thejus article May 24, 2010
Mon, 24 May 2010 22:10:30 +0000
ഒ അബ്ദുല്ല
ഞങ്ങളുടെ നാട്ടിന്‍പുറത്തു പണ്െടാരു മോഷണം നടന്നു; രണ്ടുപേര്‍ ചേര്‍ന്നു സംയുക്തമായി നടത്തിയ ഒരു മോഷണം. പള്ളി കാരണവന്‍മാര്‍ ഇരുവരെയും വിളിച്ചു വിചാരണയും സത്യംചെയ്യിക്കലുമെല്ലാം നടത്തിയെങ്കിലും രണ്ടുപേരും നിന്നനില്‍പ്പില്‍ പാറപോലെ ഉറച്ചുനിന്നു. കാരണവന്‍മാര്‍ കുഴങ്ങി. അവസാനം കാരണവരില്‍ ഒരാള്‍ ആരോപിതരില്‍ ഒരാളുടെ ചെവിയില്‍ എന്തോ സ്വകാര്യം പറയുന്നപോലെ അഭിനയിച്ചു. അന്നേരമതാ രണ്ടാമന്‍ വിളിച്ചുപറയുന്നു: ആ 'ഹമുക്കിനെ'യും കൂട്ടി കക്കാനിറങ്ങുമ്പോള്‍ തന്നെ ഞാന്‍ കരുതിയതാണ് അവന്‍ മുഖേന കള്ളി വെളിച്ചത്താവുമെന്ന്!
പി കെ കുഞ്ഞാലിക്കുട്ടി പക്വതയാര്‍ന്ന രാഷ്ട്രീയനേതാവാണ്. അടവുകള്‍ പതിനെട്ടും പിന്നെ പന്ത്രണ്ടും കാണാപ്പാഠം. പക്ഷേ, പറഞ്ഞിട്ടെന്ത്? അദ്ദേഹം രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൂടെ കൂട്ടിയവര്‍ക്കു രാഷ്ട്രീയത്തിലെ വളവുകളും തിരിവുകളും അറിഞ്ഞുകൂടാ. തികഞ്ഞ ശുദ്ധാത്മാക്കളും.
മുസ്ലിം ലീഗ് സംഘടനയില്‍ ജമാഅത്ത് ബന്ധം 'ഇഷ്യൂ' ആക്കിയവരുടെ ഇംഗിതം അവരെ നേരിട്ടറിയുന്നവര്‍ക്കൊക്കെയും അറിയാം. വിശദീകരണം വേണ്ട. മങ്കടയില്‍ വച്ചു ജമാഅത്തെ ഇസ്ലാമി കാറ്റഴിച്ചുവിട്ട എം കെ മുനീറിന്റെ രാഷ്ട്രീയശകടം വര്‍ത്തമാന യാഥാര്‍ഥ്യങ്ങളുടെ നേരെയുള്ള അദ്ദേഹത്തിന്റെ സമീപനം നിലവിലെപോലെ തുടരുകയാണെങ്കില്‍ ഒരുകാലത്തും ക്ളച്ച് പിടിക്കാന്‍ പോവുന്നില്ല. യൂത്ത് ലീഗ് നേതാവിനാവട്ടെ, ഇരവിപുരത്തു നിന്ന് ഇരുട്ടടി കിട്ടിയതില്‍ പിന്നെ കഴുത്തു നേരെ നിര്‍ത്താനായിട്ടുമില്ല. അവര്‍ ഇരുപേരും ഒരു കാര്യം കാലേക്കൂട്ടി മനസ്സിലാക്കിയിരിക്കുന്നു. കേരളത്തിലെ മുസ്ലിം മണ്ഡലങ്ങളില്‍ ഏതില്‍ മല്‍സരിച്ചാലും ഇരുപേരും തോറ്റു തൊപ്പിയിടുമെന്നു കട്ടായം.
