അനാചാരങ്ങളുടെ കാര്‍ക്കശ്യങ്ങളൊക്കെയും സ്വാഭാവികമായി ഏറ്റുവാങ്ങിയിരുന്ന സമൂഹത്തിലേയ്ക്ക് കാറ്റും വെളിച്ചവുമായി നവോത്ഥാനചിന്തകള്‍ പ്രവേശിച്ചത് വെജിറ്റേറിയന്‍ സമരമുറകളിലൂടെ മാത്രമായിരുന്നില്ല. തല്ലിയൊതുക്കിയും ചവിട്ടിത്തേച്ചും തെരുവു ഭരിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ മാനസാന്തരം വന്ന് പശ്ചാത്താപവിവശരായി പിന്മാറിയിട്ടുമില്ല. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ വളര്‍ന്നു വന്ന കായികമായ ചെറുത്തുനില്‍പ്പുകളും തിരിച്ചടികളും കരുത്താര്‍ജിച്ചപ്പോള്‍ ഗുണ്ടകള്‍ വാലും ചുരുട്ടി പിന്മാറി. അവരുടെ മുന്നില്‍ വേറെ വഴിയില്ലായിരുന്നു. ഏതു നിലയ്ക്കു നോക്കിയാലും അടിച്ചവര്‍ക്കു മേല്‍ അടികൊണ്ടവര്‍ നേടിയ കായികാധിപത്യം കൂടിയാണ് നവോത്ഥാനം. 'സദാചാരഗുണ്ട'കള്‍ക്കെതിരെ ഡിവൈഎഫ്‌ഐയും പിണറായി വിജയനും നടത്തുന്ന താക്കീതിന്റെ സ്വരത്തിലുളള പ്രതികരണങ്ങളില്‍ നാം വായിക്കുന്നത് ഈ ചരിത്രാനുഭവത്തില്‍ നിന്നുയരുന്ന രണഭേരിയാണ്.
യുവമോര്‍ച്ചയുടെയും ശിവസേനയുടെയും ഗുണ്ടകളെ വെല്ലുവിളിച്ച് ചുംബനസമരത്തിനു തയ്യാറായവരുടെ തന്റേടത്തിന്റെ വേരുകള്‍ നവോത്ഥാനത്തിനു വേണ്ടിയുളള വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുടെ ചരിത്രസ്മൃതികളിലാണ് ചുറ്റിപ്പടര്‍ന്നു കിടക്കുന്നത്. സമരക്കാരുടെ പ്രായമോ വര്‍ഗമോ രാഷ്ട്രീയചായ്‌വോ ചായ്‌വില്ലായ്മയോ ഇവിടെ പരിഗണനാവിഷയമേയല്ല. നൂറ്റാണ്ടുകള്‍ നീണ്ട കായകല്‍പചികിത്സയിലൂടെ പേശീബലമുറച്ച സാംസ്‌ക്കാരിക രാക്ഷസീയതയെ നേര്‍ക്കുനേര്‍ വെല്ലുവിളിക്കുക വഴി കൊച്ചിയിലെ ഇത്തിരിപ്പോന്ന പിള്ളേര്‍, തങ്ങളുടെ തലമുറയ്ക്കു വേണ്ടി നവോത്ഥാനപോരാട്ടങ്ങളുടെ പതാക ഏറ്റു വാങ്ങുകയായിരുന്നു. ജീവിതം തന്നെ ചരിത്രേതിഹാസമാക്കി മാറ്റിയ പലരെയും തല്ലി തലപിളര്‍ത്തിയ കൊടുംഭീകരത ഇവരെയും തല്ലിയോടിക്കാന്‍ ശ്രമിച്ചത് സ്വാഭാവികം മാത്രം. പക്ഷേ, ചെയ്യാനുറച്ചതു ചെയ്തു കാണിക്കാനുളള 'വകതിരിവില്ലായ്മ'യ്ക്ക് മറൈന്‍ ഡ്രൈവിലെ പോലീസ് വാനുള്‍പ്പടെ വേദിയായി. ചെറുബാല്യം വിടാത്തവരുടെ ഇത്തരം 'വകതിരിവില്ലായ്മ'കള്‍ ചരിത്രത്തിലുനീളം മുതിര്‍ന്നവരുടെ ആചാരനിഷ്ഠയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
വകതിരിവില്ലായ്മയുടെ ലക്ഷണങ്ങള്‍.. അന്ന്..
