ജെ. രഘു | മാധ്യമം ദിനപ്പത്രം
Perm link: http://www.madhyamam.com/news/98503/110713
രാജഭരണത്തിന്റെ ജനക്ഷേമതല്‍പരതയുടെ അളവുകോല്‍, ബഹുജന വിദ്യാഭ്യാസത്തിന് അത് നല്‍കുന്ന മുന്‍ഗണനയാണെങ്കില്‍ തിരുവിതാംകൂര്‍ രാജവംശം തികച്ചും ജനവിരുദ്ധമായ ഭരണ സമ്പ്രദായമാണ് അനുവര്‍ത്തിച്ചു പോന്നതെന്ന് ചരിത്രരേഖകള്‍ തെളിയിക്കുന്നു. 1750ല്‍ തിരുവിതാംകൂര്‍ സ്ഥാപിതമായതു മുതല്‍ ആധുനികഘട്ടം വരെയും രാജ്യത്തിന്റെ ഏറ്റവും പ്രധാന ചെലവിനം ബ്രാഹ്മണ പ്രീതിക്കായി നടത്തിയിരുന്ന ചടങ്ങുകളായിരുന്നു. രാജ്യം ശ്രീ പത്മനാഭന് സമര്‍പ്പിക്കുകയും രാജാക്കന്മാര്‍ ശ്രീപത്മനാഭ ദാസന്മാരായി മാറുകയും ചെയ്തതിനു കാരണം ഒരു ശൂദ്ര രാജവംശത്തിന്റെ 'സാധൂകരണ പ്രതിസന്ധി'യായിരുന്നു. ഒറീസയിലെ രാജ്യം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിനു സമര്‍പ്പിക്കപ്പെട്ടിരുന്നു. 'ജഗന്നാഥന്റെ തൂപ്പുകാര്‍' എന്നാണ് രാജാക്കന്മാര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. അയല്‍രാജ്യമായ കാഞ്ചി രാജാവ് തന്റെ മകളെ പുരുഷോത്തമദേവന് വിവാഹം കഴിച്ചുകൊടുക്കാന്‍ വിസമ്മതിച്ചത്, വരന്‍ ഒരു 'തൂപ്പുകാരനാ'യിരുന്നതുകൊണ്ടാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. യുദ്ധംതന്നെ വേണ്ടിവന്നു, കാഞ്ചിയെ തോല്‍പിച്ച് വധുവിനെ സ്വന്തമാക്കാന്‍.
വേണാട്ടിലെ ശൂദ്ര നാടുവാഴിയായിരുന്ന മാര്‍ത്താണ്ഡവര്‍മ സൈനികാക്രമണങ്ങളിലൂടെ കേരളത്തിന്റെ പകുതിയോളം പ്രദേശങ്ങളിലെ ശൂദ്രനാടുവാഴികളെ കീഴടക്കുകയും വേണാടിനെ തിരുവിതാംകൂറായി വികസിപ്പിക്കുകയുമായിരുന്നു. എന്നാല്‍, ശൂദ്ര രാജാവായ മാര്‍ത്താണ്ഡവര്‍മക്കും രാജ്യത്തിനും ബ്രാഹ്മണരുടെ ധര്‍മസാധൂകരണം ലഭിക്കുന്നതിനുള്ള ഉപായം രാജ്യത്തെ ശ്രീപത്മനാഭനു സമര്‍പ്പിക്കുക മാത്രമായിരുന്നു. നാടുവാഴിയില്‍ നിന്ന് രാജത്വത്തിലേക്കുള്ള ഉയര്‍ച്ചയെ സാധൂകരിക്കേണ്ട 'ജന്മസിദ്ധ ക്ഷത്രിയത്വ'ത്തിന്റെ അഭാവം തിരുവിതാംകൂര്‍ രാജാക്കന്മാരെ സ്വന്തം രാജകീയാസ്തിത്വത്തെ തന്നെ ഭയക്കുന്നവരാക്കി മാറ്റുകയാണുണ്ടായത്. അതിനാല്‍, ബ്രാഹ്മണ പ്രീതിയിലൂടെ 'പ്രതീകാത്മക ക്ഷത്രിയത്വ'മെങ്കിലും ആര്‍ജിക്കുകയും അതുവഴി രാജകീയാസ്തിത്വത്തെ സുസ്ഥിരമാക്കുകയുമെന്നത് രാജവംശത്തിന്റെ ഏകലക്ഷ്യമായി മാറി. അതുകൊണ്ടാണ്, ക്ഷത്രിയാവരോധച്ചടങ്ങുകള്‍ക്കു വേണ്ടി വമ്പിച്ച സമ്പത്ത് സംഭരിച്ചുവെക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായത്. ഹിരണ്യ ഗര്‍ഭം, മുറജപം തുടങ്ങിയ അനുഷ്ഠാനങ്ങളിലാരംഭിച്ച ഈ പ്രക്രിയയെ ബ്രാഹ്മണര്‍ ക്രമേണ 'ഷോഡശദാന'ങ്ങളായും ഊട്ടുപുരകളായും വികസിപ്പിച്ചു. ഹിരണ്യ ഗര്‍ഭദാനം, തുലാപുരുഷദാനം, ബ്രഹ്മാണ്ഡദാനം, കല്‍പപാദദാനം, ഗോ സഹസ്രദാനം, ഹിരണ്യ കാമധേനു ദാനം, ഹിരണ്യാശ്വദാനം, ഹിരണ്യാശ്വരഥദാനം, ഹേമഹസ്തി രഥദാനം, ചഞ്ചലാംഗലകദാനം, ധാരദാനം, വിശ്വചക്രദാനം, കല്‍പലതാദാനം, സപ്തസാഗരദാനം, രഥധേനുദാനം, മഹാഭൂതഘടദാനം എന്നിവയാണ് ബ്രാഹ്മണര്‍ക്കുള്ള പതിനാറുതരം ദാനങ്ങള്‍. കൂടാതെ, സ്ഥിരം ഊട്ടുപുരകളിലൂടെ സൗജന്യഭക്ഷണവും. 'നിത്യവുമിങ്ങനെ ഭോജനദാന'മെന്നാണ് ഈ ഊട്ടുപുര സംസ്‌കാരത്തെ കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിച്ചത്. ചുരുക്കത്തില്‍, തിരുവിതാംകൂര്‍ രാജ്യം ഒരു 'ബ്രാഹ്മണ ദാന രാജ്യ'മായി മാറുകയാണുണ്ടായത്. പുതിയ ദാനങ്ങള്‍ ആവശ്യപ്പെടാവുന്നതുകൊണ്ട്, അതിനുള്ള സമ്പത്ത് സംഭരിച്ചുവെക്കുകയെന്നത് രാജാക്കന്മാരുടെ ബാധ്യതയായിരുന്നു. ബ്രാഹ്മണ ദാനത്തെ ഏറ്റവും വലിയ പുണ്യധര്‍മമായിട്ടാണ് വ്യാഖ്യാനിച്ചത്. ഒരു നാടിന്റെ സമ്പത്ത് മുഴുവന്‍ തങ്ങള്‍ക്കായി വീതിച്ചു നല്‍കിയ തിരുവിതാംകൂര്‍ രാജാക്കന്മാരെ ബ്രാഹ്മണര്‍ 'ധര്‍മരാജാവ്' എന്ന പദവി നല്‍കി പ്രകീര്‍ത്തിക്കുകയും ചെയ്തു. ധര്‍മരാജ്യമായതോടെ, ബ്രാഹ്മണദാനത്തിന് മേല്‍നോട്ടം വഹിക്കുന്നവരായി രാജാക്കന്മാര്‍ മാറി. 