ലാവ്‌ലിന് കേസിന്റെ രാഷ്‌ട്രീയ പിന്നാമ്പുറം പ്രഭാവര്‍മ്മ ലാവ്‌ലിന്‍ കേസ് സി ബി ഐ രാഷ്‌ട്രീയ താല്പര്യത്തോടെയാണോ കൈകാര്യം ചെയ്യുന്നത് ? ഈ ചോദ്യം ആദ്യം ചോദിച്ചത് മാധ്യമ പ്രവര്‍ത്തകരല്ല; സിപിഐ എമ്മിന്റെ നേതാക്കളുമല്ല; പിന്നെയോ? കേരള ഹൈക്കോടതി തന്നെയാണ്.ലാവ്‌ലിന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പു ഘട്ടം വരട്ടെ എന്നു കരുതി കാത്തിരിക്കുകയാണോ നിങ്ങള്‍ എന്നതായിരുന്നു കോടതിയുടെ ചോദ്യം.എന്താണതിനര്‍ത്ഥം? കേന്ദ്രഭരണകക്ഷിക്ക് രാഷ്‌ട്രീയ ലാഭമുണ്ടാക്കി കൊടുക്കുന്ന പണി സിബിഐ ഏറ്റെടുക്കും എന്നു കോടതി സംശയിച്ചു എന്നല്ലേ? ആ സംശയങ്ങള്‍ക്ക് കൃത്യമായും അടിസ്ഥാനമുണ്ടെന്നു സിബിഐ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലൂടെ സംശയാതീതമായി സ്ഥിരീകരിച്ചിരിക്കുന്നു.
തങ്ങള്‍ അന്വേഷിക്കാന്‍ മാത്രം ഗൌരവമായ ഒന്നും ഇതില്‍ ഇല്ല എന്നു രണ്ടരവര്‍ഷം മുമ്പു പറഞ്ഞതാണ് ഇതേ സിബിഐ. വെറുതേ പറയുകയല്ല ചെയ്തത്. ബന്ധപ്പെട്ട എല്ലാ ഫയലുകളും വരുത്തി പഠിച്ചശേഷം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. അതേ കോടതിയില്‍ സിബിഐ ഇപ്പോള്‍ ചെന്നു പറയുന്നു; പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ട് എന്ന്.ഗൌരവമുള്ള ഒരു കാര്യവും ഇതിലില്ല എന്നു സി ബി ഐ പറഞ്ഞത് സിപിഐ എം യുപിഎ മന്ത്രിസഭയെ പിന്തുണച്ചിരുന്നവേളയില്‍. പ്രോസിക്യൂട്ട് ചെയ്യണമെന്നു പറയുന്നത് പിന്തുണ പിന്‍വലിച്ച ശേഷമുള്ള ഘട്ടത്തില്‍.
ഇതു ലാവ്‌ലിന്‍ കേസിന്റെ മാത്രം കാര്യത്തിലുള്ള പ്രത്യേകതയല്ല. കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്ന ഘട്ടത്തില്‍ മുലയം സിംഗ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ട് എന്നു സുപ്രീം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. മുലായം സിംഗ് കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ല എന്ന അപേക്ഷയുമായെത്തി.
യുപിയിലെ മായാവതി സോണിയാ ഗാന്ധിയേയും കോണ്‍ഗ്രസിനെയും അനുകൂലിച്ചിരുന്ന ഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്തു സംബന്ധിച്ച കേസ് ശീതസംഭരണിയില്‍ സൂക്ഷിച്ചു. എതിര്‍ത്തു തുടങ്ങിയപ്പോള്‍, അവര്‍ക്കെതിരായ കേസുമായി സിബിഐ സുപ്രീം കോടതിയിലെത്തി. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിനെതിരായ കേസുകളുടെ പരമ്പരയായിരുന്നു, ലാലു കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്ന ഘട്ടത്തില്‍. എന്നാല്‍, ലാലു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നപ്പോള്‍, ഹാജരാക്കാന്‍ തെളിവില്ലെന്നായി. ലാലുവിനെയും റാബ്രിദേവിയേയും വെറുതേ വിട്ടു. സിബിഐ ക്ക് അപ്പീലുമില്ല എന്നായി. ശശിനാഥ് ഝാ കൊലക്കേസില്‍ വിചാരണ കോടതിയുടെ ശിക്ഷ തിരുത്തിക്കൊണ്ട് ഹൈക്കോടതി പ്രതികളെ വെറുതേവിട്ടു. സാധാരണഗതിയില്‍ സിബിഐ ഉടന്‍ അപ്പീലുമായി പോകേണ്ടതാണ്. പക്ഷെ, കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ഷിബു സോറണ്‍ ആണു പ്രതി. അതുകൊണ്ടു കൊലക്കേസായിട്ടും സിബിഐക്ക് അപ്പീലില്ല.ഝാര്‍ഖണ്ട് മുക്തി മോര്‍ച്ചാ കൈക്കൂലിക്കേസില്‍ ഷിബു സോറണും സെയിന്റ്കിറ്റ്സ് കേസില്‍ പി വി നരസിംഹറാവുവുമായിരുന്നു പ്രതികള്‍. അതുകൊണ്ടു തന്നെ ഈ കേസുകളിലും സിബിഐ അപ്പീല്‍ പോവുകയുണ്ടായില്ല.ബൊഫേഴ്സ് കേസ് കോണ്‍ഗ്രസിനും സോണിയാ ഗാന്ധിയുടെ വളരെ പ്രിയപ്പെട്ടവരും വേണ്ടപ്പെട്ടവരുമുള്‍പ്പെട്ട കേസാണ്. അതില്‍പ്പെട്ട ഒക്ടോവിയോ ക്വട്റോച്ചി സോണിയാ ഗാന്ധിയുടെ വസതിയിലെ നിത്യസന്ദര്‍ശകനായിരുന്നു. അദ്ദേഹത്തെ ഇന്ത്യയ്ക്കു കൈമാറി കിട്ടുന്നതില്‍ തുടര്‍ച്ചയായി അനാസ്ഥ കാട്ടിയതിന് സിബിഐ മുന്‍ഡയറക്ടര്‍ വിജയ് ശങ്കര്‍ക്കെതിരെ കേസു വരുന്നിടത്തുവരെയെത്തി സിബിഐയുടെ ആ രാഷ്‌ട്രീയ നാടകം. നിധീരി കൊലക്കേസ് കൈകാര്യം ചെയ്ത രീതിക്കും സിബിഐ ഡയറക്ടര്‍ക്കു കോടതി കയറേണ്ടി വന്നു.
ബൊഫേഴ്സ് കേസ് ഇല്ലാതാക്കുന്നതിനു സിബിഐ വഹിച്ച പങ്കു കുപ്രസിദ്ധമാണ്. സ്വീഡിഷ് അധികൃതര്‍ തന്നെ വ്യാജ അക്കൌണ്ടുകള്‍ മരവിപ്പിച്ചിട്ടും അവയുടെ യഥാര്‍ത്ഥ ഉടമകള്‍, അവര്‍ ഇന്ത്യക്കാരായിട്ടു കൂടി നടപടിയുണ്ടായില്ല. വിന്‍ഛദ്ദയും ചന്ദ്രസ്വാമിയും ഹിന്ദുജമാരും മുതല്‍ ക്വത്റോച്ചി വരെ രക്ഷപ്പെട്ടതു സിബിഐ ഒരുക്കിക്കൊടുത്ത പഴുതുകളിലൂടെയാണ്.രാഷ്‌ട്രീയസ്വഭാവമുള്ള എല്ലാ കേസുകളിലും സിബിഐ കേന്ദ്രഭരണകക്ഷിയുടെ രാഷ്‌ട്രീയാഭിപ്രായത്തെ പ്രതിഫലിപ്പിക്കും. അവര്‍ക്കു രാഷ്‌ട്രീയമായി വേണ്ടതു ചെയ്തുകൊടുക്കും. ഇതു നിര്‍ലജ്ജം കോടതിയില്‍ ചെന്നു പറയാന്‍ പോലും സിബിഐ തയ്യാറായി. മുലായംസിംഗ് കേസില്‍, കേസ് പിന്‍വലിക്കാനുള്ള അപേക്ഷയുമായി ചെന്ന സിബിഐ, കോടതിയോടു പറഞ്ഞത് മുലായത്തിനെതിരായ കേസു പിന്‍വലിക്കാനനുവദിക്കണമെന്നാണ്. കേന്ദ്ര ഗവര്‍മെണ്ടിന്റെ, പ്രത്യേകിച്ചും നിയമ മന്ത്രാലയത്തിന്റെ അഭിപ്രായപ്രകാരമാണിത് എന്നും പറഞ്ഞു. കേന്ദ്രത്തിന്റെ താല്പര്യം നോക്കി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമല്ല സിബിഐ എന്നാണു സുപ്രീം കോടതി തിരിച്ചടിച്ചത്. ദല്‍ഹിയിലുള്ള രാഷ്‌ട്രീയ യജമാനന്മാരുടെ താളത്തിനൊത്തു തുള്ളുന്ന ഏജന്‍സിയാണു സിബിഐ എന്നു മുമ്പും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
സുപ്രീം കോടതിയുടെ ഈ നിരീക്ഷണത്തിനു തെളിവു തരുന്ന ക്ലാസിക് ഉദാഹരണമാവുന്നു ലാവ്‌ലിന്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട്.ഇത് ഒരു സന്ദേശമേ നല്‍കുന്നുള്ളൂ. കോണ്‍ഗ്രസിനെ എതിര്‍ത്താല്‍, എതിര്‍ക്കുന്നവരെ സിബിഐയെക്കൊണ്ട് ശരിപ്പെടുത്തും എന്ന സന്ദേശം. ഇങ്ങനെ ശരിപ്പെടുത്താനുള്ള ഒരു റിപ്പോര്‍ട്ടാണ് അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ സിബിഐ തയ്യാറാക്കി കോടതിയില്‍ കൊടുത്തിട്ടുള്ളത്.വസ്തുകളല്ല, തെളിവുകളല്ല, മറിച്ചു രാഷ്‌ട്രീയമാണു സിബി ഐയെ ഇക്കാര്യത്തില്‍ നയിച്ചത് എന്നതു കൊണ്ടു തന്നെയാവാം, സിബിഐ തയ്യാറാക്കി വെച്ചിട്ടുള്ളത് ഒരു അബദ്ധപഞ്ചാംഗമാണ്. കോടതിയുടെ പരിശോധനയ്ക്കു മുന്നിലെന്നല്ല, സാമാന്യബുദ്ധിയുടെ പരിശോധനയ്ക്കു മുമ്പില്‍ പോലും അതു നിലനില്‍ക്കില്ല.
അതിന്റെ വിശദാംശങ്ങളിലേക്കു പിന്നീടു വരാം. എന്നാല്‍, ഒന്നു രണ്ടു കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ, ഈ സന്ദര്‍ഭത്തില്‍ തന്നെ പറയാതിരിക്കുന്നത് ഉചിതമല്ല. സിബിഐ റിപ്പോര്‍ട്ടില്‍ പ്രാധാന്യപൂര്‍വ്വം എടുത്തു പറയുന്ന ഒരു വാചകം ഇതാണ്: There was a criminal conspiracy. And the conspiracy was hatched in 1995. ഒരു ക്രിമിനല്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. അതു 95ലാണ്. സിബിഐ പറയുന്ന 95 എന്ന വര്‍ഷം ശ്രദ്ധിക്കണം. ആരായിരുന്നു അന്ന് അധികാരത്തില്‍? എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ. ആരായിരുന്നു അന്ന് വൈദ്യുതി മന്ത്രി? കോണ്‍ഗ്രസിന്റെ ജി കാര്‍ത്തികേയന്‍.അന്ന്, 95ല്‍ ആണ് ഗൂഢാലോചന നടന്നതെങ്കില്‍ പിണറായി വിജയനെങ്ങനെ പ്രതിയാവും? പിണറായി വിജയന്റെ നിഴല്‍പോലും അന്ന് സെക്രട്ടറിയേറ്റിന്റെ ഇടനാഴികളില്‍ കടന്നു ചെന്നിട്ടില്ല.അപ്പോള്‍ പിന്നെ പ്രതിയാക്കേണ്ടതു ജി കാര്‍ത്തികേയനെയല്ലേ ? സിബിഐ തന്നെ റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്തു പറയുന്നത് G Karthikeyan was the founder of the deal എന്നാണ്. ഈ ഇടപാടിന്റെ സ്ഥാപകന്‍ ജി കാര്‍ത്തികേയനാണെന്നു സിബിഐ സ്ഥിരീകരിക്കുന്നു. സിബിഐ റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്തു പറയുന്നു:
G Karthikeyan is as much responsible as Pinarayi Vijayan പിണറായി വിജയന്റെയത്ര തന്നെ ഉത്തരവാദിയാണു കാര്‍ത്തികേയന്‍ എന്നര്‍ത്ഥം. ഈ ഇടപാടിന്റെ സ്ഥാപകന്‍ തന്നെ ജി കാര്‍ത്തികേയനാണെങ്കില്‍, കാര്‍ത്തികേയന്റെ ഉത്തരവാദിത്വവും പിണറായി വിജയന്റെ ഉത്തരവാദിത്വവും എങ്ങനെയാണ് ഒപ്പമാവുന്നത്? സ്ഥാപകന്റെ ഉത്തരവാദിത്വം ഏതു മുഴക്കോല്‍ കൊണ്ട് അളന്നാലും അല്പമെങ്കിലും മേലെയാകേണ്ടതല്ലേ?ഇനി, ഒപ്പമാണ് ഉത്തരവാദിത്വമെന്നു വാദത്തിനു വേണ്ടി സമ്മതിക്കുന്നുവെന്നു വെക്കുക. എങ്കില്‍തന്നെയും ഒപ്പം ഉത്തരവാദിത്വമുള്ളയാള്‍ ഒപ്പം പ്രതിയാകേണ്ടതെങ്കിലുമല്ലെ? പക്ഷെ, ഈ deal ന്റെ സ്ഥാപകനെ ഒപ്പം ഉത്തരവാദിത്വമുള്ളതായി സിബിഐ തന്നെ പറയുന്ന കാര്‍ത്തികേയനെ സിബിഐ പ്രതിയാക്കുന്നില്ല. പ്രതി, dealന്റെ founder അല്ലാത്ത പിണറായി വിജയന്‍ മാത്രം. അതെങ്ങനെ ശരിയാവും? അതാണു സിബിഐ.ജി കാര്‍ത്തിയേകന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്നത് എ കെ ആന്റണിയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയേ താന്‍ എന്തും ചെയ്തിട്ടുള്ളൂ എന്നു കാര്‍ത്തികേയന്‍ പറഞ്ഞാല്‍ അന്വേഷണത്തിന്റെ കൈകള്‍ ചെന്നെത്തുക എ കെ ആന്റണിയിലേക്കാണ്. എ കെ ആന്റണി കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗവും പ്രതിരോധമന്ത്രിയുമാണ്. അത്തരമൊരു നേതാവിലേക്ക് അന്വേഷണത്തെ കൊണ്ടെത്തിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എഴുതിയുണ്ടാക്കിയാല്‍ എഴുതുന്ന CBI SPക്കു പിന്നീട് ഉദ്യോഗമുണ്ടാവില്ല. സിബിഐയുടെ ഡയറക്ടര്‍ ആരാവണം, ആരാവണ്ട എന്നു പോലും നിശ്ചയിക്കാനധികാരമുള്ള പാര്‍ട്ടിയാണു കോണ്‍ഗ്രസ്. അതിനെ തൊടാന്‍ വയ്യ. തൊടാവുന്നതാരെയാണ്? പിണറായി വിജയനെ. പിണറായി വിജയനെ വഴിവിട്ടായാലും പ്രതിയാക്കിയാല്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യം നിറവേറുകയും ചെയ്യും. ആ വഴി തെരഞ്ഞെടുത്തു സിബിഐ. അതിന്റെ ഉല്പന്നമാണ് ഈ C-B-I- റിപ്പോര്‍ട്ട്.
