Thursday, May 27, 2010

ബസ് കത്തിക്കല്‍: മഅദനിയെ എന്‍.ഐ.എ സംഘം ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉടന്‍ ചോദ്യംചെയ്യും.

ബസ് കത്തിക്കാനായി തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനകളെ കുറിച്ച് മഅദനിക്ക് അറിവുണ്ടായിരുന്നതായി എന്‍.ഐ.എക്ക് ബോധ്യപ്പെട്ടതോടെയാണ് മഅദനിയെ ചോദ്യംചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. എന്‍.ഐ.എയുടെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയും, കേരളത്തിലെ എന്‍.ഐ.എ സംഘത്തിന് ലഭിച്ചതായാണ് സൂചന.

മഅദനി തടവില്‍ കഴിഞ്ഞ കോയമ്പത്തൂര്‍ ജയിലില്‍ ചെന്ന് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ജയിലില്‍ മഅദനിയെ കാണാന്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചെന്നിരുന്നതായി വ്യക്തമായ തെളിവുകള്‍ എന്‍.ഐ.എക്ക് ലഭിച്ചിട്ടുണ്ട്. ജയിലില്‍വെച്ച് മഅദനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതിനും തെളിവുകളുണ്ട്. ബസ് കത്തിക്കുന്നതിനെ കുറിച്ച്, ജയിലില്‍ വെച്ച് മഅദനിക്ക് അറിവുണ്ടായിരുന്നതായും ചില സൂചനകളുണ്ട്.

ബസ് കത്തിച്ച ദിവസവും, അതിന് മുമ്പും പിമ്പും മഅദനി ജയിലില്‍ ഉപയോഗിച്ചിരുന്ന ഫോണിലേക്ക് നിരവധി കോളുകള്‍ ചെന്നിരുന്നു. സൂഫിയ മഅദനി പലതവണ മഅദനിയെ ജയിലിലേക്ക് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള സംഘം സൂഫിയയുടെ വീട്ടില്‍ തങ്ങിയ വിവരം മഅദനിക്ക് അറിയാമായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ബസ് കത്തിച്ച് മിനിട്ടുകള്‍ക്കകം, സൂഫിയയുടെ മൊബൈല്‍ ഫോണിലേക്കും മഅദനി ജയിലില്‍ ഉപയോഗിച്ചിരുന്ന മൊബൈലിലേക്കും കോളുകള്‍ പോയിട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം നേരിട്ട് തെളിവുകള്‍ ശേഖരിക്കാനാണ് മഅദനിയെ ചോദ്യംചെയ്യാനൊരുങ്ങുന്നത്.

നേരത്തെ ബസ് കത്തിക്കല്‍ കേസ് അന്വേഷിച്ച സിറ്റി പോലീസ് സംഘത്തിന് മഅദനിക്കെതിരെയുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. മഅദനി ജയിലില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറുകളുടെ കോള്‍രേഖകളടക്കം പോലീസ് ശേഖരിച്ച് എന്‍.ഐ.എ.ക്ക് കൈമാറിയിട്ടുണ്ട്. സൂഫിയക്കും മഅദനിക്കുമെതിരെ ശേഖരിച്ച വിവരങ്ങളുടെ സത്യവാങ്ങ്മൂലവും കോടതിയില്‍ സിറ്റിപോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ തെളിവുകളുടെ ബലത്തിലായിരിക്കും എന്‍.ഐ.എയുടെ ചോദ്യംചെയ്യല്‍.

സൂഫിയയെ എന്‍.ഐ.എ സംഘം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചോദ്യംചെയ്തിരുന്നു. നിലവില്‍ ബസ് കത്തിക്കല്‍ കേസില്‍ 10-ാം പ്രതിയായ സൂഫിയയുടെ പേരില്‍ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ബസ് കത്തിക്കല്‍ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബസ് കത്തിക്കല്‍ കേസില്‍ എന്‍.ഐ.എയുടെ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനകളുണ്ട്.

Mathrubhumi 28 May 2010
http://www.mathrubhumi.com/story.php?id=102965

Wednesday, May 26, 2010

കുഞ്ഞാലിക്കുട്ടി പിന്‍മാറരുതായിരുന്നു

thejus article May 24, 2010

Mon, 24 May 2010 22:10:30 +0000

ഒ അബ്ദുല്ല

ഞങ്ങളുടെ നാട്ടിന്‍പുറത്തു പണ്െടാരു മോഷണം നടന്നു; രണ്ടുപേര്‍ ചേര്‍ന്നു സംയുക്തമായി നടത്തിയ ഒരു മോഷണം. പള്ളി കാരണവന്‍മാര്‍ ഇരുവരെയും വിളിച്ചു വിചാരണയും സത്യംചെയ്യിക്കലുമെല്ലാം നടത്തിയെങ്കിലും രണ്ടുപേരും നിന്നനില്‍പ്പില്‍ പാറപോലെ ഉറച്ചുനിന്നു. കാരണവന്‍മാര്‍ കുഴങ്ങി. അവസാനം കാരണവരില്‍ ഒരാള്‍ ആരോപിതരില്‍ ഒരാളുടെ ചെവിയില്‍ എന്തോ സ്വകാര്യം പറയുന്നപോലെ അഭിനയിച്ചു. അന്നേരമതാ രണ്ടാമന്‍ വിളിച്ചുപറയുന്നു: ആ 'ഹമുക്കിനെ'യും കൂട്ടി കക്കാനിറങ്ങുമ്പോള്‍ തന്നെ ഞാന്‍ കരുതിയതാണ് അവന്‍ മുഖേന കള്ളി വെളിച്ചത്താവുമെന്ന്!

പി കെ കുഞ്ഞാലിക്കുട്ടി പക്വതയാര്‍ന്ന രാഷ്ട്രീയനേതാവാണ്. അടവുകള്‍ പതിനെട്ടും പിന്നെ പന്ത്രണ്ടും കാണാപ്പാഠം. പക്ഷേ, പറഞ്ഞിട്ടെന്ത്? അദ്ദേഹം രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൂടെ കൂട്ടിയവര്‍ക്കു രാഷ്ട്രീയത്തിലെ വളവുകളും തിരിവുകളും അറിഞ്ഞുകൂടാ. തികഞ്ഞ ശുദ്ധാത്മാക്കളും.
മുസ്ലിം ലീഗ് സംഘടനയില്‍ ജമാഅത്ത് ബന്ധം 'ഇഷ്യൂ' ആക്കിയവരുടെ ഇംഗിതം അവരെ നേരിട്ടറിയുന്നവര്‍ക്കൊക്കെയും അറിയാം. വിശദീകരണം വേണ്ട. മങ്കടയില്‍ വച്ചു ജമാഅത്തെ ഇസ്ലാമി കാറ്റഴിച്ചുവിട്ട എം കെ മുനീറിന്റെ രാഷ്ട്രീയശകടം വര്‍ത്തമാന യാഥാര്‍ഥ്യങ്ങളുടെ നേരെയുള്ള അദ്ദേഹത്തിന്റെ സമീപനം നിലവിലെപോലെ തുടരുകയാണെങ്കില്‍ ഒരുകാലത്തും ക്ളച്ച് പിടിക്കാന്‍ പോവുന്നില്ല. യൂത്ത് ലീഗ് നേതാവിനാവട്ടെ, ഇരവിപുരത്തു നിന്ന് ഇരുട്ടടി കിട്ടിയതില്‍ പിന്നെ കഴുത്തു നേരെ നിര്‍ത്താനായിട്ടുമില്ല. അവര്‍ ഇരുപേരും ഒരു കാര്യം കാലേക്കൂട്ടി മനസ്സിലാക്കിയിരിക്കുന്നു. കേരളത്തിലെ മുസ്ലിം മണ്ഡലങ്ങളില്‍ ഏതില്‍ മല്‍സരിച്ചാലും ഇരുപേരും തോറ്റു തൊപ്പിയിടുമെന്നു കട്ടായം.

പുതുതായി നിലവില്‍ വന്ന എസ്.ഡി.പി.ഐക്കും ജമാഅത്തെ ഇസ്ലാമിക്കും തല്‍ക്കാലം ഒറ്റയ്ക്ക് ഒരാളെയും നിയമസഭയിലേക്ക് അയക്കാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ ഇവര്‍ ഇരുകൂട്ടരും ഒത്തുശ്രമിച്ചാല്‍, അല്ലെങ്കില്‍ ഒരേ ലക്ഷ്യം മുന്‍നിര്‍ത്തി വെവ്വേറെ ശ്രമിച്ചാല്‍ മുസ്ലിം പൊതുമനസ്സിനെ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരുപറഞ്ഞു നിരന്തരം നോവിക്കുന്ന, ആദ്യം പറഞ്ഞ രണ്ടുപേരെയും തിരുവനന്തപുരത്തേക്കു തീവണ്ടി കയറുന്നതില്‍ നിന്നു ശാശ്വതമായി തടയാനാവും. അതിനാല്‍ തന്നെ തനിക്കു കിട്ടാന്‍ സാധ്യതയില്ലാത്തത് ആര്‍ക്കും ഇല്ലാതാക്കുക എന്ന മിനിമം പരിപാടിയില്‍ മേപ്പടിയാന്‍മാര്‍ യോജിച്ചിരിക്കുന്നു.