'നമ്പൂതിരിമാരുടെ വക ശ്രീശങ്കരാചാര്യര്‍' എന്ന പത്രം 1917 ആഗസ്റ്റില്‍ അധികാരികള്‍ക്ക് ഇങ്ങനെയൊരു മുന്നറിയിപ്പു നല്‍കി:
''ഈ മാസം 15ന് പകല്‍ നാലു മണിക്ക് ചെങ്ങന്നൂര്‍ എച്ച്ജി സ്‌ക്കൂളില്‍ പഠിക്കുന്ന ഏതാനും ഈഴവ വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂള്‍ വിട്ടുവരുമ്പോള്‍ തങ്ങള്‍ക്കു പബ്ലിക്ക് റോഡില്‍ക്കൂടി നടക്കാന്‍ അവകാശമുണ്ടെന്നും മറ്റും വീരവാദം പറഞ്ഞുകൊണ്ട് ചെങ്ങന്നൂര്‍ മഹാക്ഷേത്രത്തിന്റെ കിഴക്കുപുറത്തെ മതിലിനരികില്‍ക്കൂടി പോയി ക്ഷേത്രം തീണ്ടി തൊടാന്‍ ഭാവിക്കയും അതിന്നു ചിലര്‍ തടസ്ഥം പറയുകയും ചെയ്തതായി അവിടെ നിന്നും ഒരു ലേഖകന്‍ ഞങ്ങള്‍ക്കെഴുതിയിരിക്കുന്നു. തീണ്ടലുളള ജാതിക്കാര്‍ക്ക് പബ്ലിക് റോഡില്‍ക്കൂടി നടക്കാന്‍ ഗവര്‍മ്മെണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രം തീണ്ടത്തക്കവണ്ണം ക്ഷേത്രത്തോട് സമീപിക്കുന്നതിന് ഗവര്‍മ്മെണ്ടനുവാദമില്ലെന്നുളളത് ഈ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിട്ടില്ലായിരിക്കാം. ജാതിഭ്രാന്തു പിടിച്ചു മര്യാദയും വകതിരിവും ഇല്ലാതെ നടക്കുന്ന ഈ കൂട്ടരെ മര്യാദ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു അധികൃതന്മാരെ അറിയിച്ചു കൊളളുന്നു''.'ജാതിഭ്രാന്തി'നു പകരം 'കാമഭ്രാന്ത്' എന്ന് അവസാനവാചകം തിരുത്തിയാല്‍, 'സദാചാര' പോലീസുകാരെ ന്യായീകരിച്ച് ശോഭാസുരേന്ദ്രനും എം ടി രമേശും കെ. സുരേന്ദ്രനുമൊക്കെ അവതരിപ്പിക്കുന്ന വാദങ്ങളുടെ വണ്‍ലൈനായി. പവിത്രമായി കരുതി പരിപാലിച്ചുപോന്ന ആചാരങ്ങളെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മേല്‍പറഞ്ഞ പത്രം പുലര്‍ത്തിയ അസഹിഷ്ണുതയാണ് നാഗ്പൂര്‍ ആചാര്യന്മാരുടെ 'മോഡിഫൈഡ്' ഭൂതഗണങ്ങളും പങ്കുവെയ്ക്കുന്നത്.
കായികശക്തി യഥേഷ്ടം ഉപയോഗിച്ച് ആചാരങ്ങള്‍ അണുവിട തെറ്റാതെ പുലര്‍ത്തിപ്പോന്ന കാലം മാറിയതിന്റെ സൂചനയും മേലുദ്ധരണിയിലുണ്ട്. "മര്യാദ"യും "വകതിരിവും" പഠിപ്പിക്കാനുളള ചുമതല അധികൃതരെയാണ് ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്. അതൊരു സാമൂഹ്യമാറ്റത്തിന്റെ ദൃഷ്ടാന്തമാണ്. ആ മാറ്റം സാധ്യമാക്കിയ ചരിത്രവീഥികളിലൂടെ പുതിയ തലമുറ കണ്ണു തുറന്നു നടക്കണം. അത്യാവശ്യം പരിചയപ്പെട്ടിരിക്കേണ്ട ഒരുപാടു മുഖങ്ങള്‍ ആ വഴിയില്‍ കാണാം. ഉഴുതുമ്മല്‍ കിട്ടന്‍, ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍ എന്നിവരെ പരിചപ്പെടുമ്പോള്‍ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവിനെ മുഖാമുഖം കാണാം. ആരായിരുന്നു അവരെന്നല്ലേ?
നവോത്ഥാന കേരളം - കായികമായ പ്രത്യാക്രമണങ്ങളുടെ സൃഷ്ടി
പശുക്കറവയുടെ ചരിത്രം
തന്റെ ആത്മകഥയില്‍ (എന്റെ സ്മരണകള്‍) കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ഇങ്ങനെ പറയുന്നു. .
''പണ്ടുകാലത്ത് കേരളത്തില്‍ പശുക്കളെ കറന്ന് പാലുപയോഗിക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ക്കു മാത്രമേ അര്‍ഹതയുളളൂവെന്ന ആചാരവും വിശ്വാസവുമുണ്ടായിരുന്നു. ......... ഈഴവന്‍ കറന്ന പാല്‍, അവര്‍ തൊട്ടതെന്നര്‍ത്ഥം, വഴിപാടിനു മാത്രമല്ല, ബ്രാഹ്മണര്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു'''രണ്ടു സമുദായ പരിഷ്‌കര്ത്താക്കള്‍' എന്ന പുസ്തകത്തില്‍ കെ സി കുട്ടനും ഇക്കാര്യം വിവരിക്കുന്നുണ്ട്.