ക്രിമിനല്‍ ഗൂഢാലോചനയാണുണ്ടായത് എന്നു സിബിഐ പറയുന്നു. ഗൂഢാലോചനയുണ്ടായിട്ടുണ്ടെങ്കില്‍ അതിനൊരു ഉദ്ദേശം വേണ്ടേ? സാധിക്കാന്‍ ഒരു ലക്ഷ്യം വേണ്ടേ? സിബിഐ റിപ്പോര്‍ട്ട് അതേക്കുറിച്ചു പറയുന്നതേയില്ല. അഴിമതി നടന്നതായി പറയുന്നില്ല. പണം ആരെങ്കിലും അവരുടെ സ്വകാര്യ നിക്ഷേപത്തിലേക്ക് ഒഴുക്കിയെടുത്തതായി പറയുന്നില്ല. അതിനു ശ്രമിച്ചതായും പറയുന്നില്ല. പിന്നെ എന്തു ഗൂഢാലോചന ? സിബിഐ വിശദീകരിക്കേണ്ടതാണിത്.
സിബിഐക്ക് ആകെ കണ്ടെത്താന്‍ കഴിഞ്ഞത് സാങ്കേതിക നടപടി ക്രമങ്ങളിലുള്ള അപാകതകള്‍ മാത്രമാണ്. അതാകട്ടെ, ഏത് അന്താരാഷ്‌ട്ര കരാര്‍ സൂക്ഷ്മമായി പരിശോധിച്ചാലും ആര്‍ക്കും കണ്ടെത്താവുന്ന സ്വാഭാവികതകള്‍ക്കപ്പുറത്തുള്ളതല്ല.
എന്നാല്‍, ഈ കേസില്‍ സിബിഐ കണ്ടെത്തിയ നടപടി ക്രമങ്ങള്‍, സാങ്കേതികത എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്നതാണു ഏറെ ശ്രദ്ധിക്കേണ്ടത്. 11 കുറ്റങ്ങളാണു സിബിഐ ചുമത്തുന്നത്. ഇവ ഓരോന്നായി എടുക്കാം.
ഒന്ന്: ബാലാനന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ ബോധപൂര്‍വ്വം മറികടന്നു എന്നതാണ് ഒരു കുറ്റാരോപണം. എന്നാല്‍, എന്താണു സത്യം?
ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് 97 ഫെബ്രുവരി 2ന്. ഈ തീയതി സിബിഐ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞു സ്ഥിരീകരിച്ചിട്ടുണ്ട്. കരാര്‍ ഒപ്പു വെച്ചതോ? 96 ഫെബ്രുവരി 24ന്. അതായത് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ പദ്ധതികള്‍ക്കായുള്ള കരാറില്‍ ഒപ്പുവെച്ചു കഴിഞ്ഞിരുന്നു.
കാലബോധമുള്ള ഒരാള്‍ക്കും കരാര്‍ റിപ്പോര്‍ട്ടിനെ മറികടന്നു എന്നു പറയാനാവില്ല. മറികടന്നു എന്നു പറഞ്ഞേ തീരൂ എങ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കരാറിനെ മറികടന്നു എന്നു വേണമെങ്കില്‍ പറയാം. ഒരു വര്‍ഷത്തിനു മുമ്പ് ഒപ്പുവെച്ച കരാര്‍, അന്നു നിലവില്‍ പോലുമില്ലാത്ത ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ മറികടന്നു കൊണ്ടുള്ളതാണെന്ന് ആര്‍ക്ക് എങ്ങനെ പറയാനാവും? ഇക്കാര്യത്തില്‍ സിബിഐക്ക് യുക്തിപൂര്‍വ്വമായ ഒരു വിശദീകരണവുമില്ല.
ഇനി, മറികടന്നു എന്നുതന്നെ വെയ്ക്കുക. മറികടന്നാല്‍ എന്താ കുഴപ്പം? ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടുകളെ പോലും കൊള്ളാനോ തള്ളാനോ ഉള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്കുണ്ട്. മന്ത്രിസഭയ്ക്കു മേലെയല്ല, ഒരു കമ്മിറ്റിയും. ഒരു കമ്മിറ്റിയുടെ റിപ്പോര്‍ട്ടും മാറ്റമില്ലാതെ അതേപടി അംഗീകരിക്കാന്‍ ബാധ്യസ്ഥമല്ല ഒരു ക്യാബിനറ്റും. ക്യാബിനറ്റിനു മേലെ വിലപ്പോകേണ്ടത് കമ്മിറ്റിയാണ് എന്നു പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായവും അതു പ്രകാരമുള്ള ക്യാബിനറ്റ് രീതികളുമുള്ള ഒരു രാജ്യത്ത് തലയ്ക്കു വെളിവുള്ള ആരും പറയില്ല. പക്ഷെ, സിബിഐ പറയും. അത് സിബിഐയുടെ രാഷ്‌ട്രീയം.
ഇത്തരം കാര്യങ്ങളൊക്കെ ജീവിച്ചിരുന്ന കാലത്ത് ഇ ബാലാനന്ദന്‍ തന്നെ സംശയാതീതമായി പറഞ്ഞുവെച്ചിട്ടുണ്ട്. ബാലാനന്ദന്‍ ഈ കരാര്‍ സിപിഐ എമ്മിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായതാണ് എന്നു പറഞ്ഞുകൊണ്ട് സിപിഐ എം പി ബിക്ക് കത്തയച്ചിട്ടുണ്ടെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബാലാനന്ദന്റെ നിലപാട് എന്തായിരുന്നുവെന്ന് ബാലാനന്ദന്റെ തന്നെ വാക്കുകളില്‍ കേള്‍ക്കട്ടെ:
"ഏതു കമ്മിറ്റി റിപ്പോര്‍ട്ടും തള്ളാനോ കൊള്ളാനോ ഉള്ള അവകാശം ഗവര്‍മെണ്ടിനുണ്ട്. ഇപ്പോഴത്തെ യഥാര്‍ത്ഥ നില വിജയന്‍ വിശദീകരിച്ചിട്ടുണ്ട്. പഴയ ഗവര്‍മെണ്ടിന്റെ കരാറില്‍ നിന്ന് ഊരിപ്പോരാന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. നിയമപരമായ ബാധ്യത വെച്ചും അടിയന്തരമായി വൈദ്യുതി ഉണ്ടാക്കേണ്ട ആവശ്യം വെച്ചുമാണ് എല്‍ഡിഎഫ് ഗവര്‍മെണ്ട് ശ്രമിച്ചത്.
അവരുണ്ടാക്കിയ കരാര്‍ നടപ്പാക്കാതിരുന്നാല്‍ നിയമനടപടികള്‍ക്കു സാധ്യതയുണ്ടെന്നതായിരുന്നു നിയമോപദേശം. ആ സാഹചര്യത്തില്‍ വ്യവസ്ഥകളില്‍ ചിലതു പരിഷ്കരിച്ചു പദ്ധതി നടപ്പാക്കാനാണു എല്‍ഡിഎഫ് ഗവര്‍മെണ്ട് ശ്രമിച്ചത്. ഇതു സംബന്ധിച്ച് ആക്ഷേപങ്ങള്‍ പറയുന്നതു ന്യായമല്ല. ഇത് എല്‍ഡിഎഫ് ഗവര്‍മെണ്ടിന്റെ കുറ്റമാണെന്നു വ്യാഖ്യാനിക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള യുഡിഎഫ് ശ്രമമാണ്. കാരണമില്ലാതെ അഴിമതി ആരോപിക്കുകയാണ്. ഇത് പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ''.(ഇ ബാലാനന്ദന്‍: കൈരളി ടിവിയുമായുള്ള അഭിമുഖത്തില്‍)
ഇവിടെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ പദ്ധതിയെക്കുറിച്ചു പഠിക്കാനുള്ളതേ ആയിരുന്നില്ല ബാലാനന്ദന്‍ കമ്മിറ്റി എന്നതാണ്. കമ്മിറ്റിയുടെ പരിഗണനാവിഷയത്തില്‍ ഇക്കാര്യമേ ഉണ്ടായിരുന്നില്ല. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നു പഠിക്കാനുള്ളതായിരുന്നു ആ കമ്മിറ്റി. ആ കമ്മിറ്റി സമര്‍പ്പിച്ച 37 നിര്‍ദ്ദേശങ്ങളില്‍ ഒന്നു മാത്രമായിരുന്നു പന്നിയാര്‍ പള്ളിവാസല്‍ ചെങ്കുളം. ആ പദ്ധതിക്കു ലാവ്‌ലിന്‍ വേണ്ട എന്നു ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞിട്ടുണ്ടെങ്കിലത്, സത്യത്തില്‍ ചെന്നു കൊള്ളേണ്ടത് ലാവ്‌ലിനുമായി ഒറിജിനല്‍ കരാര്‍ ഒപ്പുവെച്ച യുഡി എഫിലാണ്. ഇക്കാര്യം ആലപ്പുഴയില്‍ വെച്ച് ഒരു പത്രസമ്മേളനത്തില്‍ അക്കാലത്തു തന്നെ ബാലാനന്ദന്‍ തന്നെ വിശദീകരിച്ചതുമാണ്. സിബിഐ അതു കാണുന്നില്ല. അതാണു സിബിഐയുടെ രാഷ്‌ട്രീയം.
ഇനി, ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടു പ്രകാരം ക്യാബിനറ്റ് തീരുമാനം ഒഴിവാക്കി എല്‍ഡിഎഫ് ഗവണ്‍മെന്റ് നീങ്ങി എന്നു സങ്കല്‍പ്പിക്കുക. എങ്കില്‍, സി പി ഐ എം നേതാവിന്റെ റിപ്പോര്‍ട്ടു പ്രകാരം കരാര്‍ പൊളിച്ചു കേരളത്തിന് നഷ്ടമുണ്ടാക്കി എന്നാകുമായിരുന്നു ഇപ്പോള്‍ യുഡിഎഫിന്റെ വാദം.
സാങ്കേതികമായി വേണമെങ്കില്‍ സിബിഐക്ക് ഒരു കാര്യം വാദിക്കാം. ഉപകരണ കരാര്‍ ഒപ്പുവെയ്ക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നതാണത്. എന്നാല്‍ ഇവിടെ കാണേണ്ടത് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത് ഉപകരണ കരാറിനായി മന്ത്രിസഭാ തീരുമാനപ്രകാരം കാനഡയില്‍ പോകുന്നതിന് ഒരാഴ്ച മുമ്പ് മാത്രമാണ് എന്നതാണ്. ഒരാഴ്ച മുമ്പല്ല, രണ്ടുവര്‍ഷം മുമ്പാണ് എന്നു വെയ്ക്കുക. എങ്കിലും ഉപകരണ കരാര്‍ വേണ്ടെന്നു വെച്ച് ഒറിജിനല്‍ കരാര്‍ പൊളിക്കാനാവുമായിരുന്നില്ല.
കാരണം, കണ്‍സള്‍ട്ടന്‍സി കരാറും ഉപകരണ കരാര്‍ വ്യവസ്ഥകളും ഒക്കെ ചേര്‍ന്ന ഒറ്റ പാക്കേജായിട്ടായിരുന്നു 96 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ ലാവ്‌ലിനുമായി കരാറുണ്ടാക്കിയിരുന്നത്. അത് ആ ഘട്ടത്തില്‍ പൊളിച്ചാല്‍ കണ്‍സള്‍ട്ടന്‍സിയടക്കമുള്ള കാര്യങ്ങള്‍ക്കായി അതുവരെ ലാവ്‌ലിനു കൊടുത്ത കോടികള്‍, യുഡിഎഫ് കൊടുത്ത കോടികള്‍ പാഴാവും. കരാര്‍ ഏകപക്ഷീയമായി പൊളിച്ചതിന് അന്താരാഷ്ട്ര കോടതിയില്‍ കോടിക്കണക്കിനു ഡോളര്‍ ചെലവിട്ട് കേസു നടത്തേണ്ടതായി വരും. ഒടുവില്‍ അനേകം കോടികള്‍ ലാവ്‌ലിനു നഷ്ടപരിഹാരമായി നല്‍കേണ്ടതായും വരും. ഇതായിരുന്നു അന്നത്തെ അവസ്ഥ.
