Madhyamam | Sun, 05/15/2011
വയലാര്‍ ഗോപകുമാര്‍
സുധീരനെ മറ്റൊരു വി.എസ് ആക്കി ഉയര്‍ത്താന്‍ വയലാര്‍ ഗോപകുമാറിന്റെ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് ലേഖനം :
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍നിന്ന് സുധീരനെ തടയാന്‍ വീണ്ടും കോണ്‍ഗ്രസില്‍ യോജിച്ച നീക്കം. തെരഞ്ഞെടുപ്പിനിടയിലും മുമ്പും അരങ്ങേറിയ ഗ്രൂപ്പുകളികള്‍ക്കു താല്‍ക്കാലിക വിരാമമിട്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വീണ്ടും ഒരുമിച്ചത് സുധീരനെ അകറ്റിനിര്‍ത്താനാണെന്ന് സൂചന. അധികാരകേന്ദ്രങ്ങളില്‍ അതിശക്തരുടെ പ്രവേശം തടയാനായുള്ള ഈ ഒത്തൊരുമ കോണ്‍ഗ്രസില്‍ മറ്റൊരു വിവാദത്തിനു വഴിതുറന്നേക്കും.
ഞായറാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ പ്രതീക്ഷിച്ചപോലെ തന്നെ ഉമ്മന്‍ ചാണ്ടി വീണ്ടും നിയമസഭാകക്ഷി നേതാവായി. മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് മത്സരിച്ച രമേശ് ചെന്നിത്തല അപ്രതീക്ഷിതമെന്നോണം കെ.പി.സി.സി പ്രസിഡന്റുപദത്തില്‍ തുടരാന്‍ തയാറായി. മുഖ്യമന്ത്രിപദമല്ലെങ്കില്‍ പ്രമുഖ വകുപ്പേറ്റെടുത്ത് പ്രസിഡന്റു പദം ഒഴിയുമെന്ന ധാരണകള്‍ക്കു വിരുദ്ധമായുള്ള രമേശിന്റെ നീക്കം ആരും പ്രതീക്ഷിച്ചതല്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ഭൂരിപക്ഷം ഉണ്ടാകുന്നപക്ഷം മുഖ്യമന്ത്രി പദത്തിലേക്ക് മത്സരമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇക്കാര്യം പരോക്ഷമായി രമേശ് ചെന്നിത്തലയുടെ വാക്കുകളില്‍ പ്രകടമാവുകയും ചെയ്തിരുന്നു. എന്നാല്‍, പാര്‍ട്ടി ആസ്ഥാനം അടച്ചിട്ട് മത്സരിക്കാന്‍ പോയ രമേശ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയില്ലെന്ന പരാതി കോണ്‍ഗ്രസ് അണികളില്‍നിന്ന് ഉയര്‍ന്നിരുന്നു. വന്‍ ഭൂരിപക്ഷത്തിന് അവസരമുണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പില്‍ കഷ്ടിച്ചു മാത്രം ജയിക്കാനായതു സംബന്ധിച്ച് പാര്‍ട്ടിയില്‍ വിമര്‍ശങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരം വന്നാല്‍ അതും വിമര്‍ശത്തിനിടയാക്കുമെന്ന് ഉറപ്പായതിനാല്‍ രമേശ് മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള താല്‍പര്യം ഉപേക്ഷിക്കുകയായിരുന്നു. പ്രമുഖ വകുപ്പ് ഏറ്റെടുത്ത് മന്ത്രിസഭാംഗമാകാനും അദ്ദേഹം തയാറില്ല. ഇത് ഉമ്മന്‍ ചാണ്ടിയും രമേശും തമ്മില്‍ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കിയ ധാരണയുടെ ഫലമാണെന്നാണ് കരുതുന്നത്.
