011 ഏപ്രിൽ 27 മുതൽ 30 വരെയും മേയ് ഒന്നു മുതൽ 17 വരെയും ഫ്ളാഷ് തുടർച്ചയായി റിപ്പോർട്ടുകൾ നൽകി. സംഭവദിവസം രാത്രി മഗംലാപുരം എക്സ്പ്രസ് ആലുവാപ്പുഴ കടക്കുന്പോൾ എ.സി കന്പാർട്ടുമെന്റിന്റെ വാതിലിനരികെ രണ്ടു പേർ നിൽക്കുന്നത് നിഴൽ പോലെ കണ്ടിരുന്നെന്ന് പുഴയിൽ മണൽ വാരാനെത്തിയ രണ്ടുപേർ പറഞ്ഞത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവർ അവഗണിച്ചു. സുഭാഷിന്റെ മൊഴിയനുസരിച്ച് കായംകുളത്തു വച്ച് ഉറങ്ങാൻ കിടന്നതിൽപ്പിന്നെ അയാൾ ഇന്ദുവിനെ കണ്ടിട്ടില്ല!
ഫ്ളാഷിലെ തുടർച്ചായ റിപ്പോർട്ടുകളും, കേസിലെ പഴുതുകളെക്കുറിച്ചുള്ള വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ കുറച്ചൊന്നുമല്ല വെള്ളംകുടിപ്പിച്ചത്. ഒരിക്കൽ പറഞ്ഞ നുണകളിൽ ഉറച്ചുനിന്ന സുഭാഷിനെക്കൊണ്ട് സത്യം പറയിക്കാൻ അവർക്കാർക്കും കഴിഞ്ഞതുമില്ല. സംഭവത്തിന് സാക്ഷികളില്ലെന്ന ധൈര്യത്തിൽ സുരക്ഷിതനായി വിലസിയ സുഭാഷിനെ കുടുക്കാൻ കേസ് പുതിയൊരു സംഘം അന്വേഷിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി ഇടപെടേണ്ടിവന്നു.
അന്നത്തെ സംശയങ്ങൾ, ഇന്ന് സത്യങ്ങൾ!
സംഭവ ദിവസത്തെ ട്രെയിൻ യാത്രയിൽ, വാതിലിനോടു ചേർന്നുള്ള ബർത്തിലായിരുന്നു ഇന്ദുവും സുഭാഷും. എ.സി കന്പാർട്ട്മെന്റ് ആയതുകൊണ്ട് യാത്രക്കാർ അധികനേരം ഉണർന്നിരിക്കില്ല. സഹയാത്രികർ ഉറങ്ങാൻ കിടന്നാൽപ്പിന്നെ രണ്ടുപേർക്ക് സ്വസ്ഥമായി എ.സി കോച്ചിലിരുന്ന് സംസാരിക്കാനുമാവില്ല. ഈ സാഹചര്യം നേരത്തേ മനസ്സിലാക്കി, കൊലപാതകം ആസൂത്രണം ചെയ്ത സുഭാഷ് ഇന്ദുവിനെ തന്ത്രപൂർവം വാതിലിനടുത്തേക്ക് വിളിച്ചുകൊണ്ടുപോവുകയും, ട്രെയിൻ ആലുവാ പാലത്തിനു മീതെ പായുന്പോൾ പുഴയിലേക്കു തള്ളിയിടുകയും ചെയ്തുവെന്നായിരുന്നു അന്നു മുതൽ ഫ്ളാഷിന്റെ നിഗമനം.
കായംകുളത്തുവച്ച് തങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുന്പ്, ട്രെയിൻ ആലുവയിൽ എപ്പോഴെത്തുമെന്ന് ഇന്ദു ചോദിച്ചിരുന്നെന്നും, ആ സമയം കണക്കാക്കി അവൾ മൊബൈലിൽ അലാറം സെറ്റ് ചെയ്തിരുന്നുവെന്നും മറ്റും സുഭാഷ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇന്ദു ആലുവാപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഇതെല്ലാമെന്ന് ഇപ്പോൾ തെളിഞ്ഞു.