ഇത് വെറുതേ ഊഹിച്ചു പറയുന്നതല്ല. ഇത്തരത്തിലുള്ള അനുഭവം കേരളത്തിനുണ്ടായിട്ടുണ്ട്. നേരിയമംഗലം പവര്‍ പ്രൊജക്ടില്‍ ABB കമ്പനിയുമായി യുഡിഎഫ് ഗവര്‍മെണ്ട് കരാര്‍ ഒപ്പുവെച്ചിരുന്നു. പിന്നീട് അതു റദ്ദാക്കി ഗ്ളോബല്‍ ടെന്റര്‍ വിളിച്ചു. ABB നാലു വര്‍ഷം കേസു നടത്തി. ഒടുവില്‍ യുഡിഎഫിന്റെ ഭരണഘട്ടത്തില്‍ തന്നെ കേസില്‍ കേരളം തോറ്റു. നാം വന്‍ നഷ്ടപരിഹാരം ആ കമ്പനിക്കു കൊടുത്തു. ഇതുതന്നെ ഈ പദ്ധതിയുടെ കാര്യത്തിലും സംഭവിക്കുമായിരുന്നു; ആ ഘട്ടത്തില്‍ കരാര്‍ പൊളിച്ചിരുന്നെങ്കില്‍.
ഇക്കാര്യങ്ങളെല്ലാം ബാലാനന്ദന് അറിവുള്ളതായിരുന്നു. ലാവ്‌ലിന്‍ വിവാദം ഉയര്‍ന്നുവന്ന വേളയില്‍ തന്നെ ഇതിലെന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ഉത്തരവാദി എല്‍ഡിഎഫോ പിണറായി വിജയനോ അല്ല. യുഡിഎഫും അതിനെ നയിച്ചവരുമാണ് എന്ന് ബാലാനന്ദന്‍ പറഞ്ഞിരുന്നു.
സ. ബാലാനന്ദന്‍ പറഞ്ഞത് ഇതൊക്കെയാണെങ്കിലും അദ്ദേഹം പൊളിറ്റ് ബ്യൂറോയ്ക്ക് കത്തയിച്ചിട്ടുണ്ട് എന്നു പറയുന്നത് അസത്യമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ മുതല്‍ പൊളിറ്റ് ബ്യൂറോ വരെ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഇല്ലാത്ത കത്തിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നത് രാഷ്‌ട്രീയ ദുരുദ്ദേശ്യത്തോടെയാണ് എന്നറിയാന്‍ കേവലബുദ്ധിയേ വേണ്ടൂ.ഉപകരണ കരാര്‍ ലാവ്‌ലിനു നല്‍കിയതാണു സിബിഐ കണ്ട രണ്ടാമത്തെ കുറ്റം.
ഇവിടെ സിബിഐ കാണാതെ പോവുന്നത്, അഥവാ കണ്ടില്ലെന്നു നടിക്കുന്നത് 96 ഫെബ്രുവരി 24ന് യുഡിഎഫ് ഒപ്പുവെച്ച ഒറിജിനല്‍ കരാര്‍ പ്രകാരം തന്നെ ഉപകരണകരാര്‍ ലാവ്‌ലിനു നല്‍കാന്‍ കേരളം ബാധ്യസ്ഥമായി കഴിഞ്ഞിരുന്നു എന്നതാണ്. കണ്‍സള്‍ട്ടന്റായി നിയോഗിക്കപ്പെട്ട ലാവ്‌ലിന് ഉപകരണകരാര്‍ നല്‍കാതെ നിവൃത്തിയില്ലായിരുന്നുവെന്നും വിവിധതലങ്ങളിലെ ചര്‍ച്ചകള്‍ക്കു ശേഷമാണ് അങ്ങനെ തീരുമാനിച്ചതെന്നും യുഡിഎഫിന്റെ വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അതു സഭാരേഖകളിലുണ്ട്.
ലാവ്‌ലിന്‍ കമ്പനിയെ കണ്ടെത്തിയതും അവരുമായി ധാരണാപത്രവും കരാറും ഒപ്പുവെച്ചതും പിണറായി വിജയനാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കാര്‍ത്തികേയന്റെ നിയമസഭാ രേഖകളിലെ വാക്കുകളിലുണ്ട്:
‘’"ആ പ്രൊജക്ട്, ഞാന്‍ മന്ത്രി എന്ന നിലയില്‍ ഒപ്പുവെച്ചതാണ് എന്നതു ശരിയാണ്. എന്റെ കാലത്താണ്. ഞാന്‍ സമ്മതിച്ചല്ലോ. എന്റെ കാലത്താണത്. പി എസ് ശ്രീനിവാസന്റെ കാലം മുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന, അഖില ലോക പ്രശസ്തമെന്ന് ഈ സഭയില്‍ എല്ലാവരും പറഞ്ഞിരുന്ന കമ്പനിയാണു ലാവ്‌ലിന്‍. ഇന്റര്‍നാഷണല്‍ ലവലില്‍ പരിഗണിക്കപ്പെടുന്ന കമ്പനിയാണത്. ഞാന്‍ മന്ത്രിയായിരിക്കെ കനേഡിയന്‍ അംബാസഡര്‍ ഇവിടെ വന്നു മുഖ്യമന്ത്രി എ കെ ആന്റണിയും ഞാനുമായി ചര്‍ച്ച നടത്തി.'' (ജി കാര്‍ത്തികേയന്‍ നിയമസഭാ രേഖ)
ഒരു പാക്കേജായാണ് കരാര്‍ വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കാനഡയിലെ EDC, CIDA തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയായിരുന്നു പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ പദ്ധതിയുടെ നവീകരണത്തിനുള്ള അടിസ്ഥാനം. കാനഡ വായ്പതരുന്നത് അവരുടെ കയറ്റുമതി വികസന താല്പര്യത്തിലാണ്. അവരുടെ രാജ്യത്തെ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉപകരണങ്ങള്‍ വാങ്ങിപ്പിക്കാനാണ്. കാനഡ തരുന്ന പണം, ഫ്രാന്‍സില്‍ നിന്നോ സ്വീഡനില്‍ നിന്നോ ഉപകരണം വാങ്ങിക്കാനുള്ളതല്ല. യന്ത്രസാമഗ്രികള്‍ മറ്റുവല്ല രാജ്യങ്ങളില്‍ നിന്നുമാണു വാങ്ങുക എന്നു വന്നാല്‍ ആ കരാര്‍ തന്നെ ഉണ്ടാവുമായിരുന്നില്ല. പദ്ധതി നവീകരണവും ഉണ്ടാവുമായിരുന്നില്ല. അതുകൊണ്ടാണ് ഒരു പാക്കേജ് എന്നു പറഞ്ഞത്. അവരുടെ രാജ്യത്തു നിന്നുള്ള വായ്പ; അവരുടെ രാജ്യത്തു നിന്ന് ആ വായ്പ ഉപയോഗിച്ച് വാങ്ങുന്ന യന്ത്രോപകരണങ്ങള്‍. ഇത് ധാരണാപത്രത്തിലും കണ്‍സള്‍ട്ടന്‍സി കരാറിലും യുഡിഎഫ് എഴുതിച്ചേര്‍ത്തിരുന്നു. എന്നു മാത്രമല്ല, കാനഡയിലെ നിര്‍മ്മാതാക്കള്‍, അവയുടെ ഉപകരണങ്ങളുടെ specification, യന്ത്രോപകരണങ്ങളുടെ വില എന്നിവ അനുബന്ധമായി ചേര്‍ത്താണു UDF ഗവര്‍മെണ്ട് കരാര്‍ LDF ഗവര്‍മെണ്ടിനു കൈമാറിയതു തന്നെ. അതുകൊണ്ടു തന്നെ, ഏറെ വൈകീയ ആ ഘട്ടത്തില്‍ ഉപകരണ കരാര്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ കഴിയുമായിരുന്നില്ല. കൊടുത്താല്‍ കരാര്‍ പൊളിയുകയും നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യുമായിരുന്നു.
ആഗോള ടെന്റര്‍ വിളിച്ചില്ല എന്നതാണു സിബിഐ കാണുന്ന മൂന്നാമത്തെ കുറ്റം.
കാനഡയില്‍ നിന്നേ സാധനങ്ങള്‍ വാങ്ങാവൂ എന്ന് ഒറിജിനല്‍ കരാറില്‍ തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ള സാഹചര്യത്തില്‍, ആ കരാര്‍ പ്രാബല്യത്തിലിരിക്കെ, എങ്ങനെയാണ് ആഗോള ടെന്റര്‍ വിളിക്കുക? ലാവ്‌ലിന്‍ പ്രശ്നം നിയമസഭയില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ കരാറില്‍ ഒപ്പുവെച്ച മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനോട് ഒരു ചോദ്യം ഉയര്‍ന്നു. കുറ്റ്യാടി പദ്ധതിക്കു സപ്ളൈ ഓര്‍ഡര്‍ കരാറിനു പകരം ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ ? ഇതായിരുന്നു ചോദ്യം. കരാര്‍ ഒരു പാക്കേജ് ആയാണ് വിഭാവനം ചെയ്തിരുന്നതെന്നും അത് ഇടയ്ക്ക് വെച്ചു റദ്ദാക്കി ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ലായിരുന്നെന്നും കാര്‍ത്തികേയന്‍ മറുപടി പറഞ്ഞു.
പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും യുഡിഎഫ് ഒപ്പുവെച്ച ശേഷം മാത്രമാണ് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയാകുന്നത്. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കണമെങ്കില്‍ ഈ കരാറെല്ലാം റദ്ദാക്കേണ്ടി വരുമായിരുന്നു. പുതിയ വിദേശവായ്പ കണ്ടെത്തണം. ലാവ്‌ലിനുമായി പാരീസ് കോടതിയില്‍ കേസു നടത്തണം. വന്‍ നഷ്ടപരിഹാരം കൊടുക്കണം. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനിന്ന ആ ഘട്ടത്തില്‍ അതൊന്നും കേരളത്തിനു താങ്ങാനാവുന്നതായിരുന്നില്ല. യുഡിഎഫ് ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം മുമ്പോട്ടു പോവുകയേ കരണീയമായിട്ടുണ്ടായിരുന്നുള്ളൂ. കാനഡയില്‍ നിന്നു വായ്പ എടുത്തിട്ട്, അവിടെ നിന്നുതന്നെ യന്ത്രോപകരണങ്ങള്‍ വാങ്ങിയിട്ട്, എങ്ങനെ ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കും?
കേന്ദ്രം പി വി നരസിംഹറാവു ഭരിച്ചിരുന്ന കാലത്ത് ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. MOU റൂട്ട് സമ്പ്രദായം എന്നു പറയും അതിന്. ധാരണാപത്ര രീതി എന്നും പറയും.
വിദേശ കമ്പനിയുമായി ധാരണാപത്രം വെച്ച് കരാര്‍ ഉറപ്പിക്കുന്ന രീതിയാണത്. ഇതിന്റെ പ്രധാന ഗുണം നവീകരണത്തിനുള്ള ചെലവ് വിദേശ രാജ്യത്തു നിന്നു വായ്പയായി ലഭിക്കും എന്നതാണ്. അതിവേഗത്തില്‍ പദ്ധതി നടപ്പാവുകയും ചെയ്യും.
ധാരണാപത്ര രീതിക്കു മൂന്ന് ഘട്ടങ്ങളുണ്ട്. കമ്പനിയെ കണ്ടെത്തല്‍, വായ്പത്തുക നിശ്ചയിക്കല്‍, വായ്പയുടെ സ്രോതസ്സ് നിശ്ചയിക്കല്‍ എന്നിവയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം കണ്‍സള്‍ട്ടന്‍സി കരാര്‍ അവരുമായി ഉണ്ടാക്കുക എന്നതാണ്. കമ്പനിയുടെ സേവന വിശദാംശങ്ങള്‍, കമ്പനി ലഭ്യമാക്കേണ്ട യന്ത്രോപകരണങ്ങളുടെ വിവരങ്ങള്‍, അവയുടെ വില നിശ്ചയിക്കല്‍ എന്നിവ ഈ ഘട്ടത്തിലാണ്. മൂന്നാം ഘട്ടം ഇതു പ്രകാരമുള്ള ഓര്‍ഡര്‍ നല്‍കലാണ്. സാങ്കേതികമായി സപ്ളൈ കരാര്‍ എന്നു പറയുമെങ്കിലും, കൃത്യമായി നോക്കിയാല്‍ രണ്ടാംഘട്ടത്തിലേതിന്റെ സ്വാഭാവിക അനുബന്ധം മാത്രമാണിത്. അതുകൊണ്ട് addendum അഥവാ അനുബന്ധം എന്നു പറയും ഇതിന്.
ഈ മൂന്നാംഘട്ടത്തില്‍ മാത്രമേ എല്‍ഡിഎഫ് ഗവര്‍മെണ്ട് ഉണ്ടായിരുന്നുള്ളൂ. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കേണ്ട എന്നു തീരുമാനിച്ചതും എംഒയു റൂട്ട് സമ്പ്രദായം മതി എന്നു നിശ്ചയിച്ചതും യുഡിഎഫ് ‘ഭരണത്തിലാണ്.
കുറ്റ്യാടി എക്സ്ടന്‍ഷന്‍ പദ്ധതി നടപ്പാക്കിയതു ലാവ്‌ലിനുമായി യുഡിഎഫ് ഗവര്‍മെണ്ട് ഈ മൂന്ന് കരാറും ഉണ്ടാക്കിക്കൊണ്ടാണ്. പള്ളിവാസല്‍ പന്നിയാര്‍ ചെങ്കുളം പദ്ധതിയുടെ കാര്യത്തിലും അതേ മാതൃക, അതേ രീതി ആണ് അനുവര്‍ത്തിക്കപ്പെട്ടത്. ഗ്ളോബല്‍ ടെന്‍ഡര്‍ ഒഴിവായതിന് ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിലത് യുഡിഎഫ് ഗവര്‍മെണ്ടിനെയാണ്. എന്നാല്‍, സിബിഐ അവരെ വിട്ട് എല്‍ഡിഎഫിനെ പഴിചാരിയിരിക്കുന്നു.