'ചെറിയ രാജ്യമായ തിരുവിതാംകൂര്‍ ഇത്തരം ചടങ്ങുകള്‍ക്ക് ഇത്ര ഭീമമായ പണം ചെലവഴിക്കുന്നതിനു പകരം പൊതുമരാമത്തുകള്‍ക്കും വിദ്യാഭ്യാസത്തിനും ആയിക്കൂടേയെന്ന് ഔദ്യോഗിക ചരിത്രകാരനായ പി. ശങ്കുണ്ണി മേനോനുപോലും ചോദിക്കേണ്ടിവന്നു. വരുമാനത്തിന്റെ ഗണ്യമായ ഭാഗം ചെലവഴിച്ചത് ബ്രാഹ്മണപരിപാലനത്തിനായിരുന്നുവെന്ന് എ. ശ്രീധരമേനോന്‍ തിരുവനന്തപുരം ജില്ലാ ഗസറ്റിയറില്‍ (പുറം: 202-03) വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ രാജകീയാധികാരത്തിന് ബ്രാഹ്മണ സാധൂകരണവും ധര്‍മശാസ്ത്ര പരിരക്ഷയും ഉറപ്പാക്കുകയായിരുന്നു രാജാക്കന്മാര്‍ ലക്ഷ്യമാക്കിയത്. ഇത് തിരുവിതാംകൂറിനെ ഇതര നാട്ടുരാജ്യങ്ങളില്‍ നിന്നും ശ്രീപത്മനാഭ ക്ഷേത്രത്തെ ഇതര ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഒരു വശത്ത്, തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന്റെ 'ഭൗതിക മണ്ഡല'മായി മാറുകയും മറുവശത്ത്, പത്മനാഭ ക്ഷേത്രം രാജ്യത്തിന്റെ 'ആധ്യാത്മികമണ്ഡല'മായി മാറുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭൗതികമായ നിലനില്‍പ് രാജഭരണത്തിന് നിബന്ധിതമാവുകയും രാജഭരണം മതാധിഷ്ഠിതമാവുകയും ചെയ്തു. തിരുവിതാംകൂര്‍ രാജഭരണം, ഫലത്തില്‍ ക്ഷേത്രത്തിനുവേണ്ടി, ക്ഷേത്രത്തിന്റെ പേരില്‍ നിര്‍വഹിക്കപ്പെടുന്ന ഒരു 'പത്മനാഭധര്‍മ'മായി പരിണമിച്ചു എന്നര്‍ഥം. രാജ്യം ക്ഷേത്രത്തിലും ക്ഷേത്രം രാജ്യത്തിലും ആമഗ്‌നമായ ഒരുതരം യൗഗിക ബന്ധമാണിത് പ്രതിനിധാനം ചെയ്തത്.
രാജ്യത്തിനുമേല്‍ ക്ഷേത്രത്തിന് അധികാരമുള്ളതുപോലെ, ക്ഷേത്രത്തിനുമേല്‍ രാജ്യത്തിനും അധികാരാവകാശങ്ങള്‍ ഉണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