പുതുതായി നിലവില്‍ വന്ന എസ്.ഡി.പി.ഐക്കും ജമാഅത്തെ ഇസ്ലാമിക്കും തല്‍ക്കാലം ഒറ്റയ്ക്ക് ഒരാളെയും നിയമസഭയിലേക്ക് അയക്കാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ ഇവര്‍ ഇരുകൂട്ടരും ഒത്തുശ്രമിച്ചാല്‍, അല്ലെങ്കില്‍ ഒരേ ലക്ഷ്യം മുന്‍നിര്‍ത്തി വെവ്വേറെ ശ്രമിച്ചാല്‍ മുസ്ലിം പൊതുമനസ്സിനെ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരുപറഞ്ഞു നിരന്തരം നോവിക്കുന്ന, ആദ്യം പറഞ്ഞ രണ്ടുപേരെയും തിരുവനന്തപുരത്തേക്കു തീവണ്ടി കയറുന്നതില്‍ നിന്നു ശാശ്വതമായി തടയാനാവും. അതിനാല്‍ തന്നെ തനിക്കു കിട്ടാന്‍ സാധ്യതയില്ലാത്തത് ആര്‍ക്കും ഇല്ലാതാക്കുക എന്ന മിനിമം പരിപാടിയില്‍ മേപ്പടിയാന്‍മാര്‍ യോജിച്ചിരിക്കുന്നു.
സദുദ്ദേശ്യപരമാവണം ലീഗ് ജനറല്‍ സെക്രട്ടറിയുടെ നീക്കം. പുതിയ രണ്ടു സംഘടനകള്‍ അവയുടെ കഴിവും സ്വാധീനവും എന്തുമാത്രം പരിമിതമായാലും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുകയാണ്. നേരത്തേ മുസ്ലിം ലീഗിനു ലഭിച്ചുകൊണ്ടിരുന്ന വോട്ടില്‍ സ്വാഭാവികമായും പുതിയ അവകാശികള്‍ രംഗത്തെത്തുന്നതോടെ ഇടിവുണ്ടാവും. സംഭവിക്കുന്ന നഷ്ടം ലീഗിനായിരിക്കും. ഇതു ലീഗിന്റെ വിലപേശാനുള്ള ശക്തിക്കു ക്ഷതംവരുത്തും. മുസ്ലിം ലീഗ് ഐക്യജനാധിപത്യ മുന്നണിയില്‍ പിന്‍സീറ്റിലേക്കു തള്ളപ്പെടുകയോ കാലക്രമത്തില്‍ മുന്നണിയിലെ ഒരു എം വി രാഘവനോ വീരേന്ദ്രകുമാറോ ആയി ലീഗ് നേതാക്കള്‍ ഒതുക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
സമുദായത്തിനകത്തു നിന്നുള്ള ഈ വെല്ലുവിളിയേക്കാള്‍ പ്രധാനമാണ് കത്തോലിക്കാ സഭയുടെയും മറ്റും ഇടപെടലിലൂടെ സംഭവിക്കാന്‍ പോവുന്ന ക്ഷീണം. ഒരു ചീറ്റലും പൊട്ടലുമില്ലാതെ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ മന്ത്രിമന്ദിരത്തില്‍ ഉറങ്ങിയിരുന്ന പി ജെ ജോസഫ് വെറുതെ വിളികേട്ടു യു.ഡി.എഫ് മുറ്റത്തേക്ക് ഉണ്ണാന്‍ ചെന്നതല്ല. ഒരുദിവസം കാലത്തെഴുന്നേറ്റ് ഒരു കാരണവും കൂടാതെ മുഖ്യമന്ത്രിക്കു രാജിക്കത്തു നല്‍കിയ ജോസഫ് ഗ്രൂപ്പിന്റെ നടപടിക്കു പിന്നിലെ രാഷ്ട്രീയം മതാധിഷ്ഠിതം, മതരാഷ്ട്രീയം എന്നു പറഞ്ഞു മുസ്ലിം ഐക്യത്തെ കൂവി ഇരുത്തിയവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അഥവാ, സ്വന്തം സുഖലോലുപതയിലും കാഡ്ബറി ആലസ്യത്തിലും അഭിരമിക്കുന്നവര്‍ക്കു സമുദായത്തിന്റെ നീറുന്ന പ്രശ്നങ്ങളോ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളോ ഒരിക്കലും പ്രശ്നമാവാന്‍ തരമില്ല.