എംഒയു റൂട്ട് സമ്പ്രദായം നിര്‍ത്തലാക്കി ആഗോള ടെന്‍ഡര്‍ സമ്പ്രദായം നടപ്പാക്കുകയാണ് എല്‍ഡിഎഫ് ഗവര്‍മെണ്ട് പിന്നീട് ചെയ്തത് എന്നതാണു സത്യം. 1996-2001 ഘട്ടത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒറ്റ വൈദ്യുത പദ്ധതി പോലും ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറാക്കിയിട്ടില്ല. കുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ പദ്ധതി എംഒയു റൂട്ട് സമ്പ്രദായത്തിലൂടെ വേണമെന്നു ലാവ്‌ലിന്‍ കമ്പനി ആവര്‍ത്തിച്ചു നിര്‍ബന്ധിച്ചിട്ടു പോലും അതു ചെയ്യാതെ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനു നല്‍കുകയാണുണ്ടായത്.
എന്നാല്‍, പള്ളിവാസല്‍-പന്നിയാര്‍-ചെങ്കുളം പദ്ധതിയുടെ കാര്യത്തില്‍, സിബിഐ റിപ്പോര്‍ട്ടു പറയുന്നത് ഭെല്ലിന്റെ ഓഫര്‍ തള്ളിക്കളഞ്ഞ് ലാവ്‌ലിനു കരാറുകൊടുത്തതു തെറ്റായിപ്പോയി എന്നാണ്.
ഇതിന്റെ യഥാര്‍ത്ഥ നില എന്താണ് എന്നത് വൈദ്യുതി മന്ത്രിയായി പില്‍ക്കാലത്തു വന്ന കടവൂര്‍ ശിവദാസന്‍ (2009 ഒക്ടോബര്‍ 23നു )നിയമസഭയില്‍ രേഖാമൂലം നല്‍കിയ ഒരു മറുപടിയിലുണ്ട്. ഭെല്ലില്‍ നിന്ന് ഇത്തരമൊരു ഓഫര്‍ ലഭിച്ചിരുന്നേയില്ല എന്നതാണത്. ഇനി ഭെല്ലിന്റെ ഓഫര്‍ തള്ളി എന്നു തന്നെ വെക്കുക. അങ്ങനെയാണെങ്കില്‍ത്തന്നെ അതിനു പ്രതിസ്ഥാനത്തു നിര്‍ത്തേണ്ടതു കരാര്‍ ഒപ്പുവെച്ച ജി കാര്‍ത്തികേയനെയല്ല, കരാറിന്റെ രണ്ടു പ്രധാനഘട്ടങ്ങളും കഴിഞ്ഞ ശേഷം മാത്രം മന്ത്രിയായ പിണറായി വിജയനെയാണ് എന്നു വരുമോ? സിബിഐയുടേത് എന്തു തരം യുക്തിയാണ്? ഭെല്ലിന്റെ ഓഫര്‍ ഒരിക്കല്‍ തള്ളിയിട്ടുണ്ട്. അത് ഈ പദ്ധതിയിലല്ല. കുറ്റ്യാടി പദ്ധതിയിലാണ്. അതു ചെയ്തതാകട്ടെ, എല്‍ഡിഎഫ് ഗവര്‍മെന്റല്ല, യുഡിഎഫ് ഗവര്‍മെന്റാണ്.
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ് പദ്ധതി നടപ്പാക്കിയത് എന്നതാണ് സിബിഐ ചൂണ്ടിക്കാട്ടുന്ന നാലാമത്തെ കുറ്റം.
നൂറുകോടി രൂപയ്ക്കു മുകളിലുള്ള കരാറുകള്‍ക്കു കേന്ദ്ര അതോറിറ്റിയുടെ അംഗീകാരം വേണമെന്നു വ്യവസ്ഥയുണ്ട് എന്നാണ് സിബിഐ പറയുന്നത്. ഇവിടെ 254 കോടി രൂപയുടേതാണു കരാര്‍. ഇതു നിയമലംഘനമാണ് എന്നാണ് സിബിഐ കണ്ടെത്തുന്നത്.
ഇവിടെ, സിബിഐക്കു കാണാന്‍ കഴിയാതെ പോയത്, പള്ളിവാസല്‍-പന്നിയാര്‍-ചെങ്കുളം എന്നത് ഒറ്റ പദ്ധതിയല്ല എന്ന കാര്യമാണ്. മൂന്നും മൂന്നു പദ്ധതികളാണ്. മൂന്നിനും വെവ്വേറെ കണ്‍സള്‍ടന്‍സി കരാറുമാണ്. അതില്‍ ഒരു കരാറും നൂറു കോടിക്കു മേലെയുള്ളതാവുന്നുമില്ല. അതുകൊണ്ടു തന്നെ വ്യവസ്ഥകളുടെ ലംഘനമുണ്ടാവുന്നുമില്ല.
ഇനി, എല്‍ഡിഎഫിന്റെ കാലത്തെ അനുബന്ധ കരാറിനെക്കുറിച്ചാണു സിബിഐ ഉദ്ദേശിക്കുന്നത് എങ്കില്‍, സിബിഐ അറിയേണ്ട മറ്റൊരു കാര്യമുണ്ട്. അനുബന്ധ കരാര്‍ ഒപ്പിടുന്ന ഘട്ടമായപ്പോഴേക്ക് 500 കോടി രൂപയ്ക്കു മുകളിലുള്ള പദ്ധതികള്‍ക്കു മാത്രമേ കേന്ദ്രാനുമതി ആവശ്യമുള്ളൂ എന്ന ഉത്തരവ് കേന്ദ്രം ഇറക്കി കഴിഞ്ഞിരുന്നു എന്നതാണത്. സിബിഐ, തങ്ങള്‍ക്ക് ഇഷ്ടമുള്ള ഉത്തരവു മാത്രമേ ഉത്തരവായി കണക്കാക്കൂ എന്നുണ്ടോ?
നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫലവത്തായില്ല എന്നും അതുകൊണ്ടു സാമ്പത്തിക നഷ്ടമുണ്ടായി എന്നുമാണ് സിബിഐ അഞ്ചാമത്തെ കുറ്റമായി പറയുന്നത്.
നവീകരണത്തിനു മുമ്പ് ഈ പദ്ധതികളില്‍ നിന്നുള്ള ഉല്പാദനം 355 മില്യണ്‍ യൂണിറ്റായിരുന്നത് നവീകരണത്തിനു ശേഷം 589 മില്യണ്‍ യൂണിറ്റായി ഉയര്‍ന്നു. നവീകരണ പ്രവര്‍ത്തനത്തിനു ചെലവഴിച്ചത് 254 കോടിയാണെങ്കില്‍ നവീകരണത്തിലൂടെ ലഭിച്ച വൈദ്യുതി വില്പനയിലൂടെത്തന്നെ 1100 കോടി രൂപ ബോര്‍ഡിനു കിട്ടിയിരിക്കുന്നു. ഈ കണക്കുകള്‍ക്കു മുമ്പില്‍ ആ വാദവും പൊളിയുന്നു. നവീകരണത്തിനു ശേഷം ഉല്‍പാദനം കൂടിയെന്നും അതിലൂടെ ബോര്‍ഡിന്റെ വരവ് ഗണ്യമായി വര്‍ധിച്ചുവെന്നുമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.
പല കാര്യങ്ങളും മന്ത്രിസഭയില്‍ നിന്നു മറച്ചുവെച്ചു എന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ള ആറാമത്തെ കുറ്റം.
മന്ത്രിസഭയില്‍ നിന്നു മറച്ചു വെച്ചോ ഇല്ലയോ എന്ന് സിബിഐ ഡിവൈഎസ്‌പിയ്ക്ക് അറിയാന്‍ കഴിയില്ല. മറച്ചുവെച്ചുവെങ്കിലത് പറയേണ്ടത് മന്ത്രിസഭയിലുണ്ടായിരുന്ന ആരെങ്കിലുമാണ്. ആ മന്ത്രിസഭയിലുണ്ടായിരുന്ന ഒരാളും അങ്ങനെ പറയുന്നില്ല. മന്ത്രിസഭയ്ക്കില്ലാത്ത പരാതി സിബിഐ ഡിവൈഎസ്‌പിയ്ക്ക് എങ്ങനെ ഉണ്ടാവുന്നു?
ക്യാബിനറ്റ് നടപടി ക്രമങ്ങളെക്കുറിച്ചു കേവലധാരണയെങ്കിലുമുണ്ടെങ്കില്‍ സിബിഐ ഇങ്ങനെ പറയുമായിരുന്നില്ല. മന്ത്രിസഭ അംഗീകാരം നല്‍കി എന്നതിനര്‍ത്ഥം ആവശ്യമായ കാര്യങ്ങളെല്ലാം ബോധ്യപ്പെട്ട് ആ മന്ത്രിസഭയിലുള്ളവരെല്ലാം അത് അംഗീകരിച്ചു എന്നാണ്. ആവശ്യമായ രേഖകള്‍ പരിശോധിച്ച് അവര്‍ക്കു ബോധ്യപ്പെട്ടിരിക്കുന്നു എന്നാണ്. അതല്ല എന്നു പറയാന്‍ സിബിഐ ആരാണ്?
മന്ത്രിസഭാ യോഗത്തില്‍ ക്യാബിനറ്റ് നോട്ടിനുപുറമെ, ബന്ധപ്പെട്ട ഫയലുകളെല്ലാം അടുക്കിവെച്ചിരിക്കും. ഏതെങ്കിലും മന്ത്രിക്കു സംശയം വല്ലതുമുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ ഫയല്‍ പരിശോധിച്ചു സംശയ നിവൃത്തി വരുത്താവുന്നതാണ്. സംശയം നീങ്ങുന്നില്ലെങ്കില്‍ എതിര്‍ക്കാവുന്നതാണ്. കൂടുതല്‍ വിവരം വേണമെങ്കില്‍ ചോദിക്കാവുന്നതാണ്. ആരും ഇതൊന്നും ചെയ്തിട്ടില്ലെങ്കില്‍, അതിന്റെ അര്‍ത്ഥം ആര്‍ക്കും സംശയമുണ്ടായിട്ടില്ല എന്നാണ്; ക്യാബിനറ്റ് അതു പാസാക്കി എന്നാണ്. ഇതാണു നടപടിക്രമം എന്നിരിക്കെ ക്യാബിനറ്റ് അംഗീകാരം നല്‍കിക്കഴിഞ്ഞ ഒരു കാര്യത്തില്‍ ചില വിവരങ്ങള്‍ മറച്ചുവെച്ചു എന്നു സിബിഐ പറയുന്നുവെങ്കിലത് അസംബന്ധമാണ്. ക്യാബിനറ്റ് ഏതു രേഖകാണണമെന്നും, ക്യാബിനറ്റിന് എന്തു സംശയമുണ്ടാവണമെന്നുമൊക്കെ കല്പിക്കാന്‍ പൊലീസ് സംഘടനയായ സിബിഐക്ക് ജനാധിപത്യത്തില്‍ കാര്യമേതുമില്ല. എല്ലാ വിവരവും ക്യാബിനറ്റ് നോട്ടില്‍ ഉണ്ടാവുകയുമില്ല. അതിനാണ് ബന്ധപ്പെട്ട ഫയലുകള്‍ ക്യാബിനറ്റ് റൂമില്‍ തന്നെ മന്ത്രിസഭായോഗം ചേരുമ്പോള്‍ അടുക്കിവെയ്ക്കുന്നത്.
കേന്ദ്രം എംഒയു റൂട്ട് ഉപേക്ഷിച്ച ശേഷം അപ്രകാരമുള്ള പദ്ധതിയുമായി മുമ്പോട്ടുപോയി എന്നതാണു സി ബി ഐ കണ്ടെത്തിയ ഏഴാമത്തെ കുറ്റം.
ഒരു കരാര്‍ നിലവില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ നിലനില്‍ക്കുന്നത് കരാറിലെ വ്യവസ്ഥകളാണ്. ഈ നിയമത്തിന്റെ ബാലപാഠം സിബിഐ അറിഞ്ഞമട്ടില്ല. കേന്ദ്രം എംഒയു റൂട്ട് ഉപേക്ഷിച്ചാല്‍ പോലും അതുപ്രകാരം ഒപ്പുവെച്ചു കഴിഞ്ഞ കരാറിലെ വ്യവസ്ഥകള്‍ അസാധുവാകുന്നില്ല. എംഒയു റൂട്ട് പിന്‍വലിക്കപ്പെട്ടു എന്നതുകൊണ്ട് അതുപ്രകാരം ഒപ്പുവെച്ച കരാര്‍ അസാധുവാകുന്നില്ല. ആ കരാറില്‍ നിന്നു കേരളം പിന്മാറിയിരുന്നുവെങ്കില്‍ കോടിക്കണക്കിനു ഡോളര്‍ ലാവ്‌ലിനു നഷ്ടപരിഹാരമായി നല്‍കേണ്ട അവസ്ഥയിലെത്തുമായിരുന്നു കേരളം. പ്രാഥമികമായ ഈ ബോധം പോലും സിബിഐക്ക് ഉണ്ടായതായി കാണുന്നില്ല.
ക്യാന്‍സര്‍ സെന്റര്‍ മലബാറില്‍ സ്ഥാപിക്കാന്‍ പിണറായി വിജയന്‍ പ്രത്യേക താല്പര്യമെടുത്തു എന്നതാണ് സിബിഐയുടെ എട്ടാമത്തെ കുറ്റാരോപണം.
സംസ്ഥാനത്തു പുതുതായി ആശുപത്രി തുടങ്ങുന്നുവെങ്കിലത് എവിടെയായിരിക്കണമെന്നു നിശ്ചയിക്കാന്‍ ക്യാബിനറ്റില്ല, സിബിഐയ്ക്കാണ് അധികാരം എന്നുവരുമോ? ഇവിടെ ക്യാബിനറ്റാണു തീരുമെടുത്തത്. ക്യാബിനറ്റ് എന്തു തീരുമാനമാണെടുക്കേണ്ടത്, ആശുപത്രി എവിടെയാണ് സ്ഥാപിക്കേണ്ടത് എന്നൊക്കെ കല്പിക്കാന്‍ ജനാധിപത്യത്തില്‍ സിബിഐയ്ക്കല്ല ക്യാബിനറ്റിനാണ് അവകാശം. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് പിണറായി വിജയന്‍ ഇക്കാര്യത്തില്‍ താല്പര്യമെടുത്തുവെങ്കിലത് എങ്ങനെ കുറ്റകൃത്യമാവും?