''പശുക്കളെ ആര്‍ക്കും വളര്‍ത്താം. പക്ഷേ, അതു പ്രസവിച്ചു പോയാല്‍ പിന്നെ ഈഴവര്‍ക്കും മറ്റും കറന്നെടുക്കാന്‍ അവകാശമില്ല. അടുത്തുളള നായര്‍ പ്രമാണിയെ ഏല്‍പ്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടു പോന്നേക്കണം. കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓരോ ഊണു കിട്ടിയെന്നു വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നു പോയാല്‍, പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിക്കും. സ്വന്തമാളുകള്‍ ചെന്ന് വെറ്റില പാക്കു വെച്ച് ക്ഷമാപ്രാര്‍ത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിച്ചു വിടുവിക്കണം''...ഇതായിരുന്നു 1900കളില്‍ നിലനിന്ന 'സദാചാരം'. അതു നിലനിര്‍ത്തിയതോ, കൈയൂക്കിന്റെ പ്രയോഗത്തിലും. അത്തരം ആചാരങ്ങള്‍ നൂറു കണക്കിനുണ്ട്. പശുവിനെ വളര്‍ത്തിയാല്‍ മതി കറക്കരുത് എന്ന ചിട്ട അവര്‍ണന്‍ തെറ്റിച്ചാല്‍ മര്‍ദ്ദനമായിരുന്നു ശിക്ഷ. ഈ 'സദാചാരം' കെട്ടുകെട്ടിക്കാന്‍ രംഗത്തിറങ്ങിയവരില്‍ പ്രമുഖനായിരുന്നു ചേര്‍ത്തലയില്‍ ജീവിച്ചിരുന്ന ഉഴുതുമ്മല്‍ കിട്ടന്‍ എന്ന സാമൂഹ്യപരിഷ്‌കര്‍ത്താവ്.
പശുക്കറവയ്ക്ക് അവര്‍ണര്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്കിനെതിരെ ചങ്കൂറ്റവും മെയ്ക്കരുത്തുമുളളവരെ അദ്ദേഹം സംഘടിപ്പിച്ചു. ഈഴവനായ അയല്‍ക്കാരന്റെ പശു പ്രസവിച്ചപ്പോള്‍ പാലു കറക്കാന്‍ ധൈര്യം നല്‍കി. പൂവാലിപ്പശുവിന്റെ തീണ്ടിയശുദ്ധമാക്കാത്ത പൈമ്പാലും കാത്തിരുന്ന സവര്‍ണപ്രമാണി കോപാകുലനായതു സ്വാഭാവികം. ഏതാനും ഗുണ്ടകളെയും കൊണ്ട് 'ഗോപാലക'നെ തല്ലാനെത്തിയ പ്രമാണിയെ കാത്തിരുന്നത് പത്തറുപതു മല്ലന്മാരുടെ മറ്റൊരു സംഘം. തല്ലിയാല്‍ തല്ലുന്നവരുടെ എല്ലു നുറുങ്ങുമെന്നു മനസിലാക്കി പിന്‍വാങ്ങിയ ആ സവര്‍ണ പ്രമാണിയുടെ പേര്, ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍.
പുലയന്മാരുടെ തിരിച്ചടികള്‍
ഇനി ഗോപാലദാസിനെ പരിചയപ്പെടാം. പുലയസ്ത്രീകള്‍ കല്ലുമാല ധരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന കാലം. അപരിഷ്‌കൃതമായ ആചാരമാണിതെന്നും മാല വലിച്ചെറിയണമെന്നും ഉദ്‌ബോധിപ്പിച്ച് പുലയര്‍ക്കിടയില്‍ സാമുദായിക പരിഷ്‌കരണത്തിനിറങ്ങിയ പുരോഗമനവാദിയായിരുന്നു ഗോപാലദാസ്. അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ക്ക് ഫലമുണ്ടായി. പുലയസ്ത്രീകള്‍ കല്ലുമാല വലിച്ചെറിയാന്‍ തുടങ്ങി. ഇതിനോട് സവര്‍ണരുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് 'ചങ്ങനാശേരി' എന്ന പുസ്തകത്തില്‍ സി. നാരായണ പിളള ഇങ്ങനെ പറയുന്നു:
''പുലയസ്ത്രീകളുടെ നിര്‍ദ്ദോഷമായ ഈ ആഭരണപരിത്യാഗം ആഭിജാത്യമുളള ചില നായര്‍ പ്രമാണിമാരെ ക്ഷോഭിപ്പിച്ചു. അവര്‍ പുലയസ്ത്രീകളെ വീണ്ടും കല്ലുമാലകള്‍ അണിയുവാന്‍ പ്രേരിപ്പിക്കുന്നതിന് എതിര്‍പ്രക്ഷോഭണം തുടങ്ങി. അവിവേകിയായ ഒരു നായര്‍ കല്ലുമാല പ്രക്ഷോഭണം നടന്നുകൊണ്ടിരുന്ന ഒരു പുലയമായോഗത്തില്‍ കടന്നു ചെന്ന് അവരുടെ നേതാവിനെ നിര്‍ദ്ദയം പ്രഹരിക്കാന്‍ കൂടി മടി കാണിച്ചില്ല. ഈ സംഭവമാണ് പുലയര്‍ ലഹളയ്ക്കു കാരണമായത്''.മേലാളന്മാരുടെ അസഹിഷ്ണുതയുടെ അര്‍ത്ഥശൂന്യത 'നിര്‍ദ്ദോഷമായ ആഭരണപരിത്യാഗം' എന്ന പ്രയോഗത്തിലൂടെ നാരായണപിളള വരച്ചിടുന്നു. നിര്‍ദ്ദോഷമെന്ന് ഒറ്റവാക്കില്‍ വിലയിരുത്താവുന്ന പ്രവര്‍ത്തനങ്ങളെ കൊടിയ അസഹിഷ്ണുതയോടെ ആയുധങ്ങളും കൈക്കരുത്തുമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സവര്‍ണഭീകരതയെ ചരിത്രത്തിലുടനീളം നമുക്കു കാണാം. മറൈന്‍ ഡ്രൈവില്‍ കണ്ടതും മറ്റൊന്നല്ല.