സദുദ്ദേശ്യപരമാവണം ലീഗ് ജനറല്‍ സെക്രട്ടറിയുടെ നീക്കം. പുതിയ രണ്ടു സംഘടനകള്‍ അവയുടെ കഴിവും സ്വാധീനവും എന്തുമാത്രം പരിമിതമായാലും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുകയാണ്. നേരത്തേ മുസ്ലിം ലീഗിനു ലഭിച്ചുകൊണ്ടിരുന്ന വോട്ടില്‍ സ്വാഭാവികമായും പുതിയ അവകാശികള്‍ രംഗത്തെത്തുന്നതോടെ ഇടിവുണ്ടാവും. സംഭവിക്കുന്ന നഷ്ടം ലീഗിനായിരിക്കും. ഇതു ലീഗിന്റെ വിലപേശാനുള്ള ശക്തിക്കു ക്ഷതംവരുത്തും. മുസ്ലിം ലീഗ് ഐക്യജനാധിപത്യ മുന്നണിയില്‍ പിന്‍സീറ്റിലേക്കു തള്ളപ്പെടുകയോ കാലക്രമത്തില്‍ മുന്നണിയിലെ ഒരു എം വി രാഘവനോ വീരേന്ദ്രകുമാറോ ആയി ലീഗ് നേതാക്കള്‍ ഒതുക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

സമുദായത്തിനകത്തു നിന്നുള്ള ഈ വെല്ലുവിളിയേക്കാള്‍ പ്രധാനമാണ് കത്തോലിക്കാ സഭയുടെയും മറ്റും ഇടപെടലിലൂടെ സംഭവിക്കാന്‍ പോവുന്ന ക്ഷീണം. ഒരു ചീറ്റലും പൊട്ടലുമില്ലാതെ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ മന്ത്രിമന്ദിരത്തില്‍ ഉറങ്ങിയിരുന്ന പി ജെ ജോസഫ് വെറുതെ വിളികേട്ടു യു.ഡി.എഫ് മുറ്റത്തേക്ക് ഉണ്ണാന്‍ ചെന്നതല്ല. ഒരുദിവസം കാലത്തെഴുന്നേറ്റ് ഒരു കാരണവും കൂടാതെ മുഖ്യമന്ത്രിക്കു രാജിക്കത്തു നല്‍കിയ ജോസഫ് ഗ്രൂപ്പിന്റെ നടപടിക്കു പിന്നിലെ രാഷ്ട്രീയം മതാധിഷ്ഠിതം, മതരാഷ്ട്രീയം എന്നു പറഞ്ഞു മുസ്ലിം ഐക്യത്തെ കൂവി ഇരുത്തിയവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അഥവാ, സ്വന്തം സുഖലോലുപതയിലും കാഡ്ബറി ആലസ്യത്തിലും അഭിരമിക്കുന്നവര്‍ക്കു സമുദായത്തിന്റെ നീറുന്ന പ്രശ്നങ്ങളോ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളോ ഒരിക്കലും പ്രശ്നമാവാന്‍ തരമില്ല.

കത്തോലിക്കാ സഭയുടെ അതീവ നിഗൂഢവും അതീവ ജാഗ്രവത്തുമായ ലക്ഷ്യങ്ങള്‍ പി ജെ ജോസഫിനെ മന്ത്രിസഭയില്‍ നിന്നു പിടിച്ചിറക്കിക്കൊണ്ടുവരുന്നതിനു പിന്നിലുണ്ട്. മുസ്ലിം സമുദായനേതൃത്വം ഒരുവര്‍ഷം മഷിയിട്ടുനോക്കിയാല്‍ കാണാത്തത് ക്രൈസ്തവസഭയ്ക്കു മുറ്റത്തെ കുരിശുമരത്തില്‍ നിമിഷാര്‍ധം കൊണ്ടു കാണാനാവും. അതനുസരിച്ചു കേരളത്തില്‍ മുസ്ലിം സമുദായം ഉറക്കച്ചടവു മാറ്റിവച്ചു വിദ്യാഭ്യാസ, സാമൂഹികരംഗങ്ങളില്‍ സടകുടഞ്ഞെഴുന്നേറ്റു തുടങ്ങിയതായും തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ പ്രയാസങ്ങളുണ്ടാക്കുന്നതായും അവര്‍ വിലയിരുത്തുന്നു. ഈ ഉണര്‍വിനെ തച്ചുടയ്ക്കാത്തപക്ഷം യുക്തിരഹിതമായ അസ്തിവാരങ്ങളില്‍ നിര്‍മിതമായ തങ്ങളുടെ വിശ്വാസത്തിന്റെ അരമനകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് അവര്‍ ഭയപ്പെടുന്നു. മുസ്ലിം സമുദായം എത്രത്തോളം വിജിലന്റ് ആണ് എന്നു പരിശോധിക്കാനായി നല്‍കപ്പെട്ട ടെസ്റ്റ് ഡോസായിരുന്നു 'ലൌ ജിഹാദ്' എന്ന ഉമ്മാക്കി. സമുദായം ഒറ്റക്കെട്ടായി അതിനെ നേരിട്ടപ്പോഴാണ് പ്രവാചകനെ തെറിവിളിച്ചുകൊണ്ടുള്ള ചോദ്യശരങ്ങള്‍ ഒരു കോളജ് ചോദ്യപേപ്പറില്‍ സ്ഥലംപിടിച്ചതും മറ്റൊരു സ്ഥാപനത്തില്‍ നിന്നു മഫ്ത ധരിച്ച വിദ്യാര്‍ഥിനിയെ ധിക്കാരപൂര്‍വം ടി.സി നല്‍കി ഇറക്കിവിട്ടതും. നായ്ക്കുട്ടികള്‍ക്കു പന്തെറിഞ്ഞുകൊടുക്കുന്നപോലെ സമുദായത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍
എറിഞ്ഞുനല്‍കുന്ന കളിപ്പന്തുകളാണ് ലൌ ജിഹാദും ചിന്‍വാദ് പാലവും മഫ്ത വിവാദവുമൊക്കെ.

മുസ്ലിം സമുദായത്തിനു കൈവന്ന ഉണര്‍വിന്റെ പല കാരണങ്ങളിലൊന്ന് മുസ്ലിം ലീഗിന് സംസ്ഥാന രാഷ്ട്രീയത്തില്‍ സിദ്ധിച്ചുപോരുന്ന മേല്‍ക്കൈയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത സ്വാധീനം തീര്‍ത്തും ഇല്ലാതാക്കലാണ് മാണി-ജോസഫ് കക്ഷികളുടെ ലയനലക്ഷ്യം കൊണ്ട് കത്തോലിക്കാ സഭ ലക്ഷ്യമിടുന്നത്. ഞാവല്‍പ്പഴം പഴുത്തപ്പോള്‍ പക്ഷേ, കാക്കയ്ക്കു വായ്പ്പുണ്ണ്. മുസ്ലിം സമുദായം മതരംഗത്തെന്നപോലെ രാഷ്ട്രീയമായും ശിഥിലമാവാന്‍ പോവുന്നു. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി മുതലായ സംഘടനകളുടെ രംഗപ്രവേശം രാഷ്ട്രീയരംഗത്തു പെട്ടെന്ന് അട്ടിമറികള്‍ സൃഷ്ടിക്കില്ലായിരിക്കാം. എന്നാല്‍ ഒരു വോട്ട് പോലും നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പില്‍ അത്താഴം മുടക്കാന്‍ അവര്‍ ധാരാളമാണ്. മനസ്സിലാക്കിയിടത്തോളം ഈ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്തു ജമാഅത്തിനെ തിരഞ്ഞെടുപ്പു മല്‍സര രംഗത്തുനിന്നു മാറ്റിനിര്‍ത്താനുള്ള ദൌത്യവുമായാണ് ലീഗ് നേതൃത്വം ജമാഅത്തിനെ സമീപിച്ചത്.

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദത്തില്‍ വിശ്വസിക്കുന്നവരാണ് എന്നതാണ് ആ പാര്‍ട്ടിയെ തീണ്ടപ്പാടകലെ നിര്‍ത്താന്‍ തല്‍പ്പരകക്ഷികള്‍ ഉന്നയിച്ചിരിക്കുന്ന വാദം. ഈ വാദത്തിന്റെ ഇസ്ലാമികമായ ശരിതെറ്റുകള്‍ ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രം സ്ഥാപിക്കാനല്ല. ഏതൊക്കെ ഓവുചാലുകള്‍ പൂര്‍ത്തിയാക്കണം, ഏതൊക്കെ ഓടകള്‍ മണ്ണിട്ടു മൂടണം, ഏതെല്ലാം തെരുവുവിളക്കുകള്‍ കത്തിക്കണം എന്നിത്യാദി കാര്യങ്ങള്‍ തീരുമാനിക്കലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലക്ഷ്യം.

കമ്മ്യൂണിസ്റ്റുകള്‍ ആത്യന്തികമായി ഭരണകൂടം കൊഴിഞ്ഞുവീഴുന്നതും പ്രതീക്ഷിച്ചിരിക്കുന്നവരാണ്. അവര്‍ സ്വകാര്യ സ്വത്തിനെതിരാണ്. പക്ഷേ, ഭരണകൂടത്തിന്റെ തലപ്പത്ത് സംസ്ഥാനത്ത് അവരാണ്. നിങ്ങള്‍ ഭരണകൂടസംവിധാനത്തില്‍ വിശ്വസിക്കുന്നില്ലെന്നു പറഞ്ഞു കമ്മ്യൂണിസ്റ്റുകളുമായി ആരും തിരഞ്ഞെടുപ്പ് നീക്കുപോക്ക് നടത്താതിരിക്കുന്നുണ്േടാ? കമ്മ്യൂണിസ്റ്റുകള്‍ മതനിഷേധികളാണ്. മതാധിഷ്ഠിത രാഷ്ട്രീയം ഒരു വിപത്താണെങ്കില്‍ മതനിഷേധ രാഷ്ട്രീയമോ? അതും വിപത്തല്ലേ? എന്നിട്ടും എന്തുകൊണ്ട് തരംകിട്ടുമ്പോഴൊക്കെയും കമ്മ്യൂണിസ്റ്റുകളുമായി ലീഗ് കൂട്ടുകൂടുന്നു. ജമാഅത്തെ ഇസ്ലാമി കശ്മീരില്‍ വേറെ, ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ വേറെ എന്നു പറയുന്നു. തിരിച്ചൊരു ചോദ്യം: എന്തുകൊണ്ട് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മുകശ്മീരില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനു ഒരു യൂനിറ്റില്ല? കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലേ?

എനിക്ക് ജമാഅത്തെ ഇസ്ലാമിയുടെയോ മറ്റാരുടെയെങ്കിലുമോ വക്കാലത്തില്ല. എന്നാല്‍ മുസ്ലിം സമുദായം ശിഥിലമാവരുതെന്ന നിര്‍ബന്ധബുദ്ധിയുണ്ട്. മുസ്ലിം സമുദായനേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും കൂടിയിരുന്ന് സമുദായത്തിന്റെ രാഷ്ട്രീയഭാവി ഗൌരവത്തില്‍ ചര്‍ച്ചചെയ്യണം. അത്തരമൊരു ചര്‍ച്ചയില്‍ നിന്ന് ജമാഅത്തിനെയോ എസ്.ഡി.പി.ഐയെയോ ഒഴിവാക്കരുത്. ഒഴിവാക്കിയാല്‍ നാളെ ദുഃഖിക്കേണ്ടിവരും. പക്ഷേ, ജമാഅത്തിനെപ്പോലുള്ള സംഘടനകള്‍ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങിക്കളിക്കാതിരിക്കുന്നതാണു തല്‍ക്കാലം സമുദായത്തിന്റെ ഭദ്രതയ്ക്ക് അഭികാമ്യം.