ഇന്ദുവിനെ കാണാതായി, ആറുദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. അതായത്, മേയ് ഒന്നിന്. ആദ്യം കണ്ടംതുരുത്തിൽ നാട്ടുകാർ മൃതദേഹം കണ്ടെങ്കിലും പിന്നീട് കോഴിക്കടവിൽനിന്നാണ് ജഡം കരയ്ക്കെടുത്തത്.
മൃതദേഹത്തിൽ, തലയ്ക്കു പിൻവശത്തായി ആഴത്തിൽ മുറിവേറ്റിരുന്നതായി കണ്ടെത്തിയിരുന്നു. ട്രെയിനിൽ നിന്ന് പുഴയിലേക്കു ചാടുന്ന ഒരാളുടെ തലയുടെ പിൻഭാഗത്ത് മുറിവുണ്ടാകാൻ സാധ്യതയില്ലെന്നും, ഊക്കോടെ പിടിച്ചുതള്ളിയപ്പോൾ പാലത്തിന്റെ ഭാഗങ്ങളിലോ തൂണിലോ ഇടിച്ചുണ്ടായതാകാം ഈ മുറിവെന്നും ഫ്ളാഷ് ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇന്ദുവിന്റെ ഡയറിക്കുറിപ്പുകളിൽ നിന്ന് ആലുവാപ്പുഴയെക്കുറിച്ച് അവളെഴുതിയ കവിത കണ്ടെടുത്ത പൊലീസ്, ആലുവാപ്പുഴയിൽ അലിഞ്ഞു ചേരണമെന്നത് അവളുടെ ആഗ്രഹമായിരുന്നുവെന്ന വിചിത്രമായ നിഗമനത്തിലെത്തുകയും, കൊലപാതക സാധ്യത പാടേ തള്ളിക്കളയുകയും ചെയ്തു! ഇപ്പോൾ സുഭാഷിന്റെ അറസ്റ്റിനെത്തുടർന്ന് അന്വേഷകസംഘം വെളിപ്പെടുത്തിയ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ, ഇന്ദുവിന്റെ ശിരസ്സിലേറ്റ മുറിവിനെക്കുറിച്ച് ഫ്ളാഷ് ഉന്നയിച്ച സംശയങ്ങൾ സത്യമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
അഭിഷേകുമായി വിവാഹം നിശ്ചയിക്കുകയും, വിവാഹസാരിയും ആഭരണങ്ങളും വാങ്ങുന്നതുൾപ്പെടെ എല്ലാ ഒരുക്കങ്ങളും നടത്തുകയും, സുഹൃത്തുക്കളെ കല്യാണത്തിനു ക്ഷണിക്കുകയും ചെയ്ത ഇന്ദു അതിൽ നിന്നു പിന്മാറേണ്ട ഒരു സാഹചര്യവുമില്ല. മാത്രമല്ല, അഭിഷേകുമായുള്ള വിവാഹത്തിന് എന്തെങ്കിലും ഇഷ്ടക്കേടുണ്ടെന്ന് ഇന്ദു ഒരു വാക്കു പറഞ്ഞാൽ, വീട്ടുകാർ അവളെ അതിനു നിർബന്ധിക്കില്ല. ഏകമകളായതുകൊണ്ടു മാത്രമല്ല, സ്വന്തം കാര്യങ്ങൾ തീരുമാനിക്കുന്നതിൽ വീട്ടിൽ അത്രയ്ക്കു സ്വാധീനവും സ്വാതന്ത്ര്യവുമുണ്ടായിരുന്നു അവൾക്ക്.
