(ചാലക്കുടിപ്പുഴയിലെ പിരാനകള്‍ എന്ന ലേഖനത്തിന്റെയും ദേവന്റെ നേതൃത്വത്തില്‍ നടന്ന മത്സകേരളം പ്രോജക്ടിന്റെയും പശ്ചാത്തലത്തില്‍ എഴുതിയത്... ))
"വിക്കി ലീക്സ് യുഗത്തിൽ കുറച്ച് പരിസ്ഥിതി പ്രവർത്തകരുടെ ഒറ്റപ്പെട്ട ഒച്ചകളെ കക്ഷി രാഷ്ട്രീയത്തിന്റേയും ആൾക്കൂട്ട ആരവങ്ങളുടേയും മറവിൽ കാര്യങ്ങളുടെ നിജസ്ഥിതിയായി അവതരിപ്പിക്കുകയും സാംസ്കാരിക നായകന്മാരായി ചമയുന്നവർ യഥാർത്ഥ വിവരങ്ങൾ വളച്ചൊടിക്കകയും ചെയ്യുമ്പോൾ അവിടെ ഫാസിസത്തിന്റെ കനത്ത ഗന്ധം പരക്കുന്നുണ്ട്". - ("ചാലക്കുടിപ്പുഴയിലെ പിരാനകള്‍ " എന്ന ലേഖനത്തില്‍ ഇഞ്ചിപ്പെണ്ണ്)പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കപ്പെട്ട വാദത്തിന്റെ, ആശയത്തിന്റെ, നിലപാടിന്റെ മറുവശം അന്വേഷിച്ചറിയാന്‍ നടത്തിയ പരിശ്രമത്തില്‍ നിന്ന് ഫാസിസത്തിന്റെ കനത്ത ഗന്ധമല്ല, ജനാധിപത്യസ്വാതന്ത്ര്യത്തിന്റെ പരിമളമാണ് പരക്കുന്നത് എന്ന് തിരിച്ചറിയണമെങ്കില്‍ തലച്ചോറില്‍ വിവേകത്തിന്റെ തരിമ്പെങ്കിലും ഉണ്ടാകണം. ചാലക്കുടിപ്പുഴയിലെ പിരാനകള്‍ എന്ന ലേഖനം അദമ്യമായ സത്യാന്വേഷണ ത്വരയില്‍ നിന്നല്ല, അസഹ്യമായ അസഹിഷ്ണുതയില്‍ നിന്നാണ് പിറവി പൂണ്ടതെന്ന വസ്തുതയാണ് മുകളിലെ ഉദ്ധരണിയില്‍ കിടന്നു നിലവിളിക്കുന്നത്. തിളച്ചുതൂവി പതഞ്ഞൊഴുകുന്ന സ്വന്തം അസഹിഷ്ണുതയുടെ വെറി മറച്ചു പിടിക്കാന്‍ തനിക്കിഷ്ടമില്ലാത്തതു പറയുകയും എഴുതുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ ഫാസിസ്റ്റ് മുദ്രയടിച്ച് ആര്‍പ്പുവിളിച്ചാല്‍ മതിയെന്ന അതിബുദ്ധിയ്ക്ക് കോപ്പി റൈറ്റ് ഉണ്ടോ ആവോ? വിക്കി ലീക്‌സ് യുഗം, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഒറ്റപ്പെട്ട ഒച്ച, ആള്‍ക്കൂട്ട ആരവം, കാര്യങ്ങളുടെ നിജസ്ഥിതി, സാംസ്‌ക്കാരിക നായകരായി ചമയുക, യഥാര്‍ത്ഥ വിവരങ്ങള്‍ വളച്ചൊടിക്കുക, ഫാസിസം, കനത്ത ഗന്ധം എന്നിങ്ങനെ നാമവും ക്രിയയും വിശേഷണവുമൊക്കെ കുത്തിത്തിരുകി പടച്ചിറക്കിയ വാചകം സൂക്ഷിച്ചു പരിശോധിക്കുക. സാമാന്യബുദ്ധിയെന്ന മര്‍ത്ത്യസവിശേഷതയെ കഴുത്തു ഞെരിച്ചു കൊന്ന് നവദ്വാരങ്ങളിലും പഞ്ഞി തിരുകി കിടത്തിയിരിക്കുന്നത് നേരിട്ടു കാണാം.
തനതു മത്സ്യസമ്പത്ത് നശിപ്പിക്കാന്‍ പദ്ധതി എന്ന ഹരീഷിന്റെ വാര്‍ത്തയുടെ പ്രതികരണമായി സ്വസഹോദരനും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ റിട്ടയേഡ് അഡീഷണല്‍ ഡയറക്ടറുമായ പ്രസാദ് ചന്ദ്രന്‍ പിളളയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ ദേവാനന്ദ് പിളള എഴുതിയ മത്സ്യകേരളം എന്ന കുറിപ്പാണ് ചാലക്കുടിപ്പുഴയിലെ ഇല്ലാത്ത 'പിരാന'യെ ഇന്റര്‍'നെറ്റി'ല്‍ കുടുക്കിയത്.
"ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളെ"ന്ന ടിപ്പണിയോടെ ഹരീഷ് അവതരിപ്പിച്ച ആരോപണങ്ങളുടെ മറുവശം ദേവന്‍ അവതരിപ്പിച്ചിരിക്കുന്നതിനെ "പിരാന കരണ്ട തലച്ചോര്‍" ഇങ്ങനെയാണ് വിശേഷിപ്പിച്ചത്:
''ഒറ്റപ്പെട്ട സ്വരങ്ങളെ കൂട്ടത്തോടെ അപഹസിക്കാനും ആക്ഷേപിക്കാനും അവര്‍ പറയുന്നത് സമര്‍ത്ഥമായി വളച്ചൊടിക്കാനും ബ്ലോഗുകളില്‍ സ്വയം ആള്‍ദൈവങ്ങളായി അവരോധിച്ചിരിക്കുന്നവര്‍ തുനിഞ്ഞിറങ്ങിയാല്‍ അതു തീര്‍ത്തും ആശങ്കാജനകമാണ്''.
ബ്ലോഗുകളില്‍ ആരൊക്കെയോ ആള്‍ദൈവങ്ങളായി സ്വയം അവരോധിച്ചിരിക്കുകയാണത്രേ. അവരങ്ങനെ പൂജയും പൂമാലയും ഏറ്റുവാങ്ങി ആള്‍ദൈവങ്ങളായി വിലസുന്നതില്‍ പ്രശ്‌നമൊന്നുമില്ല. പക്ഷേ, സംഘം ചേര്‍ന്ന് ആരെയെങ്കിലും "അപഹസി"ക്കുന്നതും "ആക്ഷേപി"ക്കുന്നതും കാര്യങ്ങള്‍ "സമര്‍ത്ഥമായി വളച്ചൊടിക്കുന്നതു"മാണ് "തീര്‍ത്തും ആശങ്കാജനക"മാകുന്നത്. സൈബര്‍ ലോകത്ത് ഒരാല്‍ത്തറ കെട്ടി പുലിത്തോല്‍ വിരിച്ച് വെറുതെയിരിക്കുകയാണെങ്കില്‍ ആരെങ്കിലും ആള്‍ദൈവങ്ങളാകുന്നതില്‍ വിരോധമൊന്നുമില്ല. മിസ്റ്റര്‍ ആള്‍ദൈവങ്ങളെല്ലാം കൂടി കൊടിയും പിടിച്ച് "ആക്ഷേപി"ക്കാനും "അപഹസി"ക്കാനും തുനിഞ്ഞാല്‍ പാവങ്ങളീ ഞങ്ങളെന്തു ചെയ്യും. "ആക്ഷേപി"ക്കലും "അപഹസി"ക്കലും "വളച്ചൊടിക്കലു"മൊക്കെ തങ്ങള്‍ക്കു മാത്രം കരമൊഴിവായി പതിച്ചു കിട്ടിയതല്ലേ.
റിസര്‍വോയറുകളില്‍ മത്സ്യം നിക്ഷേപിക്കുന്നതു സംബന്ധിച്ച് ദേവന് , പ്രസാദ് ചന്ദ്രനോട് ചോദിച്ച പത്തൊമ്പതു ചോദ്യങ്ങളോ അവയുടെ ഉത്തരങ്ങളോ പരിസ്ഥിതിയെക്കുറിച്ച് ആരെങ്കിലും പുറപ്പെടുവിച്ച ആശങ്കകളെയും വേവലാതികളെയും ഒരുവിധത്തിലും ആക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നില്ല. ദേവന്റെ സംശയങ്ങള്‍ ദേവന്‍ ചോദിച്ചു, തനിക്കറിയാവുന്ന ഉത്തരങ്ങള്‍ പ്രസാദ് ചന്ദ്രന്‍ പറഞ്ഞു. വായനക്കാരില്‍ പിന്നെയും സംശയം അവശേഷിക്കുന്നുണ്ടെങ്കില്‍, സ്വന്തം നിലയില്‍ സംശയ നിവൃത്തി വരുത്താന്‍ ഇന്റര്‍നെറ്റു പോലെ സഹായകരമായ മാധ്യമം വേറെയില്ല. അതിനുളള ശ്രമങ്ങള്‍ ആശയസംവാദത്തിന്റെ ജനാധിപത്യമുഖം കൂടുതല്‍ വിശാലവും വിപുലവുമാക്കും. പക്ഷേ, സത്യസന്ധമായും ഉത്തരവാദിത്തബോധത്തോടെയും വസ്തുതാന്വേഷണം നടത്താനും വിശദമായ വിശകലനത്തിനു ശേഷം അതു പ്രസിദ്ധീകരിക്കാനും അതുവഴി ഗൗരവമുളള പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പ്രകോപനവും പ്രചോദനവുമാകാനും എല്ലാവര്‍ക്കും കഴിയണമെന്നില്ലല്ലോ!
സംശയനിവൃത്തി തേടിയ ദേവന്റെ ശ്രമങ്ങളെ "ആരെയൊക്കെയോ അപഹസിക്കാനും ആക്ഷേപിക്കാനുമുളള ശ്രമമായി" ഇകഴ്ത്താനും പുച്ഛിക്കാനും പകയുടെ ഉഷ്ണപ്പുണ്ണു പിടിച്ച മനസിനേ കഴിയൂ. ദേവന്‍ "ആള്‍ദൈവ"മാണു പോലും!. ദേവനെപ്പോലെ വേറെയും "ആള്‍ദൈവ"ങ്ങളുണ്ടു പോലും! അവരൊക്കെ എഴുതുന്നതും അഭിപ്രായം പറയുന്നതും ആര്‍ക്കൊക്കെയോ "ആശങ്കാജനക"മാണു പോലും! തെളിമയുളള സംവാദങ്ങള്‍ക്കു വേണ്ടിയുളള ആത്മാര്‍ത്ഥമായ ഇടപെടലുകളെ നീചമായി അടയാളപ്പെടുത്തണമെങ്കില്‍ വിദ്വേഷത്തിന്റെ കാളകൂടം തലച്ചോറില്‍ എത്ര "ഏക്കറില്‍" പരന്നു നീലിച്ചുവെന്നാലോചിക്കുക.