അന്വേഷണം മരവിപ്പിച്ചു; മദനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്‌

അന്വേഷണം മരവിപ്പിച്ചു; മദനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്‌

ആര്‍.പ്രദീപ്‌

തിരുവനന്തപുരം : പിഡിപി നേതാവ്‌ മദനിക്കെതിരായി നടന്നു വന്നിരുന്ന അന്വേഷണങ്ങള്‍ മരവിപ്പിച്ചു. കേരളത്തിലെ ചില ഉന്നത കോണ്‍ഗ്രസ്‌ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്‌ മദനിക്കെതിരായ എന്‍ഐഎയുടെ അന്വേഷണം മരവിപ്പിച്ചത്‌. പല കേസുകളിലും മദനിക്കും ഭാര്യ സൂഫിയയ്ക്കുമെതിരായി ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ മദനി കുടുങ്ങുമെന്ന നിലയും വന്നിരുന്നു. ഈ അവസരത്തിലാണ്‌ കേരളത്തിലെ ചില ഉന്നത കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്‌. കേന്ദ്ര സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരോട്‌ മദനിക്കെതിരായ അന്വേഷണം തല്‍ക്കാലം നിര്‍ത്തി വയ്ക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ബാംഗ്ലൂര്‍ സ്ഫോടനം, കാശ്മീരിലേക്ക്‌ ഭീകരവാദികളെ റിക്രൂട്ട്‌ ചെയ്യല്‍, കളമശ്ശേരി ബസ്‌ കത്തിക്കല്‍, കേരളത്തിനകത്തും പുറത്തും നടത്തിയ ഭീകരവാദ ക്യാമ്പുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ മദനി അറസ്റ്റിലാകുമെന്ന ഘട്ടം വരെ എത്തിയതാണ്‌. അതു സംബന്ധിച്ച്‌ എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന്‌ എല്ലാ തെളിവുകളും കുഴിച്ചു മൂടപ്പെടുകയും മദനിക്ക്‌ രക്ഷപ്പെടാനുള്ള അവസരമൊരുങ്ങുകയും ചെയ്തിരിക്കുകയാണ്‌. അന്വേഷണ റിപ്പോര്‍ട്ട്‌ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ അതാതു സമയത്ത്‌ നല്‍കുന്നുമുണ്ടായിരുന്നു. അന്വേഷണം സംബന്ധിച്ച പുരോഗതിയും മറ്റും ദേശീയ അന്വേഷണ ഏജന്‍സിഉദ്യോഗസ്ഥര്‍ രഹസ്യമായി മാധ്യമങ്ങള്‍ക്കും നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നതേയില്ല. ദേശീയ അന്വേഷണ ഏജന്‍സി വളരെ കൃത്യമായി നടത്തിയ അന്വേഷണം മദനിയെ കുടുക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ മദനി രക്ഷപ്പെടാന്‍ വഴിതേടി പലരെയും സമീപിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ ഒപ്പം നിന്നിരുന്ന മദനി കോണ്‍ഗ്രസ്‌ നേതാക്കളെ സമീപിക്കാന്‍ തീരുമാനിച്ചതങ്ങനെയാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ രഹസ്യമായി പൂന്തുറസിറാജ്‌ കണ്ടിരുന്നു. മറ്റു ചില ഉന്നത കോണ്‍ഗ്രസ്‌ നേതാക്കളുമായി മദനിയും ഒപ്പമുള്ളവരും ബന്ധപ്പെട്ടിരുന്നു. മദനിക്കെതിരായ എന്‍ഐഎ അന്വേഷണം മരവിപ്പിച്ചാല്‍ പഞ്ചായത്തു തെരഞ്ഞെടുപ്പിലും പിന്നീടു വരുന്ന നിയമസഭാതെരഞ്ഞെടുപ്പിലും പിഡിപി പിന്തുണ യുഡിഎഫിനു നല്‍കാമെന്നതായിരുന്നു ഉറപ്പ്‌. എങ്ങനെയും അധികാരത്തിലെത്തുക എന്ന കോണ്‍ഗ്രസ്‌-ലീഗ്‌ നേതാക്കളുടെ മോഹത്തിന്റെ ഭാഗമായാണ്‌ മദനിയെയും കൂട്ടരെയും ദേശസുരക്ഷയെ തന്നെ ബാധിക്കുന്ന തീവ്രവാദ കേസുകളില്‍ നിന്ന്‌ രക്ഷപ്പെടുത്താനുള്ള കോണ്‍ഗ്രസ്സിന്റെ നീക്കം.

ബാംഗ്ലൂര്‍ സ്ഫോടനത്തിലും മറ്റും മദനിക്കുള്ള പങ്ക്‌ ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്നു തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ വ്യക്തമായതാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ മദനിയെ ചോദ്യം ചെയ്യാനുള്ള നീക്കം കര്‍ണ്ണാടക പോലീസും ആരംഭിച്ചിരുന്നു. മദനിക്കും ഭാര്യ സൂഫിയയ്ക്കും കര്‍ണാടക പോലീസ്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ മദനി സുഖമില്ലെന്ന്‌ കള്ളം പറഞ്ഞ്‌ ഹാജരായില്ല. സുഖമില്ലെന്ന കാരണം പറഞ്ഞ്‌ ആശുപത്രിയില്‍ പ്രവേശിച്ച ഒരു പ്രഭാതത്തില്‍ മദനി ആശുപത്രിയില്‍ നിന്ന്‌ അപ്രത്യക്ഷനാകുകയും ചെയ്തു. സൂഫിയ അപ്പോള്‍ കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസില്‍ ജാമ്യമെടുത്തു നില്‍ക്കുകയായിരുന്നു. കേരളം വിട്ടു പോകരുതെന്ന്‌ ജാമ്യ വ്യവസ്ഥയിലുണ്ടായിരുന്നത്‌ ചൂണ്ടിക്കാട്ടി അവരും കര്‍ണാടക പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്ന്‌ രക്ഷപ്പെട്ടു. പിന്നീട്‌ ബാംഗ്ലൂര്‍ സ്ഫോടനക്കേസ്‌ പൂര്‍ണ്ണമായും ദേശീയ അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തിലായി. കര്‍ണാടക പോലീസ്‌ മദനിയെ ചോദ്യം ചെയ്യുന്നതിന്‌ നിയമപരമായ നടപടികള്‍ക്ക്‌ തുടക്കമിട്ടെങ്കിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടല്‍ അവിടെയും വിലങ്ങുതടിയായി. മദനിയുടെ കേസുമായി മുന്നോട്ടു പോകേണ്ടെന്നും കേസുമായി ബന്ധപ്പെട്ട്‌ മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍ക്ക്‌ വ്യക്തമായ മറുപടി നല്‍കേണ്ടെന്നുമാണ്‌ ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസിലും ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും മദനിക്കു വ്യക്തമായ പങ്കുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ബോധ്യപ്പെട്ടതാണ്‌.

Janmabhumi Daily 26 May 2010

http://www.janmabhumidaily.com/detailed-story/?newsID=71190

Friday, May 21, 2010

ഒഴിച്ചുകളഞ്ഞ മനുഷ്യാവകാശവും പിഴച്ചുപോയ ആഗോളീകരണ വിരോധവും


Friday, May 21, 2010
മാതൃഭൂമിയുടെ ചിന്തന്‍ബൈഠക്-2 / പി.കെ. പ്രകാശ്


പി.കെ. ബാലകൃഷ്ണന്‍ 'മാധ്യമ'ത്തിന്റെ ആദ്യ എഡിറ്ററായത് 'മാതൃഭൂമി'ക്ക് പിടിച്ചില്ല. അദ്ദേഹം ജമാഅത്തുകാര്‍ വിരിച്ച വലയില്‍ കുടുങ്ങിയതാണ്. അതിന് അദ്ദേഹത്തിന് മാസപ്പടിയും കിട്ടി-പത്രം പറയുന്നു. കേരളം കണ്ട ഏറ്റവും ധിക്കാരിയായ ബുദ്ധിജീവികളില്‍ ഒരാളാണ് പി.കെ. ബാലകൃഷ്ണന്‍ എന്നത് സര്‍വാംഗീകൃതസത്യം. 'ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന പുസ്തകം എഴുതിയ, കേരളത്തിലെ ജാതി-മത ഘടനയുടെ ഉള്‍പ്പിരിവുകളും അതിന് പിന്നിലെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളും വ്യക്തമായി മനസ്സിലാക്കിയ ബാലകൃഷ്ണന്‍ ആരെങ്കിലും വിരിച്ചവലയില്‍ ചില്ലിക്കാശിന് വേണ്ടി വീണു എന്ന് ആരോപിക്കാന്‍ അസാമാന്യ വിവരക്കേടു തന്നെ വേണം. ബാലകൃഷ്ണന് വല യെറിഞ്ഞ വൈക്കം മുഹമ്മദ് ബഷീറിനെ വെറുതെവിട്ടത് മഹാഭാഗ്യം. ബാലകൃഷ്ണനെപ്പോലുള്ള ബുദ്ധിജീവികള്‍ സ്വന്തം ചിന്തയോ കാഴ്ചപ്പാടോ ഇല്ലാതെ ചക്കരക്കും കള്ളിനും ചെത്തുന്നവരാണെന്ന് ആക്ഷേപിക്കുന്ന 'മാതൃഭൂമി' സ്വന്തം അനുഭവത്തില്‍ നിന്നാകുമോ ഇത് പറയുന്നത്?