വിവാഹനിശ്ചയത്തിനു ശേഷം ഇന്ദു അഭിഷേകിനെ ദിവസവും ഫോണിൽ വിളിക്കുന്നതും ആഹ്ളാദത്തോടെ സംസാരിച്ചിരുന്നതും വീട്ടുകാർക്ക് അറിയാം. അവസാനദിവസം കോഴിക്കോട്ടേക്കു ട്രെയിൻ കയറുന്നതിനു മുന്പും ഇന്ദു അഭിഷേകിനെ വിളിച്ചിരുന്നു. കാർ ഡ്രൈവ് ചെയ്യുകയാണെന്നും, കുറച്ചുകഴിഞ്ഞ് വിളിക്കാമെന്നും പറഞ്ഞ് അഭിഷേക് അപ്പോൾ കട്ട് ചെയ്തു. പക്ഷേ, പിന്നീട് രാത്രിയിൽ പല തവണ ഇന്ദുവിന്റെ നന്പരിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. യാത്ര തുടങ്ങി, അല്പസമയത്തിനകം തന്നെ ഫോൺ ഓഫാക്കാൻ സുഭാഷ് ഇന്ദുവിനോട് പറഞ്ഞെന്നു വേണം കരുതാൻ.
അഭിഷേകുമായി നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തെക്കുറിച്ചോർത്ത് ഇന്ദു മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നും, ട്രെയിനിൽ വച്ച് ഉറങ്ങാൻ കിടക്കുന്പോൾ, തനിക്ക് ആരുമില്ല എന്ന അർത്ഥത്തിൽ എസ്.എം.എസ് അയച്ചുവെന്നും സുഭാഷ് പൊലീസിനോടു പറഞ്ഞിരുന്നു. ഐ ആം വിത്ത് യൂ എന്ന്, ഇന്ദുവിന് ധൈര്യം പകർന്നുകൊണ്ട് സുഭാഷ് തിരിച്ചും മെസേജ് അയച്ചത്രേ. പക്ഷേ, ഈ എസ്.എം.എസുകളൊന്നും ഇന്ദുവിന്റെ മൊബൈൽ ഫോൺ വിളികളും മെസേജുകളും പരിശോധിച്ച അന്വേഷക സംഘത്തിന് കണ്ടെത്താനായില്ല. ഇന്ദു ആത്മഹത്യ ചെയ്യുക തന്നെയായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ സുഭാഷ് ചമച്ച നുണക്കഥകളായിരുന്നു ഇവയെല്ലാം.
ഇന്ദുവിനെ കാണാനില്ലെന്ന് അച്ഛൻ കൃഷ്ണൻനായരെ ആദ്യം വിളിച്ചറിയിച്ചത് സുഭാഷ് ആയിരുന്നു. കോഴിക്കോട്ട് പരാതി നൽകിയപ്പോൾ പൊലീസിനോടു പറഞ്ഞ നുണകളെല്ലാം സുഭാഷ് ഇന്ദുവിന്റെ അച്ഛനോട് ആവർത്തിച്ചു. സുഭാഷിനെ അതിരു കവിഞ്ഞ് വിശ്വസിക്കുകയും, അയാളെ മകളുടെ വിശ്വസ്ത സുഹൃത്തായി കരുതുകയും ചെയ്ത വീട്ടുകാർക്ക് അപ്പോഴൊന്നും ആ വാക്കുകളിൽ സംശയം തോന്നിയതേയില്ല. സുഭാഷുമായി ഇന്ദുവിനുണ്ടായിരുന്ന രഹസ്യബന്ധത്തെക്കുറിച്ചും അവർ ഒന്നുമറിഞ്ഞില്ല! പിന്നീട് അന്വേഷണത്തിൽ വെളിച്ചത്തു വന്ന വസ്തുതകളിൽ നിന്ന്സുഭാഷിന്റെ തനിനിറം വ്യക്തമായതിനെ തുടർന്നാണ് ഇന്ദുവിന്റെ അച്ഛൻ കൃഷ്ണൻനായർ ഇയാൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഒഴുകിത്തീരാത്ത പ്രണയദാഹം, ദുരന്തനായികയായി ഒടുക്കം