ഹരീഷ് നടത്തിയ "ഞെട്ടിപ്പിക്കുന്ന" വെളിപ്പെടുത്തലുകളുടെ മറുവശം തേടിയിറങ്ങുമ്പോള്‍ ഒരു "പിരാന" ഇങ്ങനെ വാ പിളര്‍ന്നു വരുമെന്ന് ദേവന്‍ നിനച്ചിരുന്നോ ആവോ? ഏഴാംകടലിനക്കരെ ഏഴിലംപാലയില്‍ അധിവസിച്ച് "ഒറ്റപ്പെട്ട സ്വരം കൊണ്ട് ബ്ലോഗിനെ ആകര്‍ഷക"മാക്കൊണ്ടിരിക്കുന്ന "പരിശുദ്ധ പരിസ്ഥിതി പ്രേമ"ത്തിന്റെ സൈബര്‍ മൂര്‍ത്തിയെ വേണ്ടവിധം പ്രസാദിപ്പിച്ചു വേണം, തന്റെ സഹോദരനോട് പോലും ചോദ്യോത്തരപംക്തി കളിക്കാവൂ എന്ന സത്യം ദേവന് അറിയാതെ പോയി. ദേവന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിലുളള ഉഗ്രകോപം സഹിക്കാതെ മൂര്‍ത്തി നടത്തിയ താണ്ഡവം നാലുകെട്ടും പടിപ്പുരയുമടക്കം തകര്‍ത്തു തരിപ്പണമാക്കുമെന്ന് വന്നപ്പോഴാണ് ചാത്തന്മാര്‍ നട്ടപ്പാതിരായ്‌ക്കൊരു തോണിയും സംഘടിപ്പിച്ച് ചാലക്കുടിപ്പുഴയില്‍ തുഴഞ്ഞെത്തി പാവം പിരാനയെ ചൂണ്ടയില്‍ കുടുക്കിയത്. ഒരു ചാറ്റ് ബോക്‌സ് പറന്നിറങ്ങുന്ന വേഗത്തില്‍ പിരാന അമേരിക്കയിലെത്തിയപ്പോള്‍ ദേവനോടുളള കോപം പ്രകൃതിയുടെ പരിശുദ്ധി നിലനിര്‍ത്താനുളള വെമ്പലായി രൂപം മാറി. ബദലുക്കു ബദല്‍ അഭിമുഖം എന്ന ആശയം അങ്ങനെയാണ് രൂപപ്പെട്ടത്. ദേവന്‍ തൊടുത്തത് ഒന്നെങ്കില്‍ ഒറ്റവില്ലില്‍ നിന്ന് നാലെണ്ണം തിരിച്ചു പാഞ്ഞു.
ദേവന്റെ അഭിമുഖം സൃഷ്ടിച്ച ഇരിക്കപ്പൊറുതിയില്ലായ്മ വ്യാകരണപ്പിശകേതുമില്ലാതെ ബദല്‍ മുഖാമുഖത്തില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ടത്.
ഹരീഷിന്റെയും ദേവന്റെയും അഭിപ്രായങ്ങളില്‍ പരസ്പരവിരുദ്ധമായ പലതുമുണ്ടായിരുന്നതിനാല്‍ സ്വന്തമായ അന്വേഷണം നടത്തിയേ തീരൂ എന്നായി. .... ഹരീഷ് ഒരുപാടു കാര്യങ്ങള്‍ കൃത്യമായ ലിങ്കുകളോ പഠനങ്ങളോ നല്‍കാതിരിക്കുന്നതിന്റെ അവ്യക്തത നീക്കാനെന്ന മട്ടില്‍ ദേവാനന്ദ് പിളള സഹോദരനായ റിട്ടയേഡ് ഫിഷറീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചത് പബ്ലിഷ് ചെയ്തതു വഴി എന്തെങ്കിലും തെളിവോ കാര്യങ്ങള്‍ വ്യക്തമാവുകയോ ചെയ്തില്ല.അതാണ് കാര്യമെങ്കില്‍ അതിലല്‍പം വസ്തുതയുണ്ട്. വിദേശമത്സ്യങ്ങളെയൊന്നും വളര്‍ത്തുന്നില്ലെന്നും റിസര്‍വോയറുകളില്‍ ഇന്ത്യന്‍ കാര്‍പ്പുകളെ വളര്‍ത്തുന്ന പരിപാടി ദേവന്‍ ജനിക്കുന്നതിനു 20 കൊല്ലം മുമ്പേ വളര്‍ത്തുന്നുണ്ടെന്നുമാണ് പ്രസാദ് ചന്ദ്രന്‍ പറയുന്നത്. 20 കൊല്ലം മുമ്പേ റിസര്‍വോയറില്‍ വളര്‍ത്തിയ മീനിന്റെയോ അതുപിടിച്ചു പൊരിച്ചു തിന്ന ആളിന്റെയോ വിവരങ്ങളോ ചിത്രമോ ഒന്നും പ്രസാദ് ചന്ദ്രന്‍ നല്‍കിയിട്ടില്ല. മാത്രവുമല്ല, റിസര്‍വോയറില്‍ മീന്‍ നിക്ഷേപിച്ച് കൃത്യം 20 കൊല്ലം കഴിഞ്ഞാണ് ദേവന്‍ ജനിച്ചത് എന്നു തെളിയിക്കുന്ന ഒരു തെളിവും പ്രസാദ് ചന്ദ്രന്‍ ഹാജരാക്കുന്നില്ല. ഒന്നൊന്നര ചെയ്ത്തല്ലേ അത്... കാര്യങ്ങള്‍ തെളിവു സഹിതം ബോധ്യപ്പെട്ടാലല്ലേ അവ്യക്തത നീക്കാന്‍ പറ്റൂ. ഇത്തരം കാര്യങ്ങള്‍ മറച്ചുവെയ്ക്കുന്നതു വഴിയല്ലെങ്കില്‍ പിന്നെ മറ്റെങ്ങനെയാണ് ഫാസിസം പരക്കുന്നത്?