ഗോപാലദാസിനെ ആക്രമിക്കണമെന്ന ലക്ഷ്യത്തോടെ യോഗസ്ഥലത്തിലേയ്ക്ക് അതിക്രമിച്ചു കയറിയ ആയുധധാരികളായ ചട്ടമ്പിമാരെ സംഘടിതരായ പുലയര്‍ തിരിച്ചടിക്കുകയും ചട്ടമ്പിമാരില്‍ ഒരാളിന്റെ വീടിനു തീവെയ്ക്കുകയും ചെയ്ത സംഭവം നസ്രാണി ദീപികയും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
രണ്ടാം പുലയലഹള
നെയ്യാറ്റിന്‍കര ഊരൂട്ടമ്പലത്ത് പെണ്‍പളളിക്കൂടത്തില്‍ കുട്ടികളെ ചേര്‍ക്കാനെത്തിയ പുലയരെ നായന്മാര്‍ ചേര്‍ന്നു തല്ലിയതാണ് രണ്ടാം പുലയലഹളയ്ക്കു കാരണമായത്. എസ്എന്‍ഡിപിയോഗത്തിന്റെ മുഖപ്രസിദ്ധീകരണമായ വിവേകോദയം ദൈ്വമാസികയുടെ 1914 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.
''...പുലയര്‍ക്കെതിരെയായി ഇപ്പോള്‍ ലഹള നടത്തുന്ന ആളുകളുടെ താങ്ങായി നില്‍ക്കുന്നത് സ്ഥലത്തെ ചില നായര്‍ ഗൃഹസ്ഥന്മാരാണെന്നും അവരുടെ ചാര്‍ച്ചയും വേഴ്ചയും പ്രേരണയും വര്‍ഗസ്‌നേഹവും ജാത്യസൂയയും കൊണ്ട് മജിസ്‌ട്രേറ്റ് പോലീസുകാര്‍ മുതലായ എല്ലാ സര്‍ക്കാരുദ്യോഗസ്ഥന്മാരും പുലയര്‍ക്കു വിരോധമായി നീചമായി പ്രവര്‍ത്തിച്ചു വരുന്നതായും പുലയരുടെ നീതിക്കായിട്ടുളള നിലവിളി മിക്കവാറും വനരോദനമായിത്തീരുന്നതായും കേള്‍ക്കുന്നതും ശരിയാണെങ്കില്‍ ഈ അരാജകത്വത്തെപ്പറ്റി ഞങ്ങള്‍ ആശങ്കപ്പെടുന്നു. ഗൃഹസ്ഥന്മാരും ഉദ്യോഗസ്ഥന്മാരുമായി സ്ഥലത്തുളള നായന്മാരുടെ പ്രേരണയാലും അവരുടെ പ്രീതിയ്ക്കു വേണ്ടിയും ചുരുക്കം ചില വിവരമില്ലാത്ത ഈഴവരും മുഹമ്മദീയര്‍ മുതലായ പലവര്‍ഗക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേള്‍ക്കുന്നു''കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു സമീപമാണ് എന്ന കാരണം പറഞ്ഞ് ലോവര്‍ സെക്കന്ററി ഗേള്‍സ് സ്‌ക്കൂളില്‍ ഈഴവപ്പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച കാലമാണിത് എന്നോര്‍ക്കണം. Admission of Ezhava girls into the LSGS Crangannore is out of question എന്നെഴുതിയാണ് അപേക്ഷകള്‍ നിരസിച്ചിരുന്നത്. വിശദീകരണങ്ങള്‍ക്കൊന്നും പഴുതില്ലാത്ത ഉഗ്രശാസനം. ഈ ശാസനയ്ക്ക് ഇരയാണെങ്കിലും പുലയന്റെ കാര്യം വരുമ്പോള്‍ ഈഴവരും സദാചാരപ്പോലീസാകും. തനിക്കു താഴെയുളളവനെ അടിച്ചമര്‍ത്തി ആധിപത്യം സ്ഥാപിക്കാനുളള വകുപ്പും ചട്ടവും ജാതിവ്യവസ്ഥയുടെ ആണിക്കല്ലായിരുന്നു.