മാതൃഭൂമിയുടെ ആദ്യപത്രാധിപരായിരുന്ന കെ.പി. കേശവമേനോന്‍ ജമന്‍ലാല്‍ ബജാജില്‍നിന്ന് പണം വാങ്ങിയിരുന്നു. കേശവമേനോനെപ്പോലുള്ളവര്‍ പണത്തിനായി ഇരക്കുന്നതിനെ എം.പി. നാരായണമേനോന്‍ വിമര്‍ശിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ 'മലബാര്‍ സമരം; എം.പി. നാരായണമേനോനും സഹപ്രവര്‍ത്തകരും' എന്ന പുസ്തകത്തില്‍ പ്രഫ. എം.പി.എസ്. മേനോന്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. സ്വാതന്ത്ര്യപ്രക്ഷോഭത്തിന് വേണ്ടിയെന്ന പേരില്‍ ജനങ്ങളില്‍നിന്ന് അഞ്ച് രൂപയുടെ ഓഹരി പിരിച്ചാണ് മാതൃഭൂമി തുടങ്ങിയതെന്നത് സത്യം. ഇടക്കാലത്ത് ഈ ഓഹരികള്‍ മുഴുവന്‍ ചിലര്‍ വാങ്ങിക്കൂട്ടി. 1987ല്‍ നാലപ്പാട്ട് കുടുംബത്തിന്റെ നാനൂറിലേറെ ഓഹരികള്‍ പഴയ എഡിറ്റര്‍ എം.ഡി. നാലപ്പാട്ട് വഴി 'ടൈംസ് ഓഫ് ഇന്ത്യ' വാങ്ങി. ഇതിനെതിരെ കേസ് നടക്കുന്നതിനിടെ പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ കേന്ദ്രമന്ത്രിയായി. അശോക് ജയിന്‍ എന്ന വ്യവസായിയുടെ നേതൃത്വത്തിലുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ കൈയിലുള്ള ഓഹരികള്‍ ഒറ്റയടിക്ക് എം.ഡിയുടെ പുത്രന്‍േറതായി. പണം വാങ്ങിയോ വെറുതെ കൊടുത്തോ എന്നൊന്നും ആരും ഇതുവരെ വിശദീകരിച്ചിട്ടില്ല. ആദര്‍ശവും അധികാരവും ഇങ്ങനെയെല്ലാം ഉപയോഗിക്കുന്നവര്‍ക്ക് പി.കെ. ബാലകൃഷ്ണന്‍ മുക്കാല്‍ ചക്രം വാങ്ങി എഡിറ്ററായി എന്ന് പറയാന്‍ അറക്കേണ്ടതില്ല.

ക്രിസ്ത്യന്‍ മിഷനറിമാരാണ് മലയാള പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ക്രിസ്തുമതത്തെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം ഈ പത്രങ്ങള്‍ മറ്റ് മതങ്ങളെ വിമര്‍ശിച്ചു. ഇതിന് മറുപടി നല്‍കാന്‍ ഹിന്ദുക്കള്‍ ആരംഭിച്ച പത്രങ്ങളാണ് 'ആര്യസിദ്ധാന്ത ചന്ദ്രിക', 'പ്രബുദ്ധ കേരളം' എന്നിവ. ഇതിന് പിന്നാലെ മുസ്‌ലിംപണ്ഡിതരും പത്രങ്ങളുമായി രംഗത്ത് വന്നു. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയാണ് പത്രപ്രവര്‍ത്തനത്തിന് പുതിയ ദിശ നല്‍കിയത്. രാജവാഴ്ചയെയും അതിന്റെ തിന്മകളെയും വിമര്‍ശിച്ച് ഒരു ജനാധിപത്യസമൂഹത്തിന്റെ രൂപവത്കരണവും തല്‍ഫലമായി മൊത്തം സാമൂഹിക പുരോഗതിക്കൊപ്പം മുസ്‌ലിംകളുടെ ഉന്നമനവും എന്നതായിരുന്നു മൗലവിയുടെ കാഴ്ചപ്പാട്. 'സ്വദേശാഭിമാനി' സര്‍ സി.പി നിരോധിക്കുകയും പത്രാധിപര്‍ രാമകൃഷ്ണപിള്ളയെ നാട് കടത്തുകയും ചെയ്തതോടെ ഈ ലക്ഷ്യം പാതിവഴിയില്‍ അവസാനിച്ചു.

'സ്വദേശാഭിമാനി'പത്രത്തിന്റെ പത്രാധിപര്‍ മുസ്‌ലിമായിരുന്നില്ല, നായരായിരുന്നു. പത്രമുടമ വക്കംമൗലവിയുടെ ലക്ഷ്യം മുഹമ്മദീയസമുദായത്തിന്റെ സമുദ്ധാരണമായിരുന്നു. അതിന് സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍കൂടി ഏറ്റെടുത്ത് മൊത്തം സാമൂഹികമാറ്റം ലക്ഷ്യംവെച്ചു. വക്കം മൗലവി എന്തിനാണ് രാമകൃഷ്ണപിള്ളയെ സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററാക്കിയത്? അത് മുസ്‌ലിം പത്രം എന്ന പ്രതിഛായ മറച്ചുവെക്കാനായിരുന്നോ? നാല് കാശിന് വക്കം മൗലവി വലയിട്ട് പിടിച്ചയാളായിരുന്നോ രാമകൃഷ്ണപിള്ള? തീര്‍ന്നില്ല. കേരളത്തിലെ സ്വാതന്ത്ര്യ സമരസേനാനികളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്നുവെന്ന് ഇ.എം.എസ് തന്നെ വിശേഷിപ്പിച്ച മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ 'അല്‍അമീന്‍' പത്രത്തിന്റെ ആദ്യ പത്രാധിപസമിതിയില്‍ വിദ്വാന്‍ ടി.കെ. രാമന്‍മേനോന്‍ ഉണ്ടായിരുന്നു. പി.എസ്. ഗോപാലപിള്ള ഉണ്ടായിരുന്നു. എസ്.ജി. വെങ്കിടാചലഅയ്യര്‍, സി.വി. നാരായണയ്യര്‍, കാവില്‍ അപ്പുനായര്‍, മണ്ണാര്‍ക്കാട്ട് മൂപ്പില്‍ നായര്‍ എന്നിവരും 'അല്‍അമീന്‍' പത്രവുമായി സഹകരിച്ചിരുന്നവരാണ്. ഈ പത്രങ്ങളുടെ ഉടമസ്ഥര്‍ മുസ്‌ലിംകള്‍ ആയിരുന്നെങ്കിലും പത്രാധിപസമിതിയിലും എഡിറ്റര്‍ സ്ഥാനത്തും മറ്റ് മതസ്ഥരെ നിയോഗിച്ചു. ചരിത്രത്തില്‍ അങ്ങുന്നിങ്ങോളം മുസ്‌ലിം പത്ര ഉടമകള്‍ കാഴ്ചവെച്ച ഈ വിശാലമനസ്സിന്റെ തരിമ്പെങ്കിലും 'മാതൃഭൂമി'ക്ക് അവകാശപ്പെടാനുണ്ടോ? 
ആഗോള രാഷ്ട്രീയചലനങ്ങള്‍ ഏറ്റവും പെട്ടെന്ന് അലയടിക്കുന്ന സമൂഹമാണ് കേരളം. നേരത്തേയും അങ്ങനെയായിരുന്നു. അതുകൊണ്ടാണല്ലോ മഹാത്മാഗാന്ധി തന്നെ ഖിലാഫത്ത്പ്രക്ഷോഭത്തിന് മലബാറിലെ മുസ്‌ലിംകളുടെ പിന്തുണതേടാന്‍ കേരളത്തിലെത്തിയത്. ഖിലാഫത്ത്പ്രശ്‌നം കേരളത്തില്‍ മഹാത്മാഗാന്ധി ചര്‍ച്ചയാക്കിയതിന്റെയും അതിന് പിന്തുണ നല്‍കിയതിന്റെയും ബ്രീട്ടീഷ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചതിന്റെയും തുടര്‍ച്ചയാണ് സാര്‍വദേശീയ-ദേശീയചലനങ്ങള്‍ കേരളത്തില്‍ ഇന്നും അലയൊലി സൃഷ്ടിക്കുന്നത്.

അമേരിക്കയുടെ ഗള്‍ഫ് ആക്രമണം, അമേരിക്കന്‍നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി ഇന്ത്യന്‍ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക, രാഷ്ട്രീയനയങ്ങള്‍ എന്നിവക്കെതിരെ ഭൂരിപക്ഷം ജനങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സമൂഹമാണിത്. ബാബരിമസ്ജിദ് തകര്‍ത്തതിനോടും ഗുജറാത്തിലെ ഹിന്ദുത്വ വര്‍ഗീയതയുടെ അതിക്രമങ്ങളോടും ശക്തമായാണ് കേരളം പ്രതികരിച്ചത്. ഈ പശ്ചാത്തലത്തില്‍ വേണം മുസ്‌ലിംസമുദായത്തിന്റെ ആധുനിക മാധ്യമ ഇടപെടല്‍ നോക്കിക്കാണാന്‍. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അഭിപ്രായ രൂപവത്കരണശക്തിയാണ് മാധ്യമങ്ങള്‍. ഇതില്‍ മുസ്‌ലിം സമുദായത്തിന്റെ പങ്കാളിത്തം ഇന്ത്യയില്‍ താരതമ്യേന ദുര്‍ബലമാണ്. മീഡിയാ ഉടമസ്ഥതയില്‍ മുസ്‌ലിംപങ്കാളിത്തം അഖിലേന്ത്യാ തലത്തില്‍ ഇല്ലെന്ന്തന്നെ പറയാം. പ്രിന്റ് മീഡിയയിലും വിഷ്വല്‍ മീഡിയയിലും സ്ഥിതി തുല്യമാണ്. താരതമ്യേന വ്യത്യസ്തമായ ഇടപെടല്‍ ആരംഭിച്ച സംസ്ഥാനമാണ് കേരളം. അത് തുടക്കത്തിലേ നുള്ളുകയാണ് 'മാതൃഭൂമി' അടക്കമുള്ള സവര്‍ണപക്ഷ മാധ്യമങ്ങളുടെ തന്ത്രം.