ഒരാള്‍ പറഞ്ഞതില്‍ തെളിവൊന്നുമില്ലേ എന്നു നിലവിളിച്ച് നാലു പേരെ ഇന്റര്‍വ്യൂ ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ സാഹസത്തിന്റെ അന്ത്യം ഏതു തെളിവുകളുടെ സമാഹാരത്തിലാണ് ഒടുങ്ങിയത് എന്നുംകൂടി അറിയുമ്പോഴാണ് ശത്രുക്കള്‍ക്കു പോലും ഈ ഗതി വരുത്തരുതേ എന്നു നാം നിലവിളിച്ചു പോകുന്നത്. "ചാലക്കുടിപ്പുഴയിലെ പിരാന"യെ കണ്‍കുളിര്‍ക്കെ കണ്ട് പിഎച്ച്ഡിക്കാരന്‍ ശാസ്ത്രജ്ഞനടക്കം മൂന്നു അഭിമുഖദായകര്‍ മത്സ്യകേരളം പദ്ധതി പരിസ്ഥിതിയ്ക്കാപത്ത് എന്ന് അലറിവിളിക്കുന്നുണ്ട്. പക്ഷേ, തങ്ങളുടെ വാദം സമര്‍ത്ഥിക്കാന്‍ ഒരു പഠന റിപ്പോര്‍ട്ടുപോലും അവര്‍ തെളിവായി നല്‍കുന്നില്ല. ആഴമേറിയ ഗവേഷണപഠനങ്ങള്‍ സംശയരഹിതമായി വെളിപ്പെടുത്തിയ വസ്തുതകളാണോ, സ്വന്തം മുന്‍വിധിയില്‍ വേവിച്ചെടുത്ത രാഷ്ട്രീയനിരീക്ഷണങ്ങളാണോ അവര്‍ വെളിപ്പെടുത്തുന്നത് എന്ന് സംശയിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ലിങ്കോ, സൂചനയോ ഒന്നും ആ അഭിമുഖാഭാസത്തിലില്ല.
റിസര്‍വോയര്‍ ഫിഷറീസ്, ഇന്ത്യ എന്ന് വെറുതെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്, യുഎന്നിന്റെ ഫൂഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സൈറ്റിലെ ഡോ. വി. വി. സുഗുണന്റെ വക വിശദമായ ടെക്‌നിക്കല്‍ പേപ്പറാണ്. പിരാനയുടെ പോക്കറ്റിലെ വിദഗ്ധപ്പട്ടികയിലെ പ്രമുഖരായ ഡോ. ഷാജിയും ഡോ. ബിജു കുമാറും ഇങ്ങനെയൊരു പേപ്പറിനെക്കുറിച്ചു മിണ്ടുന്നു പോലുമില്ല.
ഡോ. ബിജു പറഞ്ഞത് ഇങ്ങനെ -
ഇന്ത്യന്‍ കാര്‍പ്പിനെ വനമേഖലകളില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചോ മറ്റോ കേരളത്തിലോ ഇന്ത്യയിലോ മറ്റോ ആധികാരികമായി ഒരു പഠനവും ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ ലൊക്കേഷന്‍ മാറി പുതിയ തരം മീനുകളെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. അവ തനതു മത്സ്യസമ്പത്തു ശോഷിച്ചു എന്നു തന്നെയാണ് സൂചിപ്പിക്കുന്നതും.ഡോ. ഷാജി പറഞ്ഞത് -
തേക്കടിയില്‍ യൂറോപ്യന്‍ കാര്‍പ്പിനെ സംബന്ധിച്ച് എല്‍. കെ. അരുണ്‍ 98ല്‍ ഒരു പഠനം നടത്തിയതു പ്രകാരം തനതു മത്സ്യങ്ങളുടെ പോപ്പുലേഷന്‍ ശോഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ കാര്‍പ്പു വിഭാഗത്തില്‍ ഇതിനു വേണ്ടിയോ ഇതിനെതിരെയോ പഠനങ്ങള്‍ നടന്നിട്ടില്ല.
എൻ.വി. ത്രിവേദി ബാബു പറയുന്നു...