കത്തോലിക്കാ സഭയുടെ അതീവ നിഗൂഢവും അതീവ ജാഗ്രവത്തുമായ ലക്ഷ്യങ്ങള്‍ പി ജെ ജോസഫിനെ മന്ത്രിസഭയില്‍ നിന്നു പിടിച്ചിറക്കിക്കൊണ്ടുവരുന്നതിനു പിന്നിലുണ്ട്. മുസ്ലിം സമുദായനേതൃത്വം ഒരുവര്‍ഷം മഷിയിട്ടുനോക്കിയാല്‍ കാണാത്തത് ക്രൈസ്തവസഭയ്ക്കു മുറ്റത്തെ കുരിശുമരത്തില്‍ നിമിഷാര്‍ധം കൊണ്ടു കാണാനാവും. അതനുസരിച്ചു കേരളത്തില്‍ മുസ്ലിം സമുദായം ഉറക്കച്ചടവു മാറ്റിവച്ചു വിദ്യാഭ്യാസ, സാമൂഹികരംഗങ്ങളില്‍ സടകുടഞ്ഞെഴുന്നേറ്റു തുടങ്ങിയതായും തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ പ്രയാസങ്ങളുണ്ടാക്കുന്നതായും അവര്‍ വിലയിരുത്തുന്നു. ഈ ഉണര്‍വിനെ തച്ചുടയ്ക്കാത്തപക്ഷം യുക്തിരഹിതമായ അസ്തിവാരങ്ങളില്‍ നിര്‍മിതമായ തങ്ങളുടെ വിശ്വാസത്തിന്റെ അരമനകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് അവര്‍ ഭയപ്പെടുന്നു. മുസ്ലിം സമുദായം എത്രത്തോളം വിജിലന്റ് ആണ് എന്നു പരിശോധിക്കാനായി നല്‍കപ്പെട്ട ടെസ്റ്റ് ഡോസായിരുന്നു 'ലൌ ജിഹാദ്' എന്ന ഉമ്മാക്കി. സമുദായം ഒറ്റക്കെട്ടായി അതിനെ നേരിട്ടപ്പോഴാണ് പ്രവാചകനെ തെറിവിളിച്ചുകൊണ്ടുള്ള ചോദ്യശരങ്ങള്‍ ഒരു കോളജ് ചോദ്യപേപ്പറില്‍ സ്ഥലംപിടിച്ചതും മറ്റൊരു സ്ഥാപനത്തില്‍ നിന്നു മഫ്ത ധരിച്ച വിദ്യാര്‍ഥിനിയെ ധിക്കാരപൂര്‍വം ടി.സി നല്‍കി ഇറക്കിവിട്ടതും. നായ്ക്കുട്ടികള്‍ക്കു പന്തെറിഞ്ഞുകൊടുക്കുന്നപോലെ സമുദായത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍
എറിഞ്ഞുനല്‍കുന്ന കളിപ്പന്തുകളാണ് ലൌ ജിഹാദും ചിന്‍വാദ് പാലവും മഫ്ത വിവാദവുമൊക്കെ.
മുസ്ലിം സമുദായത്തിനു കൈവന്ന ഉണര്‍വിന്റെ പല കാരണങ്ങളിലൊന്ന് മുസ്ലിം ലീഗിന് സംസ്ഥാന രാഷ്ട്രീയത്തില്‍ സിദ്ധിച്ചുപോരുന്ന മേല്‍ക്കൈയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത സ്വാധീനം തീര്‍ത്തും ഇല്ലാതാക്കലാണ് മാണി-ജോസഫ് കക്ഷികളുടെ ലയനലക്ഷ്യം കൊണ്ട് കത്തോലിക്കാ സഭ ലക്ഷ്യമിടുന്നത്. ഞാവല്‍പ്പഴം പഴുത്തപ്പോള്‍ പക്ഷേ, കാക്കയ്ക്കു വായ്പ്പുണ്ണ്. മുസ്ലിം സമുദായം മതരംഗത്തെന്നപോലെ രാഷ്ട്രീയമായും ശിഥിലമാവാന്‍ പോവുന്നു. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി മുതലായ സംഘടനകളുടെ രംഗപ്രവേശം രാഷ്ട്രീയരംഗത്തു പെട്ടെന്ന് അട്ടിമറികള്‍ സൃഷ്ടിക്കില്ലായിരിക്കാം. എന്നാല്‍ ഒരു വോട്ട് പോലും നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പില്‍ അത്താഴം മുടക്കാന്‍ അവര്‍ ധാരാളമാണ്. മനസ്സിലാക്കിയിടത്തോളം ഈ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്തു ജമാഅത്തിനെ തിരഞ്ഞെടുപ്പു മല്‍സര രംഗത്തുനിന്നു മാറ്റിനിര്‍ത്താനുള്ള ദൌത്യവുമായാണ് ലീഗ് നേതൃത്വം ജമാഅത്തിനെ സമീപിച്ചത്.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദത്തില്‍ വിശ്വസിക്കുന്നവരാണ് എന്നതാണ് ആ പാര്‍ട്ടിയെ തീണ്ടപ്പാടകലെ നിര്‍ത്താന്‍ തല്‍പ്പരകക്ഷികള്‍ ഉന്നയിച്ചിരിക്കുന്ന വാദം. ഈ വാദത്തിന്റെ ഇസ്ലാമികമായ ശരിതെറ്റുകള്‍ ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രം സ്ഥാപിക്കാനല്ല. ഏതൊക്കെ ഓവുചാലുകള്‍ പൂര്‍ത്തിയാക്കണം, ഏതൊക്കെ ഓടകള്‍ മണ്ണിട്ടു മൂടണം, ഏതെല്ലാം തെരുവുവിളക്കുകള്‍ കത്തിക്കണം എന്നിത്യാദി കാര്യങ്ങള്‍ തീരുമാനിക്കലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലക്ഷ്യം.