തിരുവനന്തപുരത്തു ക്യാന്‍സര്‍ സെന്ററുണ്ട്. മലബാറില്‍ അതില്ല. വടക്കന്‍ പ്രദേശങ്ങളില്‍ നിന്നു നിത്യേന നൂറുകണക്കിനു രോഗികള്‍ക്കു തിരുവനന്തപുരത്തു വരേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരിയിലാകട്ടെ എന്നു നിശ്ചയിച്ചു, ക്യാബിനറ്റ്. അങ്ങനെ നിശ്ചയിക്കാന്‍ ക്യാബിനറ്റിനധികാരമില്ലെന്നു സിബിഐ പറഞ്ഞാല്‍ സിബിഐയുടെ ബുദ്ധിക്ക് അടിസ്ഥാനപരമായ എന്തോ തകരാറു പറ്റിയിട്ടുണ്ട് എന്നു വേണം കരുതാന്‍.
ക്യാന്‍സര്‍ സെന്റര്‍ ആരോഗ്യവകുപ്പിനു കീഴിലാണു വരേണ്ടതെന്നും അതു തന്റെ വൈദ്യുതി വകുപ്പിനു കീഴിലാക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു എന്നുമാണു സിബിഐ കണ്ടെത്തുന്ന ഒമ്പതാമത്തെ കുറ്റം.
വൈദ്യുതി വകുപ്പിന്റെ ഒരു പദ്ധതിയ്ക്കുള്ള പ്രത്യുപകാരമായാണ് ഈ ആശുപത്രി വരുന്നത്. സ്വാഭാവികമായും അത് ആദ്യഘട്ടത്തില്‍ വൈദ്യുതി വകുപ്പിന്റെ പരിഗണനയിലേ വരൂ. പിന്നീട് അത് വേണമെങ്കില്‍ ആരോഗ്യവകുപ്പിനു വിട്ടുകൊടുക്കാം. ആരോഗ്യവകുപ്പിനു കീഴില്‍ തുടക്കത്തിലേ പദ്ധതി വരണമെങ്കിലത് ആരോഗ്യവകുപ്പിന്റെ പദ്ധതിക്കുള്ള പ്രത്യുപകാരമായി വരുന്നതാവണം. ഇവിടെ അതല്ല നില. ഇതു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധിയേവേണ്ടൂ.
ലാവ്‌ലിന്‍ കരാര്‍ പ്രകാരമുള്ള പണികളും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണവും ഒരുമിച്ചു പൂര്‍ത്തിയാക്കുക എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു എന്നതാണ് സിബിഐ കണ്ടെത്തിയ പത്താമത്തെ കുറ്റം.
ക്യാന്‍സര്‍ സെന്ററിനു പണം ലഭിക്കാന്‍ അതു സംബന്ധിച്ചു രണ്ടു കാര്യങ്ങള്‍ ചെയ്യണമായിരുന്നു. ഒന്ന്: ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച ഒരു അപ്രൈസല്‍ റിപ്പോര്‍ട്ട് ഓരോ ആറുമാസത്തിലും അയക്കുക. രണ്ട്: ഇതുസംബന്ധിച്ച് ഒപ്പുവെച്ച ധാരണാപത്രം കരാറാക്കുക.
എല്‍ഡിഎഫ് ഗവര്‍മെണ്ട് അധികാരത്തിലുണ്ടായിരുന്ന വേളയില്‍ ഈ അപ്രൈസല്‍ റിപ്പോര്‍ട്ട് അയച്ചു. അതു വിലയിരുത്തി കാനഡയില്‍ നിന്ന് ആദ്യ ഗഡുക്കള്‍ അനുവദിക്കുകയും ചെയ്തു. അങ്ങനെയാണ് 98 കോടിയുടെ ഗ്രാന്റില്‍ 12 കോടി കിട്ടിയത്. യുഡിഎഫ് ഗവര്‍മെണ്ടു വന്നശേഷം, കാനഡ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിട്ടും ഈ അപ്രൈസല്‍ റിപ്പോര്‍ട്ട് കൊടുത്തില്ല. അതുകൊണ്ടുതന്നെ അടുത്ത ഗഡുക്കള്‍ അവിടെ നിന്നു കിട്ടിയതുമില്ല.
ധാരണാപത്രം കരാറാക്കാനുള്ള നടപടിയുമായി എല്‍ഡിഎഫ് ഗവര്‍മെണ്ടു മുമ്പോട്ടു പോയപ്പോഴാണ് പൊഖ്റാന്‍ ആണവ പരീക്ഷണം നടന്നത്. അതേ തുടര്‍ന്ന് ഇന്ത്യയുമായുള്ള അന്താരാഷ്ട്ര കരാറുകള്‍ എല്ലാം നീട്ടിവെയ്ക്കപ്പെട്ടു. ഇതിനിടെ യുഡിഎഫ് ഭരണം വന്നു. അപ്പോഴേക്കും ഇന്ത്യക്കെതിരായ സാമ്പത്തിക ഉപരോധം നീങ്ങി. അപ്പോള്‍ ധാരണാപത്രം കരാറാക്കണമായിരുന്നു. അതിനുള്ള കരട് വൈദ്യുതിമന്ത്രിയായ കടവൂര്‍ ശിവദാസന്റെ മേശപ്പുറത്ത് ലാവ്‌ലിന്‍ തന്നെ എത്തിച്ചു. എന്നാല്‍, ശിവദാസന്‍ ഒപ്പിട്ടില്ല. അതു കരാറായില്ല. അങ്ങനെയാണ് ക്യാന്‍സര്‍ സെന്ററിനുള്ള സഹായമനുവദിക്കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നു ലാവ്‌ലിന്‍ ഒഴിവായത്. സിബിഐ ആകട്ടെ, ഈ വീഴ്ചയിലേക്കു കണ്ണോടിക്കുന്നതേയില്ല.
ഇതു മാത്രമല്ല, സി ബി ഐ കാണാന്‍ കൂട്ടാക്കാത്തത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുളള ഗ്രാന്റ് ഇങ്ങോട്ടു വാങ്ങിയെടുക്കേണ്ട ഘട്ടത്തില്‍ അതു ചെയ്തില്ല എന്നു മാത്രമല്ല, ഇങ്ങോട്ടു പണം കിട്ടേണ്ട ഘട്ടത്തില്‍ പദ്ധതി നവീകരണത്തിന്റെ പേരില്‍ 103 കോടിരൂപ മന്ത്രിയായിരിക്കെ കടവൂര്‍ ശിവദാസന്‍ ലാവ്‌ലിന് അങ്ങോട്ടുകൊടുത്തു. ഇങ്ങോട്ടു കിട്ടേണ്ടപണം എവിടെ എന്നു ചോദിച്ചില്ല. ക്യാന്‍സര്‍ സെന്ററിനു സഹായം ചെയ്യുന്നില്ലെങ്കില്‍ തുക തരില്ല എന്നു പറയാമായിരുന്നു. അതും ചെയ്തില്ല. എന്തുകൊണ്ട് ഈ വീഴ്ച? സിബിഐ ഈ ചോദ്യം കടവൂര്‍ ശിവദാസനോടാണു ചോദിക്കേണ്ടത്. പക്ഷേ, ചോദിക്കുന്നില്ല.
എല്‍ഡിഎഫ് ഗവര്‍മെണ്ടല്ല, യുഡിഎഫ് ഗവര്‍മെണ്ടാണ് ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരാണ് തലശ്ശേരിയില്‍ 25 ഏക്കര്‍ സ്ഥലം വിലയ്ക്കെടുത്ത് ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണം തുടങ്ങിവെച്ചത്. ആ മുന്‍കൈ മൂലമാണ് നൂറുകണക്കിനു രോഗികള്‍ നിത്യേന എത്തുന്ന ക്യാന്‍സര്‍ സെന്റര്‍ ഇന്ന് അവിടെ പ്രവര്‍ത്തിക്കുന്നത്.
വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായുള്ള കരാറിന്റെ ഭാഗമല്ല ക്യാന്‍സര്‍ ആശുപത്രിക്കുള്ള സഹായം. ലാവ്‌ലിന്‍ സമാഹരിച്ചു തരാമെന്നേറ്റ സൌജന്യ വിദേശ സഹായമാണിത്. അവര്‍ ആവശ്യപ്പെട്ടിട്ടും ധാരണാപത്രം കരാറാക്കാതെ തുക ലാപ്സാക്കാനും ആ കമ്മിറ്റ്മെന്റില്‍ നിന്നു ലാവ്‌ലിന് ഒഴിയാനും വഴിയൊരുക്കിക്കൊടുത്തതു യുഡിഎഫ് ഗവര്‍മെണ്ടിന്റെ വീഴ്ചയാണ്. ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ടിയിരുന്ന 86 കോടിരൂപ എവിടെപ്പോയി എന്ന ചോദ്യത്തിന് ഇതാണുത്തരം. ആരുടെയും പോക്കറ്റിലേക്കു പോയതല്ല, ലാവ്‌ലിന്‍, യുഡിഎഫ് വീഴ്ച മൂലം തരാതിരുന്നതാണ്.
നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്റെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി അംഗീകരിച്ചില്ല എന്നതാണ് സിബിഐ പറയുന്ന പതിനൊന്നാമത്തെ കുറ്റം.
നേരത്തേ തന്നെ ഒപ്പുവെച്ചു പ്രാബല്യത്തില്‍ വരുത്തിയ ഒരു കരാര്‍ NHPCയുടെ അഭിപ്രായം പരിഗണിച്ചു പൊളിച്ചെഴുതാന്‍ കഴിയുമായിരുന്നില്ല. പൊളിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം. അതിനു കഴിയുമായിരുന്നില്ല. എന്നു മാത്രമല്ല, NHPC ഒരു പൊതുമേഖലാ സ്ഥാപനമാണ്. അതിന്റെ റിപ്പോര്‍ട്ട് ക്യാബിനറ്റ് തീരുമാനത്തിനു മേലേയാണോ? NHPC റിപ്പോര്‍ട്ട് എഴുതിയാല്‍ അതു വള്ളിപുള്ളി വ്യത്യാസമില്ലാതെ ക്യാബിനറ്റ് അംഗീകരിച്ചു കൊള്ളണമെന്നുണ്ടോ?
ഇതിനപ്പുറം ശ്രദ്ധിക്കേണ്ടത് കേരള ഗവര്‍മെണ്ട് NHPCയോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം പരിശോധിക്കാനാണ്. യുഡിഎഫ് ഗവര്‍മെണ്ട് ഒറിജിനല്‍ കരാര്‍ പ്രകാരം നിശ്ചയിച്ച ലാവ്‌ലിന്റെ യന്ത്രോപകരണങ്ങളുടെ വില അന്താരാഷ്ട്ര കമ്പോള വിലക്കു മേലേയാണോ എന്നകാര്യം. അല്ല എന്ന് അവര്‍ റിപ്പോര്‍ട്ടു ചെയ്തു. അതു പ്രകാരം എല്‍ഡിഎഫ് ഗവര്‍മെണ്ടു മുമ്പോട്ടു പോവുകയും ചെയ്തു. സിബിഐ ഇതും കാണുന്നില്ല.
സിബിഐ കാണാന്‍ കൂട്ടാക്കാതിരുന്ന നിരവധി കാര്യങ്ങളുണ്ട്.
പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ പദ്ധതി നവീകരിച്ചേ മതിയാവൂ എന്ന് കേന്ദ്രവൈദ്യുത അതോറിറ്റി തന്നെ നിര്‍ദ്ദേശിച്ചിരുന്നു എന്നതാണ് ആദ്യത്തേത്.
40കളില്‍ ആരംഭിച്ച പദ്ധതികളാണിവ. മൂന്നരപ്പതിറ്റാണ്ടിന്റെ ആയുസ്സേ ഇവയ്ക്കുണ്ടായിരുന്നുള്ളു. ഫലപ്രദമായി അതു നവീകരിച്ചതുകൊണ്ടാണു കേരളത്തിനു വൈദ്യുതി കൂടിയതോതില്‍ ഇന്നും അവിടെ നിന്നും ലഭിക്കുന്നത് എന്നതാണു രണ്ടാമത്തേത്.
യുഡിഎഫ് ഒപ്പിട്ട കരാര്‍ കേരളത്തിനനുകൂലമായ ഒരുപാടു മാറ്റത്തിനു വിധേയമാക്കി എല്‍ഡിഎഫ് ഗവര്‍മെണ്ട് എന്നതാണ് അടുത്തത്. യുഡിഎഫ് നിശ്ചയിച്ചിരുന്ന കണ്‍സള്‍ട്ടന്‍സി ഫീ 24 കോടി, 17 കോടിയാക്കി കുറപ്പിച്ചു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ട യന്ത്രസാമഗ്രികളുടെ വില, യുഡിഎഫ് നിശ്ചയിച്ചിരുന്നത് 182 കോടി എന്നായിരുന്നു. ഇത് 149 കോടിയാക്കി കുറപ്പിച്ചു. ലാവ്‌ലിന്‍ നിര്‍ദ്ദേശിച്ച പലിശ 7.81 ശതമാനമായിരുന്നു. ഇത് 6.8 ശതമാനമാക്കി കുറപ്പിച്ചു. 45 കോടി ഗ്രാന്റായി നല്‍കാം എന്നത് 98 കോടിയാക്കി വര്‍ദ്ധിപ്പിച്ചെടുത്തു. ഇതൊന്നും കാണാന്‍ സിബിഐക്ക് കണ്ണില്ല.