1758ല്‍ മാര്‍ത്താണ്ഡവര്‍മ തന്റെ അന്ത്യദിനങ്ങളില്‍ നല്‍കിയ ഒരു കല്‍പനയെക്കുറിച്ച് പി. ശങ്കുണ്ണി മേനോന്‍ പറയുന്നു: 'യാതൊരു കാരണവശാലും ശ്രീപത്മനാഭ സ്വാമിക്ക് അടിയറവെച്ച രാജ്യം തിരിച്ചെടുക്കരുത്. മേലാല്‍ കീഴടക്കപ്പെടുന്ന സ്ഥലവും ഈ ദേവനു സമര്‍പ്പിക്കണം. തലനാരിഴക്കുപോലും വ്യത്യാസം വരുത്താതെ ഈ ദേവസ്വത്തോടനുബന്ധിച്ചുള്ള ധര്‍മസ്ഥാപനങ്ങള്‍ക്കും മറ്റുള്ളവക്കും നല്‍കിക്കൊണ്ടിരിക്കുന്ന സകല ആനുകൂല്യങ്ങളും തുടര്‍ന്നും നല്‍കണം' (പി. ശങ്കുണ്ണി മേനോന്‍, തിരുവിതാംകൂര്‍ ചരിത്രം, പുറം: 136). തുടര്‍ന്നുള്ള നാളുകളില്‍, രാജ്യവും സകലവിധം സ്വത്തുക്കളും ഭണ്ഡാര വകയാക്കി. രാജ്യഭരണവും ക്ഷേത്രഭരണവും ഒന്നായിത്തീരുകയും ചെയ്തു. അതുകൊണ്ടാണ്, രാജഭരണം നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍, ശ്രീപണ്ടാര കാര്യം ചെയ്‌വര്‍കള്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. മാത്രവുമല്ല, രാജഭരണ മേഖലകളെ ക്ഷേത്രസന്നിധാനം എന്ന അര്‍ഥത്തില്‍ 'മണ്ഡപത്തും വാതുക്കല്‍' എന്നും പുനര്‍നാമകരണം ചെയ്തു. മതാധികാരവും രാഷ്ട്രീയാധികാരവും തമ്മില്‍ വേര്‍പെടുത്താനാവാത്തവിധം ക്ഷേത്രവും ഭരണകൂടവും തമ്മില്‍ ഇടകലര്‍ന്നുനില്‍ക്കുന്ന തിരുവിതാംകൂര്‍ രാജ്യം പഴയ ക്ഷേത്ര സങ്കേതങ്ങളുടെ പുതിയ രൂപമായി മാറുകയായിരുന്നു. തിരുവിതാംകൂര്‍ രാജഭരണകൂടം സ്വയംനിര്‍വചിക്കുകയും സാധൂകരിക്കുകയും ചെയ്തത് രാജകീയാധികാരത്തിന്റെ പേരിലായിരുന്നില്ല. മറിച്ച്, ശ്രീ പത്മനാഭന്റെ പേരിലായിരുന്നു. 'ഞാന്‍ രാജാവല്ല, ജഗന്നാഥന്റെ തൂപ്പുകാരന്‍ മാത്രം' എന്ന് ഒറീസ രാജാക്കന്മാര്‍ പറഞ്ഞതുപോലെ, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പത്മനാഭന്റെ ലൗകിക പ്രതിനിധികളും നിര്‍വാഹകരുമായി സ്വയം പുനര്‍നിര്‍വചിച്ചു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ യഥാര്‍ഥത്തില്‍, 'മുക്ത്യാര്‍ അഥവാ പകരം രാജാക്കന്മാര്‍' (surrogate kings) മാത്രമായിരുന്നു. അതിനാല്‍, ഈ മുക്ത്യാര്‍ രാജ്യം ആരിലേക്ക് കൈമാറിയോ അവരിലേക്കു തന്നെയാണ് 'യഥാര്‍ഥരാജ്യ'വും സ്വത്തുക്കളും കൈമാറേണ്ടത്.