ക്ഷേത്രത്തില്‍ നിന്നിറങ്ങിവരവെ വഴിയരികില്‍ നിന്ന ഈഴവസ്ത്രീകളെ കല്ലെറിഞ്ഞ് ഓടിച്ച നമ്പൂതിരിയും, ആധാരത്തില്‍ 'താന്‍' എന്നെഴുതിയതില്‍ പ്രകോപിതനായി പാലക്കാട് സബ് കോടതിയില്‍ കേസിനുപോയ ധര്‍മ്മോത്തു പണിക്കരും, തീയനാണെന്നു തെറ്റിദ്ധരിച്ച് ചാവക്കാട്ടെ നായര്‍ കുടുംബത്തിലെ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ചവരും, കൊടുങ്ങല്ലൂര്‍ കാവിനു സമീപമുളള പൊതുവഴിയില്‍ക്കൂടി നടന്ന അയ്യപ്പുണ്ണിയെ തല്ലിച്ചതച്ച നാരായണക്കൈമളും, ഇടപ്പളളിയിലൊരു നായരുടെ ചായക്കടയില്‍ ചെന്ന് ചായ ചോദിച്ച ഈഴവനില്‍ നിന്ന് ഒരു രൂപ പിഴയും ഇടപ്പളളി ഗണപതിയ്ക്കുളള വിളക്കിനും അപ്പത്തിനും കൂടി നാലണയും പിടുങ്ങിയ പോലീസുകാരനും ''പൂര്‍വാചാരങ്ങളെ ദ്വേഷിക്കാതെ അവരവരുടെ കൃത്യങ്ങളെ ശരിയായി അനുഷ്ഠിക്കുന്നിടത്തോളം ഗുണമായ നില മറ്റൊന്നും തന്നെ ഇല്ലെ''ന്ന് മുഖപ്രസംഗത്തിലൂടെ ഉദ്‌ഘോഷിച്ച വിദ്യാഭിവര്‍ദ്ധിനിയെന്ന പ്രസിദ്ധീകരണവുമൊക്കെ ചരിത്രത്തിലെ പല വഴികളിലും നിന്ന് സദാചാരപ്പോലീസു കളിച്ചവരാണ്. ക്ഷേത്രോത്സവത്തിനിടെ തേരിന്റെ കയറില്‍ തൊട്ടെന്നാരോപിച്ച് ഈഴവരെ സംഘം ചേര്‍ന്നു തല്ലിയ കല്‍പ്പാത്തിയിലെ പട്ടന്മാരും കളിച്ചത് അതേ കളി തന്നെ. അവര്‍ണരുടെ ക്ഷേത്രപ്രവേശനം എന്ന ആവശ്യത്തെ നല്ലൊരു വിഭാഗം സവര്‍ണരുള്‍പ്പെടെ അനുകൂലിച്ച കാലത്ത് കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ച 'സ്വരാജ്യം' പത്രത്തിന്റെ വെല്ലുവിളി ഇങ്ങനെയായിരുന്നു:
''ഈഴവര്‍ക്കു കൊടുക്കണം; ക്ഷേത്രപ്രവേശനമല്ല. അടികൊടുക്കണം''.ചോര വീണ മണ്ണില്‍ പടര്‍ന്നത് മാറ്റത്തിന്റെ വേരുകള്‍
ഗുരുവായൂര്‍ സത്യഗ്രഹകാലത്ത് പി. കൃഷ്ണപിളളയും എകെജിയും ഈ അടി ഏറ്റുവാങ്ങിയിട്ടുണ്ട്. അയിത്തത്തിനും തീണ്ടലിനുമെതിരെ സമരം ചെയ്യണമെന്ന കെപിസിസി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂര്‍ സത്യഗ്രഹം സംഘടിപ്പിക്കപ്പെട്ടത്. പ്രമേയം അവതരിപ്പിച്ചത് കെ. കേളപ്പന്‍. ഈ പ്രവര്‍ത്തനങ്ങളൊന്നും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കാന്‍ പറ്റില്ല എന്നു വാദിച്ച് സമരത്തെ എതിര്‍ക്കാന്‍ കെപിസിസിയിലെ ഒരു വിഭാഗം സവര്‍ണഹിന്ദുക്കള്‍ ശ്രമിച്ചിരുന്നു.
സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന ഭീഷണിയാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിനെതിരെ അണിനിരന്ന യാഥാസ്തിതികരും മുഴക്കിയത്. മറൈന്‍ഡ്രൈവില്‍ തടിച്ചുകൂടിയ സദാചാരഗുണ്ടകളുടെ പഴയ പതിപ്പ്. സത്യഗ്രഹികളെ തടയാന്‍ അമ്പലത്തിനു ചുറ്റും അവര്‍ മുളളുവേലിയും കെട്ടി. ലക്ഷ്യം നേടാതെ സമരം അവസാനിപ്പിക്കേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അമ്പലത്തില്‍ ചാടിക്കയറി പി. കൃഷ്ണപിളള ശ്രീകോവിലിനു മുന്നിലെ മണിയടിച്ചത്. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു മറുപടി. പിന്നീട് എകെജിയ്ക്കും മര്‍ദ്ദനമേറ്റു. അതോടെ ക്ഷേത്രമുറ്റം സംഘര്‍ഷക്കളമായി. മുളളുവേലി സമരക്കാര്‍ പിഴുതെറിഞ്ഞു. ഒരു പ്രതിബന്ധവുമില്ലാതെ ആര്‍ക്കും ഗോപുരനടയിലെത്താമെന്ന അവസ്ഥ വന്നതോടെ അധികൃതര്‍ അമ്പലം അടച്ചിട്ടു.