അതേസമയം ഇവയെ നിക്ഷേപിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുമെന്നുളള ശാസ്ത്രീയ പഠനങ്ങളും മറ്റു വിദഗ്ധാഭിപ്രായങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.യഥാര്‍ത്ഥമായ ജിജ്ഞാസയുടെ പെരുപ്പ് തലച്ചോറിലുണ്ടെങ്കില്‍ ആരും ത്രിവേദിയോട് ചില ചോദ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ആരു നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍? ആരൊക്കെയാണ് ഈ വിദഗ്ധര്‍? എന്താണ് കൂടുതല്‍ വിശദാംശങ്ങള്‍.. എവിടെ കിട്ടും ഈ പഠനറിപ്പോര്‍ട്ട്? നെറ്റിലുണ്ടോ, ലിങ്കു തരാമോ.... സ്വാഭാവികമായ ചോദ്യങ്ങള്‍ ചോദിക്കുകയോ സത്യസന്ധമായി വിവരം ശേഖരിക്കുകയോ അല്ലല്ലോ ഈ ഡപ്പാംകുത്തിന്റെ ലക്ഷ്യം.. വാ പിളര്‍ന്ന പിരാനയുടെ അണ്ണാക്കില്‍ നിന്നും തെറിച്ചു വീണ പഴയൊരു നിഗമനം തേച്ചു കഴുകിയാല്‍ ഇങ്ങനെ തിരുത്താം...
അവ്യക്തത നീക്കാനെന്ന മട്ടില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ത്രിവേദി ബാബുവിനോട് സംസാരിച്ചത് പബ്ലിഷ് ചെയ്തിട്ട് എന്ത് അവ്യക്തതയാണ് പണ്ടാരമടങ്ങിയത്?യഥാര്‍ത്ഥത്തില്‍ ദേവന്‍ പ്രസിദ്ധീകരിച്ച ചോദ്യോത്തര പംക്തിയ്ക്കു മുമ്പേ പിരാന കൊമ്പല്ലു രാകുന്നുണ്ടായിരുന്നു എന്നതിന് ലേഖനത്തില്‍ വേറെ തെളിവുണ്ട്. ആള്‍ദൈവങ്ങള്‍, ആരവങ്ങള്‍, ആക്ഷേപം, പരിഹാസം എന്നീ ഒളിയമ്പുകളുടെ ഉന്നം ദേവന്‍ മാത്രമല്ലെന്ന് തെളിയിക്കുന്ന വാചകങ്ങള്‍ ഇതാ...
ഗോക്രിയെ ശാസ്ത്രീയമായി പൊളിച്ചടുക്കാന്‍ സാക്ഷ്യം വഹിച്ച നമ്മള്‍ യാതൊരുവിധ തെളിവോ പഠനമോ ഇല്ലാതെ എങ്ങനെ ഒരു സര്‍ക്കാര്‍ റിട്ടയേഡ് ഉദ്യോഗസ്ഥന്‍ പറയുന്നതിലേയ്ക്കു വിശ്വസിപ്പിക്കാന്‍ കാര്യങ്ങള്‍ കൊണ്ടുവരുന്നു. (എന്തെരു സ്ട്രക്ചറെന്റമ്മച്ചീ (വാചകത്തിന്റെ)) വര്‍ഷങ്ങളായി അതേ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന ഒരാള്‍ സ്വന്തം വകുപ്പു ചെയ്തത് ശരിയല്ലായിരുന്നു എന്നു പറയുമോ? അതോ ചോദ്യത്തിലും ഉത്തരത്തിലും വസ്തുതാപരമായ തെറ്റുകള്‍ വരുത്താതെ വിദഗ്ധമായ ചോദ്യങ്ങളിലൂടെ വസ്തുതകളെ വളച്ചൊടിക്കലാണോ ദേവാനന്ദ് പിളളയുടെ ഇന്റര്‍വ്യൂവില്‍ നടന്നത്. ഗോക്രിയെ പൊളിച്ചടുക്കാന്‍ ഗോക്രിയുടെ ആശ്രമത്തിലൊരാളെ വിളിച്ച് നിങ്ങള്‍ ചെയ്യുന്നത് ഗോക്രിസമാണോ എന്നു ചോദിക്കുകയും അല്ല എന്നുത്തരം കിട്ടുകയും ചെയ്യുന്നതല്ലേ ഗോക്രിത്തരം. ഇങ്ങനെയുളള ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ നിന്നാണീ പോസ്റ്റിന്റെ ഉത്ഭവം.ഒരിക്കലും ഉത്തരം കിട്ടില്ലെന്നുറപ്പുളള വിഡ്ഢിച്ചോദ്യങ്ങള്‍ സ്വയം ചോദിക്കാനും അതിന്റെ പിറകെ അന്വേഷണവുമായി ഇറങ്ങാനും ആര്‍ക്കും അവകാശമുണ്ട്. ആ പോക്കില്‍ "ഗോക്രി"യുടെ ആശ്രമത്തിലൊരാളെ വിളിച്ച് നിങ്ങള്‍ ചെയ്യുന്നത് "ഗോക്രിസ"മാണോ എന്നു ചോദിച്ചാല്‍ അയാള്‍ ഒന്നുകില്‍ വാ പൊളിക്കുകയോ അല്ലെങ്കില്‍ തളളയ്ക്കു വിളിക്കുകയോ ചെയ്യുമെന്ന് തിരിച്ചറിയാനുളള വളര്‍ച്ച തലച്ചോറില്ലെന്നും വ്യക്തം. പക്ഷേ, "ചോദ്യത്തിലും ഉത്തരത്തിലും വസ്തുതാപരമായ തെറ്റുകള്‍ വരുത്താതെ വിദഗ്ധമായ ചോദ്യങ്ങളിലൂടെ വസ്തുതകളെ വളച്ചൊടിക്കുന്ന" ഒരേര്‍പ്പാട് ഉണ്ടെന്ന് ലോകത്തിനു ബോധ്യപ്പെടുത്തുന്നത് ഒരുപക്ഷേ ഈ ലേഖനമായിരിക്കും. വസ്തുതകളെ ദുര്‍വ്യാഖ്യാനം ചെയ്ത് വളച്ചൊടിക്കുന്നതാണ് പൊതുവേ കണ്ടുവരുന്ന അംഗീകൃത കലാപാരിപാടി. പക്ഷേ ചോദ്യത്തിലും ഉത്തരത്തിലും വസ്തുതാപരമായ ഒരു തെറ്റും വരുത്താതെ വസ്തുതകളെ വളച്ചൊടിക്കാമത്രേ! ചെമ്പരത്തിപ്പൂവ് തിരയാന്‍ പ്രേരിപ്പിക്കുന്ന മൊഴിമുത്തുകള്‍ തട്ടിവിടുന്നതും ഒരു കഴിവു തന്നെയാണ്.