ശൂദ്രാധികാരത്തെ ബ്രാഹ്മണധര്‍മശാസ്ത്ര സാധൂകരണത്തിന് യോഗ്യമാക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ച, 'ശ്രീ പത്മനാഭ ദാസ്യ'ത്തിന് തിരുവിതാംകൂറില്‍ ജനങ്ങള്‍ക്കു നല്‍കേണ്ടിവന്ന വില വലുതാണ്. ശൂദ്രനായ മാര്‍ത്താണ്ഡവര്‍മ നേടിയെടുത്ത രാഷ്ട്രീയാധികാരത്തിന്, ബ്രാഹ്മണ പിന്തുണയുടെ അഭാവത്തില്‍ ക്ഷത്രിയാധികാരമായി സാധൂകരിക്കപ്പെടാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍, ഹിരണ്യഗര്‍ഭം, മുറജപം തുടങ്ങിയ പാഴനുഷ്ഠാനങ്ങള്‍ക്കു വേണ്ടി സമ്പത്ത് സമാഹരിക്കുക മാത്രമായിരുന്നു, ഈ രാജാക്കന്മാരുടെ മുഖ്യജോലി. ബ്രാഹ്മണര്‍ കൂട്ടത്തോടെ വേദശബ്ദങ്ങള്‍ വിളിച്ചുപറയുന്ന മുറജപം എന്ന ചടങ്ങുമാത്രം 56 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു. 'യഥാര്‍ഥ' ശൂദ്രത്വത്തിനും 'മോഹിത' ക്ഷത്രിയത്വത്തിനുമിടയിലൂടെ സഞ്ചരിക്കേണ്ടി വന്ന ഓരോ തിരുവിതാംകൂര്‍ രാജാവിനും ആത്മന്യായീകരണത്തിനായി ബ്രാഹ്മണരെ ആശ്രയിക്കുകയല്ലാതെ നിര്‍വാഹമില്ലായിരുന്നു. 'ശ്രീപത്മനാഭദാസ്യം' എന്ന ആധ്യാത്മിക ദാസ്യം, സാമൂഹികതലത്തില്‍, 'ബ്രാഹ്മണദാസ്യ'മായി പരിണമിക്കുകയാണുണ്ടായത്. ബ്രാഹ്മണനോടും അവരുടെ സംസ്‌കൃത ധര്‍മശാസനകളോടുമുള്ള കേവല വിധേയത്വമാണ്, തിരുവിതാംകൂറിന് 'ധര്‍മരാജ്യ'പദവി നല്‍കാന്‍ ബ്രാഹ്മണരെ പ്രേരിപ്പിച്ചത്. വിശാഖം തിരുനാള്‍ രാജാവിന്റെ വാക്കുകള്‍ തന്നെയാണ് ഇതിനു തെളിവ്. 'ഇന്ത്യയില്‍ ഏറ്റവുമധികം പുരോഹിത ഭരിതമായ രാജ്യം തിരുവിതാംകൂറാണ്. രാജാവിനു പോലും അവരെ ആശ്രയിക്കേണ്ടിവരുന്നു' (Vishakham Tirunal, `A Native Statesman, Calcutta Review LV, 1872, P. 251)
ധര്‍മരാജ്യത്തിന്റെ അധാര്‍മികത ആദ്യം തുറന്നുകാട്ടപ്പെട്ടത് ടിപ്പുസുല്‍ത്താന്റെ അധിനിവേശ സമയത്തായിരുന്നു. തിരുവിതാംകൂറില്‍ പൊതുനിരത്തുകള്‍ ഇല്ലാതിരുന്നതിനാല്‍, സൈനിക നീക്കങ്ങള്‍ക്കുവേണ്ടി ടിപ്പുവിന് പുതിയ റോഡുകള്‍ തന്നെ നിര്‍മിക്കേണ്ടിവന്നു. ജാതി ഗ്രാമ ജീവിതത്തിന്റെ സുരക്ഷിതത്വത്തില്‍ ആമഗ്‌നരായിരുന്ന ജനങ്ങള്‍ക്കും റോഡുകളുടെ ആവശ്യമുണ്ടായിരുന്നില്ല. പിന്നീട്, റോഡുകളും സ്‌കൂളുകളും ആശുപത്രികളും പോലെയുള്ള അടിസ്ഥാന ജീവിതോപാധികള്‍ തിരുവിതാംകൂറിലെത്തുന്നത് ബ്രിട്ടീഷുകാരുടെ പരോക്ഷഭരണത്തിലാണ്. 