Wednesday, June 17, 2009
എം. ജയചന്ദ്രന്‍
വെള്ളിയാഴ്ച ആരംഭിക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ ഉറ്റുനോക്കുകയാണു കേരളം. പാര്‍ട്ടിയുടെ നേതൃയോഗങ്ങളില്‍ കനപ്പെട്ടതെന്തോ സംഭവിക്കുമെ ന്ന പ്രതീതി വ്യാപകം. വി. എസ്. അച്യുതാനന്ദന്‍റെ അച്ചടക്കലംഘനങ്ങള്‍ക്കു പാര്‍ട്ടി മൂക്കുകയറിടുമോ, ആരോപണ ശരങ്ങളി ല്‍ തളയ്ക്കപ്പെട്ട പിണറായി വിജയന്‍ തെറ്റുകാരനെന്നു നിലപാടെടുക്കുമോ, ഇവരില്‍ ഒരാള്‍ മാത്രം കുറ്റക്കാരനെന്നു വിധിക്കുമോ....ചോദ്യങ്ങള്‍ പല തരത്തിലാണ്.
പ്രസ്ഥാനമാണോ അതോ പ്രസ്ഥാനത്തിന്‍റെ സ്വത്തായ നേതാക്കളാണോ വലുത്. ഈ ചോദ്യത്തിനു പ്രസ്ഥാനം തന്നെ എ ന്ന ഖണ്ഡിതമായ ഉത്തരം ഉടന്‍ നല്‍കുന്ന കേഡര്‍ പാര്‍ട്ടിയാണു സിപിഎം. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എ.പി. അബ്ദുള്ളക്കുട്ടിയെവരെ പുറത്താക്കിക്കൊണ്ട് പാര്‍ട്ടി പ്രകടിപ്പിച്ച നിലപാടും അതുതന്നെ. എന്നാല്‍, സിപിഎം നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്‍റെ തലവനായ മുഖ്യമന്ത്രി വി.എസ്. അച്യുതാന ന്ദനും പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായുള്ള തുറന്ന പോര് നേരിടുന്നതില്‍ സിപിഎമ്മിനു സംഘടനാധൈര്യമാകെ ചോര്‍ന്നുപോകുന്നതായാണു പൊതുസമൂഹം കാണുന്നത്.
1986 ഡിസംബര്‍ 24മുതല്‍ 29 വരെ കോല്‍ക്കത്തയില്‍ ചേര്‍ന്ന 12-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണു ബദല്‍ രേഖയുടെ പേരില്‍ എം. വി. രാഘവനെ സിപിഎം പുറത്താക്കിയത്. യുഡിഎഫിനെ തോല്‍പ്പിക്കാനും എല്‍ഡിഎഫി നു ഭരണത്തുടര്‍ച്ചയുണ്ടാക്കാ നും മുസ്ലിംലീഗിനെ എല്‍ഡിഎഫില്‍ എടുക്കണമെന്നതായിരുന്നു രാഘവന്‍റെ തീസിസ്. രേഖ പാര്‍ട്ടി ചര്‍ച്ച ചെയ്തു തള്ളി. രാഘവനെയും അദ്ദേഹത്തിനൊപ്പംനിന്ന പി.വി കുഞ്ഞിക്കണ്ണന്‍, പുത്തലത്തു നാരായണന്‍, സി. കെ. ചക്രപാണി, സി.പി. ജോ ണ്‍ തുടങ്ങിയ നേതാക്കളെയും സിപിഎം പിന്നീടു പുറത്താക്കി. രാഘവനും കൂട്ടര്‍ക്കുമെതിരായ നടപടി പാര്‍ട്ടി ജനറല്‍ ബോഡികളില്‍ പങ്കെടുത്ത് ഇ.എം.എസ്, നായനാര്‍, വി.എസ് എന്നിവര്‍ക്കു പുറമെ ബി.ടി. രണദിവെയും കേരളത്തിലുടനീളം വിശദീകരി ച്ചു. അടുത്തവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും അവര്‍ക്കൊപ്പം ചേര്‍ന്ന രാഘവന്‍ ഇഫക്റ്റിനെ യും തോല്‍പ്പിച്ച് നായനാര്‍ മുഖ്യമന്ത്രിയായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി.