എല്‍ഡിഎഫ് ഗവര്‍മെണ്ട് യുഡിഎഫിന്റേതില്‍ നിന്നു വ്യത്യസ്തമായി ഒരു കരാര്‍ പോലും നേരിട്ട് ചര്‍ച്ച ചെയ്തു ധാരണാപത്ര രീതിയിലൂടെ ഉറപ്പിച്ചിട്ടില്ല. പകരം എല്ലാം ആഗോള ടെന്റര്‍ വിളിച്ച് കരാര്‍ കൊടുക്കുകയേ ചെയ്തിട്ടുള്ളൂ. ആതിരപ്പള്ളി മുതല്‍ കോഴിക്കോടു ഡീസല്‍ പ്ളാന്റു വരെ ഉദാഹരണങ്ങള്‍. ഇതൊന്നും സിബിഐ കാണുന്നില്ല.
പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ പദ്ധതികള്‍ക്കു നവീകരണത്തിനുശേഷം വൈദ്യുതി ഉല്പാദനം ഗണ്യമായി കൂടി. മുമ്പ് 35 മെഗാവാട്ടായിരുന്നത് ഇപ്പോള്‍ 59 മെഗാവാട്ടായി കൂടി. ഇതും സിബിഐ കാണുന്നില്ല.
എന്തുകൊണ്ടു കാണുന്നില്ല? ആ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ: രാഷ്‌ട്രീയമായി സൌകര്യപ്രദമല്ലാത്തതിനാല്‍ കാണുന്നില്ല എന്നതാണത്.
ഏതായാലൂം ഒരു കണക്കിനു സിബിഐ അന്വേഷണം വന്നതു നന്നായി. ഈ കരാറിനെ ചൂഴ്ന്ന് എന്തെല്ലാം ആരോപണങ്ങളും സംശയത്തിന്റെ പുകമറകളുമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്.
അത് ഇപ്പോള്‍ നീങ്ങിയിട്ടുണ്ട്. അഴിമതിയുണ്ടായി എന്നു സിബിഐക്കു പറയാനാവുന്നില്ല. സ്വകാര്യ നിക്ഷേപത്തിലേക്കു പണം പോയി എന്നും സിബിഐ പറയുന്നില്ല. ആകെ പറയുന്നതു നടപടിക്രമങ്ങളിലെ അപാകതകളെക്കുറിച്ചാണ്.
എന്തായിരുന്നു ഇവിടെ കഴിഞ്ഞ മൂന്നര വര്‍ഷക്കാലം നടന്ന കുപ്രചാരണങ്ങള്‍. പിണറായി വിജയന്‍ സിംഗപ്പൂരില്‍ കമ്പനി നടത്തുന്നുണ്ടെന്നും പണം അതിലേക്ക് ഒഴുകി എന്നും പറഞ്ഞു. സിബിഐ സംഘം ഖജനാവിലെ പണം ഉപയോഗിച്ച് പലതവണ സിംഗപ്പൂരില്‍ പോയി ആ കമ്പനിയെ തേടി. ഇപ്പോള്‍ ഒരു കമ്പനിയുമില്ല എന്നു വന്നു.
ടെക്നിക്കാലിയ, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായിരുന്നു. ഇത് ഒരു ബിനാമി സംഘടനയാണെന്നും സിപിഐ എം നേതാവിന്റെ ബിനാമി സ്ഥാപനമാണ് ഇത് എന്നും പ്രചരിപ്പിച്ചു. സത്യം ഒടുവില്‍ ഇപ്പോള്‍ തെളിഞ്ഞു.
ടെക്നിക്കാലിയ പ്രശസ്തമായ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ്. അതിനെ കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നതു യുഡിഎഫാണ്. യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന എം വി രാഘവനാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സ്ഥാപിക്കാനുള്ള കണ്‍സള്‍ട്ടന്‍സി ടെക്നിക്കാലിയയ്ക്കായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നിരവധി കണ്‍സള്‍ട്ടന്‍സി ജോലികള്‍ അവര്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതെല്ലാം തെളിഞ്ഞു.
ഏതായാലും പിണറായി വിജയന്റെ സ്ഥാപനമാണെന്ന വാദം പൊളിഞ്ഞു. എം വി രാഘവന്‍ എന്തായാലും അദ്ദേഹത്തിന്റെ മുഖ്യശത്രുവിന്റെ സ്ഥാപനത്തിനു കണ്‍സള്‍ട്ടന്‍സി ഏജന്‍സി ഏല്‍പിച്ചു കൊടുക്കില്ലല്ലോ.
ഇങ്ങനെ സംശയങ്ങളുടെ പുകപടലം ഉയര്‍ത്തി സിപിഐ എം നേതൃത്വത്തെ കൊള്ളില്ലാത്തതെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണു നടന്നത്. അതെല്ലാം പൊളിഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ തെളിയുന്ന ചിത്രം വ്യക്തമാക്കുന്നത്.
ജുഡീഷ്യറിയെപ്പോലും; പിന്നെയോ സി ബി ഐ?
വന്തം രാഷ്‌ട്രീയ താല്പര്യങ്ങള്‍ നേടിയെടുക്കാന്‍ അടിസ്ഥാനപരമായ പ്രധാന്യമുള്ള ‘ഭരണഘടനാ സ്ഥാപനങ്ങളില്‍ വരെ ഇടപെടുകയും, വേണ്ടി വന്നാല്‍ അവയുടെ നീതിപൂര്‍വ്വമായ നടപടിക്രമങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്ന ചരിത്രമാണ് കേന്ദ്രത്തിലെ ഭരണ രാഷ്‌ട്രീയത്തിന്റെ ചരിത്രം.
ഈ പ്രക്രിയയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെപ്പോലും ഭീഷണിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഗവര്‍മെണ്ട് തയ്യാറായിട്ടുണ്ട് എന്ന് ഈ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാവൂം.
അടിയന്തരാവസ്ഥയില്‍ നിയമമന്ത്രിയായിരുന്നു എച്ച് ആര്‍ ഗോഖലെ. ഭരണഘടനയുടെ 44-ാം ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യം എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധത്തിന് ആശങ്കാജനകമായ മാനങ്ങള്‍ നല്‍കുന്ന ഒന്നായിരുന്നു. 78 ഒക്ടോബര്‍ 28ന്റെ ലോൿസഭാ രേഖകള്‍ പരിശോധിച്ചാല്‍ എക്സിക്യൂട്ടീവ് ജുഡീഷ്യറിക്കു നേര്‍ക്കുയര്‍ത്തിയ ഭീഷണിയുടെ ആ തെളിവു കാണാം. ഗോഖലെയുടെ വാചകം ഇതാണ്.
‘’’''In case of confrontation, it will be a bad day for the judiciary of their country''. ജൂഡീഷ്യറിയെ വരുതിക്കു നിര്‍ത്താനുള്ള ഗവര്‍മെണ്ടിന്റെ ധാർഷ്‌ട്യം നിറഞ്ഞ ഭീഷണിയായിരുന്നു ഇത്.
ഇതിനൊരു പശ്ചാത്തലമുണ്ട്. ഗവര്‍മെണ്ടിനെ നയിക്കുന്ന കേന്ദ്ര ഭരണകക്ഷിക്ക് ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുണ്ടായ പല തീര്‍പ്പുകളും അസൌകര്യപ്രദമായ ഘട്ടമായിരുന്നു അത്.
അടിയന്തരാവസ്ഥയില്‍ ജീവിച്ചിരിക്കാനുള്ള സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച ഏക സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റീസ് എച്ച് ആര്‍ ഖന്നയാണ്. അടിയന്തരാവസ്ഥയില്‍ പൌരന് അത്തരമൊരു അവകാശം നിലനില്‍ക്കുന്നില്ല എന്ന് ഇന്ദിരാഗാന്ധി ഗവര്‍മെണ്ടിനുവേണ്ടി അറ്റോര്‍ണി ജനറല്‍ നിരണ്‍ഡേ സുപ്രീംകോടതിയില്‍ വാദിച്ച ഘട്ടമാണത്. ‘ഭൂരിപക്ഷം ജഡ്‌ജിമാരും നിരണ്‍ഡേയുടെ വാദത്തെ ശരിവെച്ചു. ജസ്റീസ് എച്ച് ആര്‍ ഖന്ന മാത്രം വിയോജനക്കുറിപ്പെഴുതി. ഫലമോ? ഖന്ന, ചീഫ് ജസ്‌റ്റീസ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടാതെപോയി.
അടിയന്തരാവസ്ഥയില്‍ വിവിധ സംസ്ഥാനങ്ങളിലായി 18 ജഡ്‌ജിമാര്‍ ഹേബിയസ് കോര്‍പ്പസ് കേസുകളില്‍ അനുകൂല തീരുമാനമെടുത്തു. പതിനെട്ടു പേരെയും തൊട്ടുപിന്നാലെ സ്ഥലം മാറ്റുകയാണുണ്ടായത്.
പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കുല്‍ദീപ് നയ്യാറുടെ അറസ്‌റ്റ് നിയമവിരുദ്ധമാണെന്നു ദല്‍ഹി ഹൈക്കോടതി 1975 ജൂലൈ 15നു പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യത്തിനുവേണ്ടി ജുഡീഷ്യറി അതിന്റെ അധികാരം ഉറക്കെ പ്രഖ്യാപിച്ച ആദ്യകേസായിരുന്നു അത്. ഈ വിധി പുറപ്പെടുവിച്ച ജസ്‌റ്റീസ് എസ് രംഗരാജനെ അടുത്തദിവസം ഗോഹട്ടി ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റി. അന്ന് രംഗരാജനൊപ്പമുണ്ടായിരുന്ന മറ്റൊരു ജഡ്‌ജി എ എന്‍ അഗര്‍വാള്‍ ആയിരുന്നു. അഡീഷണല്‍ ജഡ്‌ജിയായിരുന്ന അദ്ദേഹം തരംതാഴ്ത്തപ്പെട്ടു.
അഗര്‍വാളിനെ സ്ഥിരപ്പെടുത്താതെ തരംതാഴ്ത്തിയതിനു പിന്നില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രാഷ്‌ട്രീയ താല്പര്യവും അധികാര ദുര്‍വിനിയോഗവുമാണെന്ന് ഷാ കമ്മീഷന്‍ പിന്നീടു കണ്ടെത്തിയിരുന്നു.
ഇനി, ഇതിന്റെ മറുവശം. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്കനുകൂലമായ നിലപാട് ജഡ്‌ജിമാരാരെങ്കിലും എടുത്താലോ, അവരെ വഴിവിട്ടും ഗവര്‍മെണ്ട് സഹായിക്കും.
അടിസ്ഥാനഘടന മാറ്റിമറിക്കും വിധം ഭരണഘടന ഭേദഗതിപ്പെടുത്തിക്കൂടാ എന്ന കേശവാനന്ദ‘ഭാരതി കേസിലെ സുപ്രസിദ്ധ വിധി കേന്ദ്ര ഗവര്‍മെണ്ടിന്റെ രാഷ്‌ട്രീയ താല്പര്യത്തിനനുസൃതമല്ലായിരുന്നു. ആ കേസില്‍ ഒരു ജഡ്‌ജി വിയോജനക്കുറിപ്പെഴുതിയിരുന്നു. ജസ്‌റ്റീസ് എ എന്‍ റേ. അദ്ദേഹത്തെ മറ്റു മൂന്നു സീനിയര്‍ ജഡ്‌ജിമാരെ മറികടന്ന് സുപ്രീംകോടതി ജഡ്‌ജിയാക്കി.
ജഡ്‌ജിമാര്‍ പൊതുവില്‍ എതിരാവുന്നു എന്നു തോന്നിയ ഘട്ടത്തിലാണ് നിയമമന്ത്രി ലോകസഭയുടെ പരിരക്ഷ ഉപയോഗിച്ച് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയത്.
നമ്മുടെ ജസ്‌റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ക്കുണ്ടായിട്ടുള്ള അനുഭവവും ഇവിടെ ഓര്‍ക്കാവുന്നതാണ്. ഒരു ദിവസം കാലത്തു നിയമമന്ത്രി എച്ച് ആര്‍ ഗോഖലെ ജസ്‌റ്റീസ് കൃഷ്ണയ്യരെ ഫോണില്‍ വളിക്കുന്നു. കൃഷ്ണയ്യര്‍ ഫോണ്‍ എടുത്തപ്പോള്‍, അടിയന്തരമായി ഒന്നു കാണണം എന്നായി മന്ത്രി. കാണേണ്ട കാര്യം എന്ത് എന്ന് കൃഷ്ണയ്യര്‍ ചോദിക്കുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയിരിക്കുന്നുവെന്നും അതു നിരുപാധികമായി സ്‌റ്റേ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കാനാണു കാണുന്നത് എന്നും മന്ത്രി ഗോഖലെ അറിയിച്ചു.
നിങ്ങള്‍ക്കു വക്കീലുണ്ടോ, എന്നായി കൃഷ്ണയ്യര്‍. ഉണ്ട് എന്നു മന്ത്രി പറഞ്ഞപ്പോള്‍, വക്കീല്‍ മുഖേന രജിസ്‌ട്രാര്‍ മുമ്പാകെ അപ്പീല്‍ ബോധിപ്പിച്ചാല്‍ മതി എന്നും തന്നെ കാണേണ്ടതില്ലെന്നും കൃഷ്ണയ്യര്‍ പറഞ്ഞു ഫോണ്‍ ഡിസ്കണക്ട് ചെയ്തു. അടുത്ത ദിവസം അപ്പീല്‍ പരിഗണിച്ചു. നിരുപാധികം സ്‌റ്റേ എന്ന ഇന്ദിരാഗാന്ധിയുടെ ആവശ്യം ജസ്‌റ്റീസ് കൃഷ്ണയ്യര്‍ തള്ളി. ആറുമാസം വരെ പ്രധാനമന്ത്രിയായി തുടരുന്നതിനു തടസ്സമില്ലെന്നും എന്നാല്‍ ലോകസഭാംഗം എന്ന നിലയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഇന്ദിരാഗാന്ധിക്ക് അവകാശമില്ലെന്നുമായിരുന്നു വിധി. അന്നുരാത്രിയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനമുണ്ടായത്.
ജുഡീഷ്യറിയെപ്പോലും സ്വാധീനിക്കാനും വരുതിക്കു നിര്‍ത്താനും ശ്രമിക്കാന്‍ മടി കാട്ടാത്ത ഒരു കക്ഷി, അതിന്റെ സ്വന്തം വരുതിക്കു നില്‍ക്കുന്ന സിബിഐയെക്കൊണ്ട് എന്തു ചെയ്യിക്കാനും മടിക്കില്ല എന്നു ഇതില്‍ നിന്ന് വ്യക്തമാണ്.