മനുഷ്യാവകാശം, പരിസ്ഥിതി സ്‌നേഹം, ആദിവാസി-ദലിത് പ്രേമം എന്നിവയില്‍ കേരളത്തിന്റെ മാധ്യമമാതൃകയായാണ് 'മാതൃഭൂമി' സ്വയം വിശേഷിപ്പിക്കുന്നത്. ഇതില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് നോക്കാം. മനുഷ്യാവകാശത്തിനുവേണ്ടിയുള്ള 'മാതൃഭൂമി'യുടെ പത്രപ്രവര്‍ത്തന രീതിയെക്കുറിച്ച് വിംസി എന്ന വി.എം. ബാലചന്ദ്രന്‍ എഴുതിയ 'ഒരിക്കലും വെളിച്ചംകാണാതെ പോയ സ്‌റ്റോറി' എന്ന ലേഖനം വായിക്കുക. അടിയന്തരാവസ്ഥക്കാലത്ത് കായണ്ണയില്‍ പൊലീസിന്റെ മര്‍ദനകേന്ദ്രം പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച വാര്‍ത്ത കെ. ജയചന്ദ്രന്‍ എന്ന റിപ്പോര്‍ട്ടര്‍ മാതൃഭൂമിക്ക് നല്‍കി. രാജനെ ഉരുട്ടിക്കൊന്നത് സംബന്ധിച്ച ആദ്യറിപ്പോര്‍ട്ട്. വിംസി അത് അന്നത്തെ മാനേജിങ് എഡിറ്റര്‍ വി.എം. നായര്‍ക്ക് നല്‍കി. വായിച്ച് കഴിഞ്ഞശേഷം മാനേജിങ് എഡിറ്റര്‍ പറഞ്ഞു: 'ഇത് എന്റെ മുന്നില്‍ വെച്ച് കത്തിച്ച് ചാരം ആ ക്ലോസറ്റില്‍ ഒഴുക്കൂ'. 'മാതൃഭൂമി' കൊടുക്കാന്‍ ഉദ്ദേശിച്ച രാജന്‍കഥ ക്ലോസറ്റിലൂടെ ഒഴുകിപ്പോയി. ഒപ്പം എന്റെ ഹൃദയവും. ഒരുപക്ഷേ, ജയചന്ദ്രന്റെയും-വിംസി ഓര്‍ത്തു. ഇതാണ് യഥാര്‍ഥപത്രത്തിന്റെ ശക്തി. ഈച്ചരവാര്യരെക്കുറിച്ചും രാജനെക്കുറിച്ചും ചില ലേഖനങ്ങള്‍ 2005 ലും 2006 ലുമെല്ലാം 'മാതൃഭൂമി' ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയില്‍ ഉരുട്ടിക്കൊന്ന രാജനെക്കുറിച്ച് ആഴ്ചപ്പതിപ്പില്‍ ലേഖനം വന്നാല്‍ കരുണാകരന്‍ പരിഭവിച്ചെങ്കിലോ? വാരാന്തപ്പതിപ്പില്‍ കരുണാകരന്റെ ആത്മകഥയും ഒപ്പം തുടങ്ങി.

സി.പി.എമ്മുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്റെയും മകന്‍ മാതൃഭൂമി ഡയറക്ടറായ ശ്രേയാംസ്‌കുമാറിന്റെയും എം.പി, എം.എല്‍.എ സ്ഥാനങ്ങള്‍ ഇടതുമുന്നണിയില്‍ സുരക്ഷിതമല്ലാതിരുന്ന സാഹചര്യത്തിലാണ് ആഴ്ചപ്പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ 'പച്ചക്കുതിര'യില്‍ 'മാതൃഭൂമി'യെയും 'മാധ്യമ'ത്തെയും താരതമ്യപ്പെടുത്തി 'ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും' എഴുതിയത്. ഇത് 'മാതൃഭൂമി'യില്‍ സൃഷ്ടിച്ച തര്‍ക്കത്തിനും പ്രശ്‌നങ്ങള്‍ക്കും ഒടുവില്‍ 'എടോ ഗോപാലകൃഷ്ണാ' എന്ന് പിണറായി വിളിച്ച 'മാതൃഭൂമി' എഡിറ്റര്‍ ഗോപാലകൃഷ്ണന് പുറത്തുപോകേണ്ടി വന്നു. എന്നിട്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന് മല്‍സരിക്കാനായില്ല. ഉടന്‍ വീരേന്ദ്രകുമാര്‍ മുന്നണി വിട്ടു. എക്‌സ്‌പ്രസ് ഹൈവേ വിരുദ്ധലേഖനങ്ങള്‍, കൊക്കകോളക്കും ആഗോളീകരണത്തിനും എതിരെ എന്നരീതിയില്‍ 'മാതൃഭൂമി' വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി എടുത്ത നിലപാടുകള്‍ എന്നിവ സത്യമാണെന്ന് തെറ്റിദ്ധരിച്ച ഒരുപറ്റം ഇടതുപക്ഷ വായനക്കാര്‍ ഈ കാലയളവില്‍ 'മാതൃഭൂമി'ക്ക് ഉണ്ടായി. ഇടതുപക്ഷത്തെ തെറിവിളിച്ച് ആഗോളീകരണത്തെ എതിര്‍ത്തതിന് മാപ്പ് പറഞ്ഞ് ആഗോളീകരണവക്താവായി വീരനും 'മാതൃഭൂമി'യും യു.ഡി.എഫിലേക്ക് ചേക്കേറിയതോടെ ഇടതുവായനക്കാര്‍ പൊഴിഞ്ഞുതുടങ്ങി. ഉടനെ പുതിയ അടവെടുത്തു. ഇടക്കാലത്ത് ഒളിച്ചുകടത്തിയിരുന്ന സംഘ്പരിവാര്‍ അജണ്ട പത്രത്തിന്റെ ഔദ്യോഗിക അജണ്ടയായി പെട്ടെന്ന് സ്ഥാനം മാറി. യഥാര്‍ഥത്തില്‍ ഫാഷിസ്റ്റ് അജണ്ടയും പിന്തിരിപ്പന്‍ കാഴ്ചപ്പാടുകളും വെച്ചുപുലര്‍ത്തുന്ന ഒരു പത്രം ഭൂരിപക്ഷസമുദായത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന അഹങ്കാരത്തില്‍ സ്വയം എടുത്തണിഞ്ഞ സ്വതന്ത്രചിന്ത വെറും കാപട്യമാണെന്നാണ് രേഖകളും ചരിത്രവും തെളിയിക്കുന്നത്. സംഘ്പരിവാര്‍ അജണ്ടക്കും ഉടമയുടെ മാറുന്ന രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കും അനുസരിച്ചുള്ള ലേഖനങ്ങള്‍ 'മാതൃഭൂമി'യില്‍ എഴുതുന്നത്, ഭൂമി കൈയേറ്റത്തെക്കുറിച്ച്, മതേതരത്വത്തെക്കുറിച്ച്, പരിസ്ഥിതിയെക്കുറിച്ച്, ആദിവാസി-ദലിത്പ്രശ്‌നങ്ങളെക്കുറിച്ച് ഇതിനെല്ലാം കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ പത്രത്തില്‍ എഴുതുന്നത് എത്ര അനര്‍ഥമാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ പൊതുസമൂഹം ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

(അവസാനിച്ചു)

Wednesday, May 19, 2010

മാതൃഭൂമിയുടെ ചിന്തന്‍ ബൈഠക്

മാധ്യമം : പി.കെ പ്രകാശ്
Thursday May 20, 2010
(Link)

മുസ്ലിംകള്‍ മാധ്യമസ്ഥാപനം ആരംഭിച്ചാല്‍ മുസ്ലിംവിഷയങ്ങള്‍ മാത്രം എഴുതണം. സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടരുത്. ഇടപെട്ടാല്‍ നിരുല്‍സാഹപ്പെടുത്തണം. പൊതു വ്യക്തിത്വങ്ങള്‍ ആ പ്രസിദ്ധീകരണവുമായി സഹകരിക്കരുത്^'സത്യം, സമത്വം, സ്വാതന്ത്യ്രം' നെറ്റിയിലൊട്ടിച്ച കേരളത്തിലെ പാരമ്പര്യപത്രമായ 'മാതൃഭൂമി'യുടെ ചിന്തന്‍ബൈഠക്കില്‍നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്ന തിട്ടൂരങ്ങളാണിത്.

ക്രിസ്ത്യന്‍ മിഷനറിമാരാണ് മലയാള പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിവിധ മത^ജാതി വിഭാഗങ്ങള്‍ പത്രങ്ങള്‍ തുടങ്ങി. ഓര്‍ത്തഡോക്സ് വിഭാഗവുമായി ബന്ധപ്പെട്ടാണ് 'മലയാള മനോരമ' ആരംഭിച്ചത്. കോണ്‍ഗ്രസ് അനുകൂലവും കമ്യൂണിസ്റ്റ് വിരുദ്ധവുമായി, മലബാര്‍ജില്ലയിലെ നായന്മാരുടെ പത്രമായാണ് 'മാതൃഭൂമി'യുടെ തുടക്കം (ഓണ്‍ലൈന്‍ വിജ്ഞാനകോശം 'വിക്കിപീഡിയ'). 'കേരളകൌമുദി' ഈഴവ വിഭാഗത്തിന്റെ പത്രമാണ്. ക്രിസ്ത്യാനിക്കും നായര്‍ക്കും ഈഴവനും പത്രം ആകാം. മുസ്ലിംകള്‍ക്ക് അത് പാടില്ല. മുസ്ലിം ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ പൊതുവ്യക്തിത്വങ്ങള്‍ ജോലിചെയ്യരുത്, എഴുതരുത്. ഈയിടെയായി 'മാതൃഭൂമി' മലയാളത്തിന്റെ പൊതുമണ്ഡലത്തില്‍ നടത്തുന്ന പ്രചാരണമാണിത് (ഇന്റലക്ച്വല്‍ ജിഹാദ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 മെയ് 16^22).