1817ല്‍ വെര്‍ണാക്കുലര്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ ബ്രിട്ടീഷ് പ്രേരണയില്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ തയാറായെങ്കിലും ദീര്‍ഘകാലത്തേക്ക് അവയൊന്നും കാര്യക്ഷമമായി നടപ്പാക്കിയില്ല. എന്നാല്‍, 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ, തിരുവിതാംകൂറിന്റെ നിരുത്തരവാദപരവും ജനവിരുദ്ധവുമായ ഭരണ രീതിയില്‍ ശക്തമായി ഇടപെടാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ മാധവ റാവുവിനെ ദിവാനായി കൊണ്ടുവന്നത് അതിനുവേണ്ടിയായിരുന്നു. ബ്രിട്ടീഷ് മാതൃകയില്‍ പൊതുമരാമത്തും ആശുപത്രികളും ആധുനിക വിദ്യാലയങ്ങളും സ്ഥാപിതമാവുന്നത് മാധവറാവുവിന്റെ കാലത്താണ്. ഈ കാലയളവില്‍ തന്നെയാണ് ധര്‍മരാജ്യം അത്രയൊന്നും ധാര്‍മികമല്ലെന്ന വിമര്‍ശങ്ങള്‍ ഉന്നയിക്കപ്പെടാന്‍ തുടങ്ങിയത്. ശ്രീ പത്മനാഭന്റെ പേരില്‍ നിര്‍വഹിക്കപ്പെട്ടുകൊണ്ടിരുന്ന രാജഭരണം ഒരു 'ധൂര്‍ത്ത്' മാത്രമാണെന്ന് തിരിച്ചറിയുന്നതിന് ബ്രിട്ടീഷ് പരിഷ്‌കാരങ്ങള്‍ വരെ തിരുവിതാംകൂറിന് കാത്തിരിക്കേണ്ടിവന്നു. രാജഭരണത്തെ വിമര്‍ശാത്മകമായി വിലയിരുത്താനാവശ്യമായ 'ആശയമൂല്യമണ്ഡലം' തിരുവിതാംകൂര്‍ പാരമ്പര്യത്തിന് തികച്ചും അന്യമായിരുന്നു എന്നാണ് വിവക്ഷ. അതിനാല്‍, ഈ സ്വര്‍ണശേഖരം 'സഹജശൂദ്രത്വ'ത്തിന്റെ നിസ്സഹായതാപകര്‍ഷതകളുടെ തെളിവ് മാത്രമാണ്.
ഭാഗം രണ്ട്
ജനവിരുദ്ധതയുടെ ചരിത്രം
താരതമ്യേന ചെറിയ രാജ്യമായിരുന്ന തിരുവിതാംകൂറിന് ഇത്ര വലിയ സമ്പത്ത് ശേഖരം എങ്ങനെയുണ്ടായി? ചരിത്ര രേഖകളുടെ അഭാവത്തില്‍ ചില അനുമാനങ്ങള്‍ മാത്രമേ സാധ്യമാകൂ. ഒന്ന്, മാര്‍ത്താണ്ഡവര്‍മയുടെ പടയോട്ടകാലത്ത് മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്നും അവിടത്തെ ക്ഷേത്രങ്ങളില്‍നിന്നും കൊള്ളയടിച്ച മുതല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കാം. രണ്ട്, തിരുവിതാംകൂറില്‍ നിന്ന് കയറ്റിയയക്കുന്ന ചരക്കുകളുടെ വിലയായി സ്വര്‍ണം സ്വീകരിക്കുകയും അത് സംഭരിക്കുകയും ചെയ്തിരിക്കാം.
മൂന്ന്, നാടിന്റെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ക്ഷേത്ര ഭണ്ഡാരത്തിലേക്ക് മുതല്‍കൂട്ടിയിരിക്കാം. ഇങ്ങനെ സമാഹരിച്ച വമ്പിച്ച സമ്പത്ത് തിരുവിതാംകൂറിന്റെ ഭൗതിക പുരോഗതിക്കോ പ്രജകളുടെ ക്ഷേമത്തിനോ വിനിയോഗിച്ചിരുന്നുവെങ്കില്‍, ഇത്ര വലിയ ശേഖരം അവശേഷിക്കുമായിരുന്നില്ല.