ദുരാചാരങ്ങളെ പ്രവൃത്തികൊണ്ടു നേരിട്ടവരും റാഡിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന സമരമുറകള്‍ സ്വീകരിച്ചരും അതതുകാലത്തെ സദാചാരഗുണ്ടകളുടെ തല്ല് യഥേഷ്ടം കൊണ്ടിട്ടുണ്ട്. ആരും തല്ലു ഭയന്ന് ഓടിയില്ല. ചെയ്യാന്‍ തീരുമാനിച്ചത് ചെയ്യാതിരുന്നില്ല. മറൈന്‍ ഡ്രൈവില്‍ സമരം ചെയ്യാനെത്തിയവരെ, നവോത്ഥാനപ്പോരാളികളായി അടയാളപ്പെടുത്തുന്നതിനു കാരണവും മറ്റൊന്നല്ല.
മറ്റൊന്നു കൂടി പറയണം. റാഡിക്കല്‍ സമരമുറകളെ ഉള്‍ക്കൊളളാന്‍ വിമുഖത കാട്ടിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കളും ചരിത്രത്തിലുണ്ട്. ചെറായി കടപ്പുറത്ത് അയ്യാരു എന്ന പുലയക്കുട്ടി വിളമ്പിയ പായസം കഴിച്ച്, നവോത്ഥാനപ്രക്ഷോഭത്തിന്റെ പുതിയ മുഖം തുറക്കാനൊരുങ്ങിയ കെ. അയ്യപ്പനെ ഉപദേശിക്കാന്‍ ''മാറ്റുവിന്‍ ചട്ടങ്ങളെ'' എന്ന് പില്‍ക്കാലത്ത് ഗര്‍ജിച്ച സാക്ഷാല്‍ കുമാരനാശാന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു. ''അഭിപ്രായക്കൊടുമുടിയില്‍ കയറിനിന്നുകൊണ്ട് പ്രവൃത്തി ലോകത്തിലേയ്ക്ക് കിഴുക്കാംതൂക്കായി ചാടി ആത്മനാശം ചെയ്യരുത്'' എന്നായിരുന്നു വിവേകോദയത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം ''ചെറുമക്കാരോട് ഉപദേശി''ച്ചത്. ആദരീണയനായ കുമാരനാശാന്റെ ഉപദേശം അര്‍ഹിക്കുന്ന ബഹുമാനത്തോടെ തളളിക്കളഞ്ഞ് അയ്യപ്പനും സംഘവും സമരവുമായി മുന്നോട്ടു പോയി.
കൈയൂക്കു കൊണ്ട് നിലനിര്‍ത്താന്‍ ശ്രമിച്ച ഒരു ആചാരവും ഇന്ന് പൊതുമണ്ഡലത്തില്‍ പാലിക്കപ്പെടുന്നില്ല. ചരിത്രപുസ്തകങ്ങളിലേയ്ക്കും അപൂര്‍വം ചിലരുടെ മനസുകളിലേയ്ക്കുമായി അവ ഒതുങ്ങിപ്പോയി. പക്ഷേ, ആ കൈയൂക്കിനെ നയിച്ച ആധിപത്യവാഞ്ച പലരിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. നവോത്ഥാനശ്രമങ്ങളുടെ ഫലമായി കിരീടവും ചെങ്കോലും പോയ അതേ അധികാരം, മോദിപ്രഭാവത്തില്‍ നടത്തുന്ന ഉയര്‍ത്തെഴുന്നേല്‍പ്പു ശ്രമങ്ങളാണ് കേരളത്തിലെ സദാചാരപ്പോലീസു കളി.
ദുരഭിമാനക്കൊലകളും സംഘപരിവാറും
മനസാക്ഷിയെ ഞെട്ടിക്കുന്ന ദുരഭിമാനക്കൊലകള്‍ മാസത്തില്‍ അഞ്ചു വീതം അരങ്ങേറുന്ന ഹരിയാനയിലും പഞ്ചാബിലും ദില്ലിയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ ബിജെപിയും ബജ്‌റംഗദളും ശിവസേനയുമൊക്കെയുണ്ട്. ചോര മരവിപ്പിക്കുന്ന ഈ പൈശാചികതയ്‌ക്കെതിരെ ഒരു സംഘപരിവാറുകാരനും കൈയൂക്കുകൊണ്ടോ അല്ലാതെയോ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചതിന്റെ ഒരുദാഹരണവും നമുക്കു മുന്നിലില്ല. പ്രണയിച്ച് വിവാഹിതരാകുന്ന പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഖാപ് പഞ്ചായത്തിന്റെ ഗോത്രനീതിയില്‍ സ്ഥാനമില്ല. മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും വട്ടം കൂടിയിരുന്ന് മക്കള്‍ക്ക് വധശിക്ഷ വിധിക്കുകയും ഒരു പശ്ചാത്താപവുമില്ലാതെ അതിക്രൂരമായ കൊലപാതകം ആസ്വദിക്കുകയും ചെയ്ത സംഭവങ്ങള്‍ എത്രയോ നടന്നിരിക്കുന്നു. ''മാ നിഷാദ'' എന്ന് ചൂണ്ടുവിരല്‍ നീട്ടിപ്പറയാന്‍ തന്റേടമുളള ഒരു ന്യൂജെനറേഷന്‍ വാത്മീകിയും നാഗപ്പൂരിലെ ചിതല്‍പ്പുറ്റു പൊളിച്ച് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
കൗമാരക്കാരായ ആണും പെണ്ണും മറൈന്‍ ഡ്രൈവില്‍ ചുണ്ടിലും കവിളിലും ചുംബിക്കുമ്പോഴും പ്രണയവിവാഹത്തിന് മുതിരുമ്പോഴും വെല്ലുവിളിക്കപ്പെടുന്നത് ''പിതാ രക്ഷതി കൗമാരേ'' എന്ന സ്മൃതിവാക്യമാണ്. പിതാവ്, ഭര്‍ത്താവ്, പുത്രന്‍ എന്നീ രൂപഭാവങ്ങളിലാണ് പെണ്‍മനസിനും ശരീരത്തിനുംമേല്‍ പുരുഷാധികാരം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അലിഖിതമായൊരവകാശം സഹോദരനും എഴുതിക്കൊടുത്തിട്ടുണ്ട്. ഇക്കൂട്ടരിലൂടെ പാര്‍ട്രിയാര്‍ക്കി നടത്തുന്ന കണ്ണില്‍ച്ചോരയില്ലാത്ത അധികാരപ്രയോഗത്തെയാണ് 'സംസ്‌ക്കാരം' എന്ന ഓമനപ്പേരില്‍ സംഘപരിവാരം വ്യവഹരിക്കുന്നത്.