1921 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും എതിരെ നടന്ന മലബാര്‍സമരം മുതല്‍ ഇന്നുവരെ സാമൂഹികപ്രശ്നങ്ങളില്‍ സംഘ്പരിവാറിന്റെ പ്രച്ഛന്ന മുഖമായാണ് 'മാതൃഭൂമി' പ്രവര്‍ത്തിച്ചത്. മുസ്ലിം^ക്രൈസ്തവ^കമ്യൂണിസ്റ്റ് വിരുദ്ധതയാണ് എന്നും അതിനെ നയിച്ചത്. മലപ്പുറം ജില്ലാ രൂപവത്കരണസമയത്ത് 'മാതൃഭൂമി'യുടെ മുസ്ലിം വിരുദ്ധത ഉച്ചകോടിയിലെത്തി. ആര്‍.എസ്.എസിന്റെ നിലക്കല്‍ പ്രക്ഷോഭനാളുകളില്‍ ക്രിസ്ത്യന്‍വിരോധമായിരുന്നു മുഖമുദ്ര. തുടക്കം മുതല്‍ ഇന്നുവരെ കമ്യൂണിസ്റ്റ് വിരുദ്ധത പത്രത്തിന്റെ പ്രഖ്യാപിതനയമാണ്. ചില ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വഴി ഇങ്ങനെയൊന്നുമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ തട്ടിപ്പുകള്‍ മറക്കുന്നില്ല.

കേരള സമൂഹത്തില്‍ സംഘ്പരിവാറിന് വേണ്ടി 'മാതൃഭൂമി' നടത്തിയ കര്‍സേവയുടെ തെളിവാണ് ആര്‍.എസ്.എസിന്റെ കേരളചരിത്രവുമായി ബന്ധപ്പെട്ട് ഇറക്കിയ 'ദക്ഷ' എന്ന പ്രസിദ്ധീകരണം. കേരളത്തിലെ സംഘടനാവളര്‍ച്ചയെക്കുറിച്ച് ആര്‍.എസ്.എസ് തയാറാക്കിയ 'ആര്‍.എസ്.എസ് ആന്‍ഡ് ഹിന്ദു നാഷനലിസം' എന്ന പഠനത്തില്‍ സംഘം മുഖപത്രമായ 'കേസരി'യേക്കാള്‍ 'മാതൃഭൂമി' ആര്‍.എസ്.എസിന് വേണ്ടി നടത്തിയ ഇടപെടലുകളാണ് എടുത്തുചേര്‍ത്തിരിക്കുന്നത്. 1959ലെ വിമോചനസമരം, 1968 ലെ തളിക്ഷേത്ര പ്രക്ഷോഭം, 1969 ലെ മലപ്പുറംജില്ലാ വിരുദ്ധസമരം, 1978 ലെ പാലുകാച്ചിമല സമരം, 1980^'81 ലെ ഇടത്സര്‍ക്കാര്‍ വിരുദ്ധസമരങ്ങള്‍, 1983ലെ നിലക്കല്‍പ്രക്ഷോഭം, 1986ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ നടത്തിയ സമരം എന്നിവയില്‍ 'മാതൃഭൂമി' വഹിച്ച പങ്ക് ഈ പഠനഗ്രന്ഥവും 'ദക്ഷ'യെന്ന ആര്‍.എസ്.എസ് സപ്ലിമെന്റും എടുത്തുകാട്ടുന്നു.

മലബാറിലെ ക്ഷേത്രങ്ങളെക്കുറിച്ച് 'മാതൃഭൂമി'യില്‍ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. അത് കേളപ്പനും സംഘ്പരിവാറും ഏറ്റെടുത്തു. ഇതിന്റെ തുടര്‍ച്ചയായാണ് മലബാര്‍ ക്ഷേത്ര സംരക്ഷണസമിതിയും പിന്നീട് കേരള ക്ഷേത്രസംരക്ഷണ സമിതിയും രൂപവത്കരിച്ചത്^'മാതൃഭൂമി' അസി.എഡിറ്റര്‍ ആയിരുന്ന വി.എം. കൊറാത്ത് 'ദക്ഷ'യില്‍ വിവരിക്കുന്നു. ദുര്‍ഗാഷ്ടമി ദിവസം അങ്ങാടിപ്പുറത്ത് ശിവലിംഗം പ്രത്യക്ഷപ്പെട്ടതും അതിനെതിരെ മുസ്ലിംകള്‍ രംഗത്ത് വന്നതും അത് ഒരു പ്രക്ഷോഭമായി 'മാതൃഭൂമി' വളര്‍ത്തിയെടുത്തതും വിവരിച്ച് തളിസമരത്തില്‍ പത്രം വഹിച്ച പങ്ക് അദ്ദേഹം വിശദീകരിക്കുന്നു. ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്തായിരുന്നു അത്. ഇ.എം.എസ് കേളപ്പനെയും സംഘ്പരിവാറിനെയും കൊറാത്തിനെയും അപലപിച്ച് അങ്ങാടിപ്പുറത്ത് പ്രസംഗിച്ചു. ഇതിനെതിരെ ''ഈ കുരങ്ങുകളിപ്പിക്കല്‍ നിര്‍ത്തണം'' എന്ന മാതൃഭൂമി മുഖപ്രസംഗവും കൊറാത്ത് അനുസ്മരിക്കുന്നുണ്ട്.

'ദക്ഷ'യില്‍തന്നെ സംഘ്പരിവാറിന്റെ സാംസ്കാരികസംഘടനയായ 'തപസ്യ'യുടെ ചരിത്രമുണ്ട്. 1976ല്‍ കോഴിക്കോട്ടെ അളകാപുരിയില്‍ ആര്‍.എസ്.എസിന്റെ ഈ സാംസ്കാരികസംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് 'മാതൃഭൂമി'പത്രാധിപര്‍ കെ.പി കേശവമേനോന്‍ ആയിരുന്നു. വി.എം. കൊറാത്ത് ഉള്‍പ്പെടെയുള്ള 'മാതൃഭൂമി'യുടെ നിരവധി എഡിറ്റര്‍മാര്‍ ഇതിന്റെ മുന്‍നിര സംഘാടകരായിരുന്നു. ഇന്നും ഈ സംഘ്പരിവാര്‍ സംഘടനയുമായി യോജിച്ചാണ് 'മാതൃഭൂമി' എല്ലാ ജില്ലകളിലും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ആദിവാസികള്‍ക്കിടയില്‍ ആര്‍.എസ്.എസ് സംഘടന കെട്ടിപ്പടുത്തത് 1979 ലാണ്. കേരള വനവാസി വികാസ കേന്ദ്രം എന്നാണ് അതിന്റെ പേര്. ആര്‍.എസ്.എസ് നേതാവ് ഭാസ്കര്‍ റാവുജി അട്ടപ്പാടിയിലെ ആദിവാസി മേഖല സന്ദര്‍ശിച്ചപ്പോള്‍ ആദിവാസി സംരക്ഷണത്തിന് ആര്‍.എസ്.എസ് വഹിക്കുന്ന ത്യാഗങ്ങള്‍ 'മാതൃഭൂമി'യില്‍ പ്രധാന വാര്‍ത്തയായി.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കേരളം കണ്ട എക്കാലത്തെയും മികച്ച സ്വാതന്ത്യ്രസമര പ്രക്ഷോഭകനായ മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബ് അല്‍അമീന്‍ പത്രം തുടങ്ങേണ്ടി വന്നതിനു പിന്നില്‍ മാതൃഭൂമിയുടെ മുസ്ലിംവിരുദ്ധതയുണ്ടായിരുന്നു. മാപ്പിളമാരുടെയും അവര്‍ണരുടെയും ശബ്ദമുയരണമെങ്കില്‍ മറ്റൊരു പത്രം വേണമെന്ന് അനുഭവത്തിലൂടെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ പഠിപ്പിച്ചത് 'മാതൃഭൂമി'യാണ്. മാപ്പിള ഔട്ട്റേജസ് ആക്ട് എന്ന മലബാര്‍മുസ്ലിംകളെ ക്രിമിനല്‍ സമൂഹമായി മുദ്രകുത്തുന്ന നിയമത്തെ, ആ നിയമമുപയോഗിച്ച് ബ്രിട്ടീഷുകാര്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങളെ അത് കണ്ടില്ലെന്ന് നടിച്ചു. 'അല്‍അമീനെ'തിരെ അക്കാലത്ത് തന്നെ മാതൃഭൂമി ഇന്ന് നടത്തുന്ന അതേ മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. 1939 സെപ്റ്റംബര്‍ 20 ന് അല്‍^അമീന്‍ സര്‍ക്കാര്‍ നിരോധിക്കുന്നത് വരെ 'മാതൃഭൂമി'യുടെ ഈ മുസ്ലിംമാധ്യമ വിരുദ്ധസമീപനം തുടര്‍ന്നു. മലപ്പുറം ജില്ലാ രൂപവത്കരണത്തെ മാപ്പിളസ്ഥാന്‍ എന്ന് വിളിച്ച് എതിര്‍പ്പിന് ആസൂത്രിതരൂപം കൊടുത്തത് 'മാതൃഭൂമി'യായിരുന്നു.

മലബാര്‍ കലാപസമയത്ത് സ്ഥാപക പത്രാധിപര്‍ കെ.പി കേശവമേനോന്‍ സ്വീകരിച്ച മുസ്ലിംവിരുദ്ധ നിലപാടിനോട് ജനങ്ങള്‍ എങ്ങനെ പ്രതികരിച്ചെന്ന് 1946 ഒക്ടോബര്‍ 27ലെ മാതൃഭൂമിയില്‍ കേശവമേനോന്‍ തന്നെ എഴുതി. ''കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ഒരു വന്‍ജനക്കൂട്ടം കാത്തുനില്‍പ്പുണ്ടായിരുന്നു. എന്നെ എതിര്‍ക്കാന്‍ വന്നവരായിരുന്നു അധികവും. 'കേശവമേനോന്‍ ഗോ ബാക്ക്; മാതൃഭൂമി ദിനപത്രം നശിക്കട്ടെ' എന്ന മുദ്രാവാക്യം ജനക്കൂട്ടം ഉയര്‍ത്തി. സ്വീകരണക്കാര്‍ ഇട്ട മാല അവര്‍ പിടിച്ചുവലിച്ച് പൊട്ടിച്ചു. എന്റെ ഷര്‍ട്ട് വലിച്ചുകീറി ചെളിവാരിയെറിഞ്ഞു. ടൌണ്‍ഹാളിലും ജനങ്ങള്‍ എനിക്കെതിരെ തിരിഞ്ഞു. എനിക്ക് പ്രസംഗിക്കാനാകാതെ പിന്തിരിയേണ്ടി വന്നു. കാരണം എന്നെ തല്ലിക്കൊല്ലാന്‍ തയാറായിരുന്നു ജനങ്ങള്‍''.