ഒന്നാം ലോക യുദ്ധ സമയത്തും മറ്റുമുണ്ടായ വലിയ വറുതികളുടെ നാളുകളില്‍ പോലും കലവറകളിലെ സ്വര്‍ണ-വെള്ളി കൂമ്പാരങ്ങള്‍ പ്രജകളുടെ പട്ടിണിമാറ്റാന്‍ ഉപയോഗിച്ചില്ല എന്നത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ 'പ്രതിബദ്ധത'യുടെ തനിനിറം വ്യക്തമാക്കുന്നു.
മഹാഭൂരിപക്ഷം വരുന്ന അവര്‍ണ ജനവിഭാഗങ്ങളെക്കൊണ്ട് അടിമസമാനമായ 'ഊഴിയംവേല'യെടുപ്പിച്ചും 'തലക്കരം', 'മുലക്കരം' പോലുള്ള അധാര്‍മിക നികുതികള്‍ പിരിച്ചുമാണ് 'ധര്‍മരാജ്യ'ത്തെ പരിപാലിച്ചിരുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം നികുതികള്‍ക്കും അടിമത്തത്തിനുമെതിരായ അവര്‍ണ പ്രതിരോധങ്ങള്‍ ആധുനിക കേരള സൃഷ്ടിയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്.
ബ്രാഹ്മണസേവയിലൂടെ മാത്രം ക്ഷത്രിയത്വം അനുഭവിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം പ്രജാവിരുദ്ധതയുടെ -ബഹുജനവിരുദ്ധതയുടെ ചരിത്രം കൂടിയാണ്. പത്മനാഭക്ഷേത്രത്തിന്റെ ഇരുളടഞ്ഞ കല്ലറകളില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന സ്വര്‍ണശേഖരം വാസ്തവത്തില്‍, ഒരു രാജവാഴ്ചക്ക് എത്രത്തോളം അധാര്‍മികമാവാമെന്നതിന്റെ ഹിരണ്യസ്മാരകങ്ങളാണ്. ഈ ശേഖരത്തിന്റെ ഏറ്റവും വലിയ ചരിത്ര പൈതൃകവും ഇതുതന്നെയാണ്. ഈ സ്വര്‍ണശേഖരം കടത്തിക്കൊണ്ടുപോകാതിരുന്നത് രാജവംശത്തിന്റെ വലിയ 'സത്യസന്ധത'യാണെന്നാണ് ഇപ്പോള്‍ വാഴ്ത്തപ്പെടുന്നത്. ശ്രീ പത്മനാഭദാസ്യത്തെയും ബ്രാഹ്മണപൂജയേയും സ്വന്തം അസ്തിത്വമായി കരുതിയ ഒരു രാജപരമ്പരക്ക് എങ്ങനെയാണ് അപഹരണം നടത്താന്‍ കഴിയുക? കാരണം, 'ദാസ'നാകുന്ന വ്യക്തി സാമൂഹികമായ അര്‍ഥത്തില്‍ 'മരിക്കുക'യാണ് ചെയ്യുന്നത്. 'യജമാനന്‍' മാത്രമാണ് സത്യം. 'യജമാന'ന്റെ സാമൂഹികാസ്തിത്വത്തില്‍ മുങ്ങിപ്പോയ ഈ രാജപരമ്പരക്ക് സ്വതന്ത്രമായി നിലനില്‍പു പോലുമില്ല.
സ്വര്‍ണം അപഹരിക്കാന്‍ കഴിയുന്നത് യജമാനന് മാത്രമാണ്. 'യജമാനദാസ്യ'ത്തിലൂടെ അത്തരമൊരു കര്‍തൃത്വം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്വയം നിഷേധിക്കുകയാണുണ്ടായത്. ബ്രാഹ്മണ യജമാനര്‍ക്ക് അപ്രീതിയുണ്ടാക്കാവുന്ന എന്തും 'ക്ഷത്രിയത്വ'ത്തിന്റെ ഔദാര്യം സ്വയം പിന്‍വലിക്കുന്നതിന് തുല്യമാണ്. 'ജന്മസിദ്ധ' ശൂദ്രത്വം സമ്മാനിച്ച 'അധമബോധ'ത്തിന്റെ നിതാന്തമായ വേട്ടയാടലില്‍നിന്ന് ഈ രാജപരമ്പരക്ക് 'സാന്ത്വനം' നല്‍കിയത് ക്ഷേത്രത്തിലെ സ്വര്‍ണക്കൂമ്പാരങ്ങളായിരുന്നു. സ്വന്തം 'സാന്ത്വനകേന്ദ്രങ്ങ'ളെ തകര്‍ക്കാന്‍ ആരാണ് ശ്രമിക്കുക?