ആ ഗവണ്‍മെന്‍റ് നാലുവര്‍ഷം പിന്നിട്ടപ്പോള്‍ 1991ല്‍ ലോക്സഭാ തെരഞ്ഞെടുപ്പെത്തി. വി. എസ്. അച്യുതാനന്ദന്‍ അപ്പോ ള്‍ പാര്‍ട്ടിയില്‍ പുതിയൊരു തീസിസ് അവതരിപ്പിച്ചു തീരുമാനമാക്കി. പാര്‍ലമെന്‍ററി രംഗ ത്തെ സഖാക്കള്‍ പാര്‍ട്ടി സംഘടനയിലേക്കും, പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന സഖാക്കള്‍ പാര്‍ലമെന്‍ററി പാതയിലേക്കും മാറണം. അതുടനെ വേണം. കാലാവധി ഒരുവര്‍ഷം പിന്നെയും ബാക്കി നിന്നിട്ടും വി.എസ് തീസിസിന്‍റെ സാക്ഷാത്കാരത്തിനായി സര്‍ക്കാര്‍ രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. നായനാര്‍ അതനുസരിച്ചു. പക്ഷെ തെരഞ്ഞെടുപ്പു പ്രചാരണ മൂര്‍ധന്യത്തില്‍ രാജീവ്ഗാന്ധി വധിക്കപ്പെട്ടു. ഉജ്വല സഹതാപതരംഗം. യുഡിഎഫ് തൂത്തുവാരി ഭരണം പിടിച്ചു. മാരാരിക്കുളത്തുനിന്ന് വി.എസ് വിജയിച്ചു. പക്ഷെ എല്‍ഡിഎഫ് തോറ്റു.
1993ല്‍ പാര്‍ട്ടിയില്‍ ഗൗരിയമ്മ പ്രശ്നം എന്ന പുതിയ ഇഷ്യു. പാര്‍ട്ടി തീരുമാനങ്ങളോടു കൂറുപുലര്‍ത്താതെ തന്നിഷ്ടവും താന്‍പോരിമയും കാണിക്കുകയാണു ഗൗരിയമ്മയെന്നു പാര്‍ട്ടി. ആണെങ്കില്‍ അതേ. നിലപാട് മാറ്റാന്‍ മനസില്ലെന്നു തന്‍റേടിയായ ഗൗരിയമ്മ. ഒടുക്കം അക്കൊല്ലം ഡിസംബര്‍ മാസാവസാനം അവരെയും പാര്‍ട്ടി പുറത്താക്കി.
എസ്എന്‍ഡിപിയുടെ മൗനസമ്മതവും ആശീര്‍വാദവും നേടി 1994 ജനുവരി ഏഴിന് ആലപ്പുഴ കടപ്പുറത്തെ യോഗത്തില്‍ ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതിയെന്ന ജെഎസ്എസ് രൂപീകരിച്ചു. വൈകാതെ അവരും യുഡിഎഫ് ക്യാംപിലെത്തി. വി.എസ് അന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഗൗരിയമ്മ പുറത്താക്കപ്പെടില്ലായിരുന്നു എന്ന് കരുതുന്നവര്‍ ഇ ന്നും സിപിഎമ്മിലേറെ. എം. വി. രാഘവനൊപ്പം ചില സിപി എം നേതാക്കള്‍ പോയപോലെ ഗൗരിയമ്മയ്ക്കൊപ്പം തലയെടുപ്പു ള്ള പ്രധാനികളാരും പോയില്ല. പക്ഷെ 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ ക്രൈസ്തവ- ഈഴവ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ എ.കെ. ആന്‍റണി- വി.എം. സുധീരന്‍- ഗൗരിയമ്മ സഖ്യത്തിനു സാധിച്ചു. മാരാരിക്കുളത്തു മത്സരിച്ച വി.എസിന്‍റെ തോല്‍വിക്കു പ്രധാന കാര ണവും അതുതന്നെ. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍. പ ക്ഷെ വി.എസ് തോറ്റു. എന്നാല്‍, ഈ തോല്‍വിയുടെ പാപഭാരം മുഴുവനും ടി.ജെ. ആഞ്ചലോസിന്‍റെ തലയില്‍ വച്ചുകെട്ടി. ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
അച്യുതാനന്ദന്‍റെ പ്രതികാരാഗ്നി ആളിക്കത്തിച്ച സംഭവമായിരുന്നു മാരാരിക്കുളത്തെ തോല്‍വി. സിപിഎമ്മില്‍നിന്നും നിഷ്കാസിതനായ അന്തരിച്ച ഒ. ഭരതന്‍ നെരിപ്പോട് എന്ന തന്‍റെ ആത്മകഥയില്‍ വി.എസിനെ അടയാളപ്പെടുത്തുന്നത് ഇങ്ങനെ: “”
വൈരനിര്യാതനമെന്നതു കലയും ശാസ്ത്രവുമായി വളര്‍ത്തിക്കൊണ്ടുവന്നയാളാണു വി.എസ്. അച്യുതാനന്ദന്‍. രാഷ്ട്രീയപ്രവര്‍ത്തനം തന്നെ പ്രതിയോഗികളോടുള്ള പ്രതികാരനിര്‍വഹണമാണെന്ന സിദ്ധാന്തക്കാരനാണദ്ദേഹം.’''
96ലെ തന്‍റെ തോല്‍വിയെത്തുടര്‍ന്ന് എല്‍ഡിഎഫിന്‍റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലടക്കം വി.എസ് പിന്നീടു സ്വീകരിച്ച നിലപാടുകള്‍ ഒ.ഭരതന്‍റെ വിലയിരുത്തലിനെ പൂര്‍ണമായി സാധൂകരിക്കുന്നുണ്ട്.
No comments:
Post a Comment