കമ്മ്യൂണിസ്റ്റുകള്‍ ആത്യന്തികമായി ഭരണകൂടം കൊഴിഞ്ഞുവീഴുന്നതും പ്രതീക്ഷിച്ചിരിക്കുന്നവരാണ്. അവര്‍ സ്വകാര്യ സ്വത്തിനെതിരാണ്. പക്ഷേ, ഭരണകൂടത്തിന്റെ തലപ്പത്ത് സംസ്ഥാനത്ത് അവരാണ്. നിങ്ങള്‍ ഭരണകൂടസംവിധാനത്തില്‍ വിശ്വസിക്കുന്നില്ലെന്നു പറഞ്ഞു കമ്മ്യൂണിസ്റ്റുകളുമായി ആരും തിരഞ്ഞെടുപ്പ് നീക്കുപോക്ക് നടത്താതിരിക്കുന്നുണ്േടാ? കമ്മ്യൂണിസ്റ്റുകള്‍ മതനിഷേധികളാണ്. മതാധിഷ്ഠിത രാഷ്ട്രീയം ഒരു വിപത്താണെങ്കില്‍ മതനിഷേധ രാഷ്ട്രീയമോ? അതും വിപത്തല്ലേ? എന്നിട്ടും എന്തുകൊണ്ട് തരംകിട്ടുമ്പോഴൊക്കെയും കമ്മ്യൂണിസ്റ്റുകളുമായി ലീഗ് കൂട്ടുകൂടുന്നു. ജമാഅത്തെ ഇസ്ലാമി കശ്മീരില്‍ വേറെ, ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ വേറെ എന്നു പറയുന്നു. തിരിച്ചൊരു ചോദ്യം: എന്തുകൊണ്ട് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മുകശ്മീരില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനു ഒരു യൂനിറ്റില്ല? കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലേ?
എനിക്ക് ജമാഅത്തെ ഇസ്ലാമിയുടെയോ മറ്റാരുടെയെങ്കിലുമോ വക്കാലത്തില്ല. എന്നാല്‍ മുസ്ലിം സമുദായം ശിഥിലമാവരുതെന്ന നിര്‍ബന്ധബുദ്ധിയുണ്ട്. മുസ്ലിം സമുദായനേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും കൂടിയിരുന്ന് സമുദായത്തിന്റെ രാഷ്ട്രീയഭാവി ഗൌരവത്തില്‍ ചര്‍ച്ചചെയ്യണം. അത്തരമൊരു ചര്‍ച്ചയില്‍ നിന്ന് ജമാഅത്തിനെയോ എസ്.ഡി.പി.ഐയെയോ ഒഴിവാക്കരുത്. ഒഴിവാക്കിയാല്‍ നാളെ ദുഃഖിക്കേണ്ടിവരും. പക്ഷേ, ജമാഅത്തിനെപ്പോലുള്ള സംഘടനകള്‍ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങിക്കളിക്കാതിരിക്കുന്നതാണു തല്‍ക്കാലം സമുദായത്തിന്റെ ഭദ്രതയ്ക്ക് അഭികാമ്യം.
No comments:
Post a Comment