ഓരോ ഭരണഘടനാ സ്ഥാപനത്തെയും ഈ വിധത്തില്‍ കൈകാര്യം ചെയ്യുന്ന ഒരു ഗവര്‍മെണ്ടിനും അതിനെ നയിക്കുന്ന ഭരണകക്ഷിക്കും സ്വന്തം പൊലീസ് സംഘടനയായ സിബിഐയെ കൊണ്ട് എന്തു ചെയ്യിക്കാനാണു മടിയുണ്ടാവുക?
ഈ ഒരു പശ്ചാത്തലത്തില്‍ വേണം സിബിഐ, ഐബി, റോ തുടങ്ങിയവയുടെ രാഷ്‌ട്രീയ ദുരുപയോഗത്തെ നോക്കിക്കാണാന്‍.
നേതൃത്വത്തെ തകര്‍ത്ത് പാര്‍ട്ടിയെ തകര്‍ക്കല്‍
കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശത്രുവര്‍ഗ്ഗം കാലാകാലങ്ങളില്‍ പല രീതികള്‍ അനുവര്‍ത്തിച്ചിട്ടുണ്ട്. കമ്മ്യൂണിസം ഒരു ആശയം എന്ന നിലയ്ക്കു നല്ലതാണ്; പക്ഷേ, കമ്മ്യൂണിസ്‌റ്റു പാര്‍ട്ടി കൊള്ളില്ല എന്നു പ്രചരിപ്പിക്കലാണ് ഒരു രീതി.
കമ്മ്യൂണിസ്‌റ്റു പാര്‍ട്ടി സംഘടന എന്നതു ശരീരമാണ്. ആശയം അതിന്റെ ജീവനും. ശരീരം തകര്‍ന്നാല്‍ ജീവനു മാത്രമായി നിലനില്‍ക്കാനാവില്ലല്ലൊ. അക്കാര്യം അവര്‍ക്കറിയാം. അതുകൊണ്ട് പാര്‍ട്ടി കൊള്ളില്ല എന്നു പ്രചരിപ്പിക്കും.
പഴയ കമ്മ്യൂണിസ്റ്റു പാര്‍ട്ടി കൊള്ളാം; പുതിയ പാര്‍ട്ടി കൊള്ളില്ല എന്നു പ്രചരിപ്പിക്കലാണു മറ്റൊരു രീതി. കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കു വര്‍ത്തമാനകാലത്തല്ലാതെ ‘ഭൂതകാലത്തു പോയി പ്രവര്‍ത്തിക്കാന്‍ പറ്റില്ലല്ലോ. ഇന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ ഈ വാദം ഉപകരിക്കും എന്നു ശത്രുവര്‍ഗ്ഗം കരുതുന്നു.
പാര്‍ട്ടി കൊള്ളും പക്ഷേ, നേതാക്കന്മാര്‍ കൊള്ളില്ല എന്നു പ്രചരിപ്പിക്കലാണ് മൂന്നാമത്തെ രീതി. കൊള്ളില്ലാത്ത നേതാക്കന്മാരാലാണു നയിക്കപ്പെടുന്നത് എന്നു വരുത്തിത്തീര്‍ത്താല്‍ പാര്‍ട്ടിയും കൊള്ളില്ല എന്നു വന്നുകൊള്ളുമല്ലൊ. അതിനുദ്ദേശിച്ചുള്ളതാണ് ഈ രീതി.
ഈ ഒടുവിലത്തെ രീതി, അതായത് പാര്‍ട്ടികൊള്ളാം; നേതാക്കള്‍ കൊള്ളില്ല എന്നു വരുത്തിത്തീര്‍ത്തു പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി വരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇതുമുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇത്ര ശക്തമായി ഉണ്ടായിട്ടുണ്ടോ എന്നു സംശയം.
ഇ എം എസും പി കൃഷ്ണപിള്ളയും സി എച്ച് കണാരനും അഴീക്കോടന്‍ രാഘവനും ഒക്കെ ഇന്ന് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കു സമാദരണീയരാണ്. എന്നാല്‍, ഇവര്‍ ജീവിച്ചിരുന്ന കാലത്തോ? 57ലെ ജൂണില്‍ ഒരു മുഖ്യധാരാപത്രം നായുടെ ശരീരവും ഇ എം എസിന്റെ മുഖവുമുള്ള ഒരു വികൃതരൂപമായാണ് ഇ എം എസിനെ ചിത്രീകരിച്ചത്.
സ. പി കൃഷ്ണപിള്ള ഇന്ന് ആദരണീയനാണ്. എന്നാല്‍, 40കളില്‍ കേരളത്തിലെ ഒരു മുഖ്യധാരാ പത്രം പി കൃഷ്ണപിള്ളയെ വിശേഷിപ്പിച്ചത്. ‘കുലീന കുടുംബങ്ങളില്‍ നിന്നുവരുന്ന അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ വഴി തെറ്റിക്കുന്ന തെമ്മാടിക്കൂട്ടങ്ങളുടെ തലവന്‍’ എന്നാണ്.
എം എസും എ കെ ജിയും ചൈനീസ് ചാരന്മാരാണെന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. നിരവധി കമ്മ്യൂണിസ്റ്റു നേതാക്കള്‍ അങ്ങനെ മുദ്രകുത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.
സി എച്ച് കണാരനെ ‘അപഥസഞ്ചാരി’ എന്നും അഴീക്കോടന്‍ രാഘവനെ അഴിമതിക്കോടന്‍ എന്നും ആക്ഷേപിച്ചിട്ടുണ്ട് ഈ കേരളത്തില്‍.
ഈ ഒരു പ്രക്രിയ ഇന്ന് ഏറ്റവും ശക്തമായി വന്നിട്ടുള്ളത് സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയാണ്. അതിന്റെ ഒന്നാംനമ്പര്‍ ദൃഷ്ടാന്തമാണ് ലാവ്‌ലിന്‍ സംബന്ധിച്ച ആരോപണങ്ങള്‍. ഇതു പിണറായി വിജയനെതിരെ എന്നതിനേക്കാള്‍ സിപിഐ എമ്മിനെതിരെയാണ് എന്നത് ഇപ്പോള്‍ കൂടുതല്‍ തെളിയുന്നുണ്ട്.
സിപിഐ എം ജനറല്‍ സെക്രട്ടറിയായിരുന്നു അന്തരിച്ച സ. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇതിലേക്കു വലിച്ചിഴച്ചിട്ടുണ്ട്. ലാവ്‌ലിന്റെ കരാര്‍ മുന്‍നിര്‍ത്തി പിണറായി വിജയനെ പുറത്താക്കണം എന്നതായിരുന്നു ശത്രുക്കളുടെ ആദ്യ ആവശ്യം. പിബി അത് അംഗീകരിക്കുന്നില്ല എന്നു വന്നപ്പോള്‍ പിബിക്കെതിരായി ആരോപണം. ലാവ്‌ലിന്റെ കൈക്കൂലി പിബിക്കു കിട്ടിയിട്ടുണ്ട് എന്നായി ഇപ്പോള്‍ ആരോപണം. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് എന്നതിന് ഇതിനപ്പുറം തെളിവു വേണ്ട.
കരുത്തനായ നേതാവാണു പിണറായി വിജയന്‍. അങ്ങനെയൊരാള്‍ കേരളത്തിലെ പാര്‍ട്ടിയെ നയിക്കുന്നതില്‍ ശത്രുക്കള്‍ക്കുള്ള അസഹിഷ്ണുത ചെറുതല്ല. ഈ ഘട്ടത്തിലാണ് പഞ്ചായത്ത് നിയമസഭാലോകസഭാ തെരഞ്ഞെടുപ്പുകളിലൊക്കെ സിപിഐ എമ്മിന് ഒരുപോലെ വിജയം നേടാന്‍ കഴിഞ്ഞത്. ഈ ഘട്ടത്തിലാണ് മുസ്ളീംലീഗിന്റെ ഉരുക്കു കോട്ടകളിലേക്കു പോലും ചുവപ്പിനു പടര്‍ന്നു കയറാന്‍ കഴിഞ്ഞത്. അതിലൊക്കെയുള്ള അസഹിഷ്ണുത രാഷ്‌ട്രീയ പ്രതികാരമായി പിണറായി വിജയനെതിരെ ഉരുണ്ടുകൂടുകയായിരുന്നു.
ഇത്തരം പകവീട്ടലുകള്‍ പിണറായി വിജയനെതിരെയുണ്ടാവുന്നത് ഇതാദ്യമല്ല. 1975 സെപ്തംബര്‍ 28 അര്‍ദ്ധരാത്രി. ആ അടിയന്തരാവസ്ഥയുടെ കാളരാത്രിയിലാണു നിയമസഭാംഗം കൂടിയായ പിണറായിയെ വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ടു കാലു തല്ലിത്തകര്‍ത്തത്. അടിച്ചവശനാക്കിയത്. കൂടെയുള്ള സഖാക്കളുടെ പേരു ചോദിച്ചായിരുന്നു ആ കൊടിയമര്‍ദ്ദനം. എല്ലാം സഹിച്ചതല്ലാതെ, കൂടെയുള്ള സഖാവിനെ ഒറ്റിക്കൊടുക്കുന്ന ഒരു വാക്ക് ആ നാവില്‍ നിന്നു വീണില്ല.
അതിനും മുമ്പ്, കൊലക്കത്തികള്‍ക്കും കൈബോംബുകള്‍ക്കും ഇടയിലൂടെ വര്‍ഗ്ഗീയതയുടെയും അമിതാധികാരവാഴ്ചയുടെയും ശക്തികളെ ചെറുത്തു തോല്‍പ്പിച്ചുകൊണ്ടു പാര്‍ട്ടി കെട്ടിപ്പടുത്ത നാളുകള്‍. അന്ന് മൂന്നു വധശ്രമങ്ങള്‍. യാദൃശ്ചികമായാണ് പിണറായി വിജയന്‍ രക്ഷപ്പെട്ടത്.
അന്നു വ്യക്തിപരമായ ഉന്മൂലനത്തിനായിരുന്നു ശ്രമമെങ്കില്‍ ഇന്ന് വ്യക്തിഹത്യയ്ക്കാണു ശ്രമം. വധശ്രമങ്ങളെ അതിജീവിച്ച കരുത്തനായ കമ്മ്യൂണിസ്റ്റിന് വ്യക്തിഹത്യകളെ അതിജീവിക്കുക പ്രയാസമുള്ള കാര്യമല്ല.
ഇപ്പോള്‍, നിര്‍ദോഷമെന്ന നിലയ്ക്കു പ്രചരിപ്പിക്കുന്ന ഒരു വാദമുണ്ട്. ഏതായാലും സിബിഐ കേസില്‍ പിണറായി വിജയന്‍ പ്രതിയായി. ആ നിലയ്ക്ക് അന്വേഷണം തീരുംവരെ ഒന്നുമാറി നില്‍ക്കട്ടെ. കുറ്റവിമുക്തനായി തിരിച്ചുവരാമല്ലോ. നിഷ്കളങ്കമെന്നു തോന്നുന്ന ഈ വാദത്തിന്റെ അര്‍ത്ഥം അടുത്ത ഒന്നൊന്നര പതിറ്റാണ്ടു കാലത്തേക്ക് പിണറായി വിജയന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു മാറി നില്‍ക്കട്ടെ എന്നതാണ്. പിണറായി വിജയന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു മാറി നില്‍ക്കുന്നതു തങ്ങള്‍ക്കു രാഷ്‌ട്രീയമായി വളരെ സൌകര്യമാവും എന്ന് എതിരാളികള്‍, രാഷ്‌ട്രീയ ശത്രുക്കള്‍ കരുതുന്നു.
അപ്പോള്‍, കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുന്നു. പിണറായി വിജയനെ മാറ്റി നിര്‍ത്തുക അതാണ് അജണ്ട. സിബിഐ റിപ്പോര്‍ട്ടിനു പിന്നിലുള്ള രാഷ്‌ട്രീയ അജണ്ടയും അതു തന്നെ.
മന്ത്രി എന്ന നിലയില്‍ കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചയാളാണു പിണറായി വിജയന്‍. 90% പവര്‍കട്ടിന്റെ, ലോഡ്‌ഷെഡ്ഡിംഗിന്റെ കാലത്തു നിന്നു കേരളത്തെ വെളിച്ചത്തിലേക്കു നയിച്ചയാള്‍.
പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്കും കരുത്തുറ്റ സംഘടനാ പാടവം പ്രകടിപ്പിച്ചയാള്‍. അങ്ങനെയൊരാളെ കമ്മ്യൂണിസ്റു പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുമാറ്റിയെടുക്കുക. അതിനുള്ള രാഷ്‌ട്രീയ അജണ്ടയാണു സിബിഐ തയ്യാറാക്കിയത്. ഒപ്പം, സിപിഐ എമ്മിനെ രാഷ്‌ട്രീയമായി അപകീര്‍ത്തിപ്പെടുത്താനുള്ള സാമ്രാജ്യത്വത്തിന്റെ അജണ്ടയുമാണിത്.
ആണവകരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ രാജ്യത്തിന്റെ പരമാധികാരം അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവെയ്ക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ പ്രസ്ഥാനമാണു സിപിഐ എം. സിപിഐ എം നിലപാടുകൊണ്ട് ഇന്ത്യയ്ക്കെതിരായ അധിനിവേശ നീക്കങ്ങളില്‍ അമേരിക്കയ്ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കരാര്‍ കൃഷി രംഗത്ത് അവരുടെ Monsanto പോലുള്ള അഗ്രി കോര്‍പ്പറേറ്റുകള്‍ വരുന്നതിനെതിരെ. ചില്ലറ വ്യാപാരരംഗത്ത് വാള്‍മാര്‍ട്ട് പോലുള്ള അവരുടെ ബഹുരാഷ്ട്ര കുത്തകകള്‍ വരുന്നതിനെതിരെ. ഇന്‍ഷുറന്‍സ് മേഖല മുതല്‍ കുടിവെള്ളം വരെ കയ്യടക്കാന്‍ അവര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ. ഇങ്ങനെ സാമ്രാജ്യത്വത്തിന്റെ ഓരോ നീക്കങ്ങള്‍ക്കുമെതിരെ ഏറ്റവും വലിയ ജാഗ്രതാ ശക്തിയായി ഉയര്‍ന്നു നില്‍ക്കുന്ന പ്രസ്ഥാനം സിപിഐ എം ആണ്. ആ സിപിഐ എമ്മിനെ ജനങ്ങളുടെ മനസ്സില്‍ നിന്ന് ഒറ്റപ്പെടുത്തിക്കൊണ്ടല്ലാതെ ഇനി കാര്യങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാനാവില്ലെന്ന് സാമ്രാജ്യത്വം കണക്കാക്കുന്നു.