മികച്ച ഭൂരിപക്ഷം ലഭിച്ചിരുന്നുവെങ്കില്‍ ഹൈകമാന്‍ഡിനുമേല്‍ കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് തങ്ങള്‍ ഉദ്ദേശിക്കുന്ന മറ്റൊരാളെ നിര്‍ദേശിക്കാനുള്ള ധാര്‍മികശക്തി രമേശിനും ഉമ്മന്‍ ചാണ്ടിക്കും ലഭിക്കുമായിരുന്നു. എന്നാല്‍, ദുര്‍ബലമായ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഹൈകമാന്‍ഡിനു മുന്നില്‍ അത്തരമൊരു നിര്‍ദേശം വെക്കാന്‍ ഇരുവര്‍ക്കും ധൈര്യമില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് നിശ്ചയിക്കുന്നത് കേരളത്തിലെ രാഷ്ട്രീയസ്ഥിതിഗതികള്‍ക്ക് അനുയോജ്യനായ ഒരാളെയായിരിക്കും. എ.കെ. ആന്റണിയുടെ കൂടി താല്‍പര്യം ഇക്കാര്യത്തില്‍ അവര്‍ ആരായുകയും ചെയ്യും.
വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അതിശക്തമായ ഒരു പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നതിനാല്‍ അച്യുതാനന്ദനെ നേരിടാന്‍ പ്രാപ്തനായ ഒരാളെയായിരിക്കും ഇതിനായി കേന്ദ്ര നേതൃത്വം തെരഞ്ഞെടുക്കുക. സാമുദായികത നോക്കിയാലും ആദര്‍ശപരിവേഷത്തിന്റെ പേരിലും അച്യുതാനന്ദനോട് കിടപിടിക്കാന്‍ ഒരൊറ്റ നേതാവേ കേരളത്തില്‍ ഇപ്പോഴുള്ളു. അത് വി.എം. സുധീരനാണ്. എ.കെ. ആന്റണിയുടെ പരിഗണനയിലും മറ്റൊരാള്‍ ഇല്ല. എന്നാല്‍, കേരളത്തിലെ ഇപ്പോഴത്തെ നേതാക്കള്‍ക്ക് ഈ നിര്‍ദേശത്തില്‍ താല്‍പര്യമില്ല. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായാല്‍ ഭരണപരമായ കാര്യങ്ങളില്‍ അനുചിതമായ തീരുമാനങ്ങള്‍ ഉണ്ടാകാന്‍ സമ്മതിക്കില്ലെന്നുറപ്പാണ്. ജനവിരുദ്ധ തീരുമാനങ്ങളെ തുറന്നെതിര്‍ക്കാന്‍ അദ്ദേഹം തയാറാകും. ഇത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരാകുമെന്ന് അവര്‍ക്കറിയാം. ഈ വക അസൗകര്യങ്ങള്‍ ഒഴിവാക്കാനുള്ള പൊതു മിനിമം പരിപാടിയാണ് തല്‍ക്കാലത്തേക്ക് രമേശ് തന്നെ പ്രസിഡന്റായി തുടരണമെന്ന തീരുമാനമെന്നാണ് അറിയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെപ്പറ്റി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നപക്ഷം പിന്നീട് ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഈ തീരുമാനത്തിന് ഭീഷണി ഉയര്‍ന്നേക്കാം.
നിയമസഭയില്‍ മുന്നണിക്ക് കുറഞ്ഞ ഭൂരിപക്ഷമേയുള്ളൂ എന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നിയമസഭ കൂടുന്ന ദിവസങ്ങളിലെല്ലാം പ്രസിഡന്റ് നിര്‍ബന്ധമായും തലസ്ഥാനത്ത് വേണ്ടിവരും. അല്ലെങ്കില്‍ വോട്ടെടുപ്പില്‍ ഭരണപക്ഷം പരാജയപ്പെടുന്ന അവസ്ഥ ഉണ്ടാകാം.
എല്ലാം കൊണ്ടും കോണ്‍ഗ്രസിന് ഏറെ അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ തീരുമാനമെന്നു വിലയിരുത്തപ്പെടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു പോലെ ഏറ്റവും സന്ദിഗ്ധമായ അവസരങ്ങളില്‍ പോലും സാന്നിധ്യമറിയിക്കാത്ത ഒരു പ്രസിഡന്റ്, മുഴുവന്‍ സമയവും കെ.പി.സി.സി ഓഫിസില്‍ ഉണ്ടായിട്ടും കാര്യമില്ലെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ രൂപം കൊണ്ടിട്ടുണ്ട്.
No comments:
Post a Comment