ഒരു ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്നയാള്‍ ആ ഡിപ്പാര്‍ട്ടുമെന്റു ചെയ്യുന്ന കാര്യം നല്ലതെന്നു പറയുമോ എന്നാണ് ഗമണ്ടന്‍ ചോദ്യം. എന്നുവെച്ചാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ വകുപ്പിനെ സംബന്ധിച്ച് പറയുന്നതൊന്നും വിശ്വസിക്കാന്‍ തരമില്ല. ഈ ചോദ്യം നമ്മോടു ചോദിച്ച പരിശുദ്ധപരിസ്ഥിതി പ്രേമത്തിന്റെ സൈബര്‍ മൂര്‍ത്തി അഭിമുഖവധത്തിന് തിരഞ്ഞെടുത്തവരുടെ പട്ടിക നോക്കുക. ആദ്യത്തെ നിര്‍ഭാഗ്യവാന്റെ പേര് എന്‍ നാരായണന്‍ നമ്പൂതിരി ആള്‍, ഫിഷറീസ് വകുപ്പില്‍ ജോയിന്റ് ഡയറക്ടര്‍.
റിട്ടയേഡ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പറയുന്നത് വിശ്വാസയോഗ്യമല്ലെന്ന് സിദ്ധാന്തിച്ച ശേഷം അതേവകുപ്പിലെ ജോയിന്റ് ഡയറക്ടറെ അഭിമുഖിക്കുന്ന ഉളുപ്പില്ലായ്മയെ സഭ്യത ചോരാതെ വിശേഷിപ്പിക്കുക ബുദ്ധിമുട്ടാണ്. എന്തോരം ചോദ്യങ്ങള്‍... എന്തോരം ഉത്തരങ്ങള്‍... എന്തു തെളിയിക്കാനാണോ ആവോ...?
അവസാനത്തെ ഇര.. എന്‍ വി ത്രിവേദി ബാബു, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്. വനംവകുപ്പ് ഫിഷറീസ് വകുപ്പിന്റെ പദ്ധതിയെ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് എന്തു പ്രസക്തി... നടപ്പാക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ സത്യം പറയില്ല എന്നുറപ്പുണ്ടെങ്കില്‍ ആ പദ്ധതിയെ എതിര്‍ക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥന്‍ സത്യം പറയുമെന്ന് എങ്ങനെ ഉറപ്പിക്കും. വകുപ്പു സര്‍ക്കാരിന്റേതല്ലേ... എതിര്‍ത്താണെങ്കിലും അനുകൂലിച്ചാണെങ്കിലും അവര്‍ പറയുന്നതിന് എന്തു പ്രസക്തി...? ഉത്തരം വ്യക്തം. നമുക്ക് യോജിപ്പുളള അഭിപ്രായം ആരു പറയുന്നോ, അതാണ് സത്യം. ഇവിടെ ഫിഷറീസ് വകുപ്പ് നമ്മുടെ എതിരാളികള്‍. ദേവാനന്ദനും ചേട്ടന്‍ പ്രസാദ് ചന്ദ്രനും പിന്നെ നമ്പൂതിരിയുമൊക്കെ നമ്മുടെ എതിരാളികള്‍. അവര്‍ ഒരിക്കലും സത്യം പറയില്ല. ലിങ്കും കോപ്പുമടക്കം തെളിവുകളൊന്നുമില്ലെങ്കിലും ത്രിവേദിയും ഷാജിയും ബിജുകുമാറും പറയുന്നത് നമുക്കു ബോധിക്കുന്ന കാര്യങ്ങള്‍. അവരോട് വേറെ ചോദ്യമില്ല. അതിന്മേല്‍ സംശയം തീരെയുമില്ല.
ദേവാനന്ദ് പിളള എന്തോ മഹാ അപരാധം ചെയ്തു എന്നു തെളിയിക്കാന്‍ തട്ടിപ്പടച്ച അഭ്യാസം ബൂമറാങ്ങായി പിരാനയുടെ അണപ്പല്ലു തെറിക്കുന്ന ഉജ്വല മുഹൂര്‍ത്തത്തിനും കൂടി നാം സാക്ഷിയാവുന്നതു കാണുക...