ഇത് എന്തുകൊണ്ട് സംഭവിച്ചു? മലബാര്‍സമര കാലത്തും ഖിലാഫത്തുകാരെ പട്ടാളം വേട്ടയാടിയപ്പോഴും നിശബ്ദത പാലിക്കുകയും സമരത്തിനു ശേഷം ഖിലാഫത്തുകാരെയും മുസ്ലിംകളെയും വിമര്‍ശിക്കുകയും ചെയ്ത കേശവമേനോന് ജനം മാപ്പ് കൊടുത്തില്ല. പത്രത്തിലൂടെ പ്രകടിപ്പിച്ച മുസ്ലിംവിരോധവും ഹിന്ദുപക്ഷപാതവും മുസ്ലിംകള്‍ക്കെതിരെ ഗാന്ധിജിയെ തിരിച്ചുവിട്ടതും ജനങ്ങള്‍ക്ക് രസിച്ചില്ലെന്ന് തുറന്ന് പറഞ്ഞത് മലബാര്‍ സമരനായകനായിരുന്ന എം.പി നാരായണമേനോന്‍ തന്നെയായിരുന്നു. കെ.പി കേശവമേനോനെപ്പോലുള്ള ഹിന്ദു കോണ്‍ഗ്രസ് നേതാക്കള്‍ ഏറനാട്ടില്‍ പോകാന്‍ ഭയപ്പെട്ടത്, കുടിയാന്‍സമരങ്ങളില്‍ ജന്മിമാരുടെ ഭാഗം പത്രങ്ങളിലും കോടതികളിലും വാദിച്ചിരുന്നവര്‍ ഇവരായതു കൊണ്ട് ജനങ്ങള്‍ എതിരാണെന്ന് തിരിച്ചറിഞ്ഞതാണെന്നും എം.പി. നാരായണമേനോന്‍ തുറന്ന്പറഞ്ഞിട്ടുണ്ട്. സ്ഥാപക പത്രാധിപരുടെ ഈ മുസ്ലിം വിരുദ്ധതയും ഹിന്ദുത്വ അനുകൂലനിലപാടുമാണ് പിന്നീടും കേരളം കണ്ടത്. ആര്‍.എസ്.എസിന്റെ സാംസ്കാരിക സംഘടനയായ തപസ്യയുടെ സ്ഥാപക സമ്മേളനത്തില്‍ 'മാതൃഭൂമി' പത്രാധിപര്‍ അധ്യക്ഷത വഹിച്ചത് ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചതന്നെയാണ്.

''കേരളം മലയാളികളുടെ മാതൃഭൂമി'' എന്ന പുസ്തകത്തില്‍ ഇ.എം.എസ് എഴുതി : ''ഹിന്ദു^മുസ്ലിം ബഹുജനങ്ങളെ യോജിപ്പിക്കുന്ന സമരപരിപാടികളെയെല്ലാം അവര്‍ എതിര്‍ത്തു. മാത്രമല്ല, ദേശീയതയുടെ പേരില്‍ മുസ്ലിം ബഹുജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയും ഹിന്ദുസമുദായ മേധാവിത്വത്തെ ശക്തിപ്പെടുത്തുകയുമാണ് അവര്‍ ചെയ്തത്. കോണ്‍ഗ്രസ്നേതാക്കള്‍ ഹിന്ദുസമുദായവാദികളും മുസ്ലിംവിരോധികളുമായി പ്രവര്‍ത്തിച്ചതും കോണ്‍ഗ്രസ്നേതൃത്വം ആകെ ബഹുജന സമരങ്ങളെ എതിര്‍ത്തതുമാണ് ലീഗിന്റെ വളര്‍ച്ചയെ ഈ വഴിക്ക് തിരിച്ച് വിട്ടത്''. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും വേണ്ടി മലബാര്‍സമരത്തെ ഒറ്റുകൊടുത്ത പത്രവും പത്രാധിപരും ദേശീയസമരത്തിന്റെ പത്രവും നേതാവുമായി സ്വയം പ്രഖ്യാപിക്കുന്നതാണ് പിന്നീട് കേരളം കണ്ടത്.

വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ ക്ഷേത്രപ്രക്ഷോഭം എന്നിവയുടെ നേതൃത്വം മാതൃഭൂമി അവകാശപ്പെടുന്നതും ഈ പശ്ചാത്തലത്തില്‍വേണം പരിശോധിക്കാന്‍. വൈക്കം ക്ഷേത്രപ്രക്ഷോഭത്തിന്റെ പിന്നിലെ കളികള്‍ പിന്നീട് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് തുറന്നെഴുതിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 'യങ ് ഇന്ത്യ' പത്രത്തിന്റെ എഡിറ്ററും വൈക്കം പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്തയാളുമാണ് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. മഹാത്മാഗാന്ധിയും കേശവ മേനോനെപ്പോലുള്ള ഹിന്ദുനേതാക്കളും ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് ജോര്‍ജ് ജോസഫ് പിന്നീട് 'ഇന്ത്യന്‍ സോഷ്യല്‍ റിഫോര്‍മറി'ല്‍ എഴുതി : ''വൈക്കം സത്യഗ്രഹത്തിന് ക്ഷേത്രപ്രവേശനവുമായി ബന്ധമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പൊതുവഴിയിലൂടെ നടക്കുന്നതില്‍ നിന്ന്, ആ വഴി ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് എന്ന കാരണം കൊണ്ടുമാത്രം അസ്പൃശ്യരെ തടയാന്‍ പാടുണ്ടോ എന്നതായിരുന്നു വിഷയം''. ജാതിചൂഷണവും പീഡനവും സഹിക്കാതെ ദലിത് വിഭാഗങ്ങള്‍ ക്രിസ്തു^ബുദ്ധ മതങ്ങളിലേക്ക് മാറുന്ന സാഹചര്യമായിരുന്നു അന്ന്. അത് തടയാനും ദലിതുകളെക്കൂടി ഹിന്ദുത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനും നടത്തിയ ബോധപൂര്‍വമായ ഇടപെടല്‍ കൂടിയായിരുന്നു അതെന്ന് ചരിത്രരേഖകള്‍ സഹിതം ജോര്‍ജ് ജോസഫ് തെളിയിച്ചു. ജോര്‍ജ് ജോസഫ് എഴുതിയ കത്തിന് മറുപടിയായി അംബേദ്കര്‍ അന്നെടുത്ത നിലപാടും ഇത് തെളിയിക്കുന്നു. ദലിതുകള്‍ ക്ഷേത്ര പ്രവേശനത്തിന് വെമ്പല്‍ കൊള്ളേണ്ടതില്ല. ഹിന്ദുക്കള്‍ അവരുടെ അഹങ്കാരം മൂലം ഒഴിവാക്കിയ ഇടങ്ങളിലേക്ക് പ്രവേശിക്കാന്‍ എന്തിന് അസ്പൃശ്യര്‍ ആവശ്യപ്പെടണം എന്നായിരുന്നു അംബേദ്കറുടെ ചോദ്യം. ദലിതുകളെ ഹിന്ദുദലിത് ആക്കി മാറ്റാന്‍ അവരെക്കൂടി ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചെടുക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഈ നടപടികളെയെല്ലാം സ്വന്തം വഞ്ചന മറച്ചുവെച്ച്, ചരിത്രത്തിന്റെയോ രേഖകളുടേയോ പിന്‍ബലമില്ലാതെ അവകാശവാദങ്ങളുടെ പട്ടികയില്‍ ചേര്‍ക്കുകയാണ് 'മാതൃഭൂമി'യും ശില്‍പികളും ചെയ്തത്.

ഇത് പിന്നീടും തുടര്‍ന്നു. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ 'മാതൃഭൂമി'യും ഹിന്ദുത്വശക്തികളും സടകുടഞ്ഞെഴുന്നേറ്റു. യൂനിവേഴ്സിറ്റിയുടെ ആസ്ഥാനം മലപ്പുറം ജില്ലയിലാണെന്ന് ആരോപിച്ച് സമരവുമായി രംഗത്തിറങ്ങി. തമിഴ്നാട്ടുകാരനായ ഡോ. ഗനിയെ വൈസ് ചാന്‍സലറായി നിയമിച്ചപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്ത് വന്നു. ശരീഅത്ത് വിവാദ കാലത്ത് മാതൃഭൂമിയുടെ മുസ്ലിം വിരുദ്ധത അതിന്റെ പരകോടിയില്‍ എത്തി. ബാബരി മസ്ജിദിനെ തര്‍ക്കമന്ദിരമായി അവതരിപ്പിച്ചു. ഏറ്റവും അവസാനം ലൌ ജിഹാദും ഇന്റലക്ച്വല്‍ ജിഹാദും വഴി മുസ്ലിം സമുദായത്തിന് എതിരായി സംഘ്പരിവാര്‍ തലത്തില്‍ നിന്നുള്ള ആക്രമണത്തിനാണ് 'മാതൃഭൂമി' തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ ബിംബങ്ങളെയും 'മാതൃഭൂമി' എങ്ങനെയാണ് കൊണ്ടാടുന്നതെന്ന് തുറന്നെഴുതിയത് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അസി.എഡിറ്ററായ കമല്‍ റാം സജീവ് തന്നെ. 'ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും' എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതി : ''പ്രാദേശിക ക്ഷേത്രോല്‍സവങ്ങള്‍ക്കും അനന്തകോടി ആള്‍ദൈവങ്ങള്‍ക്കും വിശ്വാസ്യത തീര്‍ത്ത ഹിന്ദുത്വജേണലിസം യാതൊരു മൂല്യബോധവുമില്ലാതെ കേരള കമ്പോളം കീഴടക്കുന്ന കാഴ്ചയാണ് തൊണ്ണൂറുകളില്‍ കണ്ട് തുടങ്ങിയത്. അതിപ്പോഴും തുടരുന്നു. ഈ അധിനിവേശത്തിന്റെ ദുരവസ്ഥ ദുരൂഹമായ ഉള്‍പ്പിരിവുകളോടെ മലയാളത്തിലെ പത്രപ്രവര്‍ത്തന രംഗത്ത് ഒരു തിരിച്ച് പോക്കിന് തുടക്കമിട്ടിരിക്കുകയാണ്. ന്യൂസ് ഡസ്കുകളില്‍ പെരുകി വരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനവും അവര്‍ രൂപപ്പെടുത്തുന്ന ഓഫിസ് രാഷ്ട്രീയവും ഭയാനകമാണ്''.