ഹിംസാത്മകമായ ആണ്‍കരുത്തിന്റെ ബലത്തില്‍ പലപേരുകളില്‍ സംഘപരിവാര്‍ സമാഹരിച്ചു നിര്‍ത്തിയിരിക്കുന്ന സംഘടനാസംവിധാനത്തിന് ഒറ്റ നിയോഗമേയുളളൂ. പാട്രിയാര്‍ക്കിയുടെ സ്വച്ഛന്ദമായ അധികാരപ്രയോഗത്തിന് എന്തുവിലകൊടുത്തും സംരക്ഷണമൊരുക്കുക. അങ്ങനെ പാട്രിയാര്‍ക്കിയുടെ ഗുണ്ടാപ്പടയായതു കൊണ്ടാണ് ഖാപ് പഞ്ചായത്ത് നടത്തുന്ന കൊലപാതകോത്സവങ്ങളുടെ നിര്‍മ്മാര്‍ജനം സംഘപരിവാറിന്റെ അജണ്ടയല്ലാത്തത്. സദാചാരപ്പോലീസിനു നേരെ ഉയരുന്ന ഏതു വെല്ലുവിളിയെയും കായികമായി അവര്‍ ചെറുക്കാനിറങ്ങുന്നതിനു കാരണവും മറ്റൊന്നല്ല.
ചുംബനസമരത്തിനിറങ്ങിയവരും സമരത്തെ പിന്തുണച്ചവരും അറിഞ്ഞോ അറിയാതെയോ വെല്ലുവിളിച്ചത് മനുസ്മൃതിയാല്‍ നിര്‍വചിക്കപ്പെട്ട പിതാവിനെയും പുരുഷനെയുമാണ്. കൗമാരം വിട്ടൊഴിയാത്ത ഏതാനും പേര്‍ പൊതുനിരത്തില്‍ പരസ്യമായി ചുംബിക്കാനിറങ്ങിയതോടെ ഭാരതീയസംസ്‌ക്കാരത്തിന്റെ വിരാടപുരുഷത്വം അശ്ലീലതയുടെ വിശ്വരൂപം കാട്ടി. പക്ഷേ, അതിന്റെ പേക്കൂത്തുകള്‍ക്ക് പഴയ രൗദ്രഭാവമില്ല. പ്രത്യയശാസ്ത്ര ന്യായീകരണങ്ങള്‍ പലതും പരിഹാസ്യമാവുകയും അവമതിയേറ്റുവാങ്ങി പിന്തിരിയുകയും ചെയ്യുന്നു. എന്നാല്‍ കേരളസമൂഹത്തില്‍ ആരോഗ്യകരമായ സ്ത്രീപുരുഷബന്ധം വളരുന്നതിന് വിഘാതം സൃഷ്ടിക്കുന്നതും ഈ സാംസ്‌ക്കാരികശാഠ്യങ്ങളാണ് എന്നതും കാണാതെ പോകരുത്.
ഇനി വേണ്ടത് 'ചുംബനലഹള'
'നായരീഴവ ലഹള'യും 'പുലയലഹള'യുമൊക്കെ കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണ്. ഈ യാഥാര്‍ത്ഥ്യത്തിന്റെ ഹൃദയത്തില്‍ തൊട്ടുകൊണ്ടാണ് 'ഹാ ലഹളേ, നീ തന്നെ പരിഷ്‌കര്‍ത്താവ്' എന്ന് വിവേകോദയത്തിലെഴുതിയ ലേഖനത്തിന് കുമാരനാശാന്‍ തലക്കെട്ടു നല്‍കിയത്. ''ജാതിവഴക്കു മൂത്ത് തമ്മില്‍ത്തല്ലാരംഭിച്ച് നടപ്പായതിനുശേഷം ഇപ്പോള്‍ ഏത് ഉയര്‍ന്ന ജാതിക്കാരനെയും എത്ര താഴ്ന്ന ജാതിക്കാരന്‍ തന്നെ തല്ലിയാലും - എത്ര എല്ലു നുറുങ്ങത്തക്കവിധം തല്ലിയാലും - അതുകൊണ്ട് ജാതിഭ്രഷ്ട് ഇല്ലെന്ന് തീര്‍ച്ചയായിക്കഴിഞ്ഞിരിക്കുന്നു'' എന്നായിരുന്നു ആശാന്റെ നിരീക്ഷണം. ജാതിയുടെ പേരു പറഞ്ഞ് അന്യോന്യം തല്ലാനിറങ്ങിയപ്പോഴാണ് ജാതിഭ്രഷ്ടിന്റെ യുക്തികള്‍ കാലഹരണപ്പെട്ടത്. 'സദാചാരപ്പോലീസു' കളിക്കാനുളള മനോഭാവത്തെ ചരിത്രത്തിന്റെ ഷോക്കേസിലേയ്ക്കു മാറ്റുന്നതിലും 'എല്ലു നുറുങ്ങുന്ന തല്ലു'കള്‍ക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനുണ്ട്.