എന്റെ അന്വേഷണങ്ങള്‍ വായിക്കുന്നതിനു മുമ്പ് ആദ്യം ചോദിക്കേണ്ടത് എന്താണ് പരിസ്ഥിതി ബോധം എന്നാണ് എന്നു തുടങ്ങുന്ന ഖണ്ഡികയിലെ ചപലമായ വാചാടോപങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു വാചകം കാണാം... ഔപചാരികമായ യാതൊരു ക്വാളിഫിക്കേഷനും അവകാശപ്പെടാനില്ലാത്ത, തൂമ്പാ എടുത്തു കിളയ്ക്കുന്ന സാധാരണ കര്‍ഷകരോടു ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും, എന്താണ് പരിസ്ഥിതി ബോധമെന്ന്...ദേവാനന്ദ് പിളളയെ ഹിറ്റ്‌ലറുടെ സൈബര്‍ പതിപ്പാക്കുക എന്ന ലക്ഷ്യത്തോടെ സകലവൈരാഗ്യവും കൈവിരലുകളില്‍ ആവാഹിച്ച് കീബോര്‍ഡില്‍ മര്‍ദ്ദിക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോയ സത്യം. താഴെ കൊടുത്തിരിക്കുന്ന ചിത്രം കണ്ടാല്‍ ഈ ഒറ്റ ഡയലോഗിനു മുന്നില്‍ നമ്മള്‍ എണീറ്റു നിന്നു കയ്യടിക്കണം. അതിനുശേഷം ഈ ചിത്രം കാണുക.
വാചാലമാണ് ചിത്രം. "ഡിഗ്രികളും മറ്റു മത്താപ്പൂകളും വെച്ചലങ്കരിച്ച മേശപ്പുറങ്ങള്‍ക്കു മുന്നില്‍ ചാരുകസേരയില്‍ ഞെളിഞ്ഞിരിക്കുന്ന" ഡോ. ബിജു കുമാറിനെയും ഡോ. സി. പി. ഷാജിയെയും പോലുളളവരെ വിശ്വസിച്ചാല്‍ അന്നം മുട്ടിപ്പോകുമെന്ന് തിരിച്ചറിയുന്ന പാവങ്ങളാണ് ഈ ചിത്രത്തില്‍. "കുറച്ചു ട്രൈബല്‍സ് മാത്രം" ഉളള സ്ഥലങ്ങളില്‍ റിസര്‍വോയര്‍ ഫിഷിംഗ് വഴി കര്‍ഷകര്‍ക്ക് ഒരു ലാഭവുമുണ്ടാകില്ല എന്നാണ് ഡോ. ബിജു കുമാറിന്റെ വിദഗ്ധമതം. മത്സ്യകേരളം പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരാണ് കര്‍ഷകവേഷത്തില്‍. സര്‍ക്കാര്‍ മത്സ്യകൃഷി നടത്തുമ്പോള്‍ ഏതാനും ഗോത്രവര്‍ഗക്കാര്‍ക്കു മാത്രം മീന്‍ കിട്ടിയാല്‍ പോരല്ലോ. വാലും തലയും വെട്ടി മാറ്റിയാല്‍ നടുക്കണ്ടം നഗരവാസിയ്ക്കു കിട്ടിയില്ലെങ്കില്‍ സംഗതി എങ്ങനെ ലാഭകരമാകും? വികസനം എങ്ങനെ പൂര്‍ണമാകും?
കാട്ടുമക്കള്‍ക്കു മാത്രം പ്രയോജനമുളള പദ്ധതികള്‍ ലാഭകരമല്ലെന്ന ക്രൂരമായ യുക്തി പരസ്യമായി പറയാന്‍ മടിയില്ലാത്ത പരിസ്ഥിതിഭീകരതയുടെ തോളില്‍ കൈയിട്ട് യഥാര്‍ത്ഥ പരിസ്ഥിതി ബോധത്തെക്കുറിച്ചുളള ഗീര്‍വാണങ്ങള്‍ മുഴക്കുന്ന പൈശാചികതയ്ക്കു മരുന്നും ചികിത്സയുമില്ല. തങ്ങളുടെ ജീവിതം കാര്‍ന്നു തുലയ്ക്കാന്‍ രാകി മിനുക്കിയ കൊമ്പല്ലുകളുമായി മലയാളം പറയുകയും എഴുതുകയും ചെയ്യുന്ന പിരാനകള്‍ ഇന്റര്‍നെറ്റില്‍ നീന്തിത്തുടിക്കുന്നുവെന്ന് തിരിച്ചറിയാനുളള സൈബര്‍ ജ്ഞാനം തൂമ്പായെടുത്തു കിളയ്ക്കുന്നവനില്ലാതെ പോയി. അതുണ്ടാകുന്ന ദിവസം, ആറടിയിലൊരു കുഴിയും അതേ തൂമ്പ തന്നെ തീര്‍ക്കും.
ഏതറ്റം വരെയും നീളുന്ന സംവാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും സൈബര്‍ സ്‌പേസ് തുറന്നു തരുന്ന അനന്തമായ സാധ്യതകള്‍ തുല്യമായാണ് വീതിക്കപ്പെടുന്നത്. യഥാര്‍ത്ഥലോകത്ത് ആള്‍ദൈവങ്ങള്‍ അഴിയെണ്ണുന്ന കാലത്ത് സൈബര്‍ ലോകത്ത് ആര്‍ക്കും ആള്‍ദൈവങ്ങള്‍ ചമഞ്ഞ് അധികാരകേന്ദ്രമാകാന്‍ കഴിയില്ല. ഏത് അധികാരകേന്ദ്രത്തെയും യുക്തിവിചാരം കൊണ്ടു കീറിപ്പിളര്‍ക്കാനുളള സ്വാതന്ത്ര്യവും സാധ്യതയും സ്വന്തം കീബോര്‍ഡില്‍ കുടിയിരിക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്നവര്‍ക്ക് ആള്‍ദൈവങ്ങളാകാനോ അവരെ അംഗീകരിക്കാനോ കഴിയില്ല.