ഇത് എഴുതിയ ആള്‍ തുടര്‍ന്ന് 'മാധ്യമം' പത്രത്തെക്കുറിച്ച് ഇങ്ങനെ എഴുതി : ''ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും പുതിയ പരിസരങ്ങള്‍ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന ഈ സന്ദര്‍ഭത്തില്‍ കേരളവും ചരിത്രത്തോട് മുഖം തിരിച്ച് നിന്നില്ല. 'മാധ്യമം' പോലൊരു പത്രം കേരളത്തില്‍ ചരിത്രപരമായ അനിവാര്യതയായിരുന്നു. ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയുടെ മര്‍മസ്ഥാനത്തേക്ക് കയറാന്‍ തുടങ്ങിയ ഇസ്ലാമികരാഷ്ട്രീയത്തെ നേരിട്ട് അവതരിപ്പിക്കാനെത്തിയ 'മാധ്യമ'ത്തിന് അതേസമയത്ത് ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഇതര ചിന്താ പദ്ധതികളെയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമായിരുന്നില്ല. വര്‍ഗരാഷ്ട്രീയം മാത്രമാണ് പുരോഗമനപരം എന്ന സൈദ്ധാന്തികബാധ്യതയില്‍ ഇടതുപക്ഷം അവഗണിച്ച പ്രാന്തവല്‍കൃതരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വിശാലമായ പ്ലാറ്റ്ഫോം 'മാധ്യമ'മാണ് മുഖ്യധാരയില്‍ സൃഷ്ടിച്ചത്. തീവ്രമായ സബാള്‍ട്ടണ്‍ യുക്തിക്ക് കേരളത്തിലെ മീഡിയയില്‍ ഇടം കിട്ടുന്നത് 'മാധ്യമ'ത്തിലൂടെയാണെന്ന് രണ്ട് ദശകം പൂര്‍ത്തീകരിക്കുന്ന ആ പത്രത്തിന്റെ ചരിത്രപരമായ സാന്നിധ്യം പരിശോധിച്ചാല്‍ മനസ്സിലാകും. പ്രചാര വിപ്ലവമല്ല, വാര്‍ത്താ ഉള്ളടക്കത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ 'മാധ്യമം' ദിനപത്രം അവതരിപ്പിച്ചു. ഒരു വാര്‍ത്തയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ ഈ മാറ്റം കൊണ്ടുചെന്നെത്തിച്ചു''. 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അസി.എഡിറ്റര്‍ തന്നെ 'മാധ്യമ'ത്തെക്കുറിച്ച് എഴുതിയ വസ്തുതകളുടെ പേരില്‍ മാധ്യമം മാതൃഭൂമിയുടെ ആക്രമണത്തിന് ഇരയാകുന്നത് എന്തുകൊണ്ട്?
(തുടരും)

Sunday, May 9, 2010

ജന്‍മഭൂമിക്ക്‌ വേണ്ടി ആര്‍എസ്‌എസില്‍ വടംവലി

ജന്മഭൂമി ദിനപത്രത്തിലെ അധികാരമാറ്റത്തെച്ചൊല്ലി ആര്‍എസ്‌എസ്‌ സംസ്ഥാന ഘടകത്തില്‍ രൂക്ഷഭിന്നത. സംസ്ഥാന അധ്യക്ഷന്‍ പിഇബി മേനോന്‍, പ്രാന്തപ്രചാരക്‌ എആര്‍ മോഹനന്‍ തുടങ്ങിയവര്‍ ഒരുഭാഗത്തും സഹപ്രാന്തപ്രചാരക്‌ ജെ.നന്ദകുമാര്‍, ആര്‍എസ്‌എസ്‌ മുഖപ്രസിദ്ധീകരണം കേസരിയുടെ എഡിറ്റര്‍ ആര്‍.സഞ്‌ജയന്‍ തുടങ്ങിയവര്‍ മറുഭാഗത്തുമായാണു ചേരിതിരിവ്‌. ജന്മഭൂമി എംഡി കുമ്മനം രാജശേഖരനെയും ചീഫ്‌ എഡിറ്റര്‍ ഹരി എസ്‌.കര്‍ത്തയെയും മാറ്റുന്നതുമായി ബന്ധപ്പെട്ട പോര്‌ മൂര്‍ധന്യത്തിലാണ്‌. ഈ മാസം 20നു ശേഷം പുതിയ ഡയറക്‌ടര്‍ബോര്‍ഡ്‌ നിലവില്‍ വരാനിരിക്കെയാണിത്‌.

പുതിയ ബോര്‍ഡുമായി യോജിക്കാനാകാത്ത സാഹചര്യത്തില്‍ ഹരി എസ്‌.കര്‍ത്ത രാജിക്കൊരുങ്ങുന്നതായി സ്‌കൂപ്‌ഐ നേരത്തേ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

കുമ്മനത്തിനു പകരം എം.മോഹനനെ എംഡിയാക്കാനാണ്‌ പിഇബി മേനോന്‍ വിഭാഗത്തിന്റെ നീക്കം. നേരത്തേ ജന്മഭൂമി ജനറല്‍ മാനേജരായിരുന്ന മോഹനനെ അഴിമതി ആരോപണത്തെത്തുടര്‍ന്നു നീക്കുകയായിരുന്നു. തുടര്‍ന്ന്‌ ആലുവയില്‍ ആര്‍എസ്‌എസ്‌ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റായി മോഹനനെ നിയമിച്ചു. അവിടെയാണ്‌ അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. പിഇബി മേനോനാണ്‌ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുമതല. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെ നിരവധി സംഘപരിവാര്‍ സംഘടനകളുടെ ചുമതലയുള്ള കുമ്മനത്തിനു പത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സമയമില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ മാറ്റുന്നത്‌. അദ്ദേഹത്തെ മാറ്റിയാല്‍ താന്‍ തുടരില്ലെന്ന്‌ ഹരി എസ്‌.കര്‍ത്ത നേരത്തേതന്നെ ആര്‍എസ്‌എസ്‌ നേതൃത്വത്തെ അറിയിച്ചിരുന്നു. അതുകൊണ്ട്‌ ഒരുവെടിക്ക്‌ രണ്ടുപക്ഷികളെയും വീഴ്‌ത്തി പത്രം പിടിക്കാമെന്നാണ്‌ മേനോന്‍ വിഭാഗം കണക്കുകൂട്ടുന്നത്‌. ഇത്‌ അനുവദിക്കില്ലെന്ന്‌ നന്ദകുമാറും സഞ്‌ജയനും വ്യക്തമാക്കിക്കഴിഞ്ഞു. ആര്‍എസ്‌എസ്‌ മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള നേതാവു കൂടിയായ സഞ്‌ജയനും കുമ്മനവും പ്രത്യേക താല്‌പര്യമെടുത്താണ്‌ കര്‍ത്തയെ രണ്ടാമതും ജന്മഭൂമിയില്‍ കൊണ്ടുവന്നത്‌. നേരത്തേ ആര്‍എസ്‌എസിലെ ഒരു വിഭാഗം പത്രത്തില്‍ പരിധിവിട്ട്‌ ഇടപെടുന്നുവെന്നു കുറ്റപ്പെടുത്തി കര്‍ത്ത രാജിവച്ചുപോവുകയായിരുന്നു. ഇത്തവണത്തെ ഭരണമാറ്റത്തിലും കുമ്മനത്തിന്റെയും കര്‍ത്തയുടെയും നിലനില്‌പിന്റെ കാര്യത്തിലും മുതിര്‍ന്ന നേതാവ്‌ എസ്‌.സേതുമാധവന്റെ നിലപാടാണ്‌ നിര്‍ണായകമാവുക. അദ്ദേഹത്തെ സ്വാധീനിക്കാന്‍ രണ്ടു വിഭാഗവും ശ്രമം തുടങ്ങി. എന്നാല്‍ മറ്റൊരു മുതിര്‍ന്ന നേതാവായ എ.ഗോപാലകൃഷ്‌ണന്‍ ,മേനോന്‍ പക്ഷത്തിനു വേണ്ടി വാദിച്ചു തുടങ്ങിയതോടെ സേതുമാധവന്റെ നിലപാടും അതിന്‌ അനുകൂലമാകുമെന്നാണു സൂചന.

പത്രത്തിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ നടത്തുന്ന ശ്രമത്തിലും കുമ്മനത്തെ മാറ്റി മോഹനനെ എംഡിയാക്കുന്നതിലും നിക്ഷിപ്‌ത താല്‍പര്യങ്ങളുണ്ടെന്ന്‌ മറുപക്ഷം ആരോപിക്കുന്നു. പരസ്യ വിമര്‍ശനം ഉന്നയിക്കാന്‍ ആര്‍എസ്‌എസിന്റെ സംഘടനാ ചട്ടക്കൂട്‌ അനുവദിക്കാത്തതുകൊണ്ടാണ്‌ ഇതു പുറത്തുവരാത്തത്‌. എന്നാല്‍ മോഹനന്‍ ജനറല്‍ മാനേജരായിരുന്ന കാലഘട്ടത്തില്‍ ന്യൂസ്‌പ്രിന്റ്‌ വാങ്ങിയതിലെ അഴിമതിയെക്കുറിച്ച്‌ ഉയര്‍ന്ന ആരോപണത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്‌ ഇപ്പോള്‍ മറുപക്ഷം. ആവശ്യം വന്നാല്‍ പുറത്തുവിടാനും ആലോചനയുണ്ടത്രേ.

നിയസഭാ തെരഞ്ഞെടുപ്പിന്‌ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്തെ ഒരു പ്രമുഖ മുന്നണിയുമായി രാഷ്‌ട്രീയ നീക്കുപോക്കണ്ടാക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണ്‌ പത്രം പിടിക്കാനുള്ള ശ്രമമെന്നാണു സൂചന. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തിന്‌ എതിരാണ്‌. എന്നാല്‍ ബിജെപി സംസ്ഥാന ഘടകത്തിന്‌ ജന്മഭൂമിയില്‍ പ്രത്യേകിച്ചു സ്വാധീനമൊന്നും ചെലുത്താന്‍ കഴിയില്ല

http://scoopeye.com/showNews.php?news_id=4207#

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)