പരിചയപ്പെട്ട നാൾ മുതൽ ഇന്ദു ഒരു ദൗർബല്യമായിരുന്നു സുഭാഷിന്. സുന്ദരിയായ ഇന്ദു തുടക്കത്തിൽ സുഭാഷിനെ ഒരു അധ്യാപകനോടുള്ള ബഹുമാനത്തോടെയാണ് കണ്ടിരുന്നതെങ്കിലും, അവളെ വശത്താക്കുന്നതിലും പതിയെപ്പതിയെ തന്റെ ഇംഗിതങ്ങൾക്കു വശംവദയാക്കുന്നതിലും അയാൾ വിജയിച്ചു. പരസ്പരം അടുത്തപ്പോൾ സുഭാഷ് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും, ജാതിവ്യത്യാസമുള്ളതുകൊണ്ട് വീട്ടുകാർ സമ്മതിക്കാൻ ഒരു സാധ്യതയുമില്ലെന്ന് അവൾ തീർത്തുപറഞ്ഞു. അതേസമയം, രഹസ്യ പ്രണയബന്ധവും ശാരീരികബന്ധവും തുടരുന്നതിൽ ഇന്ദു എതിർപ്പു പ്രകടിപ്പിച്ചതുമില്ല. ഒരേസമയം സുഭാഷുമായുള്ള ബന്ധവും, പ്രതിശ്രുത വരൻ അഭിഷേകുമായുള്ള പ്രണയവും തുടരുകയായിരുന്നു ഇന്ദു.
കോഴിക്കോട്ട്, കോളേജിനോടു ചേർന്നുള്ള ഹോസ്റ്റലിലായിരുന്നു ഇന്ദുവിന്റെ താമസം. സുഭാഷ് ആകട്ടെ, കുറേയകലെ വീടെടുത്ത് താമസിച്ചു. അവധിദിവസങ്ങളിലും മറ്റും മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ ഒരുമിച്ചു താമസിക്കാനുള്ള സൗകര്യത്തിനായിരുന്നത്രേ ഇത്. പല ദിവസങ്ങളിലും ഇന്ദു സുഭാഷിനൊപ്പമാണ് കഴിഞ്ഞിരുന്നത് എന്ന വിവരം സുഹൃത്തുക്കൾക്കും കോളേജിലെ ചില അധ്യാപകർക്കും അറിയാമായിരുന്നെങ്കിലും ആരും ഇവരുടെ സ്വകാര്യതയിൽ കൈകടത്തിയില്ല.
പ്രണയം മറച്ചുവച്ചു, ലഹരി പങ്കുവച്ചു
സത്യത്തിൽ, കോഴിക്കോട് എൻ.ഐ.ടിയിൽ എത്തുന്നതിനും, സുഭാഷിനെ പരിചയപ്പെടുന്നതിനും ഏറെ മുന്പുതന്നെ ഇന്ദുവിന് അഭിഷേകിനെ പരിചയമുണ്ടായിരുന്നു. ഇന്ദു തക്കലയിൽ എം.ടെക്കിനു പഠിക്കുന്പോൾ അവിടെത്തന്നെ എം.ബി.എ വിദ്യാർത്ഥിയായിരുന്നു അഭിഷേക്. ആ പരിചയം പിന്നീട് മൊബൈൽ ഫോണിലൂടെയുംഇമെയിലുകളിലൂടെയും പ്രണയത്തോളം വളർന്നെങ്കിലും ശാരീരിക ബന്ധത്തിലെത്തിയിരുന്നില്ല. അതായത്, ഇന്ദുവിനോട് സുഭാഷിനുണ്ടായിരുന്നത് പരിശുദ്ധ പ്രണയം മാത്രം. ഇന്ദുവാകട്ടെ, സുഭാഷിനെ പരിചയപ്പെടുകയും ആ ബന്ധം അരുതാത്ത വഴികളിലേക്കെല്ലാം വളരുകയും ചെയ്തിട്ടും അഭിഷേകുമായുള്ള പ്രണയം തുടർന്നു. വിവാഹം കഴിക്കാനാവില്ലെന്ന് അറിയാമായിരുന്നിട്ടും സുഭാഷുമായി ഇന്ദു ദീർഘകാലത്തെ രഹസ്യബന്ധം തുടർന്നത് അയാൾ സമ്മാനിച്ച ലൈംഗികാനുഭൂതികൾ വേണ്ടെന്നുവയ്ക്കാൻ കഴിയാത്തതു കൊണ്ടാകാം.