വസ്തുത അതായിരിക്കെ, ചാലക്കുടിപ്പുഴയിലെ പിരാനകള്‍ എന്ന ലേഖനം ചൊരിയുന്ന നിലവിളിയുടെ മനശാസ്ത്രം പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയസംവാദങ്ങളില്‍ വിമര്‍ശനവും പ്രതിവിമര്‍ശനവും സ്വാഭാവികമാണെന്നിരിക്കെ, അതിനുളള സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമാണെന്നിരിക്കെ, തങ്ങള്‍ അവതരിപ്പിക്കുന്ന വസ്തുതകള്‍ ശരിയാണോ എന്നു പരിശോധിക്കാനുളള ശ്രമത്തില്‍ നിന്ന് ഫാസിസ്റ്റ് ഗന്ധം പരക്കുന്നുവെന്ന പരാതി ഒട്ടും നിഷ്‌കളങ്കമല്ല. വസ്തുതകള്‍ അന്വേഷിക്കാനും അറിഞ്ഞതു പറയാനും സംഘടിതമായി ശ്രമിക്കുന്നത് പാപമൊന്നുമല്ല. എന്നാല്‍ അത്തരം ചില ഭീതികള്‍ പണ്ടുണ്ടായിരുന്നു എന്നത് വാസ്തവമാണ്..
ചിലവേളകളില്‍ കൂട്ടംകൂടി
ചിലര്‍ പോകുന്നതു കാണുമ്പോള്‍
സമുദായത്തിലെ മേല്‍പന്തികളില്‍
ക്ഷമകേടൊരു കരിനിഴല്‍ വീശും എന്ന് വയലാര്‍ വരച്ചിട്ട ഭീതിയ്ക്കു സമാനമാണ് ഇല്ലാത്ത "പിരാന"യെ പൊക്കിപ്പിടിച്ചുളള ഫാസിസ്റ്റ് ഉമ്മാക്കി കാണിക്കല്‍.
ഇന്റര്‍നെറ്റില്‍ ഇടതുപക്ഷം സംഘം ചേര്‍ന്നു നടത്തുന്ന ആശയപ്രചാരണം ആരിലെങ്കിലും ക്ഷമകേടിന്റെ കരിനിഴല്‍ വീഴ്ത്തുന്നുണ്ടെങ്കില്‍ അതിനു മരുന്നൊന്നുമില്ല. എന്തോ മഹാകാര്യം ചെയ്തുവെന്ന മട്ടില്‍ കെട്ടിപ്പൊക്കുന്നതു പലതും പ്രത്യാക്രമണത്തില്‍ തകര്‍ന്നു വീഴുന്നത് പലരിലും വലിയ മാനസികാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ആള്‍ദൈവമോ ദേവതയോ ആയി ആഘോഷിക്കപ്പെടാനുളള മോഹം തകരുമ്പോഴുണ്ടാകുന്ന നൈരാശ്യം ആ മോഹം വെച്ചുപുലര്‍ത്തുന്നവര്‍ക്കേ സത്യസന്ധമായി ആവിഷ്‌കരിക്കാന്‍ കഴിയൂ. അത്തരം മോഹങ്ങളുടെ പല്ലക്കിലിരുന്നാണ് താന്‍ ബ്ലോഗെഴുതുന്നത് എന്ന തുറന്നു പറച്ചിലാണ്, ദേവനെ ആള്‍ദൈവമാക്കി പ്രതിഷ്ഠിക്കാനുളള വിഫലമായ പരിശ്രമത്തില്‍ നിന്നും പ്രതിദ്ധ്വനിക്കുന്നത്. വിമര്‍ശനവും പ്രതികരണവും മൃദുലാവയവങ്ങളിലുളള മയില്‍പ്പീലിത്തഴുകലാകണമെന്ന ആള്‍ദേവതാമോഹത്തോട് ആരും കലഹിക്കേണ്ട കാര്യമൊന്നുമില്ല. ആ മോഹത്തിന്‍റെ നിര്‍വഹണച്ചുമതല സ്വന്തം ആരാധകര്‍ക്കു വീതിച്ചു നല്‍കാനുളള വകതിരിവ് ബന്ധപ്പെട്ടവര്‍ക്കുണ്ടായാല്‍ മതി.
രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് വിക്കി ലീക്‌സ് യുഗത്തില്‍ ആയുസ് അധികമില്ല. പ്രത്യേകിച്ച് സൈബര്‍ ലോകത്ത്. പ്രചണ്ഢമായി കുപ്രചരണം നടത്താന്‍ അറപ്പില്ലാത്തവര്‍, അതിനെതിരെയുളള സ്വരങ്ങളെ ഫാസിസ്റ്റെന്നു മുദ്രകുത്തി മനശാന്തി തേടുന്ന കാഴ്ച അതിഗംഭീരം. അതുകൊണ്ടെന്തെങ്കിലും നേടുമെന്ന് അവരോ മറ്റുളളവരോ തെറ്റിദ്ധരിക്കുന്നില്ല എന്നതു മാത്രമാണ് ഈ അങ്കത്തിലെ ഏറ്റവും ജ്വലിക്കുന്ന തിരിച്ചറിവ്.
No comments:
Post a Comment