ഈ പ്രതിരോധങ്ങളെ നവോത്ഥാനത്തിലേക്കുയര്‍ത്തിയ നാരായണഗുരുവിന്റെ നാമം പേറുന്ന ഒരു സംഘടനയുടെ തലപ്പത്തുള്ളവര്‍പോലും 'ബ്രാഹ്മണദാനരാജ്യ'ത്തിന്റെ ആധ്യാത്മിക പ്രതീകമായിരുന്ന ഒരു ക്ഷേത്രത്തിന്റെ വക്താക്കളായി രംഗത്തുവരുന്നത് ആ സംഘടനയും സമുദായവും എത്രമാത്രം ജീര്‍ണമായിരിക്കുന്നു എന്നതിന്റെ തെളിവാണ്. പൊതുനിരത്തുകളും സ്‌കൂളുകളും ക്ഷേ്രതങ്ങളുമൊക്കെ ഇവര്‍ക്ക് നിഷിദ്ധമാക്കിയിരുന്നതും തീണ്ടപ്പാടകലെ നിര്‍ത്തി ഇവരെ അപമാനിച്ചിരുന്നതും ഇന്ന് ഇവര്‍ ആവേശം കൊള്ളുന്ന 'പത്മനാഭ'ന്റെ പേരിലായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ ഇത്തരം സംഘടനകളുടെ നേതൃത്വത്തില്‍ വന്നാല്‍ ഈ ജീര്‍ണത പെരുകിക്കൊണ്ടിരിക്കും.
ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന ഒരു ജനവിഭാഗത്തിന്റെയും ഭൂപ്രദേശത്തിന്റെയും ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍, തത്ത്വത്തിലെങ്കിലും, എല്ലാ പ്രജകളുടെയും രാജാക്കന്മാരായിരുന്നുവല്ലോ! അവര്‍ സ്വന്തം രാജ്യത്തെ ശ്രീ പത്മനാഭന് സമര്‍പ്പിക്കുകയെന്നതിനര്‍ഥം ജനങ്ങളെയും അവരുടെ സമ്പത്തിനെയും സമര്‍പ്പിക്കുകയെന്നുതന്നെയാണ്.
പത്മനാഭദാസന്റെ പ്രജകള്‍, പത്മനാഭന്റെയും പ്രജകളാണ്. അതിനാല്‍, ശ്രീ പത്മനാഭക്ഷേത്രത്തിന്റെ സ്ഥാനം തിരുവിതാംകൂറിന്റെ -കേരളത്തിന്റെ-പൊതുമണ്ഡലത്തിലാണ്. പൊതുമണ്ഡലത്തിലെ ഒരു സ്ഥാപനത്തിന്റെ സ്വത്ത് പൊതുസ്വത്താണ്.
ചരിത്രപരവും പുരാവസ്തുപരവുമായ പ്രാധാന്യമുള്ളവ സംരക്ഷിക്കുകയും അവശേഷിക്കുന്നത് കേരളത്തിന്റെ ഭൗതിക സമ്പത്താക്കിമാറ്റുകയും ചെയ്യേണ്ടതാണ്. 'പൗരജനങ്ങളായി അഭിനയിക്കുന്ന' രാജഭക്തരുടെ ക്ഷുദ്രവാദങ്ങളെ പ്രബുദ്ധകേരളം പരാജയപ്പെടുത്തുകതന്നെ വേണം.
(അവസാനിച്ചു)