ചുംബനസമരം അത്തരമൊരു മുഖമടച്ച പ്രഹരമായിരുന്നു. അതു സൃഷ്ടിച്ച അലയൊലികള്‍ ഹൈദരാബാദിലേയ്ക്കും കൊല്‍ക്കൊത്തയിലേയ്ക്കുമൊക്കെ പടര്‍ന്നു. സദാചാരപ്പോലീസിനെതിരെ അഖിലേന്ത്യാവ്യാപകമായ പ്രക്ഷോഭത്തിന് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സജ്ജമായി. സദാചാരപ്പലീസിംഗിനെതിരെ പിണറായി വിജയന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് നവോത്ഥാനകേരളം കാതോര്‍ത്തിരുന്ന പ്രതികരണമായി. ഡിവൈഎഫ്‌ഐയുടെ പ്രാദേശികപ്രവര്‍ത്തകരുടെ പേരില്‍ ആരോപിക്കപ്പെട്ട സദാചാരപ്പോലീസുകളിക്കെതിരെ എം ബി രാജേഷിന്റെ തുറന്ന വിമര്‍ശനമുണ്ടായി. സംഘപരിവാര്‍ മനോഭാവത്തിനെതിരെ കോഴിക്കോട്ട് ഡിവൈഎഫ്‌ഐ സ്‌നേഹശൃംഖലയൊരുക്കി. ചുംബനസമരത്തിനെതിരെ രംഗത്തുവന്ന കെഎസ്‌യുവിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വി ടി ബലറാം ചൊരിഞ്ഞ വിമര്‍ശനവും തുടര്‍ചലനങ്ങളുണ്ടാക്കി.
ക്ഷേമസൂചികകളിലും സാമൂഹ്യപുരോഗതിയിലും സംഘടിതമായ അവകാശപോരാട്ടങ്ങളിലുമൊക്കെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണ് കേരളം. പക്ഷേ, ലിംഗനീതിയില്‍ ഇന്ത്യയിലെ പൊതുസ്ഥിതിയില്‍ നിന്ന് ഏറെയൊന്നും ഭേദമല്ല. ലിംഗം പേറുന്നവന്റെ നീതി തന്നെയാണ് ഇവിടെയും നടപ്പാകുന്നത്! നവോത്ഥാന മുന്നേറ്റങ്ങളുടെ അടുത്ത ലക്ഷ്യമാകേണ്ടത് സ്ത്രീപുരുഷ ബന്ധത്തിലുളള ആരോഗ്യകരമായ പരിവര്‍ത്തനമാണ്. അതു സാധ്യമാകണമെങ്കില്‍ സംഘപരിവാര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്രിയാര്‍ക്കിയുടെ രാഷ്ട്രീയത്തിനെതിരെയുളള സമരം നാനാമുഖങ്ങളിലൂടെ വികസിക്കണം. നവോത്ഥാനപാരമ്പര്യങ്ങളെ പിന്‍പറ്റുന്ന എല്ലാവരും അണിനിരക്കുന്ന പ്രസ്ഥാനം രൂപപ്പെടണം. ഒരു ചെറുസംഘമുണ്ടാക്കിയ ചുംബനസമരത്തിന് സംവാദങ്ങളുടെയും സംഘര്‍ഷത്തിന്റെയും ആവേശകരമായ വേലിയേറ്റം സൃഷ്ടിക്കാനാകുമെങ്കില്‍, ഒരു മഹാപ്രസ്ഥാനം നേതൃത്വം നല്‍കുന്ന 'ചുംബനലഹള'യുണ്ടാക്കുന്ന പ്രകമ്പനങ്ങള്‍ വിവരണാതീതമായിരിക്കും. നവോത്ഥാന പ്രക്ഷോഭങ്ങളുടെ നേരവകാശികളായ കേരളത്തിലെ യുവത ഇന്നല്ലെങ്കില്‍ നാളെ ആ ലഹള നടത്തുക തന്നെ ചെയ്യും.
അവലംബം:
1. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പി ഭാസ്‌കരനുണ്ണി, കേരള സാഹിത്യ അക്കാദമി
2. കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, പി. ഭാസ്‌കരനുണ്ണി, കേരള സാഹിത്യ അക്കാദമി
3. 1988ലെ നവയുഗം വാര്‍ഷികപതിപ്പില്‍ പവനന്‍ എഴുതിയ ''അയ്യപ്പന്റെ ആദ്യസമരം'' എന്ന ലേഖനം.
No comments:
Post a Comment