അതേസമയം, അഭിഷേകുമായുള്ള വിവാഹബന്ധം ഇന്ദു ആഗ്രഹിച്ചിരുന്നതാണ്. വിവാഹാലോചനയുടെ ഒരു ഘട്ടത്തിലും ഇന്ദു വീട്ടിൽ ഏതെങ്കിലും വിധത്തിലുള്ള ഇഷ്ടക്കേട് പ്രകടിപ്പിക്കുകയോ സുഭാഷിന്റെ കാര്യം പറയുകയോ ചെയ്തില്ലെന്നു മാത്രമല്ല, ആഹ്ളാദവതിയായിരിക്കുകയും ചെയ്തു. വീട്ടുകാർ വിസമ്മതിക്കുമെന്ന് ഇന്ദു നേരത്തേ പറഞ്ഞിരുന്നതുകൊണ്ട് സുഭാഷിന് വിവാഹാലോചനയുമായി ഇന്ദുവിന്റെ വീട്ടുകാരെ സമീപിക്കാൻ ധൈര്യം വന്നതുമില്ല.
പ്രതികാരത്തിന്റെ വഴിയിലൂടെ
മനസ്സില്ലാമനസ്സോടെയല്ല, വലിയ സന്തോഷത്തോടെയാണ് ഇന്ദു അഭിഷേകുമായുള്ള വിവാഹത്തിനൊരുങ്ങുന്നത് എന്ന സത്യം സുഭാഷിനെ ഭ്രാന്തു പിടിപ്പിച്ചു. മേയ് പതിനാറിനു നിശ്ചയിച്ചിരുന്ന വിവാഹത്തിന് കൂട്ടുകാരെയും അധ്യാപകരെയും മറ്റും നേരത്തേ ക്ഷണിക്കുകയും, യാത്രപറയുകയും ചെയ്തിരുന്ന ഇന്ദുവിന് യഥാർത്ഥത്തിൽ വീണ്ടുമൊരിക്കൽക്കൂടി കോളേജിലേക്കു പോകേണ്ട കാര്യമുണ്ടായിരുന്നില്ല. കാമുകിയുമൊത്തുള്ള പ്രണയകാലവും, ആരെയും പേടിക്കാതെ ഒരുമിച്ചുള്ള താമസവും അവസാനിക്കാൻ പോവുകയാണെന്നു തിരിച്ചറിഞ്ഞതോടെ അവളെ വകവരുത്താൻ സുഭാഷ് പദ്ധതി തയ്യാറാക്കി.
തുടർന്ന് തന്റെ ഒരു ആഗ്രഹാം വിശ്വസനീയമായി അവതരിപ്പിച്ചു: ഇന്ദുവിനെ അഭിഷേക് സ്വന്തമാക്കുന്നതിനു മുന്പ് ഒരിക്കൽക്കൂടി ഒരുമിച്ച് യാത്രചെയ്യണം! കാമുകന്റെ ആഗ്രഹത്തിനു പിന്നിലെ ക്രൂരമായ ചതി മനസ്സിലാക്കാതിരുന്ന ഇന്ദു അതു സമ്മതിച്ചു. അങ്ങനെ, വഴിമാറിയൊഴുകിയ പ്രണയകഥയിലെ ദുരന്തനായികയായി ആലുവാപ്പുഴയിലൊടുങ്ങുകയും ചെയ്തു.