ഇതിനിടെ യുപിഎ ശിഥിലമാവുകയാണ്. മൂന്നാം ബദല്‍ സംവിധാനത്തിനായുള്ള ശ്രമങ്ങള്‍ക്കു സിപിഐ എം മുന്‍കൈ എടുക്കുന്നു. മായാവതിയുടെ ബിഎസ്‌പി, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, ജയലളിതയുടെ എഐഎഡിഎംകെ തുടങ്ങിയ പലകക്ഷികളും അതില്‍ സഹകരിക്കുന്നു. ഏറ്റവുമൊടുവില്‍ യുപിഎയില്‍ നിന്ന് പട്ടാളിമക്കള്‍ കക്ഷിപോലുള്ള ചെറു കക്ഷികള്‍ പോലും അടര്‍ന്നു പോകുന്നു. ഈ അവസ്ഥാ വിശേഷം തങ്ങള്‍ക്ക് അപകടകരമാണെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ സിപിഐ എമ്മിന്റെ പ്രഭാവം തകര്‍ത്തുകൊണ്ടല്ലാതെ തങ്ങള്‍ക്കു പിടിച്ചു നില്‍ക്കാനാവില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. ആ നിലയ്ക്കുള്ള അപകീര്‍ത്തിപ്പെടുത്തലിന്റേതായ ഒരു രാഷ്‌ട്രീയ അജണ്ടയും സിബിഐ റിപ്പോര്‍ട്ടിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു.
90കളിലെ കേരളം ഇരുട്ടിന്റെ കേരളം എന്തായിരുന്നു 95ലെ കേരളത്തിന്റെ അവസ്ഥ എന്നോര്‍ക്കണം. എങ്ങും പരക്കെ അന്ധകാരമായിരുന്നു. വൈദ്യുതി വന്നുവോ എന്നറിയാന്‍ തീപ്പെട്ടി ഉരച്ചു നോക്കണമായിരുന്നു. പകല്‍ മൂന്നുമണിക്കൂര്‍ പവര്‍കട്ട്. രാത്രി ഒരു മണിക്കൂര്‍ പവര്‍കട്ട്. ലോഡ്‌ഷെഡ്ഡിംഗ് വേറെ; അപ്രഖ്യാപിത പവര്‍കട്ട് വേറെ. വ്യവസായങ്ങളില്‍ യന്ത്രങ്ങള്‍ ചലിക്കാത്ത പകലുകള്‍! കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പുസ്തകം മടക്കി വെച്ചരാത്രികള്‍.
വ്യവസായങ്ങള്‍ക്കു 95% ആയിരുന്നു പവര്‍കട്ട്. കിട്ടുന്ന 5% വ്യവസായശാലയിലെ വഴിവിളക്കു തെളിയിക്കാന്‍പോലും തികയുമായിരുന്നില്ല. വ്യവസായങ്ങള്‍ തകര്‍ച്ചയിലായ കാലം. വൈദ്യുതിക്കുവേണ്ടി പ്രക്ഷോഭം നടന്നിരുന്ന കാലം. അത്തരമൊരു ഘട്ടത്തിലാണ് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ 1996ല്‍ അധികാരത്തില്‍ വരുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കുക എന്നത് സ്വാഭാവികമായും ആ ഗവര്‍മെണ്ടിന്റെ പ്രയോറിറ്റിയായി. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ആ ദൌത്യമാണ് അന്ന് ഏറ്റെടുത്തത്.
ആ ഗവണ്‍മെണ്ടിന്റെ മുന്നിലേക്കാണ് എ കെ ആന്റണിയും ജി കാര്‍ത്തികേയനും കാനഡയില്‍പോയി ഒപ്പുവെച്ച പള്ളിവാസല്‍- പന്നിയാര്‍-ചെങ്കുളം പദ്ധതിക്കുള്ള കരാര്‍ കൈമാറി കിട്ടുന്നത്. ഒപ്പിട്ടതു യുഡിഎഫ് ആണ് എന്നതിന്റെ പേരില്‍ ആ കരാര്‍ പൊളിക്കുന്ന രാഷ്‌ട്രീയ പരിപാടിക്കു എല്‍ഡിഎഫ് ഗവര്‍മെണ്ട് നിന്നില്ല. കരാര്‍ പൊളിച്ചു ലാവ്‌ലിന്‍ കമ്പനിക്കു നഷ്ടപരിഹാരം കൊടുക്കാനും കേരളത്തെ തുടര്‍ന്നും ഇരുട്ടില്‍ അലയാനും ആ ഗവര്‍മെണ്ട് വിട്ടില്ല.
ദശാബ്ദങ്ങളായി പണി പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ അടിയന്തര ശ്രദ്ധയോടെ പൂര്‍ത്തിയാക്കാനും പുതിയവ ഏറ്റെടുത്തു നടപ്പാക്കാനും നായനാര്‍ മന്ത്രിസഭ നിശ്ചയിച്ചു.
ആ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പേപ്പാറ, കുരിയാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി, ലോവര്‍പെരിയാര്‍, മാട്ടുപ്പെട്ടി, കുത്തങ്കല്‍ തുടങ്ങിയവയില്‍ നിന്നായി 372 മെഗാവാട്ട് വൈദ്യുതി ഒഴുകിയെത്തി. 98ല്‍ പവര്‍കട്ട് പിന്‍വലിച്ചു.
പിന്നെയും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍. അതിന്റെ ഫലമായി എല്‍ഡിഎഫ് ഗവര്‍മെണ്ട് 3 വര്‍ഷം കൊണ്ട് അധികമായി ഉണ്ടാക്കിയത് 1084 മെഗാവാട്ട് വൈദ്യുതിയാണ്. യുഡിഎഫ് ഗവര്‍മെണ്ട് അഞ്ചു വര്‍ഷങ്ങള്‍കൊണ്ട് അധികമായുണ്ടാക്കിയതാകട്ടെ വെറും 13 മെഗാവാട്ട് വൈദ്യുതി. ഒരു താരതമ്യവുമില്ലാത്ത കുതിച്ചു ചാട്ടമായിരുന്നു എല്‍ഡിഎഫിന്റെ കാലത്തേത്.
കേരളം വിസ്മയത്തോടെയാണ് അന്ന് അതിനെ നോക്കിക്കണ്ടത്. രൂക്ഷമായ വൈദ്യുതി കമ്മിയില്‍ നിന്നു കേരളം വൈദ്യുതി മിച്ച സംസ്ഥാനമായി മാറി. പത്രങ്ങള്‍ മുഖപ്രസംഗങ്ങളിലൂടെ ആ രാഷ്‌ട്രീയ ഇച്ഛാശക്തിയെ വാഴ്ത്തി.
പക്ഷേ, പിന്നീടുണ്ടായത് ആ കര്‍മോത്സുകമായ ഇടപെടലിനു അന്നത്തെ വൈദ്യുതി മന്ത്രിക്കെതിരായ ഗൂഢാലോചനകളാണ്.
പദ്ധതിയെക്കുറിച്ചു സിഎജി നടത്തിയ സ്വാഭാവികമായ വിശദീകരണം തേടലിനെ സിഎജി റിപ്പോര്‍ട്ടായി ചിത്രീകരിച്ചു. വിദ്യാര്‍ത്ഥി പ്രക്ഷോഭം, ആദിവാസി പ്രക്ഷോഭം, കോണ്‍ഗ്രസിലെ പിളര്‍പ്പ് അവിശ്വാസ പ്രമേയം, എന്നിങ്ങനെ യുഡിഎഫ് ഗവര്‍മെണ്ട് രാഷ്‌ട്രീയ പ്രക്ഷുബ്‌ധതയുടെ നടുക്കയത്തില്‍പ്പെട്ടപ്പോള്‍, ശ്രദ്ധ വഴിതിരിച്ചുവിടാന്‍ ലാവ്‌ലിന്‍ കരാര്‍ യുഡിഎഫ് ഗവര്‍മെണ്ട് വിജിലന്‍സിനു വിട്ടു. വിജിലന്‍സാകട്ടെ, പിണറായി വിജയന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തി. വിജിലന്‍സ് അന്വേഷണം കൊണ്ടു രാഷ്‌ട്രീയ നേട്ടമുണ്ടാവുന്നില്ല എന്നു വന്നപ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്ന ദിവസം കേസ് സിബിഐയ്ക്കു വിടാന്‍ യുഡിഎഫ് നിശ്ചയിച്ചത്. എല്ലാ രേഖകളും വരുത്തി പഠിച്ച ശേഷം ഇതു കഴമ്പില്ലാത്ത കേസാണ് എന്നു സിബിഐ അന്നു പറഞ്ഞു.
അപ്പോഴേക്ക്, ഒരു വിധത്തിലും ഇതുമായി ബന്ധമില്ലാത്തവരുടെ രംഗപ്രവേശമായി. കേസ് സിബിഐ അന്വേഷിച്ചു. ഒടുവില്‍ സിബിഐ റിപ്പോര്‍ട്ടുമായി എത്തി. ലാവ്‌ലിന്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വന്നത് എന്തിനുവേണ്ടിയാണ്? ആ ചോദ്യത്തിനുള്ള ഉത്തരം ആ പ്രശ്നം ഉയര്‍ന്നുവന്ന അന്നും ഇന്നും കേരള രാഷ്‌ട്രീയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ആവശ്യത്തില്‍ പ്രതിഫലിച്ചു കാണാം: പിണറായി വിജയനെ സിപിഐ എം നേതൃത്വത്തില്‍ നിന്നുമാറ്റി നിര്‍ത്തുക എന്നതാണത്. അപ്പോള്‍ അതാണാവശ്യം. പിണറായി വിജയനെ മാറ്റിനിര്‍ത്തുക. ഈ ഗൂഢോദ്ദേശ്യമാണ് ഇപ്പോള്‍ തെളിഞ്ഞു വരുന്നത്.
സാധാരണകേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍, ലാവ്‌ലിന്‍ കേസിന്റെ പ്രത്യേകത, അത് ഉണ്ടാക്കപ്പെടുകയാണ് എന്നതാണ്. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഒന്നുകില്‍ കമ്മ്യൂണിസ്റ്റു വിരുദ്ധര്‍. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലേക്കു കടന്നുവന്നു പഴയ സംസ്കാരം നിലനിര്‍ത്തിയതിനു പുറത്താക്കപ്പെട്ടവര്‍. അതുമല്ലെങ്കില്‍ അരാജകവാദികള്‍. ഇങ്ങനെയുള്ളവരുടെ ഒരു സംഘം. ഇവര്‍ അതിതീവ്ര കമ്മ്യൂണിസ്റ്റുകാരായി നടിക്കുകയും ചെയ്യുന്നു.
ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ് കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം സിബിഐ അടക്കമുള്ള പൊലീസ് സംവിധാനങ്ങള്‍. എന്നാല്‍, അതിതീവ്ര കമ്മ്യൂണിസ്റ്റുകള്‍ക്ക് സിബിഐ ഭയഭക്തി ബഹുമാനങ്ങളോടെ സമീപിക്കേണ്ട ആരാധനാലയമായിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്കു ഭരണഘടന ഒരു പരിമിതിയാണ്. എന്നാല്‍, അതിതീവ്ര കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭരണഘടന ഒരു പവിത്ര ഗ്രന്ഥമായിരിക്കുന്നു. ഇതു ശ്രദ്ധിക്കപ്പെടേണ്ട വൈരുദ്ധ്യമാണ്.
അവര്‍, തീവ്രമായ യാതനാനുഭവങ്ങളിലൂടെ കടന്നുവന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ നയിക്കുന്ന വ്യക്തിയെ തന്നെ തകര്‍ക്കാന്‍ ഇന്നു ശ്രമിക്കുന്നു.ഇവിടെ, 98% പവര്‍കട്ടിന്റെ കാലത്തു നിന്ന് കേരളത്തെ വൈദ്യുതിമിച്ച പദവിയിലേക്ക് ആനയിച്ച ഒരാള്‍ അകാരണമായി ആക്ഷേപിക്കപ്പെടുന്നു. മലബാറിലെ നിരാധാരരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ശ്രമിച്ചതിന് അകാരണമായി ക്രൂശിക്കപ്പെടുന്നു.
മന്ത്രിമാരായാല്‍, എല്ലാം മുറപോലെ നടന്നോട്ടെ എന്നു കരുതി ഒന്നിലും ഇടപെടാതെ കൊടിവെച്ച കാറില്‍ നടന്നാലും മതി. അങ്ങനെയുള്ള മന്ത്രിമാരേ കേരളം ധാരാളമായി കണ്ടിട്ടുമുണ്ട്. എന്നാല്‍, അങ്ങനെയല്ലാതെ ഭാവനാപൂര്‍ണമായി രാഷ്‌ട്രീയ ഇച്ഛാശക്തിയോടെ, കര്‍മ്മോത്സുകതയോടെ ഇടപെട്ടാല്‍ എന്തുണ്ടാവും? ആ ചോദ്യത്തിനുള്ള ഉത്തരമാണോ പിണറായി വിജയന്‍ ഇന്നു നേരിടുന്ന പ്രത്യാഘാതങ്ങള്‍? കേരളത്തിന്റെ മനഃസാക്ഷിക്കു മുമ്പിലുള്ള ഏറ്റവും വലിയ ചോദ്യം ഇന്ന് ഇതാണ്