13-nov 2008
തിരുവനന്തപുരം: ''എന്നെ പഴഞ്ചനെന്ന് വിശേഷിപ്പിച്ചതില്‍ ശരിയുണ്ട്. എനിക്ക് 85 വയസ്സായില്ലേ? ഞാന്‍ പഴഞ്ചന്‍ തന്നെ. മാത്രവുമല്ല ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന തത്വശാസ്‌ത്രം 1848-ല്‍ ഉണ്ടാക്കിയതാണ്. അതിലെനിക്ക് അഭിമാനമുണ്ട്. വരും കാലത്തിന്റെയും തത്വശാസ്‌ത്രമതാണെന്നാണ് ഞാന്‍ കരുതുന്നത്''-മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 'കാലഹരണപ്പെട്ട പുണ്യവാളനാണ് അച്യുതാനന്ദന്‍' എന്ന കേരള സാഹിത്യഅക്കാഡമി പ്രസിഡന്റ് എം. മുകുന്ദന്റെ വിശേഷണത്തെപ്പറ്റി മന്ത്രിസഭായോഗം കഴിഞ്ഞുള്ള പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
''എത്രയോ കാലമായി എന്നെ അടുത്ത് പരിചയമുള്ളവരാണ് നിങ്ങള്‍ പത്രക്കാര്‍. അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ നിങ്ങള്‍ക്ക് എന്നെക്കുറിച്ച് അന്വേഷിക്കാമല്ലോ.
എന്നാല്‍ അത്യാന്താധുനികതയും ആധുനികോത്തരതയും ഒന്നും എനിക്കറിയില്ല. കാള്‍മാര്‍ക്‌സ് ജീവിച്ചിരിക്കുമ്പോള്‍തന്നെ കമ്മ്യൂണിസ്റ്റുകാര്‍ പഴഞ്ചന്മാരാണെന്നാണ് മുതലാളിത്തത്തിന്റെ വൈതാളികര്‍ പരിഹസിച്ചത്. സോവിയറ്റ് യൂണിയനില്‍ ഗോര്‍ബച്ചേവിസം ശക്തിപ്രാപിച്ചപ്പോള്‍ ചരിത്രം അവസാനിച്ചുവെന്നും കമ്മ്യൂണിസം കാലഹരണപ്പെട്ടെന്നും കൊണ്ടുപിടിച്ച് പ്രചരണം ഉണ്ടായി. ഇപ്പോഴും ചില ആധുനികോത്തരന്മാര്‍ അതേറ്റുപിടിക്കുന്നു. പിന്നെ കാലഹരണത്തെപ്പറ്റി, എല്ലാ മൂല്യങ്ങളേയും കാലം ഹരിച്ചുകളയും എന്നത് മുതലാളിത്തത്തിന്റെ പല്ലവിയും അവരുടെ ആഗ്രഹവുമാണെ''ന്ന് അച്യുതാനന്ദന്‍ പറഞ്ഞു.
സത്യം, നീതി, സമത്വം, കാരുണ്യം തുടങ്ങിയ മൂല്യങ്ങളെയെല്ലാം കാലം വിചാരിച്ചാല്‍ ഹരിക്കാനാവുമോ? മുതലാളിത്തവും അതിന്റെ ഉയര്‍ന്ന രൂപവുമായ സാമ്രാജ്യത്വവും മൂല്യങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അപ്പോള്‍ മൂല്യങ്ങളെ സംരക്ഷിക്കാനും തിരിച്ചുപിടിക്കാനും ശ്രമം ഉണ്ടാവും. അത് വര്‍ഗസമരത്തിന്റെ ഭാഗമാണ്. മുതലാളിത്തം ഇന്നലെയുടെയും ഇന്നിന്റെയും നാളത്തെയും തത്വശാസ്‌ത്രമാണെന്ന് കരുതി അത്യന്താധുനികതയില്‍ അഭിരമിക്കുന്നവര്‍ അങ്ങനെ ശ്രമിക്കുന്നവരെ പഴഞ്ചന്മാരെന്ന് പരിഹസിക്കും. കാലത്തിന് ചേരാത്തവരെന്നും വിഡ്‌ഡികളെന്നും പരിഹസിക്കും. നാടോടുമ്പോള്‍ നടുവേ ഓടണ്ടേ; ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍ നടുക്കണ്ടം തിന്നണ്ടേയെന്ന് അവര്‍ ചോദിക്കും. അതില്‍ കാര്യമില്ല. ആഗോളീകരണം അവസാനവാക്കാണെന്നും അമേരിക്കയാണ് ദൈവമെന്നുമൊക്കെയാണല്ലോ പഴയ മൂല്യങ്ങളെ നിരസിക്കുന്നവര്‍ കുറേക്കാലമായി ഉദ്‌ഘോഷിക്കുന്നത്.
വികസനമാര്‍ഗവും അതിന്റെ സംസ്‌കാരവും ഇവിടെയും സ്വീകരിക്കണമെന്നാണല്ലോ മുതലാളിത്തത്തിന്റെ പുതിയ വൈതാളികന്മാര്‍ വാദിക്കുന്നത്. അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നവരെയാണല്ലോ കാലഹരണപ്പെട്ടവര്‍ എന്ന് ആക്ഷേപിക്കുന്നത്. ആഗോളീകരണവും അതിന്റെ സാമ്പത്തികശാസ്‌ത്രവും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും കുമിള പൊട്ടുന്നതുപോലെ പൊട്ടുമ്പോള്‍ മൂല്യനിരാസക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
അച്യുതാനന്ദന്‍ കാലഹരണപ്പെട്ടവനാണെന്ന് പറയുന്നവര്‍ പിണറായി വിജയന്‍ നല്ല നേതാവാണെന്ന് പറയുമ്പോള്‍, ഈ പറഞ്ഞ അഭിപ്രായങ്ങള്‍ പിണറായിക്കും ബാധകമാണോയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നിഗമനത്തിലെത്താമെന്നായിരുന്നു മറുപടി. എം. മുകുന്ദന്‍ ഇങ്ങനെ പറഞ്ഞതിന് പുറകില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിന് മുകുന്ദനെ കാണുമ്പോള്‍ അക്കാര്യം ചോദിച്ച് മനസ്സിലാക്കണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
No comments:
Post a Comment